1997 ജനുവരിയിലാണെന്ന് തോന്നുന്നു സാഹിത്യകാരൻ എം.പി. നാരായണപിള്ള എ.ഐ.സി.സി. ആസ്ഥാനത്തേക്ക് ഒരു കമ്പി (ടെലിഗ്രാം) അടിച്ചു. കോൺഗ്രസ് പ്രസിഡന്റാകുന്നതിന് സർവ്വഥാ യോഗ്യനായ ഒരാളുണ്ടെന്നും അയാളുടെ പേര് എം.പി. നാരായണപിള്ള എന്നാണെന്നും ടിയാൻ ബോംബെയിൽ താമസിക്കുന്ന മലയാളിയാണെന്നുമായിരുന്നു കമ്പിയിലുണ്ടായിരുന്നത്. നരസിംഹ റാവുവിന് പകരം പ്രസിഡന്റായ സീതാറാം കേസരിയെ മാറ്റാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്ന വാർത്ത കത്തിപ്പടരുന്നതിനിടയിലാണ് നാരായണപിള്ള തന്നെതന്നെ ആ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്. 

To advertise here,

നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ നമ്മൾ തന്നെ ചെയ്യണമെന്നും പിന്നീടൊരിക്കൽ സോണിയ ഗാന്ധി വിളിച്ച് നാണപ്പോ അന്ന് നിങ്ങൾ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ നിങ്ങളാകുമായിരുന്നു കോൺഗ്രസ് പ്രസിഡന്റ് എന്നെങ്ങാൻ പറഞ്ഞാൽ പിന്നെ കുറ്റബോധം കൊണ്ട് ആത്മഹത്യ ചെയ്യാതിരിക്കാനാണ് ഈ കമ്പി അടിച്ചതെന്നുമാണ് നാരായണപിള്ള നൽകിയ വിശദീകരണം. റായ്ബറേലിയിലും അമേത്തിയിലും  സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് അമാന്തിക്കുന്നത് കണ്ടപ്പോഴാണ് നാരായണപിള്ളയെ ഓർത്തത്. സ്ഥാനാർത്ഥിയെ കിട്ടുന്നില്ലെങ്കിൽ ദാ ഇവിടെ ഒരാളുണ്ടെന്ന് പറഞ്ഞ് ട്വിറ്റർ എന്ന എക്സിൽ ഒരു കാച്ചങ്ങ് കാച്ചിയാലെന്താ എന്നാലോചിക്കുകയും ചെയ്തു.

കാര്യങ്ങൾ വെച്ചു താമസിപ്പിച്ച് എങ്ങിനെ കുളമാക്കാം എന്ന വിഷയത്തിൽ  ഗവേഷണം നടത്തുന്ന പാർട്ടിയാണ് കോൺഗ്രസ്. ആർ.എസ്.എസിനെയും ബി.ജെ.പിയേയും ഞെട്ടിപ്പിക്കാനാണ് കോൺഗ്രസ് റായ്ബറേലിയിലും അമേത്തിയിലും അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തിയതെന്ന് കെ.സി. വേണുഗോപാലിനെപ്പോലുള്ളവർ പാടി നടന്നേക്കാം. ആരാരെയാണ് ഞെട്ടിച്ചതെന്നറിയില്ല. സോണിയ ഗാന്ധി രാഹുലിനെയും രാഹുൽ വേണുവിനെയും വേണു സതീശനെയും ചിലപ്പോൾ ഞെട്ടിച്ചിട്ടുണ്ടാവാം. അതിനപ്പുറത്തേക്ക് ഒരാൾക്ക് പോലും ഞെട്ടാനുള്ള വകുപ്പ് കോൺഗ്രസ് തീരുമാനത്തിലില്ല. 

റായ്ബറേലിയിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നു. അമേത്തിയിൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ കിഷോരിലാൽ ശർമ്മയും. ഇതിപ്പോൾ എന്തിനാണ് രാഹുൽ ഗാന്ധി രണ്ടാമതൊരു സീറ്റിൽ കൂടി മത്സരിക്കുന്നത് എന്ന ചോദ്യം  ചോദിക്കുക തന്നെ വേണം. മുത്തച്ഛനും മുത്തശ്ശിയും മാതാവും മത്സരിച്ച് ജയിച്ചിട്ടുള്ള മണ്ഡലം കൈവിട്ടുപോവാതിരിക്കാനാണ് ഈ വേലയെങ്കിൽ അതിൽ വലിയ കാര്യമൊന്നുമില്ല. ഇത്രയും കാലം കുടുംബത്തിന്റെ കുത്തകയായിരുന്ന ഒരു മണ്ഡലം നിലനിർത്തണമെങ്കിൽ കുടുംബത്തിൽ നിന്നു തന്നെ ഒരാൾ മത്സരിക്കണം എന്നു വരുന്നത് കോൺഗ്രസ് എന്ന പാർട്ടിയെ സംബന്ധിച്ചിടത്തോളം ഒട്ടും തന്നെ ആശാസ്യമല്ല.

placeholder
എം.കെ. സ്റ്റാലിൻ, കരുണാനിധി, അണ്ണാദുരൈ, ഇ.വി. രാമസ്വാമി എന്നിവരുടെ ചിത്രവുമായി ഡി.എം.കെ. പോസ്റ്റർ | Photo: dmk.in/en/home/

