'സംസ്ഥാന- ജില്ലാതല ഓട്ടമത്സരത്തില്‍ ഒന്നാംസ്ഥാനവും രണ്ടാംസ്ഥാനവും മൂന്നാംസ്ഥാനവും കിട്ടുന്നവര്‍ക്ക് പി.ടി.ഉഷയുടേയോ ഷൈനി വിത്സന്റെയോ മികവില്ലെന്ന് പറഞ്ഞ് സമ്മാനം നല്‍കാതിരിക്കുമോ? നിലവാരം ആരാണ് തീരുമാനിക്കുന്നത്??'  ഇത്തവണ മികച്ച സീരിയലിനുളള പുരസ്‌കാരം നല്‍കേണ്ടെന്ന ജൂറിയുടെ തീരുമാനത്തോട് സീരിയല്‍ അഭിനേതാവ് കിഷോര്‍ സത്യ പ്രതികരിച്ചത് മറുചോദ്യമുന്നയിച്ചുകൊണ്ടാണ്.  അതേസമയം സീരിയലുകളുടെ ഉളളടക്കം മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന നടനാണ് താനെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

29-ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തിനായി സംവിധായകന്‍ ആര്‍.ശരത് ചെയര്‍മാനായ ജൂറിക്ക്  മുമ്പാകെ ഇത്തവണ എത്തിയത് ആറ് സീരിയലുകളാണ്. വിവിധ സ്വകാര്യ ചാനലുകളിലായി നാല്പതോളം സീരിയലുകള്‍ കേരളത്തില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വെറും ആറെണ്ണം മാത്രം പുരസ്‌കാരത്തിനായി സമര്‍പ്പിക്കപ്പെട്ടത്. അതിനാല്‍ തന്നെ പരിഗണനയ്ക്കെത്തിയ ആറുസീരിയലുകള്‍ മാത്രം വിലയിരുത്തി മേഖലയില്‍ നിലവാരത്തകര്‍ച്ചയുണ്ടെന്ന് അടച്ചാക്ഷേപിക്കരുതെന്നാണ് സീരിയല്‍ പ്രവര്‍ത്തകര്‍ ഉന്നയിച്ച വാദം. കലാമൂല്യവും സാമൂഹ്യപ്രതിബദ്ധതയുമുള്‍പ്പടെ ജൂറി ചൂണ്ടിക്കാണിച്ച വീഴ്ചകള്‍ അംഗീകരിക്കാനും അവരില്‍ പലരും തയ്യാറായിട്ടുമില്ല. 

ശ്യാമപ്രസാദ്
ശ്യാമപ്രസാദ് 

പൊതുഅംഗീകാരമുളള എന്തുമാണോ മേന്മയുളളത്? 

left quotes iconഅവാര്‍ഡ് എന്നതിന്റെ ഒരു മൂല്യം എന്താണെന്നുളളത് നമ്മള്‍ പുനരാലോചിക്കേണ്ട കാര്യമാണ്. പണ്ടുകാലത്ത് നമുക്ക് വളരെ കുറച്ച്  അവാര്‍ഡുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അത് സ്റ്റേറ്റ് നിശ്ചയിക്കുന്ന കുറച്ചുപേര്‍ ചേര്‍ന്ന് മറ്റ് പരിഗണനകള്‍ ഒന്നും നല്‍കാതെ പ്രഖ്യാപിക്കുന്ന ഒന്നായിരുന്നു അത്. ഇന്ന് ചെറിയ സംഘടനകള്‍ പോലും പുരസ്‌കാരങ്ങള്‍ നല്‍കുന്നുണ്ട്. ജനപ്രിയത എന്നുളളത് ഒരു അവാര്‍ഡിന് തന്നെയുളള മാനദണ്ഡമാക്കി വെച്ചിരിക്കുകയാണ്. സ്വകാര്യ ചാനലുകള്‍ നല്‍കുന്ന പുരസ്‌കാരങ്ങള്‍ കണ്ടിട്ടില്ലേ ഏറ്റവും മികച്ച യുവജോഡികള്‍, പുതുമുഖ താരം.. ഇതൊക്കെ പുരസ്‌കാരത്തിന് വരുമ്പോള്‍ അനുമോദനം എന്ന രീതിയില്‍ അല്ല മറിച്ച് നേട്ടം എന്ന രീതിയില്‍ ഉയര്‍ത്തിക്കാണിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും അവാര്‍ഡിന് അര്‍ഹതയുണ്ടെന്ന ചിന്തയുണ്ട്. 

പൊതുജനത്തിന്റെ പണം ഉപയോഗിച്ച് പുരസ്‌കാരം നല്‍കി സംസ്ഥാനം ആദരിക്കുമ്പോള്‍ വലിയ ഉത്തരവാദിത്തം ഉണ്ട് അതില്‍. അതൊന്നുമില്ലാതെ എല്ലാ മേഖലയ്ക്കും പുരസ്‌കാരം നല്കുക എന്ന ചിന്തയില്‍ നിന്നാണ് ഇതുണ്ടായത്. പണ്ട് ദൂരദര്‍ശന്‍ ഉണ്ടായിരുന്നതുപോലെ സ്റ്റേറ്റിന്റെ നേരിട്ടുളള നിയന്ത്രണത്തിന്റെ കീഴില്‍ വാണിജ്യഘടകങ്ങള്‍ക്ക് വിധേയമല്ലാത്ത ഒരു കാലഘട്ടമല്ല ഇന്നുളളത്. എന്തുകൊണ്ട് സ്വകാര്യചാനലുകള്‍ ഇത്തരം സീരിയലുകള്‍ ഉണ്ടാക്കുന്നു എന്ന് ചോദിച്ചാല്‍ അവര്‍ക്ക് ഐബോള്‍സ് ഉണ്ടാക്കണം. മാര്‍ക്കറ്റിങ് പരിസരത്ത് ജീവിക്കുകയും അതേസമയം അവാര്‍ഡ് പോലുളള ആന്തരികമൂല്യമുളള കാര്യത്തിന് വേണ്ടി വാദിക്കുകയും ചെയ്യുക എന്നുപറയുന്നത് ശുദ്ധ നോണ്‍സെന്‍സാണ്. 

സര്‍ക്കാര്‍ ചെയ്യുന്നതും തെറ്റാണ്, ഇവര്‍ കൂട്ടുന്ന മുറവിളികളും തെറ്റാണ്. അത്തരത്തിലുളള വര്‍ക്കുകള്‍ ടിവിയില്‍ ഇല്ലെന്ന് വ്യക്തമല്ലേ പിന്നെന്തിനാണ് പ്രഹസനം.  കലാസൃഷ്ടിയിലെ മേന്മയെ എങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്നതും ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്നതും പൊതുഅംഗീകാരമുളള എന്തുമാണോ ഇനി മേന്മയായി കാണാന്‍ പോകുന്നത്. മേന്മ എന്താണ് എന്ന് കൃത്യമായ നിര്‍വചിക്കുകയാണ് വേണ്ടത്. അപ്പോള്‍ മനസ്സിലാകും എന്തുകൊണ്ട് കൃത്യമായി quotes icon മേന്മയില്ലെന്ന് പറയുന്ന സാഹചര്യത്തിലെത്തിയെന്ന്

-  സംവിധായകന്‍ ശ്യാമപ്രസാദ് 

മുന്നില്‍ വരുന്ന സീരിയലുകളെ പരിഗണിച്ച് അതില്‍ മെച്ചപ്പെട്ടതിന് പുരസ്‌കാരം നല്‍കുകയാണോ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരത്തിന്റെ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ചെയ്യേണ്ടതെന്നുളള പ്രസക്തമായ ചോദ്യമാണ് ഇവിടെ ഉയരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം എന്നതിനാല്‍ തന്നെ ജൂറിക്ക് മുന്നിലുളളത് വളരെ വലിയ ഉത്തരവാദിത്തമാണ്. മനുഷ്യനും സമൂഹത്തിനും കാലാതീതമായി ഏതെങ്കിലും രീതിയില്‍ പ്രയോജനം ചെയ്യുന്ന, കലാമൂല്യമുളള, സാമൂഹ്യ പ്രതിബദ്ധതയുളള, കലയുടെയോ, സമൂഹത്തിന്റെയോ ചരിത്രത്തില്‍ കൃത്യമായ അടയാളപ്പെടുത്തലുകള്‍ നടത്തുന്ന ഒന്നിനായിരിക്കണം പുരസ്‌കാരം നല്‍കേണ്ടതെന്നുളള ജൂറിയുടെ തീരുമാനത്തില്‍ ശരികേടുകളില്ല. തങ്ങള്‍ക്ക് മുന്നിലുളള നിയമാവലികള്‍ കൃത്യമായി അനുസരിക്കുക മാത്രമായിരുന്നു ജൂറി ചെയ്തത്. എന്നാല്‍ ജനപ്രിയസംസ്‌കാരത്തിന്റെ ഉപോല്പന്നമായ സീരിയലുകളെ പുരസ്‌കാരത്തിനായി പരിഗണിക്കുമ്പോള്‍ അതില്‍ ഇത്തരം കടുംപിടിത്തങ്ങളുടെ ആവശ്യമുണ്ടോയെന്നുളളതാണ് മറുവാദം.  

WCC29-ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ മികച്ച സീരിയല്‍ അവാര്‍ഡുകള്‍ വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരമാണ്. ധീരമായ ആ തീരുമാനം ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു . നെഞ്ചോട് ചേര്‍ക്കുന്നു . ആ തീരുമാനമെടുത്ത ജൂറിക്കും അതിന് അര്‍ഹമായ ബഹുമതികളോടെ അംഗീകാരം നല്‍കിയ സര്‍ക്കാറിനും ഡബ്ല്യു.സി.സി.യുടെ അഭിനന്ദനങ്ങള്‍. ഇത്തരം ആര്‍ജവമുള്ള തീരുമാനങ്ങളാണ് ചരിത്രത്തില്‍ വലിയ തിരുത്തലുകള്‍ക്ക് തുടക്കം കുറിക്കുന്നത്. വന്‍മൂലധനത്തിന്റെ അകമ്പടിയും അധികാരവുമുണ്ടെങ്കില്‍ എത്ര തന്നെ മനുഷ്യത്വ വിരുദ്ധമായ ഉള്ളടക്കവും കലയുടെ പേരില്‍ വിറ്റഴിക്കാനും അതിന് അംഗീകാരം നേടാനും കഴിയും എന്ന ധാര്‍ഷ്ട്യത്തിനാണ് ഈ തിരുത്ത് പ്രഹരമേല്പിച്ചിരിക്കുന്നത്. കലയില്‍ കാഴ്ചപ്പാടുകളും ഉള്ളടക്കവും പ്രധാനമാണ് എന്ന നിലപാട് സെന്‍സര്‍ഷിപ്പല്ല , മറിച്ച് പണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ എന്തുമാകാം എന്ന സാംസ്‌കാരിക മലിനീകരണത്തിന് തടയിടലാണ്. അതിന്റെ പേരാണ് നവോത്ഥാനം. ഡബ്ലു.സി.സി. അതിനൊപ്പമാണ്. ഉള്ളടക്കം ഏത് കലയുടെയും ജീവശ്വാസമാണ്. - WCC ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് 

 

left quotes iconജൂറി കഴിഞ്ഞതവണ ആവര്‍ത്തിച്ചിരുന്ന അതേ നിലപാട് വീണ്ടും വ്യക്തമാക്കി. സീരിയലുകള്‍ക്ക് നിലവാരമില്ലെന്ന് പറഞ്ഞു. അതിന്റെ കൂട്ടത്തില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുകയാണ് സീരിയലുകളെന്ന ശക്തമായ നിലപാടും എടുത്തു. ഇതിന് സര്‍ക്കാര്‍ അവാര്‍ഡുകള്‍ കൊടുക്കേണ്ടതുണ്ടോ എന്നാണ് ജൂറി ചോദിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെയും നിലപാട് അതുതന്നെയാണ്. സര്‍ക്കാര്‍ കൊടുക്കുന്ന അവാര്‍ഡാണ്, അതിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായിരിക്കണം.

Kamal
കമല്‍

മികച്ച സംവിധായകനുളള പുരസ്‌കാരം നല്‍കാതിരുന്നത് എന്തുകൊണ്ട് എന്നതിന് കൃത്യമായ കാരണം അവര്‍ പറയുന്നുണ്ട്. ഒന്നാമത് കൃത്യമായ കാഴ്ചപ്പാടോടുകൂടിയല്ല കണ്ടന്റ് കൈകാര്യം ചെയ്യുന്നത്. സംവിധായകന്റെ സര്‍ഗാത്മകത അവിടെ ഇല്ല. മറ്റൊന്ന്, മെഗാ സീരിയല്‍ ആരംഭിക്കുമ്പോള്‍ ഒരു സംവിധായകനായിരിക്കും എന്നാല്‍ അവസാനിക്കുമ്പോള്‍ വേറെ സംവിധായകനായിരിക്കും. അപ്പോള്‍ ആരാണ് ഇതിന്റെ സംവിധായകന്‍ എന്ന ചോദ്യം ഉയരും. മറ്റൊരു പ്രശ്‌നം പറയുന്നത് സീരിയലിനെ സംബന്ധിച്ച് ഷൂട്ടിങ്ങില്‍ മാത്രം പങ്കെടുക്കുന്ന വ്യക്തിയാണ് സംവിധായകന്‍. തിരക്കഥാ രചനയിലോ, പോസ്റ്റ് പ്രൊഡക്ഷനിലോ സംവിധായകന് റോളില്ല. സംവിധായകനെന്നാല്‍ ക്യാപ്റ്റനാണ്. എന്നാല്‍ സീരിയലുകളില്‍ അത് ആരോ എഴുതിക്കൊടുക്കുന്ന സ്‌ക്രിപ്റ്റ് ലൊക്കേഷനില്‍ വെച്ച് ഷൂട്ട് ചെയ്യുന്ന ടെക്‌നീഷ്യന്‍ മാത്രമാണ്. ആര്‍ട്ട്quotes icon ഡയറക്ടറുടെ യാതൊരു ക്രിയേറ്റിവിറ്റിയും കാണുന്നില്ല, അതുകൊണ്ടാണ് കലാസംവിധായകന് പുരസ്‌കാരം നല്‍കാതിരുന്നത്.

- ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വീട്ടിനകത്തെ ദൃശ്യങ്ങളില്‍ എന്ത് ആര്‍ട്ട് വര്‍ക്കാണ് കാണിക്കാനാവുകയെന്നാണ് അഭിനേതാവും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍ ചോദിക്കുന്നത്. സീരിയല്‍ അതിന്റെ പരിമിതിക്കുളളില്‍ നിന്നുകൊണ്ട് മനോഹരമായി ചിത്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. 

സീരിയല്‍ രംഗത്തുളളവര്‍ ഉയര്‍ത്തുന്ന ചില സംശയങ്ങളുണ്ട്. മൂന്നൂംനാലും വര്‍ഷം ടെലികാസ്റ്റ് ചെയ്യുന്ന സീരിയലുകളെ ഏത് വര്‍ഷത്തെ പുരസ്‌കാരത്തിനാണ് സമര്‍പ്പിക്കേണ്ടത്? മെഗാസീരിയലിന് ആയിരത്തിനുമേല്‍ എപ്പിസോഡുകള്‍ വരുമ്പോള്‍ അവാര്‍ഡിനായി അമ്പത് എപ്പിസോഡുകള്‍ അയക്കാം എന്ന നിബന്ധന എങ്ങനെ ശരിയാകും? (ഈ നിബന്ധന നിലനില്‍ക്കുന്നതിനാലാണ് അവാര്‍ഡിനായി ആറുസീരിയലുകള്‍ മാത്രം ഇത്തവണ ജൂറിക്ക് മുന്നിലെത്തിയത്) ടെലിവിഷന്‍ മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത് ദൂരദര്‍ശന്‍ കാലത്തായിരുന്നു. അന്ന് 13 എപ്പിസോഡുകളുള്ള പരമ്പരകളാണ് ഉണ്ടായിരുന്നത്. സീരിയല്‍ പുരസ്‌കാരം സംബന്ധിച്ച മാനദണ്ഡങ്ങളും അതിനെ അടിസ്ഥാനമാക്കിയുളളതായിരുന്നു. പിന്നീട് മെഗാസീരിയല്‍ വന്നതോടെ പുരസ്‌കാരത്തിനായി സമര്‍പ്പിക്കുമ്പോള്‍ 50 എപ്പിസോഡുകള്‍ വരെ സമര്‍പ്പിക്കാമെന്നാക്കി നിബന്ധന പുതുക്കി. ഇതോടെ അഞ്ഞൂറും ആയിരവും എപ്പിസോഡുകളുളള മെഗാസീരിയലുകള്‍ അവാര്‍ഡിന് അയയ്ക്കുമ്പോള്‍ എഡിറ്റ് ചെയ്ത് അമ്പത് എപ്പിസോഡാക്കി അയയ്ക്കാന്‍ തുടങ്ങി. സ്വാഭാവികമായും കഥയ്ക്ക് പലപ്പോഴും പരസ്പരബന്ധം ഇല്ലാത്ത അവസ്ഥയുണ്ടായി. ഉണ്ടെങ്കില്‍ തന്നെ ഭൂരിഭാഗം ഷോട്ടുകളും നാലുമുറികള്‍ക്കകത്ത് ചിത്രീകരിക്കുന്നതിനാല്‍ സാങ്കേതികമികവ് കുറവായിരുന്നു.

മെഗാസീരിയലുകള്‍ക്ക് അവാര്‍ഡ് കൊടുക്കുമ്പോള്‍ അതിന്റെ നിലവാരം ഉറപ്പുവരുത്തണമെന്ന് കഴിഞ്ഞ മൂന്നുനാലുവര്‍ഷമായി ജൂറി ആവര്‍ത്തിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് കൊടുക്കുന്നില്ല എന്ന തീരുമാനമുണ്ടായപ്പോള്‍ ഇക്കാര്യങ്ങള്‍ ചലച്ചിത്ര അക്കാദമി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. കാലോചിതമായി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കുകയും ചെയ്തു. ഇതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചെങ്കിലും എന്നാല്‍ കോവിഡും നിയമസഭാതിരഞ്ഞെടുപ്പും വന്നതോടെ വീണ്ടും കമ്മിറ്റി ചേരാനോ ഡിസംബര്‍ 31ന് മുമ്പായി പുതിയ നിയമാവലികള്‍ രൂപീകരിക്കാനോ സാധിച്ചില്ല. അതിനാല്‍ പഴയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഇത്തവണയും ചലച്ചിത്ര അക്കാദമി പുരസ്‌കാരത്തിനായി ക്ഷണിച്ചത്. 

നിയമാവലികളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരും

ഏതായാലും മാനദണ്ഡങ്ങളില്‍ പുതിയകാലത്തിന്റെ രീതികള്‍ ഉള്‍ക്കൊണ്ട് എത്രയും പെട്ടെന്ന് മാറ്റങ്ങള്‍ കൊണ്ടുവരാനുളള തീരുമാനത്തിലാണ് ചലച്ചിത്ര അക്കാദമി. ഇക്കാര്യം മന്ത്രി സജി ചെറിയാനുമായി സംസാരിച്ചതായി അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. പുറത്തുനിന്നുളള ആള്‍ക്കാരെ ഉള്‍പ്പെടുത്തി കമ്മിറ്റി ഉണ്ടാക്കിയതിന് ശേഷം തീരുമാനമെടുത്ത് സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ടെലിവിഷന്‍ മേഖലയിലെ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ 13-ന് ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചേരുന്നുണ്ട്. ചാനലുകളില്‍ ടെലികാസ്റ്റ് ചെയ്ത പരിപാടികള്‍ക്ക് മാത്രം പുരസ്‌കാരം എന്ന രീതി അവസാനിപ്പിച്ച് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അവതരിപ്പിക്കുന്ന സൃഷ്ടികളെ കൂടി പുരസ്‌കാരത്തിനായി പരിഗണിക്കണമെന്ന നിര്‍ദേശവും ചലച്ചിത്ര അക്കാദമി മുന്നോട്ടുവെക്കുന്നുണ്ട്. 

'ന്യൂമീഡിയക്ക് അവാര്‍ഡ് ഉള്‍പ്പെടുത്തണമെന്ന് നേരത്തേ ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ പാസ്സാക്കിയ ഒരു കാര്യമാണ്. അവാര്‍ഡിനായി പരിഗണിക്കണമെങ്കില്‍ നിയമപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റോ, അല്ലെങ്കില്‍ ഏതെങ്കിലും ചാനലില്‍ ടെലികാസ്റ്റ് ചെയ്തതിന്റെ സാക്ഷ്യപത്രം വേണം. ടെലിവിഷനില്‍ ടെലികാസ്റ്റ് ചെയ്യപ്പെടാത്ത ഒരുപാട് നല്ല കലാസൃഷ്ടികള്‍ യുട്യൂബിലൂടെയും മറ്റും പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്.  ന്യൂമീഡിയ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് എങ്ങനെയാണ് നിയമങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടതെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അതുസംബന്ധിച്ച് അക്കാദമി സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിക്കും. സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. 2021-ലെ ടെലിവിഷന്‍ പരിപാടികള്‍ക്ക് പുരസ്‌കാരം നല്‍കുമ്പോഴേക്കും ഇവ നവീകരിക്കണം എന്നാണ് ആലോചിക്കുന്നത്.', കമല്‍ അറിയിച്ചു.  

Read More: ശരിക്കും നിലവാരത്തകർച്ച ഉണ്ടോ? ശുദ്ധീകരിക്കേണ്ടത് പ്രേക്ഷകരെയോ? | സീരിയസാവണോ സീരിയലുകള്‍ 01

Content Highlights: Jury finds no Serials worthy for Kerala State Televison awards; Series on Malayalam Serial Industry