
ഒരു വേനലവധിയ്ക്ക് അമ്മയുടെ വീട്ടിലെത്തിയതാണ് കൊച്ചു സന്ധ്യ. ചൂടു കാരണം ഇടുങ്ങിയ കൊച്ചു തടികൊണ്ടുള്ള അറകളായ മുറികളില്‍ ഉറങ്ങാന്‍ എല്ലാവര്‍ക്കും വലിയ മടി. വീടിന്റെ നാലുചുറ്റും ഉള്ള തിണ്ണകളില്‍ പായുമായി ഇടം പിടിയ്ക്കുകയാണ് കിടക്കാന്‍, ഓരോരുത്തരായി. 'എന്തൊരാവി' എന്നു പറഞ്ഞു കൊണ്ട് വലിയമ്മൂമ്മ വരാന്തയില്‍ തൂണുംചാരി കാലുനീട്ടിയിരുന്ന് ഒരു വീശ്വാള (വീശു പാള) എടുത്തു സ്വയം വീശിക്കൊണ്ടിരിക്കുന്നു. മോള്‍ വലിയമ്മൂമ്മയുടെ കയ്യില്‍ നിന്നും 'വീശ്വാള' വാങ്ങി. എന്നിട്ട് എഴുന്നേറ്റ് നിന്ന് ആഞ്ഞു വീശി. 'ഇപ്പഴാവി പോയോ വല്യമ്മൂമ്മേ?' 'പോയി മോളെ, പോയി. ആഹാ നല്ല കാറ്റ്'.
കുട്ടികളോരോരുത്തരായി വന്ന് വല്യൂമ്മൂമ്മയെ വീശാനായി വീശു പാള മാറി മാറി വാങ്ങി വീശി. വല്യമ്മൂമ്മയുടെ വേഷമാകട്ടെ ഒരു മുണ്ടു മാത്രമാണ്. മാറിലാകെ ഒരു തോര്‍ത്താണ് ചുറ്റുക. അതും ഉഷ്ണം കാരണമില്ലിപ്പോള്‍. ഞങ്ങള്‍ കൊച്ചുകുട്ടികളും മിക്കവാറും 'നിക്കര്‍' വേഷധാരികളാണ്. നേരം വെളുക്കുവോളം ഒരു കാറ്റും വീശിയില്ല എന്ന് പരിതപിച്ചുകൊണ്ട് വലിയമ്മാവന്‍ ഒരു തോര്‍ത്ത് മാത്രമുടുത്തു കൊണ്ട് മുറ്റത്തു ചാരുകസേരലയിലിരിക്കുന്നതാണ് രാവിലെ ആദ്യം കണികണ്ടത്. കിഴക്കു വശത്ത് കിണറിനരികില്‍ ഒരു ചെറിയ ആള്‍ക്കൂട്ടം തന്നെയുണ്ട്. മലമുകളിലും മറ്റുമുള്ള വീടുകളില്‍ കിണറുകളൊക്കെ വറ്റിപ്പോയത്രേ. വെള്ളമെടുക്കാനായി മലയിറങ്ങി വന്നിരിക്കയാണ്. വേനലിന്റെ കടുപ്പത്തെക്കുറിച്ച് മാത്രമാണ് പ്രധാന സംസാരം. അതിനിടെ ചില വീടുകളിലൊക്കെ അഞ്ചാംപനി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു.
