ന്യൂഡൽഹി: വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ പിതാവിനെ ക്രൂരമായി മർദ്ദിച്ചുവെന്ന് അവകാശപ്പെട്ട സ്വതന്ത്ര ഭരദ്വാജ് എന്ന ഇൻഫ്‌ളുവൻസറിനെതിരെ നിയമപടിയുമായി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ.  തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയായിരുന്നുവെന്ന്‌ കാണിച്ചാണ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (റാം വിലാസ്) ഡൽഹി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

To advertise here,

തനിക്ക് രാഷ്ട്രീയ സംരക്ഷണമുണ്ടെന്ന് വരുത്തിത്തീർക്കാൻ സ്വതന്ത്ര ഭരദ്വാജ് തന്റെ പേര് ദുരുപയോഗം ചെയ്തതായി പാസ്വാൻ ആരോപിക്കുന്നു. കുറ്റാരോപിതനുമായി തനിക്കോ തന്റെ പാർട്ടിക്കോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ഇയാൾക്കെതിരെ കർശന നടപടി വേണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മർദ്ദനമേറ്റ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും നിയമത്തെ പരിഹസിക്കുന്നവർ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വതന്ത്ര ഭരദ്വാജിന്റെ 'വ്യാജമായ' അവകാശവാദങ്ങളിൽ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച സമർപ്പിച്ച പരാതിയിൽ, പാസ്വാനോ അദ്ദേഹത്തിന്റെ പാർട്ടിക്കോ ഭരദ്വാജുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, തന്റെ പാർട്ടി ആ വിദ്യാർത്ഥി നേതാവിനും പരിക്കേറ്റ അവരുടെ പിതാവിനുമൊപ്പമാണ് നിൽക്കുന്നതെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

'പൊതുജീവിതത്തിൽ നിരവധി ആളുകൾ ഞങ്ങളെ കാണാനും ചിത്രങ്ങൾ എടുക്കാനും വരാറുണ്ട്. എന്നാൽ അതിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്ക് വ്യക്തിപരമായ പരിചയമുണ്ടെന്ന് അവർ അവകാശപ്പെടുകയാണെങ്കിൽ, അത് ഞങ്ങളുടെ പേര് ദുരുപയോഗം ചെയ്യലാണ്. ഞാനും എന്റെ പാർട്ടിയും കാരണമാണ് തനിക്കെതിരെ നടപടിയെടുക്കാത്തത് എന്ന രീതിയിലുള്ള ഒരു ധാരണ സൃഷ്ടിക്കാനാണ് അക്രമി ശ്രമിച്ചത്. എന്റെ പേര് ദുരുപയോഗം ചെയ്തതിനെതിരെ ഞാൻ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.' പസ്വാൻ പറഞ്ഞു.

'മരണത്തിന് വരെ കാരണമായേക്കാവുന്ന രീതിയിൽ ഒരാളെ ക്രൂരമായി മർദ്ദിച്ചതായി ആ വ്യക്തി പരസ്യമായി സമ്മതിക്കുകയാണ്. അയാൾക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെങ്കിൽ, അത് രാജ്യത്തിനും പൊതുജനങ്ങൾക്കും വളരെ തെറ്റായ ഒരു സന്ദേശം നൽകുകയും ഒരു പുതിയ കീഴ്വഴക്കം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.'  പാസ്വാൻ പറഞ്ഞു.

'വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തും, ആ വ്യക്തി എന്റെ പേരും മറ്റ് പല രാഷ്ട്രീയക്കാരുടെ പേരുകളും ദുരുപയോഗം ചെയ്തതിനാലും, ഞാൻ അയാൾക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കൂടാതെ നിഷ്പക്ഷമായ അന്വേഷണം നടത്താൻ ഡൽഹി പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.' അദ്ദേഹം കൂട്ടിച്ചേർത്തു.

നീതിക്കായുള്ള പോരാട്ടത്തിൽ വിദ്യാർത്ഥി നേതാവിനും അവരുടെ പിതാവിനും പാസ്വാൻ പൂർണ്ണ പിന്തുണ ഉറപ്പുനൽകി. 'ഞങ്ങൾ ഇരയുടെ കുടുംബത്തിനൊപ്പമാണ്. അവർക്ക് നീതി ഉറപ്പാക്കുക എന്നത് എന്റെയും എന്റെ പാർട്ടിയുടെയും ഉത്തരവാദിത്തമാണ്. സത്യം പുറത്തുവരുമെന്നും നിയമത്തെ പരസ്യമായി പരിഹസിക്കുന്ന വ്യക്തിക്കെതിരെ എത്രയും വേഗം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഞങ്ങൾ ഉറപ്പാക്കും.' പാസ്വാൻ പറഞ്ഞു.

ജൂലൈയിൽ ജന്തർ മന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിനിടെ വിദ്യാർത്ഥി നേതാവിന്റെ പിതാവിന്റെ 'തലയോട്ടി താൻ അടിച്ചുതകർത്തു' എന്ന് ഭരദ്വാജ് ഒരു അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പിൽ അവകാശപ്പെടുന്നത് കാണാമായിരുന്നു. ഈ ആക്രമണത്തിൽ അദ്ദേഹത്തിന് 60 തുന്നലുകൾ വേണ്ടിവന്ന പരിക്കേറ്റിട്ടും തനിക്ക് ജയിലിൽ പോകേണ്ടി വന്നില്ല എന്നായിരുന്നു അയാളുടെ അവകാശവാദം. ഈ ക്ലിപ്പ് വൈറലായതോടെയാണ് വിവാദം ഉടലെടുത്തത്.

ചിരാഗ് പാസ്വാൻ, ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, ഡൽഹി മന്ത്രി കപിൽ മിശ്ര തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കൊപ്പമുള്ള ഭരദ്വാജിന്റെ ചിത്രങ്ങളും വീഡിയോയിൽ ഉണ്ടായിരുന്നു. മാത്രമല്ല പല രാഷ്ട്രീയ നേതാക്കളുടെ പേരുകളും അയാൾ വീഡിയോയിൽ പരാമർശിച്ചിരുന്നു.

'എന്റെ മേൽ ഹനുമാന്റെ അനുഗ്രഹമുണ്ട്. രണ്ടാമതായി, കപിൽ മിശ്ര എന്റെ ജ്യേഷ്ഠനാണ്. കപിൽ മിശ്ര വിളിച്ചതുകൊണ്ടാണ് ഞാൻ മോചിതനായതെന്ന് അവർ പറയുന്നു. ചിരാഗ് പാസ്വാൻ എന്റെ ജ്യേഷ്ഠനാണ്... എനിക്ക് എല്ലാവരുടെയും പിന്തുണയുണ്ട്.' എന്നൊക്കെയായിരുന്നു പോഡ്കാസ്റ്റിൽ ഭരദ്വാജിന്റെ അവകാശവാദങ്ങൾ. പിന്നാലെ, ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധം നടത്തി.

ആസാദ് സമാജ് പാർട്ടി തലവനും നജീന എംപിയുമായ ചന്ദ്രശേഖർ ആസാദ്, എംപി പപ്പു യാദവ് എന്നിവർക്കൊപ്പം സിജെപി പ്രതിനിധികൾ പോലീസ് ഉദ്യോഗസ്ഥരെ കാണ്ടിരുന്നു. അടുത്ത 72 മണിക്കൂറിനുള്ളിൽ ഭരദ്വാജിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം ഉത്തർപ്രദേശിൽ നിന്ന് ഭരദ്വാജിനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്.