ന്യൂഡൽഹി: തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായി പാർട്ടിയിൽ ആന്തരിക ചികിത്സ നടക്കുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മേൽഘടകങ്ങളിൽ ഉള്ളവരും പാർലമെന്ററി വ്യതിയാനത്തിൽനിന്ന് മുക്തരല്ലെന്ന് ബേബി വ്യക്തമാക്കി. കോഴിക്കോട് നടക്കുന്ന സിപിഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റി നടത്തിപ്പിന് പ്രത്യേക മാർഗരേഖ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

അസുഖം ഉണ്ടാകുമ്പോൾ ആയുർവേദത്തിൽ ചവിട്ടിപ്പിഴിച്ചിൽ, ധാര തുടങ്ങിയ ചികത്സാരീതികൾ ഉണ്ട്. ഇതുപോലെയുള്ള ചികിത്സാരീതിയാണ് തെറ്റുതിരുത്തൽ നടപടിയെന്ന് ബേബി പറഞ്ഞു. കഴിഞ്ഞദിവസം അവസാനിച്ച സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ അംഗങ്ങൾ മൂന്ന് വിഷയങ്ങളിൽ സ്വയം വിമർശനം നടത്തിയിരുന്നു. പാർലമെന്ററി വ്യാമോഹം, ജനങ്ങളുടെ ഹിതത്തിന് അനുസരിച്ച് പ്രവർത്തിക്കൽ, കൂട്ടായ പ്രവർത്തനം എന്നിവ സംബന്ധിച്ച വിലയിരുത്തലാണ് നടത്തിയത്. പോളിറ്റ് ബ്യൂറോയിലെ ഏതെങ്കിലും ഒരു അംഗം പാർലമെന്ററി വ്യാമോഹം ഉണ്ടെന്ന് ആത്മവിമർശനം നടത്തിയോയെന്ന ചോദ്യത്തിന് ബേബി നേരിട്ടുളള മറുപടി നൽകിയില്ല.

പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ പിണറായി വിജയൻ നടത്തിയ പ്രസംഗങ്ങളിലെ നിലപാടിനെ ബേബി പിന്തുണച്ചു. പാർട്ടി ഒരു സ്ഥാനാർഥിയെ നിശ്ചയിച്ചാൽ പാർട്ടി അംഗങ്ങൾ അവർക്ക് വോട്ട് ചെയ്യണം. പാർട്ടി നിലപാടിനോട് വിയോജിപ്പുണ്ടെങ്കിൽ അത് പാർട്ടി കമ്മിറ്റികളിലാണ് ഉന്നയിക്കിക്കേണ്ടത്. അല്ലാതെ പാർട്ടി നയങ്ങളിൽനിന്ന് വ്യതിചലിക്കുകയല്ല വേണ്ടത്. സ്ഥാനാർഥി നിർണയത്തിൽ പിഴവ് പറ്റിയെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. അത് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്നും ബേബി ചൂണ്ടിക്കാട്ടി.

വിശാല സംസ്ഥാന സമിതിയുടെ ചർച്ച സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന സമിതിയിലെ ചർച്ച സംസ്ഥാന കമ്മിറ്റി തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്ന് എം.എ. ബേബി പറഞ്ഞു. സംസ്ഥാന കമ്മിറ്റി തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിമർശനവും സ്വയം വിമർശനവും ഉണ്ടാകും. തിരഞ്ഞെടുപ്പ് പരാജയത്തെ സംബന്ധിച്ച വിലയിരുത്തൽ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും നേരത്തെ നടത്തിയിരുന്നു. പാർട്ടിയുടെ വിലയിരുത്തൽ പാർട്ടി കത്ത് ആയി അടിച്ച് വിതരണം ചെയ്തിട്ടുണ്ട്. അതിൽ ഇനി ചർച്ച ഇല്ലെന്നും ബേബി പറഞ്ഞു.

പാർട്ടി ശക്തമാക്കാൻ സ്വീകരിക്കേണ്ട നിർദേശങ്ങളെ സംബന്ധിച്ചാണ് കോഴിക്കോട് ചർച്ച നടക്കുക. താൻ ഉൾപ്പടെ ഒൻപത് പോളിറ്റ് ബ്യൂറോ അംഗങ്ങൾ പങ്കെടുക്കും. പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, വിജയരാഘവൻ, കെ. ബാലകൃഷ്ണൻ, യു. വാസുകി, ബി.വി. രാഘവലു, അശോക് ധാവളെ, വിജു കൃഷ്ണൻ എന്നിവരാണ് വിശാല സംസ്ഥാന സമിതിയിൽ പങ്കെടുക്കുന്ന മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങൾ. വിശാല സംസ്ഥാന സമിതിയിൽ നേതൃമാറ്റം അജണ്ടയാണോ എന്ന ചോദ്യത്തിൽ അത് മാധ്യമ അജണ്ട മാത്രമാണെന്നായിരുന്നു ബേബിയുടെ പ്രതികരണം.