ചെങ്കല്‍ നിറമുള്ള ലില്ലിപ്പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്ന ഇടവഴിയിലൂടെ ഓരോരുത്തരായി വെള്ളക്കുടങ്ങളും ചുമന്നുകൊണ്ടുനീങ്ങുന്നു. തോട്ടിലെ 'ഓലി'യില്‍ പോലും വെള്ളം കിട്ടാത്ത അവസ്ഥയെക്കുറിച്ചാണ് ചിലരുടെ സംസാരം. വറ്റിയ തോട്ടിലെ ചരലു കുഴിച്ചുകുഴിച്ചു ഉണ്ടാക്കിയ ഓലിയില്‍ നിന്ന് ചരുവത്തില്‍ വെള്ളം കോരിയാണ് ഇപ്പോള്‍ കുളി. നിറഞ്ഞു കിടക്കുന്ന ഒഴുക്കുള്ള വെള്ളത്തില്‍ കുളിച്ചിരുന്നതൊക്കെ സുഖമുള്ള ഓര്‍മ്മ മാത്രം. പച്ചപ്പെല്ലാം കരിഞ്ഞ് തൊടിയൊക്കെ ചാരനിറമുള്ള ഇലകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. അതിനിടയില്‍ ചിലയ്ക്കുന്ന കരിയിലപ്പിടകളും കാക്കകളും മാടത്തകളുമെല്ലാം കിണറ്റിന്‍ കരയിലെ ചെമ്പില്‍ വെച്ചിരിക്കുന്ന വെള്ളത്തില്‍ കുളിക്കാനും വെള്ളം കുടിക്കാനുമായി ഊഴം വെച്ചെത്തുന്നതു കാണാം. കുളിക്കാനായി ഇത്തിരിയെങ്കിലും തണുപ്പുള്ള റബര്‍ തോട്ടത്തിലാണ് കുട്ടികളെല്ലാം. ഓടിപ്പിടുത്തവും ഒളിച്ചുകളിയുമൊക്കെ നടത്തുന്നതിനിടെ ചക്കരമാവിന്റെ കൊഴിഞ്ഞു വീഴുന്ന കുഞ്ഞു മാമ്പഴവും പെറുക്കിത്തിന്നും വിശപ്പും ദാഹവുമറിയാതുള്ള കളി.
കൊച്ചു സന്ധ്യയും കൂട്ടുകാരും കളിച്ച് കളിച്ച് അമ്പലപ്പറമ്പിലെത്തി. അയവിറക്കിക്കൊണ്ട് അവിടെ കിടന്നിരുന്ന ഒരു കാളയെ ചൂണ്ടി മുതിര്‍ന്ന ചേട്ടായി പറഞ്ഞു. 'ദേ അത് നമ്മുടെ അമ്പലത്തിലെ ശിവ ഭഗവാന്റെ വാഹനമാണ്. അതായത് നമ്മള്‍ ബസ്സില്‍ കയറിപ്പോകുന്നതു പോലെ ഭഗവാന്‍ ഇതില്‍ക്കയറി രാത്രി നാടുചുറ്റും. അതുകൊണ്ടു കാള തളര്‍ന്നുവന്ന് പകല്‍ വിശ്രമിക്കുന്നതാണ്. അതിനെ ആരും ഉപദ്രവിക്കരുത്, ശിവന്‍ കോപിക്കും. എല്ലാവരും കാളയുടെ അടുത്തെങ്ങും പോകാതെ മാറിക്കിടന്നു കളിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ചേട്ടായിയുടെ അടുത്ത കഥ. 'എല്ലാരും മിണ്ടാതെ കരിയിലയുടെ മോളില്‍ ഒച്ചയുണ്ടാക്കാതെ ഇരുന്നോ'. ചേട്ടായിയുടെ ഒച്ചയും താണു. ഇനി നിങ്ങള്‍ അങ്ങു താഴോട്ടു നോക്കിക്കേ. ചുവന്ന പട്ടുടുത്ത് കയ്യില്‍ വാളുമായി ഒരു രൂപം താഴോട്ടു നടക്കുന്നത് കണ്ടോ? അങ്ങു ദൂരെ ഒരു സ്ത്രീരൂപം നടന്നു നീങ്ങുന്നതു മോളും കണ്ടു. കാലില്‍ ചിലങ്കയും കൈയില്‍ വാളുമൊക്കെ ഒരു പക്ഷേ സങ്കല്പത്തിലൂടെയാകാം, എല്ലാവരും കണ്ടു. 'അതു നമ്മുടെ തുഞ്ചോലിക്കാവി'ലെ ദേവിയമ്മയാണ്. കുരുത്തം കെട്ടവരെയൊക്കെ ദേവിയമ്മ വാളുകൊണ്ടു വെട്ടിക്കളയും. അയ്യോ എന്നു നിലവിളിച്ച ചില കൊച്ചുകുട്ടികളെ ചേട്ടായി ശകാരിച്ചു. പേടിയുള്ള കുട്ടികളെ ദേവിയമ്മയ്ക്കിഷ്ടമല്ല. ചിലപ്പോ നല്ല അടിവച്ചു തരും. സൂക്ഷിച്ചോ. 'വാളു കൊണ്ട് വെട്ടുവോ?' കൊച്ചു സന്ധ്യയുടെ ചോദ്യം. ചേട്ടായി പറഞ്ഞു. 'കുട്ടികളെ വെട്ടില്ല, ദുഷ്ടന്മാരെയാണ് വെട്ടുക' കുട്ടികള്‍ക്ക് ആശ്വാസമായി. നടന്നു മറഞ്ഞ രൂപത്തെക്കുറിച്ച് ഒരുപാട് കഥകളുമായി ഉച്ചനേരം വൈകുന്നേരമായതോടെ കുട്ടികള്‍ വീടുകളിലേക്ക് പിരിഞ്ഞു. ഏറ്റവും കടുത്ത ഒരു വേനല്‍ക്കാലമായിരുന്നു അത്.