കുടുംബമേ കഴകം

കഴകമേ കുടുംബം (പാർട്ടിയാണ് കുടുംബം) എന്നായിരുന്നു ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.) സ്ഥാപക നേതാവ് അണ്ണാദുരൈയുടെ ആപ്തവാക്യം. മക്കളില്ലാതിരുന്ന അണ്ണാദുരൈ ഒരു ബന്ധുവിന്റെ മക്കളെ എടുത്തുവളർത്തി. എന്നാൽ, അവരെ ആരെയും തന്നെ ഡി.എം.കെയിൽ തന്റെ പിൻഗാമിയാക്കാൻ അണ്ണാദുരൈ ഒരിക്കലും ശ്രമിച്ചില്ല. അണ്ണായുടെ വളർത്തുമക്കളും അവരുടെ മക്കളും ഇന്നിപ്പോൾ ഡി.എം.കെയുടെ ചരിത്രത്തിന്റെ ഭാഗമല്ല. പക്ഷേ, കരുണാനിധിയുടെ കാലമായപ്പോഴേക്കും കുടുംബമേ കഴകം (കുടുംബമാണ് പാർട്ടി) എന്നായി. കരുണാനിധിയുടെ മകൻ എം.കെ. സ്റ്റാലിൻ നിലവിൽ തമിഴ്നാട് മുഖ്യമന്ത്രിയാണ്. സ്റ്റാലിന്റെ മകൻ ഉദയനിധി ഇപ്പോൾ തമിഴ്നാട് സംസ്ഥാന യുവജനക്ഷേമ- സ്പോർട്സ് വികസന മന്ത്രിയും. ഡി.എം.കെയിൽ സ്റ്റാലിന് ശേഷം ആരാണ് നേതാവ് എന്ന ചോദ്യത്തിന് ഉദയനിധി എന്നാണുത്തരം.

കുടുംബം തന്നെ പാർട്ടിയാവുമ്പോൾ പരിക്കേൽക്കുന്നത് ജനാധിപത്യത്തിനാണ്. ഡി.എം.കെയുടെ പിറവി തന്നെ ദ്രാവിഡർ കഴകത്തിൽ തങ്ങൾക്ക് ഭാവിയില്ലെന്ന അണ്ണാദുരൈയുടെയും കൂട്ടരുടെയും തിരിച്ചറവിൽ നിന്നായിരുന്നു. ദ്രാവിഡർ കഴകത്തിൽ അവസാനവാക്ക് പെരിയാർ ഇ.വി. രാമസാമിയായിരുന്നു. പെരിയാറിന്റെ അരുമ ശിഷ്യനായിരുന്നു അണ്ണാദുരൈ എങ്കിലും ദ്രാവിഡർ കഴകത്തിൽ പെരിയാറിനു ശേഷം പെരിയാറിന്റെ ഭാര്യ മണിയമ്മയ്ക്കായിരിക്കും പ്രഥമ സ്ഥാനം എന്ന സംശയവും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലെന്ന പെരിയാറിന്റെ നിലപാടുമാണ് ഡി.എം.കെ. എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നൽകാൻ അണ്ണായെ പ്രേരിപ്പിച്ചത്. അന്ന് അണ്ണായ്ക്കൊപ്പം നിലയുറപ്പിച്ചവരിൽ കരുണാനിധിയെക്കൂടാതെയുള്ള ഒരു പ്രമുഖൻ പെരിയാറിന്റെ സഹോദരപുത്രൻ ഇ.വി.കെ. സമ്പത്ത് ആയിരുന്നു. സമ്പത്തിന്റെ പുത്രനാണ് പിന്നീട് ടി.എൻ.സി.സി. പ്രസിഡന്റും നിലവിൽ കോൺഗ്രസ് എം.എൽ.എയുമായ ഇ.വി.കെ.എസ്. ഇളങ്കോവൻ.

ഇന്ത്യയിൽ മിക്കവാറും പ്രാദേശിക പാർട്ടികൾ കുടുംബ പാർട്ടികളാണ്. നാഷണൽ കോൺഫറൻസ് പാർട്ടി, സമാജ്വാദി പാർട്ടി,  ആർ.ജെ.ഡി., ആന്ധ്രയിലെ വൈ.എസ്.ആർ.സി.പി., എൻ.സി.പി., അകാലിദൾ, ജെ.ഡി.എസ്. എന്നീ പാർട്ടികളില്ലെല്ലാം തന്നെ നേതൃസ്ഥാനം കുടുംബത്തിലുള്ളവർക്ക് മാത്രമായി സംവരണം ചെയ്യപ്പെടുന്ന അവസ്ഥയാണ്. കുടുംബമാണ് പാർട്ടി എന്ന് വരുമ്പോൾ അതിലുണ്ടാവുന്ന വലിയൊരു പ്രശ്നം പാർട്ടിയുടെ പ്രധാന സ്ഥാനത്തേക്ക് കുടുംബത്തിന് പുറത്ത് നിന്നുള്ളവർക്ക് ഒരിക്കലും കടന്നുവരാനാവില്ല എന്നതാണ്. 

വൈ ഗോപാലസാമി എന്ന വൈകോ ഡി.എം.കെ. വിട്ട് പുതിയ പാർട്ടിയുണ്ടാക്കിയത് ഡി.എം.കെയിൽ കരുണാനിധിയുടെ പിൻഗാമി സ്റ്റാലിനാണ് എന്നുറപ്പായതോടെയാണ്. ശിവസേനയിൽ ഏകനാഥ് ഷിൻഡെ കലാപമുണ്ടാക്കിയതിന്റെ അടിസ്ഥാന കാരണവും ഉദ്ദവിന്റെ മകൻ ആദിത്യയുടെ  ആരോഹണമായിരുന്നു. എൻ.സി.പി. പിളരാനുള്ള കാരണം ശരദ് പവാറിന്റെ മകൾ സുപ്രിയയാണ് എൻ.സി.പിയുടെ തലപ്പത്തേക്ക് വരുന്നതെന്ന മരുമകൻ അജിത്തിന്റെ ആശങ്കയാണ്. ആന്ധ്രയിൽ സഹോദരൻ ജഗൻമോഹൻ പാർട്ടിയും ഭരണവും സ്വന്തമാക്കിയതോടെയാണ് സഹോദരി ശർമ്മിള കലാപക്കൊടി ഉയർത്തിയത്. കേരളത്തിൽ മുസ്ലിംലീഗിന്റെ പരമോന്നത നേതൃത്വം തങ്ങൾ കുടുംബത്തിനാണെങ്കിലും അവർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങാത്തതും അധികാര സ്ഥാനങ്ങളിലേക്ക് വരാത്തതും മറ്റ് പാർട്ടി പ്രവർത്തകർക്ക് മുന്നിൽ അവസരങ്ങൾ തുറന്നിടുന്നുണ്ട്. ഇല്ലായിരുന്നെങ്കിൽ മുസ്ലിംലിഗ് ഒന്നുകൂടി എപ്പോൾ പിളരും എന്നാലോചിച്ചാൽ മതി.

