രാവിലെ എഴുന്നേറ്റ് കുളിച്ച് കുട്ടപ്പനായി കണ്ണാടിക്ക് മുന്നിൽ നിന്നു. ആദ്യം നോക്കിയത് കഴുത്തിലേക്കാണ്. എവിടെയെങ്കിലും നീലിമ കാണുന്നുണ്ടോ? കഴിഞ്ഞ ദിവസമാണ് സഖാവ് ശിവനോടുപമിച്ചത്. പാപിയോടൊപ്പമുള്ള സഹവാസം ശിവനെയും പാപിയാക്കുമെന്ന് പറഞ്ഞപ്പോൾ ശരിക്കും പേടിച്ചു. പാപമെന്താണെന്നോ പാപി ആരാണെന്നോ ഇതുവരെ ആലോചിച്ചിട്ടില്ല. കുടിച്ചത് കാളകൂടമാണെന്ന് സെക്രട്ടറിയേറ്റ് യോഗത്തിനെത്തിയപ്പോഴാണറിഞ്ഞത്. ആദ്യം കഴുത്തിന് പിടിച്ചത് സഖാവ് തന്നെയാണ്. പിടിത്തമെന്ന് പറഞ്ഞാൽ എന്താരു പിടിത്തമാണ്. വിഷം കണ്ഠത്തിൽ തന്നെ നിന്നു കാണും. കണ്ണാടിയിൽ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. ചെറിയൊരു നീലപ്പാട് തെളിഞ്ഞുവരുന്നുണ്ട്. 

To advertise here,

സിദ്ധാന്തത്തിൽ വിദഗ്ദ്ധനായിരുന്നു ഇ.എം.എസ്. ഏത് സിദ്ധാന്തവും നിമഷനേരങ്ങൾക്കുള്ളിൽ അലകും പിടിയും തിരിച്ചിടും. പ്രയോഗത്തിലായിരുന്നു വി.എസിന്റെ മിടുക്ക്. സിദ്ധാന്തവും പ്രയോഗവും ഒരുപോലെ സമ്മേളിക്കുന്ന ഒരേ ഒരാളേയുള്ളു നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ. ഭൂതവും കാരണവും ഭാവിയും അദ്ദേഹമാണ്. സഖാവ് പിടിച്ചാൽ പിടിച്ചത് തന്നെയാണ്. ഏതു വിഷവും കണ്ഠത്തിനപ്പുറത്തേക്ക് പോവില്ല.

സഖാവ് ജി. സുധാകരൻ പറഞ്ഞത് ഓർമ്മയില്ലേ? ദാ ... ദുർഗന്ധം ഈ മുറി വരെ മാത്രമേയുള്ളു. അതിനപ്പുറത്ത് സാക്ഷാൽ സഖാവിന്റെ മുറിയാണ്. അവിടേക്ക് ഒരു ദുർഗന്ധവും കടക്കില്ല. കടക്ക് പുറത്ത് എന്ന് പറഞ്ഞാൽ കാറ്റ് പോലും അനുസരിച്ചിരിക്കും. വായു, അഗ്നി, ജലം  ഇവയെല്ലാം തന്നെ വിളിപ്പുറത്താണ്. സഖാവ് നിനച്ചാൽ ഇടിമിന്നലെത്തി സിസിടിവി ദൃശ്യങ്ങൾ വേരോടെ പിഴുതെറിയും, അഗ്നി താണഡവമാടും ഏത് പ്രളയവും ഒരു കിറ്റിനുള്ളിൽ ഒതുങ്ങിയൊടുങ്ങും.