ഈ കടുത്ത ചൂടില്‍ പഴയ ചൂടുകാലത്തെ കുറിച്ചുള്ള ചിതറിയ ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നുപോയിരുന്നു. ഇത്രയുമെഴുതുമ്പോഴേയ്ക്കും എന്റെ മനസ്സിലൂടെ മറ്റൊരു വേനല്‍ ചിത്രം കടന്നുവന്നു. രാജസ്ഥാനിലെ പിലാനിയിലേക്ക് എന്റെ പി.എച്ച്.ഡി. പഠനവുമായി ബന്ധപ്പെട്ട് ഒരു ഏപ്രിലില്‍ നടത്തിയ യാത്ര. ഇടയ്ക്കിടെ ചില മുള്‍വൃക്ഷങ്ങള്‍ മാത്രം ഉയര്‍ന്നു നില്‍ക്കുന്ന നീണ്ടുപരന്നു കിടക്കുന്ന പാടങ്ങള്‍. കറ്റകള്‍ കൊയ്തു മാറ്റിയ പാടങ്ങളിലൂടെ വീശിയടിക്കുന്ന ഉഷ്ണക്കാറ്റ്. ഡല്‍ഹി ഇന്റര്‍സ്റ്റേറ്റ് ബസ് ടെര്‍മിനലില്‍ നിന്ന് ബസില്‍ കയറുമ്പോള്‍ നല്ലൊരു ഇരിപ്പിടം തന്നെ കിട്ടിയിരുന്നു. ബസ് നഗരമൊക്കെ പിന്നിട്ട് ഗ്രാമങ്ങളിലേക്ക് കടന്നപ്പോഴേയ്ക്കും ബസില്‍ കൂടുതല്‍ കൂടുതലായി ആളുകള്‍ കയറിത്തുടങ്ങി. ഏതോ രാജസ്ഥാനി നാടോടി ഗാനങ്ങള്‍ ബസിലെ സ്പീക്കറിലും ഉച്ചത്തില്‍ കേട്ടുതുടങ്ങി. ബസ്സിലെ ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പാട്ടിന്റെ വോള്യം കൂട്ടിക്കൊണ്ടിരുന്നതെന്തിനാണാവോ! തിളയ്ക്കുന്ന ചൂടില്‍ ഉരുകിയൊലിക്കുന്ന യാത്രക്കാരുടെ വര്‍ത്തമാനത്തിന്റെ ഒച്ച ഡ്രൈവര്‍ പാട്ടിന്റെ വോള്യം കൂട്ടുന്നതിനനുസരിച്ച് കൂടിക്കൊണ്ടിരുന്നു. അതിനിടെ ബസ് നിര്‍ത്തിയപ്പോള്‍ ഒരു കുട്ട നിറയെ ഏതോ പക്ഷിക്കുഞ്ഞുങ്ങളുമായി കൈയിലാകെ പച്ചകുത്തിയ ബ്ലൗസിടാതെ സാരി കൊണ്ട് ദേഹം മറച്ച ഒരു സ്ത്രീ കയറി. അവര്‍ ഒരു വിധത്തില്‍ ഇരിക്കാൻ ഒരു സീറ്റ് തരപ്പെടുത്തി. നിലവിലുള്ള ഒച്ചകള്‍ക്കൊപ്പം 'കീയോം കീയോം' എന്ന പക്ഷിയൊച്ച കൂടി ചേര്‍ന്നു. വിവിധ ഒച്ചകളുടെ കാര്യം പറഞ്ഞ പോലെ തന്നെ വിവിധതരം വിയര്‍പ്പുകളുടെയും നാടന്‍ ചാരായത്തിന്റെയുമെല്ലാം ഗന്ധം കൂടിക്കലര്‍ന്ന് ബസില്‍ എന്തോ ഒരുതരം അസഹ്യമായ ഗന്ധം പടര്‍ന്നു.