placeholder
രാഹുൽ ഗാന്ധി, സോണിയ, പ്രിയങ്ക, ല്ലെികാർജുൻ ഖാർഗെ എന്നിവർ | Photo: ANI

പാഴാവുന്ന അവസരങ്ങൾ

രാഷ്ട്രീയത്തിലായാലും ജീവിതത്തിലായാലും ഒരു മുഴം നീട്ടിയെറിയുക എന്നത് പരമപ്രധാനമാണ്. നമ്മുടെ അജണ്ട നിശ്ചയിക്കുന്നത് ഒരിക്കലും നമ്മുടെ എതിരാളിയാവരുത്. കുടുംബാധിപത്യത്തെച്ചൊല്ലിയാണ് ബി.ജെ.പി. എപ്പോഴും കോൺഗ്രസിന്റെ മെക്കിട്ട് കയറുന്നത്. ഗാന്ധി കുടുംബമാണ് കോൺഗ്രസിന്റെ ശക്തിദുർഗ്ഗം എന്ന് ആർ.എസ്.എസിനും ബി.ജെ.പിക്കും നന്നായി അറിയാം. കുടുംബത്തെ വീഴ്ത്താനായാൽ കോൺഗ്രസ്സാണ് വീഴുക എന്നും സംഘപരിവാറിന് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. അപ്പോൾ പിന്നെ ഒന്നുകിൽ കുടുംബം കോൺഗ്രസിന്റെ പിന്നാമ്പുറങ്ങളിലേക്ക് മാറി നിൽക്കണം. 

പാർട്ടിയുടെ മുൻനിരയിൽ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവർ കടന്നുവരണം. അല്ലെങ്കിൽ പിന്നെ രണ്ടും കൽപിച്ച് ഗാന്ധി കുടുംബം മുൻ നിരയിൽ ഉറച്ചു നിൽക്കണം. അപ്പോൾ പിന്നെ , അമേത്തിയിൽ സ്മൃതി ഇറാനിയെ നേരിടാൻ കുറഞ്ഞ പക്ഷം പ്രിയങ്ക ഗാന്ധിയെങ്കിലും കളത്തിലിറങ്ങണമായിരുന്നു. ഇന്ത്യ മുഴുവൻ പ്രചാരണത്തിന് ഇറങ്ങണമെന്നുള്ളതുകൊണ്ട് രാഹുലിന് സ്ൃമതിയെപ്പോലൊരു എതിരാളിയെ നേരിട്ട് സമയം കളയാനാവില്ല. രാഷ്ട്രീയത്തിൽ തോൽവിയും ജയവും പതിവാണ്. സാക്ഷാൽ ഇന്ദിര വരെ റായ്ബറേലിയിൽ തോറ്റിട്ടുണ്ട്, സഞ്ജയ് ഗാന്ധി അമേത്തിയിലും. 

സഖാവ് പിണറായി പറയുന്നതുപോലെ പേടിയല്ല ജാഗ്രതയാണ് വേണ്ടത്. ഈ ജാഗ്രതയുള്ളതു കൊണ്ടാണ് ലോക്സഭ തിരഞ്ഞെടുപ്പിനിടയിൽപ്പോലും ഇന്തോനേഷ്യയിലേക്ക് വണ്ടി കയറാൻ അദ്ദേഹത്തിനാവുന്നത്! പേടിച്ച് പിന്മാറാൻ തുടങ്ങിയാൽ പിന്നെ പിന്മാറാൻ മാത്രമേ നേരമുണ്ടാവൂ. നിലവിലെ സാഹചര്യത്തിൽ റായ്ബറേലിയിൽ രാഹുൽ വിജയിക്കുമെന്നതിൽ ബി.ജെ.പിക്ക് പോലും സംശയമുണ്ടാവില്ല. റായ്ബറേലിയിലും രാഹുൽ വിജയിക്കുന്നതോടെ ഒന്നുകിൽ വയനാടോ അല്ലെങ്കിൽ റായ്ബറേലിയോ രാഹുൽ ഒഴിയേണ്ടി വരും. ഒരു ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കാം എന്നതിനപ്പുറത്ത് ഈ കളികൊണ്ട് രാഹുലിനോ കോൺഗ്രസിനോ മറ്റെന്തെങ്കിലും നേട്ടമുണ്ടാകും എന്ന് തോന്നുന്നില്ല.

2019-ൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടപ്പോൾ രാഹുൽ ഗാന്ധി എടുത്ത തീരുമാനം കോൺഗ്രസിന്റെ തലവര മാറ്റാൻ പോരുന്നതായിരുന്നു. തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെയ്ക്കാൻ മാത്രമായിരുന്നില്ല രാഹുലിന്റെ തീരുമാനം. ഇനിയങ്ങോട്ട് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്നും ഒരാൾ വരരുതെന്നും രാഹുൽ നിലപാടെടുത്തു. അതൊരു ചരിത്ര മുഹൂർത്തമായിരുന്നു. പരാജയം മറ്റൊരാളുടെ തലയിൽ കെട്ടിവെയ്ക്കാതെ സ്വയം ഏറ്റെടുക്കുന്ന യഥാർത്ഥ നേതാവായി രാഹുൽ ഗാന്ധി പരിണമിക്കുന്ന ഗംഭീര കാഴ്ചയായിരുന്നു അത്. 

പക്ഷേ, സോണിയ ഗാന്ധിയും അവരുടെ കൂടെയുള്ള ഉപജാപക വൃന്ദവും രാഹുലിന്റെ അജണ്ട ലക്ഷ്യം കാണുന്നില്ലെന്ന് ഉറപ്പു വരുത്തി. അന്ന് ശശി തരൂരിനെപ്പോലുള്ളവരെ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നിരുന്നെങ്കിൽ ബി.ജെ.പിയുടെ അജണ്ടകൾ അവിടെ ആ നിമിഷം പൊളിയുമായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല ഒടുവിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോൾ കുടുംബത്തിന്റെ വിശ്വസ്തനായ ഖാർഗെയായിരിക്കും അവിടെ എത്തുന്നതെന്ന് ഹൈക്കമാന്റ് ഉറപ്പു വരുത്തുകയും ചെയ്തു. ബി.ജെ.പിക്കും മോദിക്കുമെതിരെയുള്ള പോരാട്ടത്തിൽ ഒരു പടിയെങ്കിലും മുന്നിൽ കടക്കാൻ കോൺഗ്രസിന് ലഭിച്ച സുവർണ്ണാവസരമാണ് അന്ന് പാഴായത്.

placeholder
നരസിംഹ റാവുവും സോണിയ ഗാന്ധിയും | ഫോട്ടോ: മാതൃഭൂമി

സോണിയയും റാവുവും

കരുണാനിധി തമിഴക മുഖ്യമന്ത്രിയാവുന്നത് 1969-ലാണ്. അതിനും മൂന്നു കൊല്ലം മുമ്പാണ് ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. പിന്നീടിങ്ങോട്ട് കോൺഗ്രസ് എന്നാൽ ഗാന്ധി കുടുംബം എന്നായി. കെ. കാമരാജും കൂട്ടരും ഉയർത്തിയ വെല്ലുവിളി അതിജിവിച്ച് കോൺഗ്രസിൽ അധികാരം ഉറപ്പിച്ച ഇന്ദിര പിന്നീടൊരിക്കലും കുടുംബത്തിന് പുറത്തുനിന്ന് മറ്റൊരു നേതാവ് കോൺഗ്രസിൽ ഉദിച്ചുയരുന്നില്ലെന്ന് ഉറപ്പുവരുത്തി. ഇന്ദിരയുടെയും മകൻ രാജീവിന്റെയും കാലശേഷം 1991-ൽ ഇന്ത്യൻ പ്രധാനമന്ത്രിയായ നരസിംഹ റാവുവാണ് ഈ ചിത്രം തിരുത്താൻ ശ്രമിച്ച ഒരേയൊരു കോൺഗ്രസ് നേതാവ്. ആന്ധ്രയിൽ കരുത്തുറ്റ നേതാവായി വളർന്ന വൈ.എസ്. രാജശേഖർ റെഡ്ഡിയും ഗാന്ധി കുടുംബത്തിന് പുറത്ത് സ്വന്തം അസ്തിത്വം തെളയിച്ച നേതാവായിരുന്നു. പക്ഷേ, ഇവർ രണ്ടു പേരും താൽക്കാലിക പ്രതിഭാസങ്ങളായിരുന്നു. 1998-ൽ സീതാറാം കേസരിയെ പുറത്താക്കി സോണിയ കോൺഗ്രസ് പ്രസിഡന്റായതോടെ കോൺഗ്രസിൽ ഗാന്ധി കുടുംബം പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്നു.

1991-ൽ രാജിവ് ഗാന്ധി ദാരുണമായി വധിക്കപ്പെട്ടപ്പോൾ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സോണിയയിലേക്ക് തിരിഞ്ഞിരുന്നു. പക്ഷേ, സോണിയ രാഷ്ട്രീയപ്രവർത്തനത്തിന് തയ്യാറായിരുന്നില്ല. രാഷ്ട്രീയ വനവാസത്തിലേക്ക് നീങ്ങുകയായിരുന്ന പി.വി. നരസിംഹ റാവു കോൺഗ്രസിന്റെ തലപ്പത്തേക്കും പ്രധാനമന്ത്രി സ്ഥാനത്തേക്കും എത്തുന്നത് അങ്ങിനെയാണ്. 96-ൽ റാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിനെ ജനങ്ങൾ തിരസ്‌കരിച്ചപ്പോൾ സോണിയ വീണ്ടും ശ്രദ്ധാകേന്ദ്രമായി. അപ്പോഴും സോണിയയുടെ പ്രതികരണം നിഷേധാത്മകമായിരുന്നു. രണ്ടു കൊല്ലത്തിനപ്പുറം പക്ഷേ, സോണിയ 'യെസ് ' പറഞ്ഞു. 

എന്തുകൊണ്ടായിരുന്നു ഈ മനംമാറ്റം എന്ന് സോണിയയയോട് പ്രശസ്ത പത്രപ്രവർത്തകൻ വിർ സാങ്വി ഒരിക്കൽ ചോദിച്ചു. ഡൽഹിയിലെ വീട്ടിൽ നെഹ്രുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും ഫോട്ടോകൾ ഇടംപിടിച്ചിട്ടുള്ള പഠനമുറിയിലൂടെ പോകുമ്പോൾ കോൺഗ്രസിനോട് താൻ എന്താണ് ചെയ്യുന്നതെന്ന ചോദ്യം ഉള്ളിന്റെയുള്ളിൽ നിന്നും ഉയർന്നുവരാറുണ്ടായിരുന്നെന്നും ഒരു സന്നിഗ്ദ്ധ ഘട്ടത്തിൽ താൻ പാർട്ടിയെയും പാർട്ടി പ്രവർത്തകരെയും കൈവിടുകയാണോ എന്ന സന്ദേഹം മനസ്സിനെ അസ്വസ്ഥമാക്കിയപ്പോൾ അതിനുള്ള മറുപടിയായാണ്  കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കാൻ തീരുമാനിച്ചതെന്നുമാണ്  സോണിയ സാങ്‌വിയോട് പറഞ്ഞത്.

1997 ഡിസംബറിൽ കൊൽക്കൊത്തയിൽ നടന്ന സമ്മേളനത്തിലാണ് സോണിയ ഗാന്ധി കോൺഗ്രസ് അംഗമായത്. 91-ലെയോ 96-ലെയോ തിരഞ്ഞെടുപ്പുകളിൽ സോണിയ കളത്തിലിറങ്ങിയില്ല. റാവുവിനെ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമാക്കിയത് സോണിയയാണ്. 91-ലെ തിരഞ്ഞെടുപ്പിനു ശേഷം ആരെ പ്രധാനമന്ത്രിയാക്കണമെന്ന് സോണിയ ചോദിച്ചപ്പോൾ ഇന്ദിര ഗാന്ധിയുടെ ഉപദേഷ്ടാവായിരുന്ന പി.എൻ. ഹക്‌സർ ആദ്യം നിർദ്ദേശിച്ചത് അന്ന് ഉപരാഷ്ട്രപതിയായിരുന്ന ശങ്കർദയാൽ ശർമ്മയെ ആണ്. പക്ഷേ, സകലരെയും ഞെട്ടിച്ചുകൊണ്ട് ശർമ്മ ആ ഓഫർ നിരസിച്ചു. അങ്ങിനെയാണ് ഹക്‌സർ  ആന്ധ്രയിൽ നിന്നുള്ള നരസിംഹറാവുവിന്റെ നേർക്ക് വിരൽ ചൂണ്ടിയത്. തുടർന്ന് റാവു പ്രധാനമന്ത്രിയായി, കോൺഗ്രസ് പ്രസിഡന്റായി, മൻമോഹനും ചിദംബരത്തിനുമൊക്കെയൊപ്പം ഉദാരവത്കരണത്തിന്റെ പുതിയ ആകാശത്തിലേക്കും ഭൂമിയിലേക്കും ഇന്ത്യയെ കൊണ്ടുപോയി.

placeholder
രാജീവ് ഗാന്ധിയുടെയും സോണിയയുടെയും കുടുംബചിത്രം

അരക്ഷിതാവസ്ഥയുടെ നിഴൽ

നെഹ്രുവിന്റെ സോഷ്യലിസ്റ്റ് നയങ്ങൾ മാത്രമല്ല റാവു തിരസ്‌കരിച്ചത്. ആത്യന്തികമായി നെഹ്രു കുടുംബത്തിനെതിരെയും റാവു തിരിഞ്ഞു. ടെൻ ജൻപഥിലെ വീട്ടിൽ പോയി സോണിയയെ കണ്ട് സർക്കാർ കാര്യങ്ങൾ വിശദീകരിക്കുന്ന പരിപാടി റാവു ഇടയ്ക്കുവെച്ച് നിർത്തി. പ്രധാനമന്ത്രി വേറെ, നെഹ്രു കുടുംബത്തിന്റെ തലൈവി വേറെ എന്നായി റാവുവിന്റെ ലൈൻ. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടതാണ് റാവുവിന്റെ ഈ പദ്ധതി പൊളിച്ചത്. കൃത്യമായൊരു രാഷ്ട്രീയ ജാഗ്രത അന്ന് റാവു കാണിച്ചിരുന്നെങ്കിൽ ഗാന്ധി കുടുംബത്തിൽ നിന്നുള്ള കോൺഗ്രസിന്റെ വ്യതിയാനം ചിലപ്പോൾ ശാശ്വതമാവുമായിരുന്നു.

1996-ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടാതായതോടെ റാവു കോൺഗ്രസിന് ബാദ്ധ്യതയായി. റാവുവിന് പകരം കേസരി കോൺഗ്രസിന്റെ തലപ്പത്തുവന്നു. ഈ കേസരിയെ ചെവിക്ക് പിടിച്ച് പുറത്താക്കിയാണ് കോൺഗ്രസുകാർ 1998 മാർച്ചിൽ സോണിയയെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നത്. അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ സോണിയ എ.ഐ.സി.സി. ആസ്ഥാനത്തെത്തിയപ്പോൾ കേസരിയെ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നൊക്കെ റിപ്പോർട്ടുകളുണ്ടായിരുന്നു.

2004-ലും 2009-ലും കോൺഗ്രസിന് അധികാരം നേടിക്കൊടുത്തതോടെ സോണിയ കോൺഗ്രസിന്റെ അനിഷേദ്ധ്യ നേതാവായി. പക്ഷേ, ഇന്ദിരയെപ്പോലെ സോണിയയും അരക്ഷിതയായിരുന്നു. ഇന്ദിരയുടെയും രാജിവിന്റെയും മരണം തീർത്ത അരക്ഷിതാവസ്ഥ. പവാറും സംഗ്മയും താരിഖ് അൻവറും നടത്തിയ പാളയത്തിൽ പടയും നരസിംഹ റാവുവിന്റെ കൂറുമാറ്റവും ഈ അരക്ഷിതാവസ്ഥയുടെ ആഴം കൂട്ടി. കുടുംബത്തിൽനിന്ന് തന്നെ പിൻതുടർച്ചയുണ്ടാവണമെന്ന് സോണിയ തിരുമാനിച്ചത് ഈ പരിസരത്തിലായിരിക്കണം. 

നെഹ്രു ജീവിച്ചിരിക്കെയാണ് ഇന്ദിര ഗാന്ധി 1959-ൽ കോൺഗ്രസ് പ്രസിഡന്റാവുന്നത്. പക്ഷേ, അതൊരിക്കലും ഇന്ദിരയെ നെഹ്രുവിന്റെ പിൻഗാമിയാക്കാനുള്ള പദ്ധതിയായിരുന്നില്ല. ശാസ്ത്രിയാണ് നെഹ്രുവിനെ തുടർന്ന് പ്രധാനമന്ത്രിയാവുക എന്നത് കാമരാജ് പദ്ധതിയിലൂടെ വ്യക്തമാവുകയും ചെയ്തു. പക്ഷേ, ഇന്ദിരയും സോണിയയും സഞ്ചരിച്ചത് നെഹ്രുവിന്റെ വഴിയലൂടെയല്ല. സഞ്ജയ് ആയിരിക്കും തന്റെ പിൻഗാമിയെന്ന് ഇന്ദിര നിശ്ചയിച്ചുറപ്പിച്ചിരുന്നു. 1980-ൽ സഞ്ജയ് അകാല മരണത്തിനിടയായിരുന്നില്ലെങ്കിൽ രാജിവ് ഗാന്ധിയുടെ ജീവിതം ഒരു പൈലറ്റിന്റേത് തന്നെയായി തുടരുമായിരുന്നു. മരണമാണ് പലപ്പോഴും ജീവിതങ്ങൾ മാറ്റിമറിക്കുന്നത്. അങ്ങിനെ മാറിമറിഞ്ഞ ഒരു ജിവിതത്തിനുടമയാണ് സോണിയ ഗാന്ധി.

2017-ൽ രാഹുലിനെ പ്രസിഡന്റാക്കിയപ്പോൾ ഇനി ഈ പണിക്ക് താനുണ്ടാവില്ലെന്ന് സോണിയ തീരുമാനിച്ചിരുന്നു. എന്നിട്ടും 2019-ൽ രാഹുൽ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇറങ്ങിപ്പോയപ്പോൾ സോണിയ വീണ്ടും ആ മുൾക്കിരീടം ഏറ്റെടുത്തു. മകനിൽ സോണിയയ്ക്കുള്ള പ്രതീക്ഷകൾ അത്രയേറെ വലുതായിരുന്നു. കറകളില്ലാത്ത പൊതുജീവിതമാണ് രാഹുൽ ഗാന്ധിയുടെ മുഖ്യ സവിശേഷത. ബി.ജെ.പിയും ആർ.എസ്.എസും തലകുത്തി നിന്നിട്ടും ഇതുവരെ കാമ്പുള്ള ഒരാരോപണം പോലും രാഹുലിനെതിരെ ഉയർത്താനായിട്ടില്ല. 

വ്യക്തിജിവിതത്തിലും പൊതുജീവിതത്തിലും ചില ആദർശങ്ങൾ മുറുകെപ്പിടിച്ചു കൊണ്ടുള്ള ജീവിതമാണ് രാഹുലിന്റേത്. ഇന്ത്യൻ അതിർത്തിയിൽ ചൈന നടത്തിയ കയ്യേറ്റങ്ങൾക്കതിരെ മോദി ഭരണകൂടം ഒരക്ഷരം പോലും പറയാത്തത് എന്തുകൊണ്ടാണെന്നത് ഉൾപ്പെടെയുള്ള പ്രസക്തമായ ചോദ്യങ്ങൾ രാഹുൽ നിരന്തരം ചോദിക്കുന്നുണ്ട്. ഇന്ത്യയിലിന്നിപ്പോൾ ഏറ്റവും ശക്തമായ വ്യവസായ ഗ്രൂപ്പെന്ന് നിസ്സംശയം പറയാവുന്ന അദാനി കമ്പനിക്കെതിരെ പരസ്യമായി നിലപാടെടുക്കാൻ കഴിയുന്ന ഒരേയൊരു പ്രമുഖ നേതാവ് രാഹുൽ മാത്രമാണ്. രാഹുൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കൊന്നും തന്നെ മോദിക്കും കൂട്ടർക്കും മറുപടിയില്ലെന്നതാണ് യാഥാർത്ഥ്യം.

രാഹുലിന്റെ ജിവിതത്തിൽ കളങ്കങ്ങളില്ല എന്നതുകൊണ്ടാണ് 'പപ്പു' എന്ന പ്രതിച്ഛായ നിർമ്മാണത്തിലേക്ക് ആർ.എസ്.എസും ബി.ജെ.പിയും തിരിഞ്ഞത്. അതിൽ അവർ വിജയിക്കുകയും ചെയ്തു. മോത്തിലാലിന്റെയും ഗാന്ധിജിയുടെയും ആശിർവ്വാദവും അനുഗ്രഹവുമുണ്ടായിരുന്നെങ്കിലും നെഹ്രു നേതാവായത് സ്വന്തം പ്രതിഭയുടെ പിൻബലത്തിലാണ്. നെഹ്രുവിന്റെ തണലും നിഴലുമുണ്ടായിരുന്നെങ്കിലും ഇന്ദിരയും ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ഥാനമുറപ്പിച്ചത് സ്വന്തം നിലയ്ക്കായിരുന്നു. 

കാമരാജ് അടക്കമുള്ള സിൻഡിക്കറ്റിനെ മറികടന്നാണ് ഇന്ദിര അധികാരം നിലനിർത്തിയതെന്ന് മറക്കാനാവില്ല. തീർത്തും അപ്രതീക്ഷിതമായാണ് രാജിവ് അധികാരത്തിലെത്തിയത്. അധികാരത്തിന് പുറത്ത് വെറും രണ്ട് വർഷം മാത്രമാണ് രാജീവുണ്ടായിരുന്നത്. അപ്പോഴേക്കും ആ ജീവിതം അകാലത്തിൽ പൊലിയുകയും ചെയ്തു. ഗാന്ധി കുടുംബത്തിന്റെ മേൽവിലാസത്തിലാണ് സോണിയയും കോൺഗ്രസിന്റെ തലപ്പത്തെത്തിയതെങ്കിലും റാവുവിനെപ്പോലുള്ള കുശാഗ്ര ബുദ്ധികളെ സോണിയ മറികടന്നത് സ്വയം വെട്ടിത്തുറന്ന വഴികളിലൂടെയാണ്.

പ്രിയങ്കയും രാഹുലും പക്ഷേ, അധികാരത്തിന്റെ സൃഷ്ടികളും ഉപോത്പന്നങ്ങളുമാണ്. ഇന്ത്യയെന്നാൽ ഇന്ദിര എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കാലത്തായിരുന്നു ഇരുവരുടെയും പിറവി. അടിയന്തരാവസ്ഥയും അതിനു ശേഷമുള്ള ഇന്ദിരയുടെ വീഴ്ചയും നന്നേ ചെറിയ പ്രായമായിരുന്നതിനാൽ ഇരുവരേയും കാര്യമായി ബാധിച്ചിരിക്കാനിടയില്ല. പക്ഷേ, ഇന്ദിരയുടെയും രാജീവിന്റെയും കൊലകൾ തീർത്ത അരക്ഷിതാവസ്ഥ ഇരുവരുടെയും വ്യക്തിവികാസത്തെ തീർച്ചയായും അടയാളപ്പെടുത്തിയിട്ടുണ്ടാവും. 

എവിടെയും ഒരു ശത്രു ഒളിഞ്ഞിരിക്കുന്നുണ്ടാവാമെന്ന ചിന്ത ഭീകരമായ അനുഭവമാണ്. സമൂഹമല്ല കുടുംബമാണ് സുരക്ഷിതമെന്ന അവസ്ഥയുണ്ടാവുമ്പോൾ അത് തീർത്തും വ്യത്യസ്തമായ ഒരു പാതയിലൂടെയുള്ള യാത്രയും സഞ്ചാരവുമാവുന്നു. സോണിയ എന്ന മാതൃബിംബത്തിന് ചുറ്റുമായി നീങ്ങുന്ന രണ്ട് ഉപഗ്രഹങ്ങളായിരുന്നു ഇരുവരും. പാർട്ടിയെന്നാൽ കുടുംബവും കുടുംബമെന്നാൽ പാർട്ടിയുമാവുന്ന അവസ്ഥ. ഇതൊരു കെണിയും പ്രലോഭനവുമായിരുന്നു. ഈ കെണിയിൽനിന്നു രാഹുൽ പുറത്തുവരുന്ന കാഴ്ചയാണ് ഇപ്പോൾ ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നത്. ഭാരത് ജോഡൊ യാത്ര ഈ വഴിക്കുള്ള വലിയൊരു മുന്നേറ്റമായിരുന്നു. സംഘപരിവാറുമായി മുഖാമുഖം നിൽക്കുന്ന, അരക്ഷിതാവസ്ഥയുടെ കെണിയിൽനിന്ന് മോചിതനാവുന്ന ഒരു രാഷ്ട്രീയ നേതാവായുള്ള രാഹുലിന്റെ പരിണാമമായിരുന്നു അത്.

placeholder
2018-ൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സീറ്റിലെത്തി ആലിംഗനം ചെയ്യുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി | Photo: PTI

ഉലയുന്ന അസ്തിവാരം

ഇന്ത്യൻ രാഷ്ട്രീയത്തിൽ മിഡിൽ ക്ലാസ്സ് (മദ്ധ്യവർഗ്ഗം) ഒരു ശക്തിയായി മാറുന്നത് ഇതേ കാലയളവിലാണ്. അദമ്യമായ ആഗ്രഹങ്ങളും അഭിലാഷങ്ങളുമാണ് മിഡിൽ ക്ലാസിനെ നിർണ്ണയിക്കുന്നത്. വ്യവസായ ലോകത്ത് അംബാനിയും അദാനിയും ഈ മിഡിൽ ക്ലാസിന്റെ പ്രതിനിധികളാണ്. രാഷ്ട്രീയത്തിൽ അടുത്തിടെ വിജയിച്ചിട്ടുള്ള എല്ലാ നേതാക്കളും ഈ ആഗ്രഹാഭിലാഷങ്ങൾ സ്വയം നെഞ്ചേറ്റിയവരാണ്. മോദിയും മതയും കെജ്‌രിവാളും നവീനും യോഗിയും സ്റ്റാലിനും ജഗൻ മോഹൻ റെഡ്ഡിയും  ഈ മദ്ധ്യവർഗ്ഗത്തിന്റെ പതാകയേന്തുന്നവരാണ്. എന്തിന് കേരളത്തിൽ രണ്ടാംവട്ടം തുടർച്ചയായി അധികാരത്തിലെത്തുന്ന ഇടത് മുഖ്യമന്ത്രിയെന്ന ഖ്യാതിയുള്ള പിണറായി വിജയൻ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയ പദ്ധതികളും മദ്ധ്യവർഗ്ഗത്തിന്റേതാണ്.

ഇന്ത്യയിലെ മദ്ധ്യവർഗ്ഗത്തിന്റെ മുന്നേറ്റം  ആർ.എസ്.എസും ബി.ജെ.പിയും കൃത്യമായി തിരിച്ചറിഞ്ഞു. 2001-ൽ നരേന്ദ്ര ദാമോദർദാസ് മോദിയെ ഗുജറാത്തിലേക്ക് മുഖ്യമന്ത്രിയായി അയക്കുമ്പോൾ ഭാവി ഭാരതത്തിന്റെ തലക്കുറി നാഗ്പൂരിലെ ആർ.എസ്.എസ്. ആസ്ഥാനത്ത് രൂപപ്പെട്ടുകഴിഞ്ഞിരുന്നു. 2 ജി കുംഭകോണം തുറന്നെടുത്തുകൊണ്ട് വിനോദ് റായി നടത്തിയ നീക്കത്തിന് ചുവടുപിടിച്ചാണ് അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ മുന്നേറ്റമുണ്ടാവുന്നത്. ഇന്ത്യയിലെ മദ്ധ്യവർഗ്ഗത്തെ കോൺഗ്രസിനെതിരെ തിരിച്ചുവിട്ട രണ്ട് സംഭവവികാസങ്ങൾ. 

2014-ൽ നാൽപ്പത്തിനാലുകാരനായ രാഹുലും അറുപത്തിനാലുകാരനായ മോദിയും മുഖാമുഖം വന്നപ്പോൾ ഇന്ത്യയിൽ യുവജനങ്ങളിൽ ഭൂരിപക്ഷവും മോദിക്കൊപ്പം അണിനിരന്നത് മോദി ഉയർത്തിക്കാട്ടിയ ഗുജറാത്തിലെ മിഡിൽക്ലാസ് മാജിക്കിൽ ഭ്രമിച്ചിട്ടായിരുന്നു. പക്ഷേ, വികസന മുദ്രാവാക്യം ഒരു മറ മാത്രമായിരുന്നു. ദല്ലാൾ മുതലാളത്തവും ഹിന്ദുത്വയും വികസനത്തിന് പകരമാവുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. എന്തിനുമേതിനും മറുമരുന്നായി പ്രയോഗിക്കാവുന്ന ഹിന്ദുത്വയുടെ പ്രവാചകനും കുലഗുരുവുമായി മോദി പരിണമിച്ചു. തികച്ചും ആസൂത്രിതമായ പരിണാമമായിരുന്നു ഇത്. 

നവ ലിബറൽ സാമ്പത്തിക നയങ്ങൾ വളർത്തിയ വൻകിട ഇന്ത്യൻ കോർപറേറ്റുകൾ ഈ പരിണാമത്തിൽ കൊമ്പും കുഴലുമായി മോദിക്കൊപ്പം നിലയറുപ്പിച്ചു. അധികാരം വിശ്വരൂപമെടുക്കുന്ന കാഴ്ചയായിരുന്നു അത്. പണത്തിന് പണവും ആളിനാളും പ്രത്യയശാസ്ത്രത്തിന് പ്രത്യയശാസ്ത്രവുമായി ആർ.എസ്.എസും ബി.ജെ.പിയും മെജോറിറ്റേറിയൻ ഭരണകൂടത്തിന് അസ്തിവാരം തീർത്തു.

ഇന്നിപ്പോൾ, ഈ അസ്തിവാരം ഒന്നുലയുകയാണെന്നാണ് വടക്കേ ഇന്ത്യയിൽനിന്നു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബി.ജെ.പിക്ക് 370, എൻ.ഡി.എയ്ക്ക് 400 ഐന്നാക്കെയുള്ള മുദ്രാവാക്യങ്ങൾ അപ്രത്യക്ഷമാവാൻ തുടങ്ങിയിരിക്കുന്നു. കാര്യങ്ങൾ കൈവിട്ടുപോവുകയാണെന്ന പരിഭ്രാന്തിയിൽ എന്തു പറയണം എങ്ങനെ പറയണം എന്നറിയാതെ പ്രധാനമന്ത്രി ഉഴലുന്നതും രാജ്യം കണ്ടുകൊണ്ടിരിക്കുന്നു.

തൊഴിലില്ലായ്മയും  വിലക്കയറ്റവും തിരഞ്ഞെടുപ്പിന്റെ മുഖ്യവിഷയങ്ങളായി മാറുകയാണ്. അശരണരും നിരാലംബരുമായ സാധാരണ ഇന്ത്യൻ ജനത രാഷ്ട്രീയമായി പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് യോഗേന്ദ്ര യാദവിനെപ്പോലുള്ളവർ പറയുന്നത്. 1977-നെയും 2004-നെയും ഓർമ്മിപ്പിക്കുന്ന മാറ്റം. ഈ മാറ്റത്തിന്റെ സ്പന്ദനം പിടിച്ചെടുക്കാൻ രാഹുലിനും കോൺഗ്രസിനുമായിട്ടുണ്ടോ എന്ന് ജൂൺ നാലിന് പുറത്തുവരുന്ന ജനവിധി പറയും. ഈ സന്ദിഗ്ദ്ധ ഘട്ടത്തിൽ, റായ്ബറേലി പോലുള്ള കെണികൾ തിരിച്ചറിയാൻ രാഹുലിനാവണം.  

2004-ൽ പ്രധാനമന്ത്രിപദം എന്ന വലിയ പ്രലോഭനം മറികടക്കാൻ സോണിയയ്ക്ക് കഴിഞ്ഞിരുന്നു. ഇതിപ്പോൾ രാഹുലിനും പ്രിയങ്കയ്ക്കും മേൽ അത്തരം സ്വപ്നങ്ങൾ നെയ്യാതിരിക്കാനും സോണിയയ്ക്ക് കഴിയണം. ചെങ്കോട്ടയിൽ ഇന്ത്യൻ പതാക ഉയർത്തുക എന്ന ദൗത്യം കുടുംബത്തിന്റേതല്ലെന്നും പാർട്ടിയുടേതാണെന്നുമുള്ള തിരിച്ചറിവാണത്. ഈ തിരിച്ചറിവാണ് കാലവും ചരിത്രവും ഗാന്ധി കുടുംബത്തിൽനിന്നു പ്രതീക്ഷിക്കുന്നത്. ഇന്ത്യ എന്ന മഹത്തായ ആശയം ഈ അന്തരാള ഘട്ടത്തിൽ കോൺഗ്രസിനെപ്പോലൊരു രാഷ്ട്രീയപ്പാർട്ടിയെ ആവശ്യപ്പെടുന്നുണ്ട്. ഗാന്ധി കുടുംബമില്ലെങ്കിൽ കോൺഗ്രസ് ഇല്ലെന്ന മുദ്രാവാക്യമല്ല കോൺഗ്രസില്ലെങ്കിൽ ഗാന്ധി കുടുംബമില്ലെന്ന മുദ്രാവാക്യമാണ്  പത്താം നമ്പർ ജൻപഥിൽനിന്ന് ഉയരേണ്ടത്. അത്തരമൊരു സർഗ്ഗാത്മക ഇടപെടലായിരിക്കും കോൺഗ്രസിന്റെ ഭാവി നിർണ്ണയിക്കുന്നതും നിർവ്വചിക്കുന്നതും.

വഴിയിൽ കേട്ടത്:  അംബാനിയുടെയും അദാനിയുടെയും കള്ളപ്പണം വാങ്ങിയിട്ടുണ്ടോയെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും വ്യക്തമാക്കണമെന്ന് നരേന്ദ്ര മോദി. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണത്തിന്റെ കഥ കഴിച്ചു എന്നൊക്കെ തട്ടിവിട്ടിരുന്നത് അപ്പോൾ  ചുമ്മാ ഒരു നേരംപോക്കായിരുന്നോ!