ഇ.പി. ജയരാജൻ കണ്ണാടിക്ക് മുന്നിൽ കുറച്ച് നേരം കൂടി നിൽക്കട്ടെ. കണ്ണാടിയോളം വലിയ അദ്ധ്യാപിക വേറെയില്ലെന്നാണ് നാരായാണ ഗുരു പറഞ്ഞത്. അനന്തപുരിയിൽ എ.കെ.ജി. സെന്ററിൽ എത്ര കണ്ണാടികളുണ്ടെന്നറിയില്ല. എന്തായാലും തിങ്കളാഴ്ച ചേർന്ന സി.പി.എം. സെക്രട്ടറിയേറ്റ് യോഗത്തിൽ സഖാവ് എം.വി. ഗോവിന്ദൻ ഒരു കണ്ണാടിയും ആരുടെ നേർക്കും പിടിച്ചില്ല. നാരായണ ഗുരു ജനിച്ച ചെമ്പഴന്തിയിലേക്ക് എ.കെ.ജി. സെന്റിൽനിന്ന് ഏറിയാൽ പന്ത്രണ്ട് കിലോമീറ്റർ ദൂരമേയുള്ളു. പക്ഷേ, ആത്മപരിശോധനയുടെ കാര്യത്തിൽ, കണ്ണാടി മുന്നോട്ടുവെയ്ക്കുന്ന വിപ്ലവത്തിൽ സി.പി.എം. എത്തിനിൽക്കുന്ന ദൂരം എത്രയോ അകലെയാണെന്ന് തിങ്കളാഴ്ച ഇ.പി. ജയരാജൻ വിഷയത്തിൽ പാർട്ടി എടുത്ത നിലപാട് പകൽ പോലെ വ്യക്തമാക്കുന്നുണ്ട്.

placeholder
പ്രകാശ് ജാവഡേക്കർ, ടി.ജി. നന്ദകുമാർ | ഫോട്ടോ: മാതൃഭൂമി

ദല്ലാൾ നന്ദകുമാർ, പ്രകാശ് ജാവഡേക്കർ

ഇ.പിയിലെ പാപി ഇല്ലാതായെന്നും ഇനിയങ്ങോട്ട് ശിവൻ മാത്രമേയുള്ളു എന്നുമാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തിങ്കളാഴ്ച സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ഇ.പി. പാർട്ടി സെക്രട്ടറിയേറ്റിനു മുന്നിൽ പ്രഖ്യാപിച്ചു. ആ ഒരൊറ്റ പ്രഖ്യാപനത്തിന് മുന്നിൽ ഇ.പിയുടെ സമസ്ത അപരാധങ്ങളും വിശാലഹൃദയമുള്ള പാർട്ടി ക്ഷമിച്ചു. പാപവിമോചനത്തിന് സഹായിക്കുന്ന പത്രങ്ങൾ പണ്ട് കത്തോലിക്ക സഭ പുറപ്പെടുവിച്ചിരുന്നു. പണം കൊടുത്ത് പത്രങ്ങൾ വാങ്ങി പാപപരിഹാരം തേടാനാവുമെന്ന സ്്ഥിതി വന്നതോടെ സംഗതി വഷളായി. ഈ അപചയത്തിനെതിരെയാണ് 1517-ൽ ജർമ്മനിയിൽ മതനവീകരണത്തിന്റെ വക്താവായി മാർട്ടിൻ ലൂതർ രംഗത്തെത്തിയത്. കത്തോലിക്ക സഭയെ പിളർത്തുന്നതിൽ ഈ പത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. കത്തോലിക്ക സഭ പിന്നീട് ഈ കലാപരിപാടി നിർത്തിവെച്ചു. സഭ നൂറ്റാണ്ടുകൾക്ക് മുമ്പ് വേണ്ടെന്നുവെച്ച വഴിയിലൂടെയാണ് സി.പി.എം. ഇപ്പോൾ നടക്കുന്നത്.

ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചതല്ല ഇ.പി. ജയരാജനും ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം. ക്രോണി ക്യാപിറ്റലിസത്തിന് ചങ്ങാത്ത മുതലാളിത്തം എന്നതിനേക്കാൾ നല്ല പരിഭാഷ ദല്ലാൾ മുതലാളിത്തമാണെന്ന് പറഞ്ഞത് സംസ്ഥാന വ്യവസായ മന്ത്രിയും പാർട്ടിയുടെ താത്വിക വിശാരദന്മാരിലൊരാളുമായ പി. രാജീവ് ആണ്. ഇടനിലക്കാർ അഥവാ ദല്ലാളന്മാർ ഇന്ത്യൻ രാഷ്ട്രീയത്തിൽ എക്കാലവുമുണ്ടായിരുന്നു. അവതാരങ്ങൾ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇവരെ വിശേഷപ്പിച്ചത്. അവതാരങ്ങളെ സൂക്ഷിക്കണം എന്ന പിണറായി വചനം പക്ഷേ, സി.പി.എമ്മിൽ വെള്ളത്തിൽ വരച്ച വരായായി. 

സ്പ്രിങ്ക്ളർ, സ്വർണ്ണക്കടത്ത്, കെ റെയിൽ, മാസപ്പടി എന്നിങ്ങനെ അവതാരങ്ങൾ പല പല രൂപങ്ങളിൽ വന്നു. ഈ വേഷപ്പകർച്ചകളിൽ ദല്ലാൾ എന്ന് നേർവിളിക്ക് പക്ഷേ, ഒരാളേ യോഗ്യനായുള്ളു. ആ ദേഹമാണ് നന്ദകുമാർ. നന്ദകുമാറുമായി ഇ.പിയുടെ ബന്ധം എന്നാണ് തുടങ്ങിയതെന്നറിയില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇ.പി. കൊച്ചിയിൽ നന്ദകുമാറിന്റെ അമ്മയെ ആദരിച്ചിരുന്നു. എം.വി. ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്രയിൽ അനാരോഗ്യം മൂലം പങ്കെടുക്കാതിരുന്ന ഇ.പിയാണ് കണ്ണൂരിൽനിന്ന് കൊച്ചിയിലെത്തി നന്ദകുമാറിന്റെ അമ്മയെ ആദരിക്കാൻ സമയം കണ്ടെത്തിയത്. ജനകീയ പ്രതിരോധ യാത്രയ്ക്കല്ല നന്ദകുമാറിനാണ് ആദ്യ മുൻഗണനയെന്ന് ഇ.പി. വ്യക്തമാക്കിയത് തെല്ലും ശങ്കയ്ക്കിടയില്ലാതെയാണ്.

പിണറായിയുടെ രണ്ടാം മന്ത്രിസഭയിൽ ഇടം കിട്ടാതെ പോയതും പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ലഭിക്കാതെ പോയതും ഇ.പിയെ നിരശാഭരിതനാക്കിയിട്ടുണ്ടാവാം. പക്ഷേ, ഇതിനുള്ള പ്രതിവിധി ബി.ജെ.പിയിലേക്ക് ചേക്കേറുന്നതാണെന്ന് സി.പി.എമ്മിന്റെ ഏറ്റവും തലമുതിർന്ന നേതാക്കളിലൊരാൾ ചിന്തിച്ചാൽ അത് ചൂണ്ടുന്നത് പാർട്ടിയുടെ ആന്തരിക ബലത്തിലുണ്ടായിട്ടുള്ള അപചയത്തിലേക്കാണ്. ഈ ക്ഷയം ചെറിയൊരു വീഴ്ചയല്ല. അടിസ്ഥാനപരമായി സി.പി.എം. നേരിടുന്ന പ്രത്യയശാസ്ത്ര പ്രതിസന്ധിയാണിത്. 

രാഷ്ട്രം ഇന്നിപ്പോൾ നേരിടുന്ന അടിസ്ഥാന വെല്ലുവിളി വർഗ്ഗീയതയാണെന്ന കാര്യത്തിൽ സി.പി.എമ്മിന് ഒരു തരത്തിലുള്ള സംശയവുമുണ്ടാവാൻ ഇടയില്ല. ഈ വർഗ്ഗീയത ആയുഷ്‌കാല പാട്ടത്തിനെടുത്തിട്ടുണ്ടെന്ന് സി.പി.എം. ഉറച്ചു വിശ്വസിക്കുന്ന ഒരു പാർട്ടിയുമായാണ് ഇ.പി. ജയരാജൻ ചങ്ങാത്തത്തിന് ശ്രമിച്ചതെന്നത് ഒരു രീതിയിലും നിസ്സാരവത്കരിക്കാനാവില്ല. സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം മാത്രമല്ല ഇ.പി. ജയരാജൻ. പാർട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനത്ത് - കേരളത്തിൽ - ഇടത് മുന്നണിയുടെ കൺവീനർ കൂടിയാണ് ഇ.പി. ഈ സ്ഥാനത്തിരുന്നുകൊണ്ടാണ് ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പല മണ്ഡലങ്ങളിലും സി.പി.എമ്മിന്റെ പ്രധാന എതിരാളി ബി.ജെ.പിയാണെന്ന് ഇ.പി. പറഞ്ഞത്. സി.പി.എമ്മിനെയും ഇടത് മുന്നണിയെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയ പ്രസ്താവനയായിരുന്നു അത്. ദല്ലാൾ നന്ദകുമാർ, പ്രകാശ് ജാവഡേക്കർ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ ഇ.പിയുടെ പ്രസ്താവന നിർദോഷവും  നിഷ്‌കളങ്കവുമായിരുന്നുവെന്ന് വിശ്വസിക്കാൻ തലയിൽ ചെറിയ തോതിലെങ്കിലും ആൾതാമസമുള്ളവർക്ക് കഴിയില്ല.

placeholder
സുന്ദരയ്യ

മറക്കരുത് സുന്ദരയ്യയെ

ജയരാജൻ പാപം ചെയ്തുവെന്ന് പറഞ്ഞത് സാക്ഷാൽ പിണറായി വിജയനാണ്. കേരളം ലോക്സഭ തിരഞ്ഞെടുപ്പിനായി പോളിങ് ബൂത്തിലേക്ക് പോയ ഏപ്രിൽ 26-ന് വെള്ളിയാഴ്ചയാണ് പിണറായി പാപിയുടെയും ശിവന്റെയും ഉപമ പറഞ്ഞത്. ഇ.പിക്ക് പൊതുവെയുള്ള ജാഗ്രതക്കുറവിലേക്ക് വിരൽ ചൂണ്ടാനും പിണറായി മറന്നില്ല. പക്ഷേ, സി.പി.എമ്മിന്റെ സെക്രട്ടറിയേറ്റ് യോഗത്തിലേക്കെത്തിയപ്പോഴേക്കും പാപി വീണ്ടും ശിവനായി. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പിയാണെന്ന് നാഴികയ്ക്ക് നാൽപത് വട്ടം ഒച്ചവെയ്ക്കുന്നവർ സ്വന്തം പാളയത്തിൽ ഒരു ട്രോജൻ കുതിരയുണ്ടെന്ന അറിവിൽ ആകെ അങ്കലാപ്പിലായതാണോ കാരണമെന്നറിയില്ല. അതോ പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ഇ.പിയെ തൊട്ടാൽ അഴമിതിയുടെ അസ്ഥികൂടങ്ങൾ ഒന്നൊന്നായി സി.പി.എമ്മിന്റെ അലമാരയിൽനിന്നു പുറത്തേക്ക് വരുമോ?

1975 ഓഗസ്റ്റ് 22-ന് സഖാവ് പി. സുന്ദരയ്യ സി.പി.എം. പോളിറ്റ് ബ്യൂറൊയ്ക്കും കേന്ദ്ര കമ്മിറ്റിക്കും ഒരു കത്തെഴുതി. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു താൻ രാജിവെയ്ക്കുകയാണെന്നായിരുന്നു ആ കത്തിലുണ്ടായിരുന്നത്. രാജിക്കുള്ള ഒന്നാമത്തെ കാരണമായി സുന്ദരയ്യ ചൂണ്ടിക്കാട്ടിയത് അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ജനസംഘത്തിനും ആർ.എസ്.എസിനും ഒപ്പം നിൽക്കാനുള്ള പാർട്ടിയുടെ തീരുമാനമായിരുന്നു. ഇന്ദിരയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള മുന്നണിയിൽ ജനസംഘത്തിനും ആർ.എസ്.എസിനുമൊപ്പം അണിചേരാനുള്ള നീക്കം പാർട്ടിയുടെ അടിസ്ഥാന പ്രമാണങ്ങൾക്കെതിരാണെന്നായിരുന്നു സുന്ദരയ്യയുടെ നിലപാട്. 

പാർട്ടി സുന്ദരയ്യയുടെ നിലപാട് തള്ളി. ഗാന്ധി വധത്തിന്റെ നിഴലിലായിരുന്ന ആർ.എസ്.എസിനെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് ജെ.പിയുടെ ഈ മുന്നണിയാണ്. അവിടെ നിന്നിങ്ങോട്ട് സംഘപരിവാറും ജനസംഘവും പിന്നീട് ബി.ജെ.പിയും ഇന്ത്യൻ ജനാധിപത്യത്തിന്റെ അടരുകളിലേക്ക് നടത്തിയ മുന്നേറ്റം ചരിത്രമാണ്. ഇന്നിപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ സുന്ദരയ്യ എത്രമാത്രം ദീർഘദർശിയായിരുന്നു എന്ന് ഒരു രാഷ്ട്രീയ വിദ്യാർത്ഥി അത്ഭുതം കൂറാതിരിക്കില്ല.

പിണറായി വിജയനുമേൽ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നിഴലുണ്ടെന്ന് പറയുന്നവർ പോലും പിണറായി വർഗ്ഗീയവാദിയാണെന്ന് പറയാനിടയില്ല. ലൗ ജിഹാദ് വെറും കടങ്കഥയാണെന്നും ഇത്തരം പണികൾക്ക് നിൽക്കാതെ പാലാ ബിഷപ് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവരണമെന്നും പറയാൻ പിണറായി മടിച്ചിട്ടില്ല. പ്രവാചകന്റെ മുടിയാണെന്ന് കൊട്ടിഘോഷിച്ചവരോട് ഏത് മുടിയും കത്തിച്ചാൽ കത്തുമെന്നാണ് പിണറായി പറഞ്ഞത്. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി വന്നപ്പോൾ പിണറായി എടുത്ത നിലപാടും വ്യത്യസ്തമായിരുന്നില്ല. ആരെന്തൊക്കെ പറഞ്ഞാലും നവോഥാന മതിലിൽ ഒരു നിലപാടും കാഴ്ചപ്പാടുമുണ്ടായിരുന്നു. ഇതേ പിണറായി വിജയൻ എന്തുകൊണ്ടാവണം ഇ.പി. വിഷയത്തിൽ നടപടി പരസ്യ ശാസനയിൽ ഒതുക്കിയതെന്നത് വലിയൊരു ചോദ്യമാണ്.

placeholder
ചന്ദൻ ബസു | Photo: PTI

ബംഗാളിന്റെ പാഠം

2021 മെയ് രണ്ട് പിണറായി ഒരിക്കലും മറക്കില്ല. തുടർച്ചയായി രണ്ടാം തവണയും ഭരണം നിലനിർത്തിക്കൊണ്ട് സി.പി.എം. ചരിത്രം കുറിച്ച ദിവസം. അന്നു തന്നെ ബംഗാളിൽ സി.പി.എം. മറ്റൊരു ചരിത്രം എഴുതി. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ബംഗാൾ നിയമസഭയിലേക്ക് സി.പി.എമ്മിന് ഒരു സീറ്റ് പോലും കിട്ടാതെ പോയ ചരിത്രം. ബംഗാൾ ഒരു പാഠമാണെന്ന് കഴിഞ്ഞ മാസവും എം.വി. ഗോവിന്ദൻ പറയുന്നുണ്ടായിരുന്നു. 177 സീറ്റുകളിൽ മത്സരിച്ച സി.പി.എമ്മിന് 158 ഇടങ്ങളിലും കെട്ടിവെച്ച കാശുപോലും തിരിച്ചു കിട്ടിയില്ല. 1977 മുതൽ 2011 വരെ തുടർച്ചയായി 34 കൊല്ലം സി.പി.എം. ഭരിച്ച സംസ്ഥാനത്താണ് ഈ പതനമുണ്ടായത്. ജനങ്ങളിൽനിന്ന് അകന്നുപോവുന്ന പാർട്ടി നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് അശോക് മിത്രയെപ്പോലുള്ളവർ ബംഗാളിലെ പാർട്ടിയോട് പലവട്ടം പറഞ്ഞിരുന്നു. പക്ഷേ, ഒരു നടപടിയുമുണ്ടായില്ല.

സുബബ്രത ബസുവിനെ ഇ.പി. ജയരാജൻ ഓർക്കണമെന്നില്ല. പക്ഷേ, സഖാവ് പിണറായി വിജയന് ഓർമ്മയുണ്ടാവും. സി.പി.എമ്മിന് അഖിലേന്ത്യാതലത്തിൽ ഏറ്റവും തലയെടുപ്പുള്ള ഒരു നേതാവ് ആരായിരുന്നുവെന്ന് ചോദിച്ചാൽ ചരിത്ര പുസ്തകങ്ങളൊന്നും തന്നെ തപ്പാതെ പറയാവുന്ന ഉത്തരമാണ് ജ്യോതി ബസു എന്ന പേര്.  നീണ്ട 23 കൊല്ലമാണ് ബസു ബംഗാളിൽ മുഖ്യമന്ത്രിയായിരുന്നത്. ഈ ബസുവിന്റെ മകനാണ് സുബബ്രത. ചന്ദൻ ബസു എന്ന പേരിലാണ് സുബബ്രതയെ കൂടുതലും അറിയുക. ചന്ദൻ ബസുവിനും ഇ.പി. ജയരാജനുമിടയിലുള്ള ഒരു കണ്ണി അഴിമതി ആരോപണങ്ങളാണ്. 

1980-കളിലാണ് ചന്ദൻ ബംഗാളിലെ  വ്യവസായ- കച്ചവട ലോകത്ത് ഉദിച്ചുയരുന്ന താരമായത്. പൊതുവെ വ്യസായങ്ങളൊന്നും പച്ചപിടിക്കാത്ത ബംഗാളിൽ ചന്ദന് വെച്ചടി വെച്ചടി കയറ്റമായിരുന്നു. ഈസ്റ്റേൺ ബിസ്‌കറ്റ്‌സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് (EBCO) എന്ന സംരംഭം ചന്ദൻ തുടങ്ങിയത് 1980-ലാണ്. അധികം താമസിയാതെ ബ്രിട്ടാനിയയ്ക്ക് പിന്നിൽ ബംഗാളിലെ രണ്ടാമത്തെ ഏറ്റവും വലിയ ബിസ്‌കറ്റ് നിർമ്മാണ കമ്പനിയായി ചന്ദന്റെ സംരംഭം. ചന്ദൻ തുടങ്ങിയ ട്രക്കിങ് ഏജൻസിയായ ഈസ്റ്റേൺ ബൾക്ക് കാരിയേഴ്‌സിനും പിന്തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടിസ്‌കൊയുടെയും ബിർളയുടെ കമ്പനിയായ ടെക്‌സമാകൊയുടെയും ഹിന്ദുസ്ഥാൻ ലിവറിന്റെയും ചരക്ക് നീക്കങ്ങൾക്കുള്ള കരാറുകൾ ഈസ്റ്റേൺ ബൾക്കിന് കിട്ടിയതായിരുന്നു വളർച്ചയുടെ മുഖ്യകാരണം.

പാർക്ക് ഹോട്ടൽ ഗ്രൂപ്പ് ഉടമ ജിത് പോളുമായി ചന്ദന് അടുത്ത ബന്ധമായിരുന്നു. കൊൽക്കത്തയിൽ ജിത് പോളിന്റെ കമ്പനിയായ ഫ്‌ളറിസ് സ്വിസ് കൊൺഫക്ഷനേഴ്‌സ് വാടകയ്‌ക്കെടുത്ത ഒരു ഫ്‌ളാറ്റിലേക്ക് താമസം മാറ്റിയപ്പോൾ ചന്ദൻ പറഞ്ഞത് ഇതാണ്: ''ഒരു ഫ്‌ളാറ്റ് അന്വേഷിച്ചപ്പോൾ കൊൽക്കത്തയിൽ എനിക്ക് ഫ്‌ളാറ്റ് തരാൻ ആരും തയ്യാറല്ല. മുഖ്യമന്ത്രിയുടെ മകനെ ഒഴിപ്പിക്കാൻ പ്രയാസമാവും എന്ന ചിന്തയാണ് കാരണം. അപ്പോഴാണ് അങ്കിൾ ജിത്‌പോൾ എന്നെ അദ്ദേഹത്തിന്റെ കമ്പനിയുടെ കൺസൾട്ടന്റാക്കിയത്. ദാ, അങ്ങിനെ ഞാൻ ഈ ഫ്‌ളാറ്റിൽ എത്തിയിരിക്കുന്നു'' (ഇന്ത്യ ടുഡെ, ഡിസംബർ, 1982) 

കൺസൾട്ടന്റ് എന്ന വാക്ക് വായിച്ചപ്പോൾ എവിടെ എന്തെങ്കിലും കത്തിയോ? ഇതേ വാക്കല്ലേ ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ.) എക്‌സാലോജിക്കിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെയും കാര്യത്തിൽ പ്രയോഗിച്ചത്. ദല്ലാൾ നന്ദകുമാറും കൺസൾട്ടന്റാണ്. പാർട്ടികൾക്കിടയിൽ, വ്യവസായ സാരഥികൾക്കിടയിൽ പറന്നു നടക്കുന്ന കൺസൾട്ടന്റ്. ഇ.പിയുടെ കുടുംബത്തിന് ബന്ധമുള്ള വൈദേഹം റിസോർട്ട് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന് ബന്ധമുള്ള നിരാമയ റിട്രീറ്റിലേക്കെത്തുന്നതും ഈ പരിസരത്തിലാണോ എന്ന ചോദ്യവും കാണതിരിക്കാനാവില്ല. 

ദല്ലാൾ മുതലാളിത്തവും വർഗ്ഗീയതയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് ചൂണ്ടിക്കാട്ടുന്നവരിൽ സി.പി.എമ്മിന്റെ സഹയാത്രികനായ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട്നായിക്കുമുണ്ട്. വി.എസ്. മുഖ്യമന്ത്രിയാരിക്കെ സംസ്ഥാന ആസൂത്രണ കമ്മിഷന്റെ ഉപാദ്ധ്യക്ഷനായിരുന്നു പ്രഭാത് പട്നായിക്. പിണറായി മുഖ്യമന്ത്രിയായപ്പോൾ ഉപദേശകയായി എത്തിയത് ഐ.എം.എഫിന്റെ സ്വന്തം സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ് ആയിരുന്നുവെന്നത് യാദൃശ്ചികത ആയിരുന്നോ?

ഇ.പിക്കെതിരെ നടപടി എടുക്കാതെ സെക്രട്ടറിയേറ്റ് യോഗം അവസാനിക്കുമ്പോൾ ബംഗാളിന്റെ പാഠം വീണ്ടും അനാഥമാവുന്നു. ദല്ലാൾ മുതലാളിത്തത്തിനും വർഗ്ഗീയതയ്ക്കും ഒരേ മുഖവും ഒരേ സ്വരവുമാണ്.  അതുകൊണ്ടുതന്നെ ഇ.പിക്ക് പാർട്ടി കൊടുക്കുന്ന സാക്ഷ്യപത്രം ഇ.പിക്ക് മാത്രമുള്ള സമ്മതിപത്രമല്ല. ഇ.പി. രോഗമല്ല, രോഗലക്ഷണമാണ്. ലക്ഷണം അവഗണിക്കുന്നവർ രോഗത്തെയാണ് അവഗണിക്കുന്നത്. സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കാനാവില്ല എന്നതാണ് ഈ അവഗണന കൊണ്ടുണ്ടാവുക. ഇ.പി. ജയരാജൻ ഇടതു മുന്നണിയുടെ കൺവീനറായി തുടരുന്നതിൽ സി.പി.ഐക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് തോന്നുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയം ആവശ്യപ്പെടുന്ന ജാഗ്രതയും കരുതലും സി.പി.ഐക്കിപ്പോൾ അവകാശപ്പെടാനാവുമെന്ന് തോന്നുന്നില്ല. ഇടതുമുന്നണി എന്ന് പറഞ്ഞാൽ അടിസ്ഥാനപരമായി അത് സി.പി.എം. മുന്നണിയാണ്.

അംബദ്കറിന് ശേഷം ദളിത് ചിന്താലോകത്തിന് ഏറ്റവും ശ്രദ്ധേയ സംഭാവന നൽകിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആനന്ദ് തെൽതുംബ്ദെ ആർ.എസ്.എസിനെക്കുറിച്ച് നടത്തുന്ന നിരീക്ഷണം അൽപ ഷാ  'The Incarcerations: Bhima Koregaon and the Search for Democracy in India' എന്ന പുതിയ പുസ്തകത്തിൽ പങ്ക്വെയ്ക്കുന്നുണ്ട്: ''ആർ.എസ്.എസിനെപ്പോലെ ഭീമാകാരമായ മറ്റൊരു സംഘടനയില്ല. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയേക്കാൾ വലിയ സംഘടനയാണത്. ഒട്ടേറെ തലകളുള്ള ഹൈഡ്രയെപ്പോലെയാണത്. അതിന്റെ ഒരു തല അതിവിപ്ലവം പറയുമ്പോൾ മറ്റൊരു തല കടുത്ത വലതുപക്ഷ വാദം ഉന്നയിക്കും. സമൂഹത്തിലെ ഏത് അഭിപ്രായത്തോടും അതിന്റേതായ തലങ്ങളിൽ പ്രതികരിക്കാൻ അതിനാവും. ഹിറ്റ്ലറിനോ മുസ്സോളിനിക്കോ ചെയ്യാനാവാത്ത സംഗതിയാണിത്.'' 

ഇത്തരമൊരു സംഘടനയുമായുള്ള ഏത് തരത്തിലുള്ള ഇടപെടലും ആത്യന്തികമായി സി.പി.എമ്മിനുണ്ടാക്കുന്ന പരിക്കുകൾ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അതിന്റെ അർത്ഥം പാർട്ടി വല്ലാത്തൊരു പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നതെന്നാണ്. കേരളത്തിനും ബംഗാളിനുമിടയിലുള്ള ദൂരം സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം കുറയുകയാണെന്നത് ജനാധിപത്യ വിശ്വാസികൾക്ക് ഒട്ടും തന്നെ ആഹ്ലാദകരമല്ല.

വഴിയിൽ കേട്ടത്: കെ.എസ്.ആർ.ടി.സി. ഡ്രൈവറെ മര്യാദ പഠിപ്പിക്കാൻ കാർ കുറുകെയിട്ട് തിരുവനന്തപുരം മേയറും ബാലുശ്ശേരി എം.എൽ.എയും. മേയറുടെ സ്ഥാനത്ത് കോൺഗ്രസുകാരി ആയിരുന്നെങ്കിൽ കോലാഹലത്തിന്റെ സ്വഭാവം എന്തായിരിക്കും എന്നാലോചിച്ചാൽ ഇന്നത്തെ ദിവസം ജോറായി!