കഴിയുന്നതും പുറത്തുനിന്നു മാത്രം ശ്വാസമെടുക്കാന്‍ ശ്രമിച്ചുകൊണ്ട് ബസിലെ നാടകങ്ങള്‍ ഓരോന്നായി ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ സീറ്റിലിരുന്നു. രണ്ടു വൃദ്ധര്‍ തമ്മില്‍ ഇതിനിടെ വലിയ തര്‍ക്കം ഉടലെടുത്തു. ബസ്സിനുള്ളില്‍ ഒരു അടി അരങ്ങേറുമോ എന്നു സംശയിച്ചു കൊണ്ടിരിക്കേ കണ്ടക്ടര്‍ തര്‍ക്കത്തിലിടപ്പെട്ട് അതിലൊരു വൃദ്ധനെ പുറകിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്റെ അടുത്തിരുന്ന സാമാന്യം വിദ്യാഭ്യാസമുള്ള സ്ത്രീ മൊഴിഞ്ഞു. 'ചൂടു കൂടുന്നതിനനുസരിച്ച് മനുഷ്യന്റെ തലയും ചൂടു പിടിയ്ക്കുന്നു. അവര്‍ക്ക് പെട്ടെന്ന് ദേഷ്യം വരികയും കലഹിക്കുകയും ചെയ്യുന്നു. ആകെ അശാന്തി പടരുന്നു'.
പോലീസില്‍ പൊതുവേ ഒരു വിശ്വാസമുണ്ട്. കൃത്യമായ റിസര്‍ച്ച് ഡേറ്റയൊന്നും കണ്ടിട്ടില്ലെങ്കിലും സംഗതി ശരിയാണെന്നെനിയ്ക്ക് തോന്നിയിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ എണ്ണം (മോഷണം, അത് മഴക്കാലത്താണ് കൂടുതല്‍) അതായത് അക്രമം കൂടുന്നത് വേനല്‍ക്കാലത്താണ്. ഉത്സവങ്ങളിലെ അടിപിടി, രാഷ്ട്രീയ അക്രമം ഇതൊക്കെ ഏറ്റവും കൂടുന്നത് വേനല്‍ക്കാലത്താണ്. താപനില ഉയരുമ്പോള്‍ മനുഷ്യന്റെ മനസ്സാണ് അശാന്തമാകുന്നത്. അതുകൊണ്ട് അക്രമം കൂടുന്നു എന്നതാണാ വിശ്വാസം.
അസാധാരണമായ ചൂടുള്ള ഒരു വേനല്‍ക്കാലത്തിലൂടെ ഇന്നു നമ്മുടെ നാട് കടന്നുപോവുകയാണ്. ചൂടിന്റെ ആഘാതം മൂലം മരണങ്ങള്‍ വരെ നടക്കുന്ന ഒരു അസാധാരണ കാലം. ഇത്തരമൊരു വേനല്‍ മുമ്പ് നമ്മള്‍ കണ്ടിട്ടില്ല. ചൂടു കാറ്റു വീശിയടിക്കുന്ന ഉഷ്ണതരംഗം എന്ന പ്രതിഭാസം കൊടും വേനലിലും കേരളം മുമ്പ് കണ്ടിട്ടില്ല. നമ്മുടെ നാട്ടിലെ ചൂട് 40 ഡിഗ്രി കടക്കുമ്പോള്‍ അതു 43-44 ഡിഗ്രി ചൂടിനു തുല്യമായി നമുക്ക് അനുഭവപ്പെടും. 2023 ആയിരുന്നു കഴിഞ്ഞ 124 വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ ഏറ്റവും ചൂടു കൂടിയ വര്‍ഷം. 2024 അതിനെയും കവച്ചു വെച്ചിരിക്കുകയാണ്. അറബിക്കടലിന്റെ താപനില 1.5 ഡിഗ്രി ഉയര്‍ന്നിരിക്കുകയാണ്. ആ ഉഷ്ണക്കാറ്റ് വീശിയടിക്കുന്നതുകൊണ്ട് തീരദേശത്ത് പൊള്ളുന്ന ചൂടാണ്. മരങ്ങള്‍ വെട്ടിയും മണ്ണിടിച്ചും കോണ്‍ക്രീറ്റ് കാടുകള്‍ നിര്‍മ്മിച്ചും മറ്റു സ്ഥലങ്ങളും ചൂടിനെ 'ട്രാപ്പ്' ചെയ്യുന്ന വിധം മാറിപ്പോയി. കാലാവസ്ഥാ വ്യതിയാനം എങ്ങിനെ നമ്മുടെ ഭൂമിയെ ബാധിക്കും, എങ്ങിനെ ചില ദ്വീപു രാഷ്ട്രങ്ങള്‍ ഭൂപടത്തില്‍ നിന്നു തന്നെ അപ്രത്യക്ഷമാകും എന്നൊക്കെ വാര്‍ത്തകള്‍ വന്നപ്പോള്‍ അതു ലോകത്തിന്റെ ഏതൊക്കെയോ ഭാഗത്ത് സംഭവിക്കാന്‍ പോകുന്ന കാര്യം എന്ന മട്ടില്‍ നമ്മള്‍ നിശ്ശബ്ദരായിരുന്നു.
ജനവാസ മേഖലകളില്‍ വന്യമൃഗങ്ങളിറങ്ങി മനുഷ്യനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയായി മാറിത്തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളായി. എന്നാല്‍ അതൊക്കെ എന്തുകൊണ്ടുണ്ടാകുന്നു എന്നതിന്റെ മൂലകാരണം തേടിപ്പോയി പരിഹരിക്കാന്‍ നാം വിമുഖരായിരുന്നു. പാമ്പുകള്‍ക്ക് മാളവും പറവകള്‍ക്ക് ആകാശവും കാട്ടുമൃഗങ്ങള്‍ക്ക് കാടും സുരക്ഷിതത്വവും ജീവിക്കാനുള്ള ഇടവും നല്‍കിയിരുന്ന കാലം ഇല്ലാതായി എന്ന തിരിച്ചറിവ് നമുക്കിനിയും വന്നിട്ടില്ല എന്നതാണ് വാസ്തവം. കാലാവസ്ഥാമാറ്റം വരുംവര്‍ഷങ്ങളിലും വന്‍ ദുരന്തങ്ങള്‍ കൊണ്ടുവന്നേയ്ക്കാം എന്നിരിക്കെ ദീര്‍ഘകാല പദ്ധതികളും ദീര്‍ഘവീക്ഷണവും നമുക്ക് നമ്മുടെ വിഭവങ്ങള്‍ സമാഹരിക്കുന്നതിലും ഉപയോഗിക്കുന്നതിലുമൊക്കെ വേണ്ടിവരുമെന്ന് സാമാന്യ ജനങ്ങള്‍ക്കും നയരൂപീകരണം നടത്തുന്നവര്‍ക്കും അതു നടപ്പാക്കുന്നവര്‍ക്കുമൊക്കെ ഉണ്ടാവേണ്ടതുണ്ട്. ഇക്കഴിഞ്ഞ ദിവസം മലയോര മേഖലയിലുള്ള ഒരാള്‍ പറഞ്ഞ ഒരു കഥ കേള്‍ക്കാം, ഒരു അമ്മച്ചിയുടെ വീട്ടില്‍ കാട്ടാന വന്നു ശല്യം ചെയ്യുന്നു. അമ്മച്ചിയോട് നമ്മുടെ അദ്ദേഹം പറഞ്ഞു. 'അമ്മച്ചീ, ഈ വീടിനടുത്ത് അക്കേഷ്യക്കാടാണ്. കാട്ടില്‍ വെള്ളവുമില്ല. നല്ല ചക്കപ്പഴമുള്ള പ്ലാവ് കണ്ടാല്‍ കാട്ടാന ഇങ്ങോട്ട് കയറാതിരിയ്ക്കുമോ. അമ്മച്ചിയ്ക്ക് ജീവന്‍ വേണേല്‍ ഈ ചക്കയൊക്കെ വേഗം പറിപ്പിച്ചു കുഴിച്ചു മൂടിക്കോ, ഇല്ലെങ്കില്‍ ആന വരും'. അമ്മച്ചി തിരിച്ചു പറഞ്ഞു. 'മോനെ ചക്ക കളഞ്ഞാല്‍ ഞാനെന്തോന്നു തിന്നും. അതു പറ്റത്തില്ല'. 'ആന ചവിട്ടി മരിയ്ക്കാനാണ് അമ്മച്ചിയ്ക്ക് യോഗമെങ്കില്‍ ഞാനെന്തു പറയാനാ അമ്മച്ചീ'- കഥാകാരന്‍.
കാട്ടാനകള്‍ക്കും വന്യമൃഗങ്ങള്‍ക്കും ഉള്‍ക്കാടുകളില്‍ ജലലഭ്യത ഉറപ്പാക്കാന്‍ തടയണകളും കുളങ്ങളുമൊക്കെ ഉണ്ടാകണം. അവയ്ക്ക് ഭക്ഷണം ലഭിക്കുന്ന സ്വാഭാവിക വനപ്രകൃതി നിലനിറുത്താനായുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളും ഉണ്ടാവണം.
100 MU ല്‍ കൂടുതല്‍ വൈദ്യുതി ഒരു ദിവസം ഉപയോഗിക്കുന്ന നിലയിലേക്ക് കേരളം ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തന്നെ എത്തിയിരുന്നു. എല്‍നിനോ പ്രതിഭാസം മൂലം ഉണ്ടാകുന്ന ആന്റി സൈക്ലോണ്‍ ചില തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ മഴ പെയ്യിക്കുന്നുവെങ്കില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ചൂടു കാറ്റിനെ തളച്ചിടുന്നു. അങ്ങനെയുണ്ടാകുന്ന അമിത ചൂടില്‍ നാടു വെന്തുരുകുമ്പോള്‍ കൂടുതല്‍ വൈദ്യുതി ഉപഭോഗം ഉണ്ടാകുന്നു. വൈകുന്നേരവും രാത്രിയും കഴിയുന്നത്ര വൈദ്യുതി ഉപഭോഗം കുറയ്ക്കാനുള്ള ശ്രമം ഓരോരുത്തരില്‍ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡ് ഓഫീസ് അടിച്ചു തകര്‍ക്കലല്ല പരിഹാരമാര്‍ഗം എന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. വൈദ്യുതി ഉപഭോഗം കുറയ്ക്കാനും ഉല്പാദനം കൂട്ടാനുമുള്ള വഴികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേരളം തേടേണ്ടതുണ്ട്.
മനുഷ്യന്റെ കാല്‍വെയ്പും ഓട്ടവും ഒക്കെ വഴി വൈദ്യുതി ഉണ്ടാക്കാം. മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നുള്ള ബയോ ഗ്യാസില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാം. ഇത്തരം റിസര്‍ച്ചുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. ഇവയൊക്കെ വ്യാവസായികാടിസ്ഥാനത്തില്‍ വികസിപ്പിച്ചു പേറ്റന്റ് നേടാന്‍ നമ്മുടെ നൂറുകണക്കിന് സാങ്കേതിക വിദ്യാലയങ്ങള്‍ക്ക് കഴിയുന്നുണ്ടോ? കാലാവസ്ഥാ വ്യതിയാനം, വിഭവങ്ങളുടെ വിനിയോഗം തുടങ്ങിയ കാര്യങ്ങളില്‍ എത്രയോ ഗവേഷണങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കേണ്ടിയിരിക്കുന്നു. ഭൂമിയെ ജീവിക്കാന്‍ അനുവദിക്കുന്നതിനുതകുന്ന ഗവേഷണങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ മുടക്കി നാം നടത്തുന്ന സര്‍വകലാശാലകളിൽ പ്രാധാന്യം ലഭിക്കേണ്ടേ? കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അതിഭീകരമായ മാറ്റങ്ങളെ ത്വരിതപ്പെടുത്തുന്ന വിധത്തിലുള്ള മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും കൂടിച്ചേരുമ്പോള്‍ നമ്മുടെ മനോഹരഭൂമി വീണക്കമ്പികള്‍ മീട്ടുന്ന നവ താരുണ്യം എന്ന കവി കല്പിച്ച നിത്യത വിട്ട് മരണത്തിലേക്ക് പ്രവേശിക്കുന്നത് നോക്കിക്കണ്ട് നാം നിസ്സംഗരായാല്‍ മതിയോ? വരും തലമുറകള്‍ക്ക് കൈമാറാനായി ഇനിയും മരിക്കാത്ത ഭൂമിയെ ഉപേക്ഷിക്കാന്‍ എന്തു ശ്രമമാണ് ഒരു ജനതയെന്ന നിലയിലും വ്യക്തികളെന്ന നിലയിലും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്?
പാര്‍പ്പിടങ്ങള്‍ ഗ്രീന്‍ ആയി മാറ്റാനുള്ള നയരൂപീകരണം ലോകമെമ്പാടും നടക്കുന്നുണ്ട്. പാര്‍പ്പിട സമുച്ചയങ്ങള്‍ 'ഡികാര്‍ബൈണസ്' ചെയ്യാനുള്ള പല നയങ്ങളും നമുക്ക് സ്വീകരിക്കാം. അവ പ്രോത്സാഹിപ്പിക്കപ്പെടണം. തദ്ദേശത്തു ലഭ്യമായ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഗൃഹനിര്‍മ്മാണം പ്രോത്സാഹിപ്പിക്കപ്പെടണം. പരിസ്ഥിതി ആഘാതം കുറച്ച് പാര്‍പ്പിടം നിര്‍മ്മിക്കാന്‍ നാം പഠിക്കണം, ശ്രമിക്കണം. കാടും കൃഷിയിടവും പരിസ്ഥിതി ആഘാതമേല്‍പ്പിക്കാതെ നയിക്കാനുള്ള മാനേജ്‌മെന്റ് രീതികള്‍ നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. കടലുകള്‍ പ്ലാസ്റ്റിക് സൂപ്പായി മാറിക്കഴിഞ്ഞു. മത്സ്യബന്ധനത്തിന് പരിസ്ഥിതി സൗഹൃദരീതികള്‍ സ്വീകരിക്കാനും കടലിലേക്കും ജലാശയങ്ങളിലേക്കും മാലിന്യം വലിച്ചെറിയുന്നതു തടയുന്നതിനും നമുക്കു കഴിയണം. വിദ്യാഭ്യാസത്തിന്റെ തുടക്കത്തില്‍ തന്നെ കുഞ്ഞുങ്ങളെ പരിസ്ഥിതി സൗഹൃദ രീതികളിലൂടെ ജീവിക്കാന്‍ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. ഇനിയും ഈ ഭൂമിയില്‍ എല്ലാ ജീവജാലങ്ങള്‍ക്കും കുഞ്ഞുങ്ങളുണ്ടാകാനും അവര്‍ക്കൊക്കെ ഈ മനോഹരതീരത്തു സന്തോഷത്തോടെ ജീവിച്ചു മരിക്കാനും.
Content Highlights: retired ips officer b sandhya's childhood memories - sandhyaragam column
Published: 10 May 2024, 10:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented