'കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്ടികള്‍ ഒന്നുംതന്നെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ മികച്ച ടെലി സീരിയല്‍ വിഭാഗത്തില്‍ അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു.'
29-ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ടുളള ജൂറിയുടെ പത്രക്കുറിപ്പില്‍ മികച്ച ടെലി സീരിയലിന് നേരെ എഴുതിയിരുന്നത് ഇപ്രകാരമാണ്. തൊട്ടുതാഴെയുളള മികച്ച രണ്ടാമത്തെ സീരിയലിനുളള കോളത്തിലും ഇതുതന്നെയായിരുന്നു ജൂറിയുടെ നിലപാട്. മികച്ച സീരിയല്‍ ഇല്ലാത്തതുകൊണ്ടുതന്നെ മികച്ച രണ്ടാമത്തെ സീരിയലും പുരസ്‌കാരത്തിന് യോഗ്യമായതില്ല. ഇത് രണ്ടാംതവണയാണ് സീരിയലുകളുടെ നിലവാരത്തകര്‍ച്ച ചൂണ്ടിക്കാട്ടി സീരിയലിന് ജൂറി പുരസ്‌കാരം നിഷേധിക്കുന്നത്.

പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചു കാണുന്നതില്‍ കടുത്ത ആശങ്കയും ജൂറി രേഖപ്പെടുത്തിയതോടെ സീരിയലുകളുടെ കലാമൂല്യത്തെകുറിച്ചും ഉളളടക്കത്തെ കുറിച്ചുമുളള സജീവ ചര്‍ച്ചകള്‍ക്ക് പൊതുസമൂഹം തുടക്കമിട്ടു. ജൂറിയുടെ തീരുമാനത്തെ പ്രശംസിച്ചും വിമര്‍ശിച്ചും ശക്തമായ വാദമുഖങ്ങളാണ് ഉയര്‍ന്നത്. ഒപ്പം 'സോപ്പ് ഓപ്പറ'കളെന്ന് വിളിക്കപ്പെട്ടിരുന്ന പരസ്യവാഹകരായ സീരിയലുകള്‍ പുരസ്‌കാരങ്ങള്‍ അര്‍ഹിക്കുന്ന ഒരിനമാണോ എന്നതലത്തിലേക്കും ചര്‍ച്ചകള്‍ നീണ്ടു.


സീരിയലുകളുടെ തുടക്കം

ഇപ്പോഴത്തെ രീതിയിലുളള ടെലിവിഷന്‍ പരമ്പരകളുടെ ഉത്ഭവം റേഡിയോയില്‍നിന്നാണ്. 15 മിനിട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന ഈ പരിപാടികള്‍ക്ക് സോപ്പ് ഓപ്പറ എന്നായിരുന്നു വിളിപ്പേര്. സോപ്പ് കമ്പനികളായിരുന്നു ഈ പരിപാടികളുടെ സ്പോണ്‍സര്‍ എന്നതായിരുന്നു ആ പേരിന് പിന്നിലെ ചരിത്രം. അന്നും സോപ്പ് ഓപ്പറുകളുടെ പ്രധാന ടാര്‍ഗെറ്റ് സ്ത്രീ പ്രേക്ഷകരായിരുന്നു. സ്ത്രീകളെ തങ്ങളുടെ ഉല്പന്നത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി അവരുടെ ആസ്വാദന നിലവാരം വിലയിരുത്തി സോപ്പ് കമ്പനിക്കാന്‍ വിപണനതന്ത്രങ്ങള്‍ മെനഞ്ഞു. തിങ്കള്‍ മുതല്‍ വെളളി വരെ നിശ്ചിതമായ ഒരു സമയത്ത് സോപ്പ് ഓപ്പറകള്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു. ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ 1930-കളില്‍ ചിക്കാഗോ ഡബ്ല്യു.ഇ.എന്‍.ആറില്‍ പ്രക്ഷേപണം ചെയ്തിരുന്ന 'സ്മിത്ത് ഫാമിലി'യെയാണ് സോപ്പ് ഓപ്പറകളുടെ 'ഗ്രേറ്റ് ഗ്രാന്‍ഡ് ഡാഡി'യായി റേഡിയോ ചരിത്രകാരനായ ഫ്രാന്‍സിസ് ചേസ് രേഖപ്പെടുത്തിയിട്ടുളളത്.

1932-ല്‍ എന്‍.ബി.സി. റേഡിയോയില്‍ പ്രക്ഷേപണം ചെയ്തിരുന്ന 'ദ ഗൈഡിങ് ലൈറ്റ്' ആണ് ആദ്യമായി ടെലിവിഷന്‍ പരമ്പരയായി രൂപം മാറുന്നതും സി.ബി.എസിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്നതും. പിന്നീട് ഇതിന്റെ ചുവടുപിടിച്ച് നിരവധി പരമ്പരകള്‍ ലോകത്തിന്റെ പല കോണുകളില്‍ സംപ്രേഷണം ചെയ്യപ്പെട്ടു. 

കേരളത്തിലെ ടെലിവിഷന്‍ വിപ്ലവം

കേരള ഇലക്ട്രോണിക് ഡെവലപ്പ്മെന്റ് കോര്‍പറേഷനാണ്(കെല്‍ട്രോണ്‍) കേരളത്തില്‍ ആദ്യമായി ടെലിവിഷന്‍ സംപ്രേഷണം ആരംഭിക്കുന്നത്. പിന്നീട് 1982-ലെ ഏഷ്യന്‍ ഗെയിംസിനോട് അനുബന്ധിച്ച് ദൂരദര്‍ശന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ചു. ദൂരദര്‍ശന്‍ മുന്നോട്ടുവന്നതോടെ കെല്‍ട്രോണ്‍ സംപ്രേഷണ രംഗത്ത് നിന്ന് പിന്മാറി. രണ്ടു വര്‍ഷം കൂടി കഴിഞ്ഞ് 1984-ല്‍ അന്നത്തെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന എച്ച്.കെ.എല്‍. ഭഗത്ത് തിരുവനന്തപുരം കുടപ്പനക്കുന്നില്‍ പ്രൊഡക്ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ ഡല്‍ഹിയില്‍ നിന്നുളള ഹിന്ദി പരിപാടികള്‍ മലയാളികളുടെ വീട്ടിലെത്തി തുടങ്ങി. 85 മുതലാണ് കുടപ്പനക്കുന്നിലെ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍നിന്ന് മലയാളം പരിപാടികള്‍ സംപ്രേഷണം ചെയ്തു തുടങ്ങുന്നത്. ഇതിനകം ഹിന്ദി സീരിയലുകള്‍ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. 1986-ല്‍ ഡിഡി നാഷണലില്‍ സംപ്രേഷണം ചെയ്ത രമേശ് സിപ്പിയും ജ്യോതി സരൂപും ചേര്‍ന്ന് സംപ്രേഷണം ചെയ്ത 'ബുനിയാദ്' എന്ന സീരിയലിന് രാജ്യമെമ്പാടും വന്‍ജനപ്രീതിയാണ് ലഭിച്ചത്.

Buniyad

1947-ലെ ഇന്ത്യ വിഭജനമായിരുന്നു ബുനിയാദിന്റെ പ്രമേയം. 1916-മുതല്‍ 1978 വരെയുളള ഇന്ത്യന്‍ കാലഘട്ടം അതിമനോഹരമായി തന്നെ സീരിയലില്‍ ആവിഷ്‌കരിക്കപ്പെട്ടു. വന്‍ ജനപ്രീതി നേടിയ ബുനിയാദ് 1986-ലെ സംപ്രേഷണത്തിന് ശേഷം വീണ്ടും ആറു തവണ പുനഃസംപ്രേഷണം ചെയ്തിട്ടുണ്ട്. (ഇത്രയേറെ ജനപ്രീതി നേടിയ സീരിയലായിട്ടും രമേശ് സിപ്പിക്കും ജ്യോതിക്കും ദൂരദര്‍ശന്‍ പ്രതിഫലം നല്‍കിയിരുന്നില്ലെന്ന് 2016-ല്‍ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബുനിയാദ് വീണ്ടും ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ വാര്‍ത്ത.) ബുനിയാദിന് പിറകേ 'നുക്കഡ്' എന്ന മെഗാ സീരിയലും മലയാളികളെ ഏറെ ആകര്‍ഷിച്ചു. Ramayana Serial

ഇതിനിടയില്‍ 1986-ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പ് ഫുട്ബോള്‍ ആദ്യമായി ഇന്ത്യയില്‍ തത്സമയം സംപ്രേഷണം ചെയ്തത് ടെലിവിഷനെ കേരളത്തിലെ മിഡില്‍ ക്ലാസ് ഫാമിലികളില്‍ അവിഭാജ്യ ഘടകമാക്കി മാറ്റി. പിന്നാലെ ഇന്ത്യയിലുടനീളം ഹിറ്റായ രാമായണം സീരിയലിന്റെ വരവായി. ഇതോടെ കേരളത്തിലെ മിക്കവാറും എല്ലാ വീട്ടിലും ടി.വി. സ്ഥാനം ഉറപ്പിച്ചു.

 

'സ്ത്രീ' സീരിയലുകള്‍

മെഗാ സീരിയലുകളുടെ പിതാമഹനെന്ന് വിശേഷിപ്പിക്കുന്ന മധുമോഹനിലൂടെ മാനസിയും സ്നേഹസീമയും ഉൾപ്പടെയുളള സീരിയലുകള്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ വീട്ടുജോലികളെല്ലാം തീര്‍ത്ത് അക്കാലത്ത് സ്ത്രീകള്‍ ടിവിക്ക് മുന്നില്‍ ഇരുപ്പുറപ്പിച്ചു. അവിടെ നിന്നുതുടങ്ങുന്നു ഇന്ന് മൂന്നും നാലും വര്‍ഷം നീളുന്ന മെഗാ സീരിയലുകളുടെ ജൈത്രയാത്ര. കേരളത്തില്‍ മെഗാസീരിയലിലെ ട്രെന്‍ഡ്‌സെറ്റര്‍ 1998-ല്‍ ഏഷ്യാനെററില്‍ സംപ്രേഷണം ചെയ്ത സ്ത്രീ സീരിയലാണ്‌. 2000-2005 കാലഘട്ടത്തോടെ മിനി സ്‌ക്രീന്‍ മലയാളികളുടെ സ്വീകരണമുറികളിലെ ശക്തമായ സാന്നിധ്യമായി മാറി. 

വീട്ടമ്മമാരെ ലക്ഷ്യമിട്ടുളള പരമ്പരകളായതിനാല്‍ ആദ്യകാലം മുതല്‍ സീരിയലിന്റെ പ്രമേയം സ്ത്രീ ജീവിതങ്ങളായിരുന്നു. സര്‍വംസഹകളായ, ത്യാഗത്തിന്റെയും ക്ഷമയുടെയും നിറകുടങ്ങളായ, ദുഃഖപുത്രികളായ, ഒരു സ്ത്രീ എങ്ങനെയായിരിക്കണമെന്ന പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ നിര്‍വചനങ്ങള്‍ എല്ലാം കൃത്യമായി അനുസരിക്കുന്ന നായികമാര്‍. വീട്ടമ്മമാരുടെ കണ്ണീരും അനുകമ്പയും ഏറ്റുവാങ്ങി 'സ്ത്രീ സീരിയലുകള്‍' പല പല ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു.

സ്ത്രീയുടെ ഏറ്റവും വലിയ ശത്രു മറ്റൊരു സ്ത്രീ തന്നെ എന്ന 'പൊതുപ്രമാണ'ത്തിലൂന്നി പ്രതിനായക വേഷത്തിലും സ്ത്രീയെ തന്നെ അവതരിപ്പിച്ചതോടെ നല്ല സ്ത്രീ, ചീത്ത സ്ത്രീയെന്ന കൃത്യമായ ക്ലാസിഫിക്കേഷനും സീരിയല്‍ സമൂഹത്തിന് സംഭാവന ചെയ്തു. കുടുംബബന്ധങ്ങളിലെ സങ്കീര്‍ണതകള്‍, വിവാഹേതര ബന്ധങ്ങള്‍, അമ്മ- അമ്മായിയമ്മ-മരുമകള്‍ മെലോഡ്രാമ, അച്ഛനെയോ അമ്മയെയോ അറിയാത്ത കുട്ടി, കുടുംബത്തെയും ഭാര്യയെയും കുറിച്ചുളള അമിത മഹത്വവല്‍ക്കരണങ്ങള്‍, യുക്തിക്ക് നിരക്കാത്ത സാഹചര്യങ്ങള്‍... വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഇത്തരം പ്ലോട്ടുകളില്‍ തന്നെ ചുറ്റിക്കറങ്ങുകയാണ് സീരിയലുകള്‍. ഇതിനെല്ലാമുപരി കഥാസന്ദര്‍ഭത്തിന് ഒട്ടും യോജിക്കാത്ത വേഷഭൂഷാദികളും, ചമയങ്ങളും. രണ്ടാം തവണയും മികച്ച സീരിയലിന് പുരസ്‌കാരം നല്‍കേണ്ടെന്ന ജൂറിയുടെ തീരുമാനം ചര്‍ച്ചയായത് ഇതിന്റെ പശ്ചാത്തലത്തിലാണ്.

Kishor Satya
കിഷോര്‍ സത്യ

സീരിയല്‍ മേഖലയില്‍ നിലവാരത്തകര്‍ച്ച എന്ന് അടച്ചാക്ഷേപിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് യുക്തിക്ക് നിരക്കാത്ത കഥാസന്ദര്‍ഭങ്ങളുമായി ഈ സീരിയലുകള്‍ നാലും അഞ്ചും വര്‍ഷം ഗൃഹസദസ്സുകളില്‍ നിറഞ്ഞോടുന്നു എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ടാണ് നടന്‍ കിഷോര്‍ സത്യ ഇതിനോട് പ്രതികരിച്ചത്.

quotes iconഞാന്‍ സൂര്യ ടിവിയില്‍ 'സ്വന്തം സുജാത' എന്ന പേരില്‍ ഒരു സീരിയല്‍ ചെയ്യുന്നുണ്ട്. കോവിഡ് മൂലം വ്യവസായം തകര്‍ന്ന നായകന്റെ കഥയാണ്. ഞാന്‍  അതിനുവേണ്ടി ശരീരഭാരം കുറച്ചു. താടിയും മുടിയും വളര്‍ത്തി. ഭാര്യയായി അഭിനയിക്കുന്ന ചന്ദ്രലക്ഷ്മണ്‍ മലയാളി വീട്ടമ്മയാകുന്നതിനായി വര്‍ക്കൗട്ട് നിര്‍ത്തി. അവര്‍ വീട്ടില്‍ നൈറ്റിയും ഞാന്‍ കൈലിയും ധരിച്ചു. സംവിധായകന്‍ അന്‍സാര്‍ഖാന്‍ മികച്ച രീതിയിലാണ് സീരിയലുമായി മുന്നോട്ടുപോയത്. 20  എപ്പിസോഡ് ഞങ്ങള്‍ ഇതേ രീതിയില്‍ മുന്നോട്ടുപോയി. പ്രിവ്യൂ കണ്ട് ചാനലില്‍ എല്ലാവരും മികച്ച അഭിപ്രായം പറഞ്ഞതാണ്. പക്ഷേ ടെലിവിഷന്‍ റേറ്റിങ്ങില്‍ ഈ സീരിയല്‍ വന്‍ദുരന്തമായിരുന്നു. ഈ സീരിയല്‍ ഇങ്ങനെ റേറ്റിങ് ഇല്ലാതെ വരുമ്പോള്‍ നിര്‍മാതാവിന്റെ മുന്നിലുളളത് ഒന്നുകില്‍ നിര്‍ത്തുക അല്ലെങ്കില്‍ ലാഭമുണ്ടാകുന്ന ശ്രമമെന്ന നിലയില്‍ നമ്മുടെ പ്രേക്ഷകന്‍ ആഗ്രഹിക്കുന്ന രീതിയില്‍ പരസ്ത്രീബന്ധവും മസാലകളുമെല്ലാം നിറച്ച്  അവതരിപ്പിക്കുക. അത്തരം മാറ്റം ഈ സീരിയലില്‍ കൊണ്ടുവന്നപ്പോള്‍ ഈ പരമ്പര ടെലിവിഷന്‍ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ഇവിടെ ആരാണ് കുറ്റക്കാരന്‍? ഞങ്ങള്‍ ശ്രമിച്ചു അത് സ്വീകരിക്കപ്പെടാതെ പോയാല്‍ എന്തുചെയ്യും. പ്രേക്ഷകര്‍ നല്ലത് കാണാന്‍ വാശി പിടിച്ചാല്‍ മാത്രമേ പരമ്പരകള്‍ നന്നാവുകയുളളൂ. ഉത്തരവാദി പ്രേക്ഷകനാണ്. നല്ലതല്ലാത്ത പരമ്പരകള്‍ കാണില്ലെന്ന് അവര്‍ തീരുമാനിക്കണം, അപ്പോള്‍ ഇത്തരം സീരിയലുകളുടെ ടി.ആര്‍.പി.റേറ്റിങ് കുറയും. quotes iconമികച്ച പരമ്പരകള്‍ നല്‍കാന്‍ ചാനലുകള്‍ നിര്‍ബന്ധിതരാകും

സമ്പുഷ്ടമായ മലയാള സാഹിത്യം നമുക്ക് മുന്നിലുണ്ടായിട്ടും എന്തുകൊണ്ട് സീരിയല്‍ മേഖല യുക്തിക്ക് നിരക്കാത്ത ഈ കെട്ടുകാഴ്ചകള്‍ക്ക് പിറകേ പോകുന്നു എന്ന ചോദ്യത്തിനുളള ഉത്തരംകൂടിയാണ് കിഷോറിന്റെ വാക്കുകള്‍.

ഡെമോക്ലസിന്റെ വാളായി ടി.ആര്‍.പി. റേറ്റിങ്

മികച്ച സീരിയലിനുളള പുരസ്‌കാരം നല്‍കുന്നതിന് കലാമൂല്യം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മാനദണ്ഡങ്ങള്‍ അവാര്‍ഡ് കമ്മിറ്റിക്ക് മുന്നിലുണ്ട്. എന്നാല്‍, സീരിയലുകള്‍ സംപ്രേഷണം ചെയ്യുന്ന ചാനലുകളെ സംബന്ധിച്ചിടത്തോളം വാണിജ്യമൂല്യത്തിനാണ് പ്രധാനം. ടി.ആര്‍.പി. റേറ്റിങ്ങാണ് സീരിയലുകളുടെ കഥാഗതി നിര്‍ണയിക്കുന്നത്. ടി,ആര്‍.പി. നിരക്ക് കൃത്യമായി നിരീക്ഷിച്ചുകൊണ്ട് സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ചാനല്‍ എക്സിക്യൂട്ടീവുകളുണ്ട്.

"അതിജീവനത്തിന്റെ ഒരു പ്രശ്നമുണ്ട് ഇവിടെ. ഇതില്‍ ഒരു ഇന്‍വെസ്റ്ററുണ്ട്. പണം മുടക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച് സീരിയല്‍ നിര്‍മാതാവിന് പണം നേടാനാവില്ല. ടെലിവിഷനില്‍ കാണിച്ചേ മുടക്കിയ പണം തിരിച്ചെടിക്കാനാവൂ. ഇതൊന്നും മനസ്സിലാക്കാതെ സീരിയലില്‍ അഭിനയിക്കുന്ന ആള്‍ക്കാരേയും സംവിധായകരേയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ആദ്യം പ്രേക്ഷകന് ശുദ്ധീകരണം ആവശ്യമാണ്. അവര്‍ നല്ലത് കാണാന്‍ വാശി പിടിച്ചാല്‍ മാത്രമേ മെച്ചപ്പെട്ട സീരിയല്‍ ഉണ്ടാകൂ." കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

ഉപഭോക്തൃ സംസ്‌കാരവും(Consumer Culture), ജനപ്രിയ സംസ്‌കാരവും(Popular Culture) നമ്മുടെ സമൂഹത്തിലും ശക്തമായതോടെ ഏതു രംഗത്തുമെന്നതു പോലെ ടെലിവിഷന്‍ മേഖലയിലും മത്സരം കടുത്തു. ദൂരദര്‍ശന്‍ മാത്രമുണ്ടായിരുന്ന കാലത്തുനിന്നും റിമോട്ടില്‍ മാറ്റിക്കൊണ്ടിരിക്കാന്‍ ചാനലുകളുടെ എണ്ണം വര്‍ധിച്ചു. സ്വാഭാവികമായും പ്രേക്ഷകന് ഏതു ചാനലാണോ പ്രിയം അതിന് വാണിജ്യമൂല്യം ഉയരുകയും പരസ്യവരുമാനം വര്‍ധിക്കുകയും ചെയ്യുന്നു. കേരളത്തിലെ എന്റര്‍ടെയ്ന്‍മെന്റ്‌ ചാനലുകള്‍  ഡെമോക്ലസിന്റെ വാളുപോലെ തൂങ്ങിക്കിടക്കുന്ന ടി.ആര്‍.പി. റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്. വാണിജ്യമാണിത്, അതിനനുസരിച്ച് കാണികള്‍ ആഗ്രഹിക്കുന്നത് കൊടുക്കാന്‍ ചാനലുകള്‍ നിര്‍ബന്ധിതരാകും.

ടി.ആര്‍.പി.(ടാര്‍ഗെറ്റ് റേറ്റിങ് പോയിന്റ്)

ടെലിവിഷന്‍ ചാനലുകളുടെ ജനപ്രിയത അളക്കുന്നതിനായി ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍(BARC) ഉപയോഗിക്കുന്ന രീതിയാണ് ടി.ആര്‍.പി. ഒരു നിശ്ചിത കാലയളവില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ സമയം ഏത് ചാനലാണ് വീക്ഷിക്കുന്നത്, ആ ചാനലിലെ ഏത് പരിപാടിയാണ് കൂടുതല്‍ കാണുന്നത് എന്നതാണ് ടി.ആര്‍.പിയിലൂടെ കണക്കാക്കുന്നത്. ആയിരക്കണക്കിന് വീടുകളില്‍ ബാര്‍ ഒ മീറ്ററുകള്‍ (BAR O meters)സ്ഥാപിച്ചാണ് ഡേറ്റ ശേഖരിക്കുന്നത്. ഈ ഡേറ്റ അവലോകനം ചെയ്താണ് നിശ്ചിത ആഴ്ച ഏത് ചാനലാണ്, ഏത് പരിപാടിയാണ് മുന്നില്‍ നില്‍ക്കുന്നത് എന്ന് പ്രഖ്യാപിക്കുന്നത്.

Sashikumar
ശശികുമാര്‍ 

quotes iconസീരിയലിനെ സംബന്ധിച്ചിടത്തോളം ചാനല്‍ ആകെ നോക്കുന്നത് ഈ സീരിയലിന് പരസ്യം ലഭിക്കുമോ എന്നുളളത് മാത്രമാണ്. അല്ലാതെ നിലവാരമോ കലാമൂല്യമോ അല്ല മാനദണ്ഡം. ആളുകള്‍ അതുകാണുമോ, പരസ്യം ലഭിക്കുമോ എന്നുമാത്രം. ചാനലിനെ സംബന്ധിച്ച് പരസ്യങ്ങളുടെ ഒരു വാഹനമാണ് സീരിയല്‍ . അത് നമ്മള്‍ മനസ്സിലാക്കണം. ചാനലുകള്‍ക്ക് പരസ്യ വരുമാനം ഉണ്ടാക്കുന്നതിനായി ചില പരിപാടികള്‍ വേണ്ടിവരും. അല്ലെങ്കില്‍ മറ്റു പ്രോഗ്രാമുകളുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ല. പരസ്യക്കാര്‍ക്ക് താല്പര്യം സ്വാഭാവികമായിട്ടും അവരുടെ പ്രൊഡക്ട് വില്‍ക്കുക എന്നുളളതാണ്. അതിന് കൂടുതല്‍ ആളുകള്‍ കാണുന്ന സീരിയലാണ് അവര്‍ തിരഞ്ഞെടുക്കുക. ഇംഗ്ലീഷില്‍ സീരിയലുകളെ സോപ്പ് ഓപ്പറ എന്നുപേരുവരാന്‍ തന്നെ കാരണം ഇതായിരുന്നു. അങ്ങനെയാണ് ഇതിനെ വിലയിരുത്തേണ്ടത്. എന്നുകരുതി സീരിയലിനെ വില കുറച്ചു പറയുകയല്ല. പക്ഷേ, ഒരു ചാനലിന്റെ നിലനില്‍പിന് ഇത് അനിവാര്യമാണ്. എങ്കില്‍ മാത്രമേ സാമൂഹിക പ്രസക്തിയുളള പരിപാടികള്‍ ചാനലിന് ചെയ്യാനാകൂ. കാരണം അത്തരം പരിപാടികള്‍ക്ക് പരസ്യം ലഭിക്കില്ല. quotes iconഅതുകൊണ്ട് സീരിയലിന് അവാര്‍ഡ് നല്‍കുമ്പോള്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം. 

കേരളത്തിലെ ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിന്റെ സ്ഥാപകനും മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ശശികുമാര്‍ പറയുന്നു.

അടുത്തഭാഗം - ജൂറിയുടെ തീരുമാനം തെറ്റോ തിരുത്തോ?