നടൻ ഗൗരവ് ഖന്നയുമായുള്ള വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി നടി ആകാൻഷ ചമോള. ബന്ധത്തിൽ കുട്ടികൾ വേണമെന്ന് ഗൗരവിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും തനിക്ക് അതിന് താത്പര്യമില്ലാത്തതിനാലാണ് വിവാഹമോചനമെന്ന് നടി പറഞ്ഞു. ഗൗരവിന് കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് പറഞ്ഞ ആകാൻഷ, പരസ്പര ബഹുമാനത്തോടെയാണ് തങ്ങൾ പിരിഞ്ഞതെന്നും സൂചിപ്പിച്ചു. നെറ്റ്ഫ്ലിക്സ് ഷോയിലാണ് നടിയുടെ തുറന്നുപറച്ചിൽ.

To advertise here,

'ബന്ധത്തിലായിരുന്നപ്പോൾ, അമ്മയാവണം എന്ന വികാരം എനിക്കില്ലായിരുന്നു. ശ്രമിക്കാൻ ഞാൻ തയ്യാറായിരുന്നു. എന്നാൽ, ഞാൻ അതിനായി സൃഷ്ടിക്കപ്പെട്ടവളല്ലെന്ന് പതിയെ മനസിലാക്കി. അന്ന് അദ്ദേഹത്തിന് അത് കുഴപ്പമില്ലായിരുന്നു. എന്നാൽ കാലക്രമേണ അതിൽ മാറ്റംവന്നുവെന്ന് ഞാൻ കരുതുന്നു', ആകാൻഷ പറഞ്ഞു.

'ഇപ്പോൾ അവന് കുട്ടികൾ വേണം. എനിക്ക് അത് നൽകാൻ കഴിയില്ല. എന്നിൽ ആ വികാരമില്ല. അക്കാര്യത്തിന് ഞാൻ പ്രാപ്തയല്ലെന്ന് മനസിലായപ്പോൾ തന്നെ അദ്ദേഹത്തോട് അക്കാര്യം വ്യക്തമാക്കിയിരുന്നു. തുടർന്ന് ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചു. വേണമെങ്കിൽ പിരിഞ്ഞോളൂവെന്ന് ഞാൻ പറയുകയും ചെയ്തു', അവർ വ്യക്തമാക്കി.

'സത്യസന്ധമായി പറഞ്ഞാൽ 99% ആളുകളും വിവാഹം കഴിക്കുന്നത് കുട്ടികളുണ്ടാവാനും കുടുംബം മുന്നോട്ടുപോകാനുമാണ്. അല്ലെങ്കിൽ പിന്നെ എന്തിനാണ് വിവാഹം കഴിക്കുന്നത്? അവന്റെ ഭാഗത്ത് തെറ്റില്ല. പിന്നീട്, ബിഗ് ബോസിൽ വന്നപ്പോഴാണ് അവന് എത്രത്തോളം അത് ആവശ്യമാണെന്നും എനിക്ക് സാധിക്കുന്നില്ല എന്നതും ഞാൻ തിരിച്ചറിഞ്ഞത്. അവനെ അങ്ങനെയൊരു സാഹചര്യത്തിൽ കൊണ്ടെത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല', ആകാൻഷ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഗൗരവ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അന്ന് ഭാര്യയുടെ തീരുമാനം വെളിപ്പെടുത്തിയ ഗൗരവ് സഹതാപം നേടാൻ ശ്രമിക്കുകയാണെന്ന് ആക്ഷേപമുയർന്നു. തനിക്ക് കുട്ടികൾ വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഭാര്യയുടെ തീരുമാനത്തിന് ഒപ്പം നിൽക്കുമെന്ന് ഗൗരവ് പിന്നീട് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന നെറ്റ്ഫ്ലിക്സ് ഷോയിലൂടെ തന്നെയാണ് ആകാൻഷ വിവാഹമോചന വിവരം പുറത്തുപറഞ്ഞത്. കഴിഞ്ഞ ഒരു വർഷമായി തങ്ങൾ പിരിഞ്ഞുതാമസിക്കുകയാണെന്ന് നടി വെളിപ്പെടുത്തി. പരസ്പര സമ്മതത്തോടെയാണ് തീരുമാനമെന്നും നടി വ്യക്തമാക്കി.

2016 നവംബർ 24-നാണ് ഗൗരവ് ഖന്നയും ആകാൻഷ ചമോളയും വിവാഹിതരായത്. കാൻപുരിൽ വച്ചായിരുന്നു വിവാഹം. ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് ആകാൻഷ. ഗൗരവ് ഖന്നയും പരമ്പരകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ്.