1962-ലാണ് മാമ്മന്‍ മാപ്പിള ടയര്‍ ഉത്പാദനം തുടങ്ങിയത്. ബലൂണ്‍ നിര്‍മ്മാണത്തില്‍നിന്നു ടയറിലേക്കുള്ള മാമ്മന്‍ മാപ്പിളയുടെ യാത്ര ഇന്ത്യന്‍ വ്യവസായലോകത്തെ ആവേശഭരിതമായ ചരിത്രമാണ്. മദ്രാസിലായിരുന്നു കര്‍മ്മമേഖല എന്നതിനാല്‍ ആ കമ്പനിക്ക് മദ്രാസ് റബ്ബര്‍ ഫാക്ടറി(എം.ആര്‍.എഫ്.)  എന്ന് മാമ്മന്‍ മാപ്പിള പേരിട്ടത് തികച്ചും സ്വാഭാവികമായ നടപടിയായിരുന്നു. ഇതിനും പത്തുകൊല്ലം ശേഷമാണ് അപ്പോളൊ ടയേഴ്സ് കേരളത്തിലേക്ക് വരുന്നത്. 

ടയര്‍ നിര്‍മ്മാണ കമ്പനി എന്ന ആശയം തലയ്ക്ക് പിടിച്ചപ്പോള്‍ പഞ്ചാബുകാരനായ റൗണക് സിങ്ങ് തമിഴ്‌നാടിന് പകരം  കേരളത്തിലേക്ക് വന്നത് എന്തുകൊണ്ടാണെന്ന് കൃത്യമായ വിവരമില്ല. റബ്ബര്‍ എന്ന അസംസ്‌കൃത വസ്തുവിന്റെ ലഭ്യതയ്ക്ക് പുറമെ  ഒരു പക്ഷേ, കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും(സി.പി.ഐ.) ചേര്‍ന്നുള്ള കേരളത്തിലെ ഭരണമായിരിക്കാം സര്‍ദാര്‍ജിയെ ആകര്‍ഷിച്ചത്. അച്ച്യുതമേനോന്‍ എന്ന മുഖ്യമന്ത്രിയും ടി.വി. തോമസ് എന്ന വ്യവസായമന്ത്രിയും പ്രഥമദൃഷ്ട്യാ തന്നെ സര്‍ദാര്‍ജിയുടെ മനം കവര്‍ന്നതുമാകാം കാരണം.

തൃശ്ശൂരില്‍ ചാലക്കുടിക്കടുത്തുള്ള പേരാമ്പ്രയില്‍ ടയര്‍ ഉത്പാദനം തുടങ്ങാന്‍ റൗണക്കിനെ പ്രേരിപ്പിച്ച ഒരു ഘടകം ചാലക്കുടിപ്പുഴയിലെ ഒന്നാന്തരം വെള്ളമാണെന്ന് കേട്ടിട്ടുണ്ട്. എന്തായാലും കമ്പനി തുടങ്ങി ഏഴ് കൊല്ലം കൊണ്ട് സര്‍ദാര്‍ജി ഒരു വഴിക്കായി. തൊഴില്‍ പ്രശ്നങ്ങള്‍, കമ്പനി നടത്തിപ്പിലും വിപണനത്തിലുമുള്ള പാകപ്പിഴകള്‍ എന്നിങ്ങനെ കടത്തിനുമേല്‍ കടം കയറി കച്ചവടം പൂട്ടിയാലേ ജീവിതം രക്ഷപ്പെടൂ എന്ന അവസ്ഥ വന്നപ്പോള്‍ റൗണക്കിന്റെ മകന്‍ ഓംകാര്‍ സിങ് രംഗപ്രവേശം ചെയ്തു. 

കമ്പനി പൂട്ടുകയല്ല കമ്പനിയുടെ അലകും പിടിയും മാറ്റുകയാണ് വേണ്ടതെന്നാണ് ഓംകാര്‍ തിരിച്ചറിഞ്ഞത്. കമ്പനി പുതിയ പദ്ധതികള്‍ നടപ്പാക്കുകയാണെന്നും കൂടെ നില്‍ക്കണമെന്നുള്ളവര്‍ക്ക് നില്‍ക്കാമെന്നും ഓംകാര്‍ തൊഴിലാളികളോട് പറഞ്ഞു. പലരും പിരിഞ്ഞുപോയി, പലരും കൂടെ നിന്നു. കേരളത്തില്‍ ഇതൊന്നും ശരിയാവില്ലെന്നായിരുന്നു ഓംകാറിന് പൊതുവെ കിട്ടിയ ഉപദേശം. 

അന്ന് താന്‍ തന്നോട് തന്നെ പറഞ്ഞത് ഇതായിരുന്നുവെന്ന് പിന്നീട് ഒരു കുറിപ്പില്‍ ഓംകാര്‍ പറയുന്നുണ്ട്: ''ജോലി തുടങ്ങിയിട്ടില്ല, അതിനു മുമ്പ് തന്നെ സംഗതി വേണ്ടെന്ന് വെയ്ക്കുന്നത് എങ്ങിനെയാണ്?'' തൊഴിലാളികളെ വിശ്വാസത്തിലെടുക്കുകയാണ് ആദ്യം താന്‍ ചെയ്തതെന്നും ഓംകാര്‍ ചൂണ്ടിക്കാട്ടി. ഇന്ന്, 49 കൊല്ലങ്ങള്‍ക്കിപ്പുറത്ത് 17,000 തൊഴിലാളികളും 2.27 ബില്ല്യണ്‍ ഡോളറോളം വിറ്റുവരവും നൂറോളം രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുമായി അപ്പോളൊ ടയേഴ്സ് അവതരിപ്പിക്കുന്നത് വിജയങ്ങളുടെ തുടര്‍ക്കഥകളാണ്. ഓംകാര്‍ നടത്തിയത് സര്‍ഗ്ഗാത്മകമായ ഇടപെടലാണ്. കഥയിലും കവിതയിലുമെന്നതുപോലെ, സര്‍ഗ്ഗാത്മകതയുണ്ടെങ്കിലേ വ്യവസായത്തിലും രക്ഷപ്പെടാനാവുകയുള്ളു.

കേരളം വ്യവസായികള്‍ക്ക് പറ്റിയ ഇടമല്ലെന്ന് പറയുന്നവര്‍ അപ്പോളൊ ടയേഴ്സിനെ മറക്കരുത്. കമ്മ്യൂണിസവും വ്യവസായവും ഒത്തുചേര്‍ന്നു പോവില്ലെന്ന് പറയുന്നവര്‍ അച്ച്യുതമേനോനെയും ടി.വി. തോമിസിനെയും ഗൗരിയമ്മയെയും മറക്കരുത്. കിറ്റക്സ് ഗാര്‍മെന്റ്സ് കേരളം വിട്ട് തെലങ്കാനയിലേക്ക് പോകുന്നുവെന്ന വാര്‍ത്ത സൃഷ്ടിക്കുന്ന കോലാഹലമാണ് ഇപ്പോള്‍ അപ്പോളൊ ടയേഴ്സിനെ ഓര്‍ക്കാന്‍ പ്രേരണയായത്. 

455 കോടി രൂപയുടെ പ്രതിവര്‍ഷ വരുമാനവും 60 കോടി രൂപയോളം ലാഭവുമുള്ള കിറ്റക്സിനെ അപ്പോളൊയുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. നമ്മുടെ ഗായകന്‍ യേശുദാസ്  ഇടയ്ക്കിടെ പറയുന്നതിനെ ഒന്ന് മറിച്ചിട്ടാല്‍,  ഇന്ത്യന്‍ വ്യവസായ മേഖല എന്ന കടാപ്പുറത്ത് കക്ക പെറുക്കി നടക്കുന്ന ഒരു പയ്യന്‍ മാത്രമാണ് കിറ്റക്സ് മേധാവി സാബു ജേക്കബ്. കക്ക പെറുക്കുന്നവര്‍ നിസ്സാരക്കാരാണ് എന്നല്ല ഇതിനര്‍ത്ഥം. ഓരോന്നിനും അതിന്‍േറതായ വിലയുണ്ടെന്ന പ്രാഥമികമായ സാമ്പത്തികജ്ഞാനത്തില്‍നിന്നാണ് നമ്മള്‍ തുടങ്ങേണ്ടതെന്ന് വ്യക്തമാക്കാനാണ് ആമുഖമായി ഇത്രയും പറഞ്ഞത്.

കിറ്റക്സിന് കേരളം വിടേണ്ടി വരുന്നത് അടിസ്ഥാനപരമായും ഒരു ബിസിനസ് പ്രശ്നമല്ല. കിറ്റക്സിന്റെ പ്രശ്‌നം രാഷ്ട്രീയമാണ്. ബിസിനസുകാര്‍ രാഷ്ട്രീയം പയറ്റുന്നത് പുതിയ സംഭവമൊന്നുമല്ല. ഭരണകൂടത്തിന്റെ പിന്തുണയില്ലെങ്കില്‍ ഒരുമാതിരി ബിസിനസുകാര്‍ക്കൊന്നും പിടിച്ചു നില്‍ക്കാനാവില്ല. 

ഗാന്ധിജിയെ പിന്തുണയ്ക്കേണ്ടത് തങ്ങളുടെ നിലനില്‍പിനും ഭാവിക്കും സുപ്രധാനമാണെന്ന തിരിച്ചറിവിലാണ് ജി.ഡി. ബിര്‍ളയും ടാറ്റയും അംബലാല്‍ സാരാബായിയുമൊക്കെ ഗാന്ധിജിയുടെ ആശ്രമങ്ങള്‍ക്കും മറ്റ് പദ്ധതികള്‍ക്കും കൈയ്യയച്ച് സഹായിച്ചത്. നിലവില്‍ രാജ്യത്തെ വമ്പന്‍ മുതലാളിമാരായ അംബാനിയും അദാനിയുമൊക്കെ ബി.ജെ.പിക്ക് മാത്രമല്ല കോണ്‍ഗ്രസിനും ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമൊക്കെ സംഭാവന നല്‍കുന്നത് ഈ പാര്‍ട്ടികളുടെ പ്രത്യയശാസ്ത്ര പദ്ധതികളിലുള്ള വിശ്വാസം കൊണ്ടല്ല, മറിച്ച് ജനങ്ങളെ സ്വാധീനിക്കുന്നതിനും അധികാരം കൊയ്യുന്നതിനും ഈ പാര്‍ട്ടികള്‍ക്കുള്ള മികവിന്റെ അടിസ്ഥാനത്തിലാണ്.

ഗാന്ധിജിയെയും കോണ്‍ഗ്രസിനെയും ബി.ജെ.പിയെയുമൊക്കെ  സഹായിക്കുന്നതിന് പകരം സ്വന്തം നിലയ്ക്ക് ഒരു പാര്‍ട്ടിക്ക് തുടങ്ങാന്‍ എന്തുകൊണ്ട് ടാറ്റയും ബിര്‍ളയും അംബാനിയും അദാനിയും തയ്യാറായില്ല എന്ന ചോദ്യം  ആലോചനാമൃതമാണ്. ഗോയങ്കയുടെ ഇന്ത്യന്‍ എക്സ്പ്രസിനെ നേരിടാന്‍  മാധ്യമമേഖലയിലേക്ക് കടന്നപ്പോഴും ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന സാഹസത്തിന് ധിരുബായ് അംബാനി ഒരിക്കലും ഒരുങ്ങിയില്ല. 

പകരം കോണ്‍ഗ്രസിലും ബി.ജെ.പിയിലും കൃത്യമായ നിക്ഷേപങ്ങള്‍ നടത്തുകയാണ് അംബാനി ചെയ്തത്. വ്യവസായം നടത്തി നാല് കാശുണ്ടാക്കി കഴിയുമ്പോള്‍ രാഷ്ട്രീയവും അധികാരവും പ്രലോഭനമാവുക സ്വാഭാവികമാണ്. പക്ഷേ, സ്വന്തമായൊരു പാര്‍ട്ടിയുണ്ടാക്കാതെ ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ് ഇപ്പോഴത്തെ കേന്ദ്ര ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചെയ്തത്. രാഷ്ട്രീയവും ബിസിനസ്സും മോരും മുതിരയും പോലെയോ പാലും നാരങ്ങാനീരും പോലെയൊ ആണെന്നും രണ്ടും തമ്മില്‍ കൂട്ടിക്കലര്‍ത്തുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും ഇവര്‍ക്കൊന്നും ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല.

ബിസിനസും രാഷ്ട്രീയവും ഇടക്കാലത്ത് ഒന്ന് കൂട്ടിക്കലര്‍ത്താന്‍ നോക്കിയത് തമിഴ്നാട്ടിലെ മാരന്‍ കുടുംബമാണ്. 2004-ലെ പ്രഥമ യു.പി.എ. സര്‍ക്കാരില്‍ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരനും സണ്‍ടിവി അടക്കമുള്ള വ്യവസായ ഗ്രൂപ്പിന്റെ മേധാവിയുമായ സഹോദരന്‍ കലാനിധിയും ടാറ്റയോട് വരെ ഏറ്റമുട്ടിയത് ചരിത്രമാണ്. ടാറ്റ സ്‌കൈക്ക് വില പറയുന്നതില്‍ വരെ അതെത്തി. ആ കളിയില്‍ കിട്ടിയ പരുക്കുകളില്‍നിന്ന് ഇന്നും മാരന്‍ കുടുംബം മുക്തമായിട്ടില്ല.

ഒന്നുകില്‍ ബിസിനസ് അല്ലെങ്കില്‍ രാഷ്ട്രീയം. ഒരേസമയം ബിസിനസുകാരനും രാഷ്ട്രീയ നേതാവുമാവുക എന്നതില്‍ അടിസ്ഥാനപരമായ വൈരുദ്ധ്യമുണ്ട്. ഈ വൈരുദ്ധ്യം കൃത്യമായി അറിയാവുന്നതുകൊണ്ടാണ് മുത്തൂറ്റു പാപ്പച്ചനും  മണര്‍കാട് പാപ്പനുമൊക്കെ ഒരു ട്വന്റി - ട്വന്റി കലാപരിപാടിയിലേക്ക് പോകാതിരുന്നത്. 

പഞ്ചായത്ത് തലത്തില്‍ കളിക്കുന്നതുപോലെയല്ല നിയമസഭ തിരഞ്ഞെടുപ്പില്‍ കളിക്കാനിറങ്ങുന്നത്. നിയമസഭാംഗങ്ങള്‍ എന്നു പറഞ്ഞാല്‍ നിയമനിര്‍മ്മാണത്തിന് അവകാശവും അധികാരവുമുള്ളവരാണ്. കരിങ്കല്‍ ക്വാറി ഉടമ രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കുകയും ആ പാര്‍ട്ടിക്ക്  നിയമസഭയില്‍ പ്രാതിനിധ്യം കിട്ടുകയും ചെയ്താല്‍ ക്വാറികളുമായി ബന്ധപ്പെട്ട പുതിയ നിയമം വരുമ്പോള്‍ ആ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന ഒറ്റ ചോദ്യത്തില്‍ കിറ്റക്സിന്റെ രാഷ്ട്രീയമോഹങ്ങളുടെ പുറംപൂച്ച് വെളിയില്‍ വരും.

കേരളത്തിലെ മുഖ്യ രാഷ്ട്രീയപ്പാര്‍ട്ടികളായ സി.പി.എമ്മും കോണ്‍ഗ്രസും ഒരു പോലെ ട്വന്റി - ട്വന്റിയുടെ പ്രവര്‍ത്തനത്തില്‍ അസ്വസ്ഥരാണെന്നത് രഹസ്യമല്ല. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ എട്ട് മണ്ഡലങ്ങളിലാണ് ട്വന്റി - ട്വന്റി മത്സരിച്ചത്. ഒരിടത്തുംവിജയിക്കാനായില്ലെങ്കിലും കിറ്റക്‌സിന്റെ തട്ടകമായ കുന്നത്ത്നാട്ടില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്്ചവെയ്ക്കാന്‍ സാബുവിന്റെ പാര്‍ട്ടിക്കായി. 

ട്വന്റി - ട്വന്റിയുടെ സ്ഥാനാര്‍ത്ഥി സുജിത് പി. സുരേന്ദ്രന്‍ 42,701 വോട്ടുകളാണ് ഇവിടെ നേടിയത്. വിജയിച്ച എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.വി. ശ്രീനിജന് 52,351 വോട്ടും രണ്ടാമതെത്തിയ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി വി.പി. സജീന്ദ്രന് 49,636 വോട്ടും കിട്ടി. 2,715 വോട്ടാണ് ശ്രീനിജന്റെ ഭൂരിപക്ഷം. ഇരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ട്വന്റി - ട്വന്റി ഉയര്‍ത്തുന്ന ഭീഷണി നിസ്സാരമല്ലെന്നര്‍ത്ഥം.

കേരളത്തില്‍ അറിയപ്പെടുന്ന വ്യവസായിയായിട്ടും സാബു ജേക്കബിനെതിരെ ഭരണകൂടം തിരിയുന്നുണ്ടെങ്കില്‍  അതിന്റെ കാരണങ്ങള്‍ ബിസിനസിനും അപ്പുറമാണെന്നതാണ്. ഉദ്യോഗസ്ഥരാണ് പ്രശ്നമുണ്ടാക്കുന്നതെന്ന പറച്ചില്‍ ഒരു തരം ഞഞ്ഞാപിഞ്ഞാ വര്‍ത്തമാനമാണ്. പൊളിറ്റിക്കല്‍ എസ്റ്റാബ്ളിഷ്മെന്റിന്റെ അനുമതിയില്ലെങ്കില്‍ ഒരു ഉദ്യോഗസ്ഥനും ഒരു വ്യവസായ ഗ്രൂപ്പിനും എതിരെ തിരിയില്ല. 

വി.പി. സിങ് പ്രധാനമന്ത്രിയായപ്പോള്‍ റിലയന്‍സ് ഗ്രൂപ്പിനെതിരെ നടന്ന റെയ്ഡുകള്‍ ഓര്‍ക്കുക. ഉദ്യോഗസ്ഥര്‍ പാറ്റകളെപ്പോലെയാണ്. ന്യൂക്ലിയര്‍ യുദ്ധങ്ങള്‍ പോലും അതിജീവിക്കാന്‍ കഴിയുന്നവര്‍. ബി.ജെ.പി. സര്‍ക്കാരിനെയും കോണ്‍ഗ്രസ് സര്‍ക്കാരിനെയും ഒരു പോലെ സേവിക്കുന്നവര്‍. 

കരുണാകരന്റെ വിശ്വസ്ഥനായിരുന്ന രമണ്‍ ശ്രിവാസ്തവ  വര്‍ഷങ്ങള്‍ക്ക് ശേഷം പിണറായി വിജയന്റെ പോലിസ് ഉപദേഷ്ടാവാകുന്ന മാജിക്കാണത്. അതുകൊണ്ടുതന്നെ കിറ്റക്സിന്റെ മെക്കിട്ട് കയറുന്നത് ഒരു പറ്റം ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാല്‍ ചിരിച്ച് ചിരിച്ച് നമ്മള്‍ ഒരു വഴിക്കാവും. രാഷ്ട്രീയ യജമാനന്മാരുടെ ഇംഗിതമാണ് ഉദ്യോഗ്സ്ഥര്‍ നടപ്പാക്കുക.

സി.പി.എം. വിരിച്ച കെണിയിലേക്കാണ് സാബു കടന്നുകയറിയത്. സാബുവിനെ കേരളത്തില്‍നിന്ന് ഓടിക്കുകയല്ല സാബുവിന്റെ പാര്‍ട്ടിയെ ഇല്ലാതാക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. തെലങ്കാനയില്‍ പോയി ബിസിനസ് മെച്ചപ്പെടുത്താം എന്ന കിറ്റക്സിന്റെ പദ്ധതി ചോദ്യം ചെയ്യേണ്ട കാര്യമില്ല. ഒരു ബിസിനസ്സുകാരനെന്ന നിലയില്‍ അത് സാബുവിന്റെ അവകാശവും സ്വാതന്ത്ര്യവുമാണ്. 
.
തെലങ്കാനയില്‍ ടി.ആര്‍.എസിന്റെ ഭരണമാണുള്ളത്. ടി.ആര്‍.എസ്. ഒരു കുടുംബ പാര്‍ട്ടിയാണ്. കെ. ചന്ദ്രശേഖരറാവുവും കുടുംബവുമാണ് ആ പാര്‍ട്ടിയുടെ ജീവാത്മാവും പരമാത്മാവും. കെ.സി.ആറിന്റെ മകന്‍ കെ.ടി. രാമറാവുവാണ് തെലങ്കാനയിലെ വ്യവസായമന്ത്രി. ഒരു കുടുംബ പാര്‍ട്ടിയും ഒരു സംസ്ഥാനവും ആയുഷ്‌കാലം ഭരിച്ച ചരിത്രമില്ല. ഒഡിഷയിലെ നവിന്‍ പട്നായിക് ഒരു അപവാദമാണ്. മാത്രമല്ല അദ്ദേഹം അവിവാഹിതനാണ് താനും. 

കുടുംബ തുടര്‍ച്ചയ്ക്ക് സാദ്ധ്യതയില്ലെന്നര്‍ത്ഥം. സുതാര്യതയാണ് ട്വന്റി - ട്വന്റിയുടെ മുദ്രാവാക്യമെന്ന് സാബു പലവട്ടം പറഞ്ഞിട്ടുണ്ട്. തെലങ്കാനയില്‍ ടി.ആര്‍.എസ്. ഭരണത്തില്‍ സാബുവും കിറ്റക്സും കൂടുതലായി അറിയാന്‍ പോകുന്നത് ഈ സുതാര്യതയുടെ അഭാവമായിരിക്കും. തമിഴകത്ത് കാര്‍ നിര്‍മ്മാണം തുടങ്ങിയ ഒരു ആഗോള കമ്പനിയുടെ സീനിയര്‍ ഉദ്യോഗസ്ഥന്‍ ഒരു സൗഹൃദ സംഭാഷണത്തില്‍ പറഞ്ഞത് ഓരോ കാര്‍ പുതുതായി ഇറക്കുമ്പോഴും ഒരു കുടുംബത്തിന് വിഹിതം കൊടുക്കുന്നുണ്ടെന്നാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ഒട്ടു മിക്കവാറും നയങ്ങളെ കലവറയില്ലാതെ പിന്തുണയ്ക്കുന്ന ഒരു പാര്‍ട്ടിയാണ് ടി.ആര്‍.എസ്. എന്നതും മറക്കാനാവില്ല.

കിറ്റക്സ് തെലങ്കാനയില്‍ പോയി നന്നാവുന്നതില്‍ ആര്‍ക്കും പ്രശ്നമുണ്ടാവില്ല. ആയിരം കോടി രൂപയുടെ നിക്ഷേപം എന്നൊക്കെയുള്ള കിറ്റക്സിന്റെ പ്രഖ്യാപനങ്ങള്‍ ചോദ്യം ചെയ്യുന്നവരുണ്ട്. അത് കിറ്റക്സിന്റെ പ്രശ്നമാണ്. അവര്‍ ആയിരം കോടിയുടെയോ പതിനായിരം കോടിയുടെയോ നിക്ഷപം നടത്തട്ടെ! പ്രശ്നം കിറ്റക്സിന്റെ ബിസിനസല്ല, കിറ്റക്സിന്റെ രാഷ്ട്രീയമാണ്. ഒരു സംസ്ഥാനത്ത് മാത്രമേ വ്യവസായം നടത്താന്‍ പാടുള്ളു എന്ന നിയമമൊന്നും ഇന്ത്യയിലില്ല. പക്ഷേ, വ്യവസായവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുമ്പോള്‍ പുഷ്പവൃഷ്ടി മാത്രമല്ല ഉണ്ടാവുകയെന്ന് സാബു തിരിച്ചറിയണം.

ടാറ്റ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റയുടെ ജീവതകഥ ഒരാവൃത്തി ഒന്നു വായിക്കുന്നത് ഈ ഘട്ടത്തില്‍ സാബുവിന് ചിലപ്പോള്‍ ഗുണം ചെയ്തേക്കും. മാതാപിതാക്കള്‍ പിരിഞ്ഞതിനെത്തുടര്‍ന്ന് രത്തനെ വളര്‍ത്തിയത് അമ്മൂമ്മയാണ്. അമ്മൂമ്മ പകര്‍ന്നു തന്ന ഏറ്റവും വലിയ പാഠം ഒരു കുറിപ്പില്‍ രത്തന്‍ ടാറ്റ അനുസ്മരിക്കുന്നുണ്ട്. 

എന്തും തുറന്നു പറയാനുള്ള ധൈര്യമുണ്ടാവണമെന്നും എന്നാല്‍ മൃദുവായിട്ടായിരിക്കണം ആ തുറന്നു പറച്ചിലെന്നും ഒരിക്കലും ബഹളം ഉണ്ടാക്കരുതെന്നുമാണ് അമ്മൂമ്മ തന്നെ പഠിപ്പിച്ചതെന്നാണ് രത്തന്‍ ചൂണ്ടിക്കാട്ടുന്നത്. മാരന്മാര്‍ വായില്‍ വിരലിട്ടു കുത്തിയിട്ടും റാഡിയൊ ടേപ്പുകള്‍ പുറത്തുവന്നിട്ടും സൈറസ് മിസ്ത്രിയുമായി ടാറ്റ ഗ്രൂപ്പിനുള്ളില്‍ ഏറ്റുമുട്ടിയപ്പോഴും രത്തന്‍ ടാറ്റ ഒരു ബഹളവുമുണ്ടാക്കാന്‍ നിന്നില്ല.  ബഹളങ്ങളും വിവാദങ്ങളും രാഷ്ട്രീയക്കാര്‍ക്ക് ഉപകാരപ്പെട്ടേക്കും. പക്ഷേ,  വ്യവസായികള്‍ക്ക് ഇതുകൊണ്ട് ഉപദ്രവമല്ലാതെ ഉപകാരമൊന്നുമുണ്ടാവില്ല എന്നാണ് ചരിത്രം നല്‍കുന്ന പാഠം.

ചിലപ്പോള്‍ തെലങ്കാനയിലേക്കുള്ള പോക്ക് സാബുവിനും കിറ്റക്സിനും വഴിത്തിരിവായേക്കും. കേരളമെന്ന ഇട്ടാവട്ടത്തില്‍നിന്നു പുതിയ മേച്ചില്‍പ്പുറങ്ങളിലേക്കുള്ള യാത്രകള്‍ പുതിയ പാഠവും അറിവുമാവും. പക്ഷേ, തന്റെ കര്‍മ്മമണ്ഡലം ഏതായിരിക്കണമെന്ന് സാബു കൃത്യമായൊരു തീരുമാനമെടുക്കണം. ഒന്നുകില്‍ രാഷ്ട്രീയം അല്ലെങ്കില്‍ കച്ചവടം. 

രാഷ്ട്രീയമാണോ ബിസിനസ്സാണോ വേണ്ടതെന്ന് ആദ്യം സാബു ജേക്കബ് തീരുമാനിക്കണം. രാഷ്ട്രീയമാണ് ലക്ഷ്യമെങ്കില്‍ കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് ബിസിനസ് വിട്ടുകൊടുത്ത് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങണം. അതല്ല, ഭാവിയില്‍ ഒരു അംബാനിയോ അദാനിയോ ആവണമെന്നാണ് ലക്ഷ്യമെങ്കില്‍ ട്വന്റി - ട്വന്റി പിരിച്ചുവിട്ട് ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരേസമയം രണ്ടു വഞ്ചിയില്‍ കാല് വെയ്ക്കുന്നതിലെ വിവരമില്ലായ്മ  ഇങ്ങനെ സ്വയം അനുഭവിച്ചറിയേണ്ട ഒരു കാര്യവും സാബുവിന് ഉണ്ടായിരുന്നില്ല.

വഴിയില്‍ കേട്ടത്:  വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടം മൂന്നാം തരംഗമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് റാലികളിലെ ആള്‍ക്കൂട്ടം കണ്ട് കോള്‍മയിര്‍ കൊണ്ട് ഒരു നേതാവുണ്ടായിരുന്നല്ലോ, എന്തായിരുന്നു അദ്ദേഹത്തിന്റെ പേര്?

Content Highlights: Why didn't Ambani and Adhani formed a political party, Sabu Jacob could think about it | Vazhipokkan


Watch Video

Ambulance

ജീവിത ചക്രം തിരിക്കുന്നവർ | LIFE OF AN AMBULANCE DRIVER