കൊൽക്കത്ത: ടിഎംസിയുടെ ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയുടെ എംപി ഓഫീസ് ബുൾഡോസർ കൊണ്ട് പൊളിച്ച് അധികൃതർ. അനധികൃതമായി നിർമിച്ചതെന്ന് ആരോപിച്ചായിരുന്നു നടപടി. ഡയമണ്ട് ഹാർബർ മണ്ഡലത്തെയാണ് അഭിഷേക് ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്നത്.

To advertise here,

അംതാലയിലെ അംതാല-ബരുയിപുർ റോഡിൽ സ്ഥിതി ചെയ്യുന്ന നാലുനില കെട്ടിടമാണ് തകർത്തത്. കെട്ടിടം നിർമിച്ചത് അനുമതിയില്ലാതെയാണെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ തന്നെ അധികൃതർ കെട്ടിടത്തിൽ നോട്ടീസ് പതിപ്പിച്ചിരുന്നു. നോട്ടീസ് നേരത്തെ കൈമാറിയിരുന്നെന്നും എന്നാൽ ഹിയറിങ്ങിന് ആരും പങ്കെടുത്തില്ലെന്നുമാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.

പ്രദേശത്ത് വലിയ തോതിൽ പോലീസ് വിന്യാസം ഏർപ്പെടുത്തിയിരുന്നു. പൊളിക്കൽ ആരംഭിച്ചതോടെ ഇവിടേക്ക് പ്രദേശവാസികളും ടിഎംസി പ്രവർത്തകരും എത്തിച്ചേരുകയും ചെയ്തിരുന്നു.

അഭിഷേക് ബാനർജിയുമായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും അദ്ദേഹത്തിന്റെ കമ്പനിയുമായും ബന്ധമുള്ള 17 കെട്ടിടങ്ങൾക്ക് കൊൽക്കത്ത മുൻസിപ്പൽ കോർപറേഷൻ പൊളിച്ചുമാറ്റൽ നോട്ടീസ് നൽകിയിരുന്നു. ഹരീഷ് മുഖർജി റോഡിൽ സ്ഥിതി ചെയ്യുന്ന അഭിഷേകിന്റെ വസതിയായ ശാന്തിനികേതന് ഉൾപ്പെടെയാണ് നോട്ടീസ് നൽകിയിട്ടുള്ളത്.