സ്വകാര്യവത്കരണത്തിൽ ആശങ്കയറിയിച്ച് ഐഎസ്ആര്ഒയിലെ ജീവനക്കാരുടെ സംഘടനകൾ നേരത്തേ രംഗത്തെത്തിയിരുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ സ്വകാര്യവത്കരിക്കുന്നു എന്ന വാർത്ത കഴിഞ്ഞദിവസങ്ങളിലാണ് പുറത്തുവന്നത്. ഇതിൽ ആശങ്കയറിയിച്ച് ഐഎസ്ആർഒയിലെ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഐഎസ്ആർഒ. സ്വകാര്യവത്കരണം എന്ന പ്രചാരണം പൂർണമായി അടിസ്ഥാനരഹിതമാണെന്ന് ഐഎസ്ആർഒ പ്രസ്താവനയിലൂടെ പറഞ്ഞു.
'ഈ പ്രചാരണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണ്. ഐഎസ്ആർഒ സ്വകാര്യവത്കരിക്കുകയോ അതിന്റെ പ്രാധാന്യം കുറയ്ക്കുകയോ ചെയ്യില്ല. ബഹിരാകാശ ഗവേഷണം, സാങ്കേതികവിദ്യയുടെ വികസനം, തന്ത്രപരമായ ദൗത്യങ്ങൾ തുടങ്ങിയവയ്ക്കായുള്ള സുപ്രധാന സ്ഥാപനമായി ഐഎസ്ആർഒ തുടരും.' -ഐഎസ്ആർഒ പ്രസ്താവനയിൽ പറഞ്ഞു.
ബഹിരാകാശ മേഖലയിലെ സ്വകാര്യപങ്കാളിത്തം ഐഎസ്ആർഒയുടെ പ്രാധാന്യം കുറയ്ക്കില്ല. മറിച്ച് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഐഎസ്ആർഒയെ സഹായിക്കുകയാണ് ചെയ്യുക. ഐഎസ്ആർഒയുടെ പ്രാധാന്യമല്ല, മറിച്ച് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ വ്യാപ്തിയും ഘടനയുമാണ് മാറുന്നതെന്നും ഐഎസ്ആർഒ പറഞ്ഞു.
ഇൻ-സ്‌പേസ് ചെയർമാൻ ഡോ. പവൻ ഗോയങ്ക അടുത്തിടെ ഒരു പരിപാടിയിൽ നടത്തിയ പ്രസ്താവനയാണ് സ്വകാര്യവത്കരണത്തെ കുറിച്ചുള്ള ആശങ്ക ജീവനക്കാരിൽ ഉയർത്തിയത്. ഭാവിയിൽ ഐഎസ്ആർഒ സ്വന്തമായി റോക്കറ്റുകൾ നിർമിക്കുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്നും ഈ ജോലികളെല്ലാം പൂർണമായും സ്വകാര്യമേഖലയോ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളോ ആയിരിക്കും നിർവ്വഹിക്കുക എന്നതുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ മാത്രമാകും ഐഎസ്ആർഒ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ദേശീയ ബഹിരാകാശ ദൗത്യങ്ങളിൽ തങ്ങളുടെ കരിയർ സ്വപ്നംകണ്ട് കടന്നുവരുന്ന ആയിരക്കണക്കിന് യുവാക്കളുടെയും നിലവിലുള്ള ജീവനക്കാരുടെയും ആത്മവിശ്വാസത്തെ ഈ പ്രസ്താവന തകിടം മറിച്ചുവെന്ന് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. ബഹിരാകാശ വകുപ്പിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നയപരമായ മാറ്റത്തെക്കുറിച്ച് ഇതുവരെ യാതൊരുവിധ ഔദ്യോഗിക വിശദീകരണങ്ങളും ജീവനക്കാർക്ക് ലഭിച്ചിട്ടില്ലെന്നാണ് അവർ ഉയർത്തുന്ന ആക്ഷേപം. സാങ്കേതികവിദ്യാ കൈമാറ്റത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും നിയമപരവും ഭരണപരവുമായ വിശദാംശങ്ങൾ വ്യക്തമാക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.
ബഹിരാകാശ വകുപ്പിന്റെ നയപ്രകാരം ഇതിനകംതന്നെ പല സുപ്രധാന സാങ്കേതികവിദ്യകളും കൈമാറ്റംചെയ്യാനുള്ള നടപടികൾ നടക്കുന്നുണ്ട്. എസ്എസ്എൽവി റോക്കറ്റിന്റെ നിർമ്മാണ സാങ്കേതികവിദ്യ ഇതിനകംതന്നെ പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിന് വിറ്റുകഴിഞ്ഞു. ഇന്ത്യയുടെ ഏറ്റവുംവലിയ റോക്കറ്റായ എൽവിഎം 3-ന്റെ സാങ്കേതികവിദ്യ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിനുള്ള ലേല നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവി-യുടെ സാങ്കേതികവിദ്യയും കൈമാറ്റം ചെയ്യാനുള്ള ശ്രമങ്ങൾ സജീവമാണ്. ഉപഗ്രഹ നിർമ്മാണ മേഖലയും തമിഴ്നാട്ടിലെ കുലശേഖരപട്ടണത്ത് രൂപകൽപ്പന ചെയ്തിട്ടുള്ള 986 കോടി രൂപയുടെ 'സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് കോംപ്ലക്‌സും' സ്വകാര്യ ഓപ്പറേറ്റർമാർക്ക് വിട്ടുനൽകാൻ ഇൻ-സ്‌പേസ് താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
Content Highlights: ISRO issued an official statement dismissing claims of ISRO privatization as baseless. The agency confirmed it remains India's premier space research body, despite these privatization claims denied.
Published: 06 Sept 2026, 10:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented