
എന്റെ അച്ഛൻ കുട്ടൻ പണിക്കർ അദ്ദേഹത്തിന്റെ 94-ാമത്തെ വയസ്സിൽ ഉച്ചയൂണ് കഴിഞ്ഞ് ഒന്നു മയങ്ങാൻ കിടന്നതാണ്. പിന്നെ ഉണർന്നില്ല. ഒരു വൈദ്യന്റെ മകനും അൽപസ്വൽപം വൈദ്യം അറിയാവുന്ന ആളുമായതിനാൽ അലോപ്പതി മരുന്നുകൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇടം നേടിയിട്ടില്ലായിരുന്നു. അസ്വസ്ഥതകൾ എന്തെങ്കിലും തോന്നിയാൽ ചില പച്ചമരുന്നുകളും കുഴമ്പുമൊക്കെയായി പിടിച്ചുനിൽക്കാറാണ് പതിവ്. പണ്ടുകാലത്തൊക്കെ വസൂരി കുത്തിവെപ്പിനായി ആരോഗ്യപ്രവർത്തകർ വീടുകളിലേക്ക് വരുമ്പോൾ അച്ഛൻ വീട്ടിൽനിന്ന് അപ്രത്യക്ഷമാകുമായിരുന്നു. അവർ കാത്തുനിന്ന് മടുത്ത് തിരികെ പോയാൽ മാത്രമേ അച്ഛനെ പരിസരത്തു കാണുകയുള്ളൂ.
അന്ന് അച്ഛൻ കിടക്കാൻ പോകുന്നതിനുമുമ്പ് പഞ്ചായത്ത് ഭരണപ്രതിനിധികളിൽ കുറച്ചുപേർ അദ്ദേഹത്തെ കാണാൻ വന്നു. പഞ്ചായത്തിന് ഒരു ബസ് സ്റ്റാൻഡ് ആവശ്യമായിരിക്കുകയാണ്. ഞങ്ങളുടെ വീടിന്റ ഇടതുവശത്തോടായി ചേർന്നുകിടക്കുന്ന കുറച്ച് സ്ഥലം അുവദിച്ചുതരുമോ എന്നാണ് അവരുടെ അഭ്യർഥന. വലതുവശത്ത് ഇന്ദിര ഗാന്ധിയുടെ പ്രതിമ നിർമിക്കാനായി സ്ഥലം കൊടുത്തതിനാൽ അവിടെ തറ കെട്ടിയിട്ടുണ്ട്. അച്ഛൻ കൂടുതലൊന്നും ആലോചിക്കാതെ അനുവാദം കൊടുത്തു. വലതുവശത്ത് മിസിസ് ഗാന്ധിയ്ക്കും ഇടതുവശത്ത് ബസ് സ്റ്റാൻഡിനും ഇരിപ്പിടം കൊടുത്തിട്ടാണ് അച്ഛൻ നിത്യനിദ്രയിലേക്ക് പോയത്. ഊണുകഴിഞ്ഞാൽ ഒന്നു കിടക്കുന്ന പതിവുള്ളതുകൊണ്ട് ആ സമയത്ത് അച്ഛനെ ശല്യം ചെയ്യാൻ ആരും പോകാറില്ല. വൈകുന്നേരം ചായയുമായി എന്റെ സഹോദരി ചെന്നപ്പോഴാണ് അച്ഛൻ മടങ്ങിയെന്ന യാഥാർഥ്യമറിയുന്നത്.
2000-ലാണ് അച്ഛൻ മരിക്കുന്നത്. അഞ്ചാം ദിവസമാണ് ഞാൻ നാട്ടിലെത്തിയത്. അപ്പോഴേക്കും ചടങ്ങുകൾ കഴിഞ്ഞിരുന്നു. ചിതാഭസ്മം നിമഞ്ജനം ചെയ്യുക എന്ന ചടങ്ങിനെക്കുറിച്ച് ഞങ്ങൾ സഹോദരങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് മുറ്റത്ത് ഒരു കാർ വന്നുനിന്നത്. ചിതാഭസ്മം പാപനാശത്തേക്ക് കൊണ്ടുപോകാനായി കുറച്ചാളുകൾ വന്നിരിക്കുകയാണ്. അതുകണ്ട് എനിക്ക് അതിശയമായി. എന്റെ അച്ഛന്റ ചിതാഭസ്മം പാപനാശത്തേക്ക് കൊണ്ടുപോകുകയാണെന്ന് ഇത്ര അധികാരത്തോടെ തീരുമാനിച്ചത് ആരാണ്? അപ്പോഴാണ് ഞാൻ ഒരു കാര്യമറിഞ്ഞത്. ഈയിടെയായി ഈഴവസമുദായത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ അവരുടെ ചിതാഭസ്മം പാപനാശത്തിലൊഴുക്കാൻ സമുദായത്തിൽ മേൽക്കോയ്മയുള്ള ചിലർ സഹായിക്കും. മരിക്കുന്നത് നായർ സമുദായക്കാരാണെങ്കിൽ അവരുടെയാളുകളും വരും. പിന്നെ ചടങ്ങുകളെല്ലാം അവരുടെ നിയന്ത്രണത്തിലാണ്.
എനിക്കതൊരു പുതിയ അനുഭവമായിരുന്നു. ഞാൻ വിതുരയിൽനിന്നു പോകുമ്പോൾ ഇത്തരം വിഭജനമൊന്നുമില്ലായിരുന്നു. നായരാണോ ഈഴവരാണോ എന്നത് വളരെ തലമൂത്ത കുറച്ചു മനുഷ്യരുടെ മാത്രം വിഷയമായിരുന്നു. ഞാൻ എന്റെ സഹോദരങ്ങളെ വിളിച്ച് ഒരു മുറിയിലിരുത്തി ഇതേപ്പറ്റിയുള്ള വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. പിന്നെ ഞാൻ പറഞ്ഞു: 'അച്ഛൻ ജനിച്ചു കളിച്ചു വളർന്ന നാട് ഇതാണ്. വാമനപുരം നദി അച്ഛന്റെയും നമ്മുടെയും ജീവജലമാണ്. മീൻപിടിത്തം അച്ഛന് വളരെ ഇഷ്ടമുള്ള ഒരു വിനോദമായിരുന്നു. അച്ഛന്റെ ജീവിതത്തിലെ ഒരു ഭാഗമായിരുന്നു വാമനാപുരം പുഴ. ആ പുഴയിലല്ലേ നമ്മൾ ചിതാഭസ്മം ഒഴുക്കേണ്ടത്? പാപനാശത്തിലൊഴുക്കിയാലും വാമനപുരത്തൊഴുക്കിയാലും അത് കടലിലേക്കാണ് പതിക്കുന്നത്. നമ്മുടെ അച്ഛന്റെ ചിതാഭസ്മം നമുക്ക് തന്നെ നിമഞ്ജനം ചെയ്യുന്നതല്ലേ നല്ലത്?' എന്റെ സഹോദരങ്ങൾ അത് ശരിവെച്ചു. ഞങ്ങൾ ആ തീരുമാനം പുറത്ത് കാത്തുനിൽക്കുന്നവരെ അറിയിച്ചു- ഞങ്ങൾ വാമനാപുരം നദിയിലാണ് അച്ഛന്റെ ചിതാഭസ്മം ഒഴുക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതുകേട്ടപ്പോൾ അവർക്ക് വലിയ ദേഷ്യമായി. എന്നെത്തന്നെ അൽപനേരം നോക്കിയതിനുശേഷം അവർ ചോദിച്ചു: 'ഓ, അമേരിക്കക്കാരുടെ തീരുമാനമായിരിക്കുമല്ലേ?' ഞാനതിന് മറുപടിയൊന്നും പറയാൻ പോയില്ല. അച്ഛന്റെ ചിതാഭസ്മം വാമനപുരം നദി ഏറ്റുവാങ്ങി.
ആർക്കും ഒരു തടസ്സവുമില്ലാതെ ഒഴുകിയ ജീവിതമായിരുന്നു അച്ഛന്റേത്. കരയിൽ നിന്നുകൊണ്ട് ഞാൻ ചടങ്ങുകൾ നോക്കിനിന്നു. അച്ഛൻ പകർന്നുതന്ന ആഗ്രഹങ്ങളുടെ കലവറയാണ് എന്നെ ഇത്രയെത്തിച്ചത്. അറിവുകളുടെ മഹാനിധിയായിരുന്നു അച്ഛൻ. ഒരു ദിവസമെങ്കിലും പരിചരിക്കാൻ പോലും ഇടനൽകാതെ അദ്ദേഹം പോയി. ഞാനൊരു ജീവനായി അടർന്നുവന്നത് അദ്ദേഹത്തിൽ നിന്നാണല്ലോ. നഷ്ടം എന്ന വാക്കിന്റെ അർഥം ഓരോ നിമിഷവും അനുഭവിച്ച ദിവസങ്ങളായിരുന്നു അത്. എല്ലാവർക്കും പറയാനുണ്ടായിരുന്നത് അച്ഛനെക്കുറിച്ച് മാത്രമായിരുന്നു. അനവധി ആളുകൾ അനുശോചനമറിയിക്കാൻ വന്നു. നാട്ടിലുണ്ടായിരുന്ന പല സൗഹൃദങ്ങളും ബന്ധങ്ങളും പുനർജനിക്കുകയായിരുന്നു. വരുന്നവരോടെല്ലാം ഓർമകൾ പങ്കുവെച്ച് പഴയകാലം വീണ്ടെടുക്കുകയായിരുന്നു ഞാൻ. അങ്ങനെയിരിക്കുമ്പോഴാണ് മല്ലിക സുകുമാരൻ വീട്ടിലേക്ക് കയറിവരുന്നത്. മല്ലികയുടെ സഹോദരൻ ഡോ. എം.വി. പിള്ളയും ഞങ്ങളും അമേരിക്കയിൽ അയൽക്കാരാണ്. ഒട്ടുമിക്ക സാംസ്‌കാരിക പ്രവർത്തനങ്ങളിലും ഒന്നിച്ചുണ്ടാവാറുള്ളവരാണ്.
അമേരിക്കയിൽനിന്ന് നാട്ടിലേക്ക് വരുമ്പോൾ സുഹൃത്തുക്കൾ അവരുടെ വീട്ടിൽ കൊടുക്കാനായി മരുന്നുകളോ അല്ലെങ്കിൽ അത്യാവശ്യമായി വേണ്ടതായിട്ടുള്ള സാധനങ്ങളോ തന്നുവിടുന്നത് പതിവാണ്. ഇങ്ങോട്ടു വരുമ്പോഴും അവർക്കായി വീട്ടുകാർ തന്നുവിടുന്ന സാധനങ്ങളുമുണ്ടാകും കൊടുക്കാൻ. അങ്ങനെ കൊടുത്തും വാങ്ങിയും അവരുടെ ബന്ധുക്കളുമായും നല്ല ചങ്ങാത്തത്തിലാവുന്നത് പതിവാണ്. ഡോ. എം.വി. പിള്ളയുടെ കുടുംബവും ബന്ധുക്കളും എനിക്ക് പ്രിയപ്പെട്ടവരാവുന്നത് അങ്ങനെയുംകൂടിയാണ്. അച്ഛൻ മരിച്ച സമയത്ത് എം.വി. പിള്ളയുടെ സഹോദരി മല്ലിക സുകുമാരൻ അനുശോചനമറിയിക്കാനായി വിതുരയിൽ വന്നത് ഇങ്ങനെയൊരു ബന്ധത്തിന്റെ ഊഷ്മളതയിലാണ്. ഡോ. എം.വി. പിള്ള മല്ലികയോട് എന്നെ വന്ന് കാണാനും അദ്ദേഹത്തിനുവേണ്ടി അനുശോചനമറിയിക്കാനും പറഞ്ഞയച്ചതാണ്. സുകുമാരൻ തൊട്ടുമുമ്പത്തെ വർഷമായിരുന്നു മരണപ്പെട്ടത്. ആ വേർപാടിന്റെ ആഘാതത്തിൽനിന്നു മല്ലിക മുക്തയായിട്ടുണ്ടായിരുന്നില്ല. ഇന്ദ്രജിത്തും പൃഥ്വിരാജും പഠിക്കുകയാണ്. മാലിനിയും സോണിയയും ഒരുകാലത്ത് ഈ കുട്ടികളുമായി നല്ല ചങ്ങാത്തമായിരുന്നു. ഞങ്ങൾ നാട്ടിൽ വരുമ്പോഴൊക്കെ ഇവരുടെ വീട് സന്ദർശിക്കുകയും നല്ല സൗഹൃദം സൂക്ഷിക്കുകയും ചെയ്തിരുന്നു. എപ്പോഴും പ്രസന്നതയോടെ കാണപ്പെട്ടിരുന്ന മല്ലിക ഭർത്താവിന്റെ വിയോഗം തന്ന ശൂന്യതയെ മറികടക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ആദ്യമായി ഒരു സീരിയലിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് എന്നവർ പറഞ്ഞു. അവരുടെ ആ ശ്രമത്തെക്കുറിച്ചറിഞ്ഞപ്പോൾ ഞാൻ പ്രോത്സാഹിപ്പിച്ചു. ഞങ്ങൾ നാടകങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമൊക്കെ അന്ന് ധാരാളം സംസാരിച്ചു. വിമൻസ് കോളേജിൽ എന്റെ ജൂനിയറായി പഠിച്ചതാണ് മല്ലിക. അന്നവർ ആർട്സ് സെക്രട്ടറിയായിരുന്നു. കലാപരമായി നല്ല അറിവും താൽപര്യവുമുള്ള ആളുമായിരുന്നു.
സീരിയലുകൾ മലയാളികൾക്ക് പരിചയമായി വരുന്നതേ ഉണ്ടായിരുന്നുളളൂ അക്കാലത്ത്. കുറേ എപ്പിസോഡുകൾ കൊണ്ട് കഥപറയുമ്പോൾ എല്ലാ മുഹൂർത്തങ്ങളും വിശദീകരിച്ച് ചിത്രീകരിക്കാൻ കഴിയും എന്നത് സീരിയലിന്റെ സാധ്യതയാണ്. ദൃശ്യാവിഷ്‌കാരത്തിലെ നോവലാണ് സീരിയൽ, ചെറുകഥയാണ് സിനിമ എന്നെനിക്ക് തോന്നിയിട്ടുണ്ട്. അമേരിക്കൻ മലയാളികളുടെ ജീവിതം സീരിയലാക്കുകയാണെങ്കിൽ ഒരുപാട് സംഭവങ്ങൾ തന്നെയുണ്ടാകും ഷൂട്ട് ചെയ്യാൻ. ഒരു സീരിയൽ അവിടെവെച്ച് എടുക്കേണ്ടതു തന്നെയാണെന്ന് വർത്തമാനങ്ങൾക്കിടയിൽ മല്ലികയോട് ഞാൻ പറഞ്ഞു. കുറച്ചധികംനേരം ചെലവഴിച്ചാണ് ഞങ്ങൾ അന്ന് പിരിഞ്ഞത്.
കുറച്ചുസമയം കഴിഞ്ഞപ്പോൾ മല്ലികയുടെ ഫോൺകോൾ എനിക്കുവന്നു. 'വത്സലേ, എന്റെ സീരിയലിന്റെ സംവിധായകൻ വിളിക്കും. അയാളോടൊന്ന് സംസാരിക്കാമോ?' ഞാൻ സംസാരിക്കാം എന്നും പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ആ സംവിധായകൻ വിളിച്ചു സ്വയം പരിചയപ്പെടുത്തി. ഷാജി എം. എന്നാണ് പേര്. അമേരിക്കയെ പശ്ചാത്തലമാക്കി ഒരു സീരിയൽ എടുക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രൊപ്പോസൽ. ഞാൻ ആദ്യം അമ്പരന്നു, പക്ഷേ, പുറത്തുകാണിക്കാതെ അദ്ദേഹത്തോട് അവിടെ ചെന്നിട്ട് എന്റെ ആളുകളുമായി ചർച്ച ചെയ്ത ശേഷം തിരികെ വിളിക്കാമെന്നു പറഞ്ഞു. അവിടെവെച്ച് സീരിയൽ എടുക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും എന്നാൽ, അത്തരത്തിലൊരു പ്രവാസി പ്രമേയം ചർച്ച ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. ഏഷ്യാനെറ്റുമായി സംസാരിച്ച് സീരിയൽ തീരുമാനത്തിലെത്തിക്കാം എന്നായി സംവിധായകൻ. അമേരിക്കയിൽ എത്തിയതിനുശേഷം അതേപ്പറ്റി കൂടുതൽ വിശദമായി ആലോചിക്കേണ്ടതിനാൽ ആ സംഭാഷണത്തിന് വിരാമമിട്ടു.
