മുംബൈ: മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീനേതാക്കളെയെല്ലാം പിന്നിലാക്കി ഇൻസ്റ്റഗ്രാമിൽ തരംഗമായി മഹാരാഷ്ട്രയിലെ ഐഎഎസ് ഓഫീസർ തുക്കാറാം മുണ്ടേ.

To advertise here,

ഫോളോവേഴ്‌സിന്റെ എണ്ണത്തിലും എൻഗേജ്‌മെന്റിന്റെ കാര്യത്തിലും തുക്കറാം തന്നെയാണ് ഒന്നാമൻ. മഹാരാഷ്ട്രയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) കമ്മിഷണർ എന്ന നിലയ്ക്ക് നടത്തുന്ന തുക്കാറാമിന്റെ കർക്കശമായ പ്രവർത്തനങ്ങൾ രാജ്യത്താകമാനം ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.

നിലവിൽ 34.15 ലക്ഷം ഫോളോവർമാരാണ് തുക്കാറാമിനുള്ളത്. എൻഗേജ്‌മെന്റ് നിരക്ക് 20.35 ശതമാനം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് 29.02 ഫോളോവർമാരാണുള്ളത്. എൻഗേജ്‌മെന്റ് നിരക്കാകട്ടേ 0.50 ശതമാനം. ഏക്‌നാഥ് ഷിന്ദേയ്ക്ക് 13.01 ലക്ഷം ഫോളോവർമാരാണുള്ളത്. 0.24 ശതമാനമാണ് എൻഗേജ്‌മെന്റ് നിരക്ക്. ഓഗസ്റ്റ് മാസത്തിൽ പുറത്തുവന്ന കണക്കാണിത്.

2005 ബാച്ച് മഹാരാഷ്ട്ര കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് തുക്കാറാം. 2026 മേയ് മാസം മുതൽ മഹാരാഷ്ട്രയുടെ എഫ്ഡിഎ കമ്മിഷണറാണ്. ഭയരഹിതവും വിട്ടുവീഴ്ചയില്ലാത്തതുമാണ് തുക്കാറാമിന്റെ നിലപാടുകൾ. 21 കൊല്ലത്തെ സർവീസിനിടയിൽ 25 തവണയായണ് അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചിട്ടുള്ളത്. ജൽന, സോലാപുർ ജില്ലകളിൽ കളക്ടറായി സേവനം അനുഷ്ഠിച്ചിരുന്ന കാലത്ത് വരൾച്ചബാധിത ഗ്രാമങ്ങളെ ടാങ്കർമാഫിയകളിൽനിന്ന് രക്ഷിച്ചതിലൂടെ വാട്ടർമാൻ ഓഫ് മഹാരാഷ്ട്ര എന്ന വിശേഷണവും തുക്കാറാമിന് ലഭിച്ചിരുന്നു.

എഫ്ഡിഎ കമ്മിഷണറായതിനുപിന്നാലെ ഭക്ഷണത്തിലെ മായംചേർക്കൽ, ഭക്ഷണശാലകളിലെ വൃത്തിരഹിതമായ അടുക്കളകൾ എന്നിവയ്‌ക്കെതിരേ മുഖംനോക്കാതെ നടപടികൾ സ്വീകരിച്ചിരുന്നു. സംസ്ഥാനത്തെ മൂവായിരത്തിലധികം ഭക്ഷണശാലകളിൽ തുക്കാറാമിന്റെ സംഘം പരിശോധന നടത്തുകയും ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഭക്ഷണശാലകളിലെ അടുക്കളകളിൽ അപ്രതീക്ഷിത പരിശോധനയ്‌ക്കെത്തുന്ന തുക്കാറാമിന്റെ വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.