അമേരിക്കയിൽ തിരികെയെത്തി ശേഖറിനോട് ഞാൻ സീരിയൽ വിഷയം ചർച്ച ചെയ്തു. അമേരിക്കയിലെ കലാ- സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന സുഹൃത്തുക്കളുമായും ഇങ്ങനെയൊരു സീരിയൽ നിർമിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായമാരാഞ്ഞു. എല്ലാവരുടെയും പ്രതികരണം സീരിയലിന് അനുകൂലമായിരുന്നു. ചുമ്മാ പറഞ്ഞൊരു കാര്യം തമാശ കളഞ്ഞ് കാര്യഗൗരവത്തിലേക്കെത്തുകയാണ്. സീരിയൽ പ്രമേയത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. വൺലൈൻ ആദ്യം തയ്യാറാക്കി. എന്റെ സഹോദരന്റെ ഭാര്യ സിനി പണിക്കർ എഴുത്തുകാരിയാണ്. സിനിയ്ക്കൊപ്പം ഇരുന്ന് വൺലൈനിൽ കുറച്ച് മാറ്റങ്ങളൊക്കെ വരുത്തി. 40 എപ്പിസോഡാണ് പ്ലാൻ ചെയ്യുന്നത്.
അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന ഒരു മലയാളി കുടുംബം അമേരിക്കയിൽ ജീവിക്കുന്നതിന്റെ പ്രയാസങ്ങളും വയസ്സായ അമ്മ അവരുടെ കുടുംബത്തിലേക്ക് വരുന്നതും ആ അമ്മയ്ക്ക് വീട്ടിൽ താമസിക്കാനാവാതെ വൃദ്ധസദനം തേടുന്നതുമൊക്കെയായി കഥ അങ്ങനേ വികസിക്കുന്നു. മെയിൽ വഴിയാണ് ചർച്ചകൾ നടക്കുന്നത്. ഇന്നത്തെ സംവിധായകൻ രഞ്ജിത് ശങ്കർ അന്ന് എറണാകുളത്ത് കംപ്യൂട്ടർ പ്രോഗ്രാമറായി ജോലി ചെയ്യുകയാണ്. രഞ്ജിത്താണ് ഷാജിയുടെ മുമ്പത്തെ സീരിയലിന് തിരക്കഥയെഴുതിയത്. രഞ്ജിത്തിനാണ് ഈ സീരിയലിന്റെയും എഴുത്ത്. രഞ്ജിത്തുമായിട്ടായിരുന്നു കഥയുടെ ചർച്ച മുഴുവനും നടത്തിയിരുന്നത്. ഇ മെയിലിലൂടെ കഥയുടെ പുരോഗതികൾ ഞങ്ങൾ പരസ്പരം കൈമാറിക്കൊണ്ടേയിരുന്നു.
അതേസമയം, മല്ലികയും ഷാജിയും സീരിയൽ ബ്രോഡ്കാസ്റ്റ് ചെയ്യാനായി ഏഷ്യാനെറ്റുമായി ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങൾ നാട്ടിൽ നടത്തുന്നുണ്ടായിരുന്നു. വൈകാതെ തന്നെ ഏഷ്യാനെറ്റിൽനിന്ന് ഒരു കത്തു വന്നു. സീരിയൽ നിർമിച്ചുകൊടുത്താൽ അവർ അത് ബ്രോഡ്കാസ്റ്റ് ചെയ്യാൻ തയ്യാറാണെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഏഷ്യാനെറ്റിലെ അന്നത്തെ സി.ഇ.ഓ ആയിരുന്ന കെ. മാധവൻ സാറുമായുള്ള ധാരണപ്രകാരം 40 എപ്പിസോഡുള്ള ഒരു സീരിയൽ നിർമിക്കാനുള്ള കരാറും ആ കത്തിനൊപ്പമുണ്ടായിരുന്നു. ആ കരാർ ഒപ്പിട്ട് തിരിച്ചയച്ചതോടുകൂടി എനിക്ക് കൂടുതൽ ആത്മവിശ്വാസമായി. വരാനിരിക്കുന്ന കഷ്ടപ്പാടുകളുടെ അധ്യായങ്ങളെക്കുറിച്ചൊന്നും യാതൊരു ധാരണയുമില്ലാതെ ഞാൻ ഒരു നിർമാതാവിന്റെ വേഷം എടുത്തണിയുകയായിരുന്നു.
കേരള അസോസിയേഷനിൽ നാടകം കളിച്ചുള്ള പരിചയമേയുള്ളൂ എനിക്ക്. സീരിയലിനെക്കുറിച്ച് യാതൊരു പിടിപാടുമില്ല. അസോസിയേഷനിൽ നാടകം കളിക്കുന്നവർക്കൊക്കെ അവസരം കൊടുക്കണമെന്നാണ് നിർമാതാവായ എന്റെ ഗമ. അഭിനേതാക്കളെയെല്ലാം ഇവിടെനിന്നു കണ്ടെത്താം എന്നാണ് സംവിധായകനുമായുള്ള ധാരണ. ഇവിടെ നാടകത്തിൽ അഭിനയിക്കുന്നവരെല്ലാം തന്നെ തങ്ങൾ മികച്ച അഭിനേതാക്കളാണെന്ന ആത്മവിശ്വാസമുള്ളവരാണ്. വളരെക്കാലം ഇവിടെ നാടകങ്ങളിൽ അഭിനയിച്ചവർ തങ്ങളുടെ സീരിയൽ വേഷത്തിനായി ആശയോടെ കാത്തിരിക്കുകയാണ്. അവർക്ക് വേണ്ടുവോളം പ്രതീക്ഷ ഞാനും കൊടുത്തിട്ടുണ്ട്. സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ തിരക്കഥാകൃത്തായ രഞ്ജിത്തും സംവിധായകനായ ഷാജിയും കൂടി തീരുമാനിച്ചു നാട്ടിൽനിന്നുള്ള അഭിനേതാക്കളെ ഇവിടേക്ക് വരുത്താമെന്ന് ധാരണയായി. നാടകത്തിലും സ്‌കിറ്റിലുമൊക്കെ അഭിനയിക്കുന്ന അമേരിക്കൻ മലയാളികളെ പരമാവധി ഉൾപ്പെടുത്തണമെന്നാണ് കണക്കുകൂട്ടൽ. ശേഖറിനോടൊക്കെയാണ് ഒരു ക്യാരക്ടർ ചെയ്യാമോ എന്നു ചോദിക്കുന്നത്. ഇവിടെ ഒരു ടീമുണ്ടാക്കാനായി മല്ലികയോട് വരാൻ പറഞ്ഞു. സീരിയലിൽ പ്രവർത്തിക്കുന്നവർക്കായി വിസയ്ക്ക് അപേക്ഷിച്ചത് ഞാനായിരുന്നു. അപ്പോഴാണ് അറിയുന്നത് ഇതൊരു വിനോദവ്യവസായമാണ്. ഒരു വ്യക്തിക്ക് കമേഴ്സ്യൽ ആവശ്യങ്ങൾക്കായി വിസയ്ക്ക് അപേക്ഷിക്കാനാവില്ല. പണം ഇടപെടുന്ന വിഷയമായതിനാൽ കേരള അസോസിയേഷന് വിസ കൊടുക്കാൻ പറ്റില്ല. ഒരു കമ്പനി രൂപീകരിക്കണം. പിന്നെ കമ്പനി രൂപീകരിക്കാനുള്ള നടത്തമായിരുന്നു. ഉഷസ് എന്റർടെയ്ൻമെന്റ് (United States and Hind Art Society) എന്ന പേരിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്തു. ഉഷസ്സ് നാട്ടിൽനിന്ന് ആർടിസ്റ്റുകളെ സ്പോൺസർ ചെയ്ത് കൊണ്ടുവരാൻ ശ്രമിച്ചപ്പോളാണ് അടുത്ത പ്രശ്നം. സീരിയലിലേക്ക് ആവശ്യമായത്രയും ആളുകളെ ഒന്നിച്ചുകൊണ്ടുവരാൻ പുതുതായി രജിസ്റ്റർ ചെയ്ത കമ്പനി എന്ന നിലയിൽ ഉഷസ്സിന് സാധ്യമല്ല. സംവിധായകൻ, മല്ലിക, നടൻ ശരത്, രവി വള്ളത്തോൾ, രഞ്ജിത് ശങ്കർ തുടങ്ങിയവർ അടങ്ങുന്ന ഒരു സംഘം നാട്ടിൽനിന്ന് വരാൻ തയ്യാറായി നിൽക്കുകയാണ്. അവരുടെ വിസയാണ് നിരസിക്കപ്പെട്ടത്.
താരാ ആർട്സ് വിജയൻ മേനോനെ ആശ്രയിക്കുക എന്നതു മാത്രമായിരുന്നു മുന്നിലുള്ള ലക്ഷ്യം. വിജയൻ മേനോൻ തുടർച്ചയായി സ്റ്റാർ നൈറ്റ് നടത്തിയിരുന്ന ആളാണ്. ഒരുപാട് ആർടിസ്റ്റുകളെ നാട്ടിൽനിന്നു കൊണ്ടുവന്ന് പരിചയമുണ്ട്. നിർമാതാവാണ്. ഈ മേഖലയിൽ വിജയൻ വളരെ പരിചയ സമ്പന്നനാണ്. താരാ ആർട്സ് വളരെ എസ്റ്റാബ്ലിഷ്ഡ് ആയതുകൊണ്ട് വിജയന് ഇവരെ സ്പോൺസർ ചെയ്യാം. പക്ഷേ, സീരിയലിലെ അമ്മ വേഷത്തിനുള്ള കാസ്റ്റിങ് തനിക്ക് വിട്ടുതരണമെന്ന് വിജയൻ മേനോൻ ആവശ്യപ്പെട്ടു. അവരുടെ പേര് കേട്ടപ്പോൾത്തന്നെ ഞാൻ കൈകൊടുത്തു. ആ അനശ്വര പ്രതിഭയെക്കുറിച്ച് ഒരധ്യായം തന്നെ എഴുതാനുണ്ട്. ഞാൻ ബാക്കിയുള്ളത് പറഞ്ഞുതീർക്കട്ടെ. നാട്ടിലുള്ളവർക്കായി താരാ ആർട്സ് മുഖേന സ്പോൺസർഷിപ്പ് കിട്ടി. എല്ലാവർക്കും വേണ്ടി വിജയൻ ആണ് ഓടിനടന്നത്.
മല്ലികയ്ക്കൊപ്പം ഇന്ദ്രജിത്തിനും വിസയ്ക്കായി അപേക്ഷിച്ചിരുന്നു. വിസ പ്രോസസ്സിങ്ങിന് സമയമെടുക്കുമായിരുന്നു. ബാക്കിയുള്ള അഭിനേതാക്കളെ അമേരിക്കയിൽ നിന്നുതന്നെ കണ്ടുപിടിക്കാം എന്നു ധാരണയാക്കി. അക്കാലത്ത് അമേരിക്കയിലേക്ക് വിവാഹിതരായി വന്ന കുറേ നടിമാർ ഇവിടെയുണ്ടായിരുന്നു. മിക്കവരും ഇവിടെ സ്ഥിരതാമസമാക്കിയവരാണ്. അഭിനയത്തോട് വിടപറഞ്ഞവരുമാണ്. ഒരുകാലത്ത് മലയാളസിനിമയ്ക്ക് പ്രിയപ്പെട്ടവരായിരുന്ന നടിമാരെ പുനരവതരിപ്പിക്കാം എന്ന തീരുമാനം മികച്ചതായി എനിക്കും തോന്നി.
ഇവിടുത്തെ ലോക്കൽ ടെലിവിഷൻ സ്റ്റേഷനുകളിൽ അക്കാലത്ത് സീരിയൽ പ്രൊഡക്ടഷൻ, സിനിമ പ്രൊഡക്ഷൻ, ഡിറക്ടർ കോഴ്സ്, റൈറ്റിങ് കോഴ്സ് തുടങ്ങിയ കോഴ്സുകൾ നടത്തുന്നുണ്ടായിരുന്നു. എന്താണ് ഇതിനകത്ത് നടക്കുന്നതെന്ന് അറിഞ്ഞിരിക്കാനായി ഞാൻ ഒരു ടെലിവിഷൻ സ്റ്റേഷനിൽ പോയി ഒരു കോഴ്സ് അറ്റന്റ് ചെയ്തു. ആറുമാസം നീണ്ടുനിൽക്കുന്നതാണ് കോഴ്സ്. വൈകുന്നേരങ്ങളിൽ ഒരു കമ്യൂണിറ്റി തിയേറ്ററിൽ പോയി സിനിമാ പഠനം ആരംഭിച്ചു. സിനിമാമേഖലയിലെ സംജ്ഞകൾ പഠിക്കുക എന്നതായിരുന്നു ആദ്യത്തെ ടാസ്‌ക്. ഞാൻ ഒരു സീരിയൽ നിർമിക്കുമ്പോൾ അതേപ്പറ്റി ഒന്നും അറിയാതിരിക്കുക എന്നത് എനിക്ക് ആലോചിക്കാൻ കഴിയില്ലായിരുന്നു. സംഗതി ഗൗരവമായിക്കൊണ്ട് മുന്നോട്ട് പോവുകയാണ്.
അതിനിടയിൽ മല്ലിക വിളിച്ച് ഒരു കാര്യം പറഞ്ഞു. നാട്ടിൽ സുകുമാരൻ മെമ്മോറിയൽ ട്രസ്റ്റ് രൂപീകരിക്കുകയാണ്. തിരുവനന്തപുരത്തുവെച്ച് ഒരു ട്രസ്റ്റ് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയിലെ നർത്തകരായ കുട്ടികളെ ഉൾപ്പെടുത്തി ഒരു പരിപാടി ചെയ്താൽ നന്നാവും. ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ ചെയർമാനായ രാജ്മോഹൻ ഗംഗാധരൻ ആയിരുന്നു പരിപാടിയുടെ മുഖ്യസ്പോൺസർ. അദ്ദേഹം കൊല്ലത്തുകാരനാണ്. ശേഖറിന്റെ കുടുംബത്തിന് അദ്ദേഹവുമായി പരിചയമുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ഗംഗാധരൻ കൊല്ലത്തെ പ്രമുഖ വ്യവസായി ആയിരുന്നു. ‘ഗന്ധർവസന്ധ്യ’ പോലുള്ള പരിപാടികൾ രാജ്മോഹനാണ് സ്പോൺസർ ചെയ്തത്. അദ്ദേഹത്തെ മല്ലിക എനിക്കു പരിചയപ്പെടുത്തിത്തന്നു. ഉഷസ്സുകൂടി സ്പോൺസർഷിപ്പിൽ പങ്കാളിയായാൽ നന്നാവുമെന്ന് മല്ലിക അഭിപ്രായം പറഞ്ഞു. ഉഷസ്സിന് കാര്യമായ ഫണ്ടൊന്നും തരാൻ കഴിയില്ലെന്ന ആശങ്ക ഞാൻ പ്രകടിപ്പിച്ചു. പേര് മാത്രം മതിയെന്ന് മല്ലിക പറഞ്ഞു.
മല്ലിക പറഞ്ഞതുപ്രകാരം അമേരിക്കയിൽനിന്നും ഇന്ത്യൻ ക്ലാസിക്കൽ നൃത്തം പഠിച്ച പത്തു നർത്തകരേയും കൊണ്ട് ഞാൻ നാട്ടിൽ വന്നു. മാലിനിയും സോണിയയും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇവിടത്തെ നൃത്തസംഘത്തിൽ നിന്നും പൂർണിമയും ഉണ്ടായിരുന്നു. ജയകുമാർ ഐഎഎസ് ആയിരുന്നു പരിപാടിയുടെ കോപ്രൊഡ്യൂസർ. പരിപാടിക്ക് 'ഏഴാംകടലിനിക്കരെ' എന്ന പേര് നൽകിയത് അദ്ദേഹമാണ്. മന്ത്രിമാരും സിനിമാമേഖലയിലെ പ്രമുഖരുമൊക്കെ നിറഞ്ഞുനിന്ന പരിപാടിയായിരുന്നു അത്. വിശിഷ്ടാതിഥികളിൽ സുഗതച്ചേച്ചിയുടെ സാന്നിധ്യവുമുണ്ടായിരുന്നു. ടാഗോർ തിയേറ്ററിൽ വെച്ച് കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. മാലിനിയായിരുന്നു ആ നൃത്തം സംവിധാനം ചെയ്തത്. അന്ന്് മല്ലിക ഇന്ദ്രജിത്തിനെ സദസ്സിന് പരിചയപ്പെടുത്തി. രാജു വിദേശത്ത് പഠിക്കാൻ പോയിരിക്കുകയായിരുന്നു.
സുകുമാരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് ഞങ്ങൾ ഇവിടെ തിരിച്ചെത്തിയതും കാത്തിരുന്നത് വലിയൊരു ആഘാതമായിരുന്നു. ലോകചരിത്രത്തിൽ അത് സെപ്തംബർ 11 എന്ന് രേഖപ്പെടുത്തപ്പെട്ടു.
(തുടരും)
Content Highlights: Reflections on the life and passing of Kuttan Panicker., Cultural shifts in funeral rites and community dynamics in Kerala., The birth of the first Malayalam television serial produced in the United States., Formation of Ushas Entertainment and logistical challenges of international production., The intersection of family legacy, cultural preservation, and media production.
Published: 18 Jun 2026, 11:15 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented