
2002-ൽ ഗുജറാത്ത് കലാപത്തിനു ശേഷം സെമിനാർ മാസികയിൽ പ്രശസ്ത സാമൂഹ്യ വിമർശകൻ അഷിസ് നന്ദിയുടെ ഒരു ലേഖനം വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള നന്ദിയുടെ പ്രചുരപ്രചാരം നേടിയ നിരീക്ഷണം ഈ ലേഖനത്തിലായിരുന്നു. പത്ത് കൊല്ലം മുമ്പ് 1992-ൽ മോദിയുമായി നടത്തിയ അഭിമുഖം ഓർമ്മിച്ചുകൊണ്ട് നന്ദി ഇങ്ങനെ എഴുതി: ''അന്ന് മോദി ആർ.എസ്.എസിന്റെ ഒരു സാധാരണ പ്രചാരകൻ മാത്രമായിരുന്നു. പല വിഷയങ്ങളിലേക്ക് പടർന്നുകയറിയ, നീണ്ട അഭിമുഖമായിരുന്നു അത്. പക്ഷേ, അഭിമുഖം കഴിഞ്ഞപ്പോൾ എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല എല്ലാ അർത്ഥത്തിലും ഒരു ക്ലാസ്സിക് ഫാസിസ്റ്റിനെയാണ് ഞാൻ കണ്ടതെന്ന്. അളന്നുമുറിച്ച താളത്തിൽ തീർത്തും ശാന്തമായിട്ടാണ് മോദി സംസാരിച്ചത്. ഇന്ത്യയ്ക്കെതിരെ ആഗോളതലത്തിൽ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ചും ഓരോ മുസ്ലിമിലും ഒരു ഭീകരവാദി ഒളിച്ചിരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. അഭിമുഖം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു.'' അഭിമുഖം കഴിഞ്ഞ് പുറത്തുവന്നപ്പോൾ സുഹൃത്തായ അച്ച്യുത് യജ്ഞിക്കിനോട് നന്ദി പറഞ്ഞു: ''ഇതാദ്യമായി ഒരു ഫാസിസ്റ്റുമായി ഞാൻ ഇന്ന് മുഖാമുഖം വന്നു.''
ഇക്കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബെൻസ്വാരയിൽ പ്രധാനമന്ത്രി മോദി നടത്തിയ വിദ്വേഷ പ്രസംഗം കേട്ട് 86 കാരനായ അഷിസ് നന്ദി ചിലപ്പോൾ ഊറിയൂറി ചിരിക്കുന്നുണ്ടാവും. ഗുജറാത്ത് കാലപത്തിൽ ഖേദം പ്രകടിപ്പിച്ചുകൂടേ എന്ന കരൺ താപ്പറിന്റെ ചോദ്യത്തിനു മുന്നിൽ അഭിമുഖം അവസാനിപ്പിച്ച മോദിയെക്കൂടി ഇവിടെ ഓർക്കണം. അന്ന് അഭിമുഖം വേണ്ടെന്നുവെച്ച ശേഷം മോദി കരൺ താപ്പറോട് കയർക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്തില്ല. പകരം കരണിന് നല്ല ഒന്നാന്തരം ചായയും മധുരപലഹാരങ്ങളും കൊടുക്കുകയും ഒരു മണിക്കൂർ കൂടി സൗഹൃദസംഭാഷണം നടത്തുകയുമാണ് മോദി ചെയ്തത്. 2007-ലായിരുന്നു താപ്പറുമായുള്ള അഭിമുഖം. ഇനി ഡൽഹിയിൽ വരുമ്പോൾ നമുക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കണം എന്നു കൂടി പറഞ്ഞാണ് അന്ന് മോദി താപ്പറെ യാത്രയാക്കിയത്. പക്ഷേ, പിന്നീടിങ്ങോട്ട് ഈ നിമിഷം വരെ മോദിയെ നേർക്കുനേർ കാണാൻ താപ്പറിനായിട്ടില്ല. മോദി മാത്രമല്ല, മോദി മന്ത്രിസഭയിലെ ഒരു മന്ത്രി പോലും ഇപ്പോൾ താപ്പറുമായി അഭിമുഖത്തിന് തയ്യാറല്ല എന്നിടത്താണ് മോദിയെക്കുറിച്ചുള്ള നന്ദിയുടെ നിരീക്ഷണത്തിന്റെ അർത്ഥവും പൊരുളും നമ്മൾ അറിയുന്നത്.
ജെ.എം. ലിങ്ദൊ, ആർ.ബി. ശ്രീകുമാർ
മോദിയുടെ ബെൻസ്വാര പ്രസംഗം വർഗ്ഗീയതയുടെ വിഷം ചീറ്റുന്നതാണോയെന്ന ചോദ്യം അപ്രസക്തമാണ്. ഇത്രയും പച്ചയായി വർഗ്ഗീയത പറയാൻ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് എങ്ങിനെ കഴിയുന്നു എന്ന ചോദ്യവും നരേന്ദ്ര മോദിയെ അറിയാവുന്നവർ ചോദിക്കാനിടയില്ല. 2002-ൽ ഗുജറാത്ത് കലാപത്തിന് ശേഷം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി സംസ്ഥാനത്തുടനീളം ഒരു യാത്ര നടത്തി. സ്വാഭിമാന യാത്ര എന്ന് പേരിട്ട യാത്രയുടെ ലക്ഷ്യം ഗുജറാത്തിന്റെ ആത്മവീര്യവും അഭിമാനവും വീണ്ടെടുക്കുകയായിരുന്നു. കലാപത്തിന്റെ പേരിൽ ഗുജറാത്ത് സർക്കാരിനെ വിമർശിക്കുന്നവർ സംസ്ഥാനത്തിന്റെ യശസ്സ് കെടുത്താൻ ലക്ഷ്യമിടുന്നവരാണെന്ന പ്രത്യാരോപണമാണ് മോദി അന്നുയർത്തിയത്. മോദി രാജനീതി പാലിക്കണമെന്നാവശ്യപ്പെട്ട അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കും ഈ ലക്ഷ്യമുണ്ടായിരുന്നുവെന്ന് മോദി കരുതിയിരുന്നുവോ എന്നറിയില്ല.
ആ യാത്രയിൽ മോദി നടത്തിയ ഒരു പരാമർശം വരാനിരിക്കുന്ന വിദ്വേഷ പ്രസംഗങ്ങളുടെ നാന്ദിയായിരുന്നു. ''ഹം പാഞ്ച്, ഹമാരെ പച്ചിസ് ''(നമ്മൾ അഞ്ച്, നമുക്ക് 25) എന്നാണ് മോദി ഉദ്ഘോഷിച്ചത്. മുസ്ലിങ്ങൾ കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നവരാണെന്ന് ബൻസ്വാരയിൽ പറഞ്ഞതിനോട് ചേർന്നുനിൽക്കുന്ന വാക്യം. ഈ പ്രസംഗം അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്തത് അന്ന് ഗുജറാത്തിൽ ഇന്റലിജൻസ് മേധാവിയായിരുന്ന ആർ.ബി. ശ്രീകുമാറാണ്. ഈ റിപ്പോർട്ട് കേന്ദ്രത്തിലേക്ക് അയക്കരുതെന്നാണ് അന്നത്തെ ഗുജറാത്ത് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ആവശ്യപ്പെട്ടതെന്നും എന്നാൽ വർഗ്ഗീയത പരത്തുന്ന പ്രസംഗങ്ങൾ അക്ഷരംപ്രതി റിപ്പോർട്ട് ചെയ്യണമെന്നാണ് പോലിസ് മാനുവലിലുള്ളതെന്നും അതനുസരിക്കാതെ വയ്യെന്നുമാണ് താൻ ഇരുവർക്കും മറുപടി നൽകിയതെന്നും ശ്രീകുമാർ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്.
മോദിയുടെയും ബി.ജെ.പിയുടെയും നോട്ടപ്പുള്ളിയായി ശ്രീകുമാർ മാറുന്നത് അതോടെയാണ്. വർഷങ്ങൾക്ക് ശേഷം 2022 ജൂൺ 25-ന് ശ്രീകുമാറിനെ ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്യുന്നതും ജയിലിലടയ്ക്കുന്നതും ചേർത്ത് വായിക്കണം. എത്രകാലം കഴിഞ്ഞാലും പ്രതികാരം ചെയ്തിരിക്കും എന്നത് മാഫിയകളുടേത് എന്നത് പോലെ തന്നെ ഫാസിസ്റ്റുകളുടെയും രീതിയാണ്.
2002 ഓഗസ്റ്റിൽ അന്നത്തെ ചിഫ് ഇലക്ഷൻ കമ്മീഷണർ ജെ.എം. ലിങ്ദൊയ്ക്കെതിരെ മോദി നടത്തിയ പരമാർശവും മറക്കാനാവില്ല. ഗുജറാത്ത് കലാപത്തിന് ശേഷം 2002 ജൂലായിൽ മോദി സർക്കാർ ഗുജറാത്ത് നിയമസഭ പിരിച്ചുവിട്ടു. ഹിന്ദു-മുസ്ലിം സംഘർഷത്തിൽ നിന്നുള്ള രാഷ്ട്രീയ മുതലെടുപ്പിന് എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തുക എന്നതായിരുന്നു ലക്ഷ്യം. 2002 ഒക്ടോബറിൽ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു മോദിയുടെയും ബി.ജെ.പിയുടെയും ആവശ്യം. എന്നാൽ ഗുജറാത്തിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ജീവിക്കുമ്പോൾ തിരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമാവില്ലെന്നും ലിങ്ദൊ നിലപാടെടുത്തു.
ആർ.ബി. ശ്രീകുമാർ അടക്കമുള്ള ചില സത്യസന്ധരായ പോലിസ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുക്കുകയും ചെയ്തു. ലിങ്ദൊ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് വഡോദരയിൽ നടത്തിയ റാലിയിൽ മോദി ലിങ്ദൊയെ പരിഹസിച്ചത്. മോദിയുടെ പ്രസംഗം ഇങ്ങനെയായിരുന്നു: ''അടുത്തിടെ ചില പത്രക്കാർ എന്നോട് ചോദിച്ചു, 'ജെയിംസ് മൈക്കൽ ലിങ്ദൊ ഇറ്റലിയിൽ നിന്നാണോ വരുന്നത്?,'' (ജെ.എം. ലിങ്ദൊയുടെ മുഴുവൻ പേര് ജെയിംസ് മൈക്കൽ ലിങ്ദൊ എന്നാണെന്നും അദ്ദേഹം ക്രിസ്ത്യാനിയാണെന്നും എത്ര വിദഗ്ദ്ധമായാണ് മോദി ധ്വനിപ്പിക്കുന്നതെന്ന് നോക്കുക.) ''എന്റെ കയ്യിൽ ലിങ്ദൊയുടെ ജനന സർട്ടിഫിക്കറ്റ് ഇല്ലെന്ന് ഞാൻ അവരോട് പറഞ്ഞു. അപ്പോൾ പത്രക്കാർ എന്നോട് ചോദിച്ചു, 'അവർ(ലിങ്ദൊയും സോണിയയും) പള്ളിയിൽ വെച്ച് കാണാറുണ്ടോ?' ചിലപ്പോൾ കാണുന്നുണ്ടാവും,' ഞാൻ പറഞ്ഞു. ന്യായത്തിന്റെയും സത്യത്തിന്റെയും ഭാഗത്തുനിന്ന ഒരു ചീഫ് ഇലക്ഷൻ കമ്മീഷണറെ ഈ വിധത്തിൽ അപഹസിക്കാൻ മടിയില്ലാത്ത അതേ മോദിയെ തന്നെയാണ് ബെൻസ്വാരയിൽ രാജ്യം കണ്ടത്.
2017-ൽ യുപി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലിയിൽ പ്രസംഗിക്കവെ മോദി നടത്തിയ വിദ്വേഷ പ്രസംഗം നോക്കാം. ''ഖബറിസ്താന് ഫണ്ട് കിട്ടുന്നുണ്ടെങ്കിൽ ശ്മശാനത്തിനും ഫണ്ട് കിട്ടണം. ഈദിന് വൈദ്യുതി അനുസ്യൂതമായി കിട്ടുന്നുണ്ടെങ്കിൽ ഹോളിക്കും അതുണ്ടാവണം. ഒരു തരത്തിലുള്ള വിവേചനവും ഇവിടെയുണ്ടാവരുത്.'' വൈദ്യുതി വിതരണത്തിൽ മുസ്ലിം പ്രിണനമുണ്ടെന്ന കെട്ടുകഥകൾ ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു അത്. സത്യാനന്തര കാലത്തിന് ഭരണകൂടം തന്നെ കുട പിടിക്കുന്ന തെമ്മാടിത്തരം.

അശോക് ലവാസയ്ക്ക് സംഭവിച്ചത്
2019-ൽ വാർധയിലും ലാത്തൂരിലും ചിത്രദുർഗ്ഗയിലും നടത്തിയ റാലികളിൽ പ്രധാനമന്ത്രി മോദി നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ ചരിത്രമാണ്. അന്ന് ആ പ്രസംഗങ്ങളുടെ പുറത്ത് നടപടി വേണമെന്ന നിലപാടെടടുത്ത തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയുടെ ബന്ധുക്കൾ ആദായ നികുതി വകുപ്പിന്റെ റെയ്ഡുകൾക്കിരയാവുന്നതാണ് പിന്നീട് കണ്ടത്. ലവാസയുടെ ഭാര്യയും മകനും സഹോദരിയും കേന്ദ്ര ഏജൻസികളുടെ അന്വേഷണവലയത്തിൽ വന്നു. 2020 ഓഗസ്റ്റിൽ ലവാസ തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്നു രാജിവെച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാവാൻ മാസങ്ങൾ മാത്രം അവശേഷിക്കെ ആയിരുന്നു ലവാസയുടെ രാജി. ''സത്യസന്ധതയ്ക്ക് അതിന്റേതായ വില കൊടുത്തേ തീരൂ,'' രാജി വെയ്ക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു ദേശീയ ദിനപ്പത്രത്തിൽ എഴുതിയ ലേഖനത്തിൽ ലവാസ എഴുതി. മാതൃകാ പെരുമാറ്റച്ചട്ടം മോദി ലംഘിച്ചുവെന്നായിരുന്നു ലവാസയുടെ നിലപാട്. ഈ നിലപാടുമായി ബന്ധപ്പെട്ട തന്റെ വിയോജനക്കുറിപ്പ് മോദി കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ ചേർക്കണമെന്ന ലവാസയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പക്ഷേ, പെഗാസസ് ചാര സോഫ്റ്റ്വെയർ നിക്ഷേപിക്കപ്പെട്ട മൊബൈൽ ഫോണുകളിൽ ലവാസയുടെ നമ്പറുമുണ്ടായിരുന്നുവെന്നതും ഈ ഘട്ടത്തിൽ ഓർക്കണം.
അഞ്ച് വർഷം മുമ്പ് 2019 ഡിസംബറിൽ ജാർഖണ്ഡിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ് ഭീകരരെ അവരുടെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന് മോദി പറഞ്ഞത്. സി.എ.എയ്ക്കെതിരെ ഉയർന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ ഈ പരാമർശം ആരെ ഉദ്ദേശിച്ചാണെന്ന് പകൽപോലെ വ്യക്തമായിരുന്നു. പ്രധാനമന്ത്രി തന്നെ മുന്നിൽനിന്ന് വരഗ്ഗീയതയ്ക്ക് പച്ചക്കൊടി വീശുമ്പോൾ അതിന്റെ അനുരണനങ്ങൾ അനുയായികളിലുണ്ടാവുന്നതിൽ അത്ഭുതപ്പെടേണ്ടതുണ്ടോ? 2021 ഡിസംബർ 17-നും 19-നുമിടയിൽ ഹരിദ്വാറിൽ നടന്ന മത സമ്മേളനത്തിൽ (ധരം സൻസദ്) മുസ്ലിങ്ങൾക്കെതിരെ വംശഹത്യയ്ക്കുള്ള ആഹ്വാനം ഉയർന്നത് ഈ പരിസരത്തിലാണ് വിശകലനം ചെയ്യേണ്ടത്. മ്യാൻമറിൽ പട്ടാളം രോഹിംഗ്യകളോട് ചെയ്തത് ഇന്ത്യയിലും ഉണ്ടാവണമെന്നാണ് ഒരു പ്രസംഗകൻ ആവശ്യപ്പെട്ടത്. വീടുകളിൽ വാളുകൾ സൂക്ഷിക്കണമെന്നും 'നുഴഞ്ഞു കയറ്റക്കാരെ' കൊല്ലാൻ ഇതാവശ്യമാണെന്നുമാണ് മറ്റൊരു പ്രസംഗകൻ പറഞ്ഞത്.
2021 സെപ്റ്റംബർ 23-ന് അസമിലെ ദറാങ് ജില്ലയിൽ നടന്ന ഭീകരതയും ഓർക്കാതിരിക്കാനാവില്ല. വലിയൊരു സംഘം പോലിസുകാർ തോക്കുകളുമായി നിരന്നു നിൽക്കുന്നു. ഒരു ചെറുപ്പക്കാരൻ ഒരു വടിയുമായി അവരുടെ നേർക്ക് പാഞ്ഞടുക്കുന്നു. നിസ്സഹായതയുടെ പരകോടിയിലായിരുന്നിരിക്കണം ആ യുവാവ് ഇങ്ങനെയൊരു സാഹസത്തിനൊരുങ്ങിയത്. വല്ലാത്തൊരു ശൂന്യതയ്ക്കു മുന്നിൽ നമ്മളെല്ലാവരും തന്നെ ഇങ്ങനെ പ്രതികരിച്ചേക്കാം. ആ ചെറുപ്പക്കാരന്റെ കയ്യിൽ സ്റ്റെൻ ഗണ്ണോ ബോംബോ ഒരു കത്തിയോ പോലുമുണ്ടായിരുന്നില്ല. ഒരു സംഘം പോലീസുകാർക്ക് വളരെ എളുപ്പത്തിൽ കായികമായി തന്നെ ആ ചെറുപ്പക്കാരനെ കീഴ്‌പ്പെടുത്താമായിരുന്നു. പക്ഷേ, പോലീസുകാർ അയാളുടെ നേർക്ക് വെടിവെച്ചു. കാൽമുട്ടിന് കീഴെയല്ല നെഞ്ചത്തു തന്നെയാണ് ബുള്ളറ്റ് തറച്ചത്.
വെടിയെറ്റു വീണ ആ മനുഷ്യനെ പോലീസുകാർ വളഞ്ഞിട്ട് മർദ്ദിക്കുന്നതും വീഡിയോയിലുണ്ട്. അപ്പോഴാണ് ഫോട്ടോഗ്രാഫറുടെ രംഗപ്രവേശം. കുടിയൊഴിപ്പിക്കലിന്റെ ഫോട്ടോയെടുക്കാൻ പോലീസുകാർ കൊണ്ടുവന്ന ആ ഫോട്ടോഗ്രാഫർ വെടിയേറ്റു വീണ ആ പാവം മനുഷ്യന്റെ നെഞ്ചിൽ ചവിട്ടുന്നു, അട്ടഹസിക്കുന്നു, ഉന്മാദത്തിന്റെ കൊടുമുടിയിലെന്നപോലെ അയാൾ വീണുകിടക്കുന്ന മനുഷ്യനുമേൽ ചാടി മറിയുന്നു. അപ്പോൾ ഒരു പോലീസുകാരൻ വന്ന് അയാളെ പതുക്കെ പിടിച്ചു മാറ്റുന്നുണ്ട്. പക്ഷേ, നിമിഷങ്ങൾക്കുള്ളിൽ ആയാൾ ആ ഫ്രെയിമിലേക്ക് ഒന്നുകൂടി വരുന്നു. ഒരിക്കൽ കൂടി ആ പാവം മനുഷ്യനോട് ചെയ്യാവുന്നതെല്ലാം ചെയ്യുന്നു. വീണുകിടക്കുന്നയാൾ ബോധരഹിതനായതാണോ അതോ അയാളിൽനിന്ന് പ്രാണൻ വിട്ടുപോയിക്കഴിഞ്ഞിരുന്നുവോ എന്ന് നമുക്കറിയില്ല.
ഈ കാഴ്ചയിൽ ചരിത്രത്തിന്റെ രണ്ട് ഘട്ടങ്ങൾ ഒന്നിക്കുന്നുണ്ടെന്നാണ് ചരിത്രകാരനും സാമൂഹ്യ നിരീക്ഷകനുമായ മുകുൽ കേശവൻ ചൂണ്ടിക്കാട്ടിയത്. ആദ്യത്തേത് ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ഭീകരതയാണ്. മെജോറിറ്റേറിയനിസത്തിൽ അധിഷ്ഠിതമായ ഭീകരത. രണ്ടാമത്തേത് വ്യക്തമാക്കാൻ ടെലഗ്രാഫ് പത്രത്തിൽ കേശവ് എഴുതിയ ലേഖനത്തിൽ നിന്നുള്ള വാക്കുകൾ അതേപടി ഇവിടെ കൊടുക്കുകയാണ്: ''The Photographer knew that stomping on Muslims , dead or alive ,was sanctioned by the Zeitgeist. But he was also performing for the camera in a way that is the signature behaviour of this digital age.'' (മുസ്ലിങ്ങളുടെ മേൽ, അതിപ്പോൾ ജീവനുള്ളവരായാലും മരിച്ചവരായാലും, ചവിട്ടുന്നതിന് ഈ കാലം അനുമതി നൽകുന്നുണ്ടെന്ന് ആ ഫോട്ടോഗ്രാഫർക്ക് അറിയാമായിരുന്നു. അതേസമയം, ഈ ഡിജിറ്റൽ കാലം ആവശ്യപ്പെടുന്നതുപോലെ അയാൾ ക്യാമറയ്ക്ക് വേണ്ടി പ്രകടനം നടത്തുകയുമായിരുന്നു). ഫോട്ടോ എടുക്കാൻ വന്ന ഫോട്ടോഗ്രാഫർ സ്വയം ഫോട്ടോയാവുന്നു. സെൽഫിയുടെ ഈ കാലത്ത് ഒരു ചരിത്രനിമിഷം അയാൾ തന്നിലേക്ക് മാത്രം ആവാഹിക്കുകയാണെന്നാണ് മുകുൽ കേശവൻ നിരീക്ഷിച്ചത്.

നമ്മൾ എന്ന ജനത
ശൂന്യതയിൽനിന്ന് ഉണ്ടാവുന്ന കാഴ്ചയല്ല ഇത്. മൊയ്നുൾ ഹക്ക് എന്ന ചെറുപ്പക്കാരന്റെ ശരീരത്തിനുമേൽ ചവിട്ടിത്തുള്ളിയ ഫോട്ടോഗ്രാഫർ മോദിയും കൂട്ടരും സൃഷ്ടിക്കുന്ന ചരിത്ര പരിസരത്തിന്റെ സൃഷ്ടിയായിരുന്നു. ഹിജാബിന്റെ പേരിൽ മുസ്ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുമ്പോഴും പശുവിറച്ചിയുടെ പേരിൽ മുസ്ലിങ്ങൾ കൊല്ലപ്പെടുമ്പോഴും ഭരണകൂടത്തിന്റെ ഉന്നതങ്ങളിൽ ഉടലെടുക്കുന്ന നിശ്ശബ്ദതകളുടെ പ്രതിഫലനമാണ് അസമിലും ഹരിദ്വാറിലുമുണ്ടായത്.
സമൂഹത്തിന്റെ സ്വത്തുക്കളെടുത്ത് മുസ്ലിങ്ങൾക്ക് വിതരണം ചെയ്യാനാണ് കോൺഗ്രസിന്റെ ശ്രമമെന്നാണ് ബെൻസ്വാരയിൽ മോദി പ്രസംഗിച്ചത്. 2006-ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് നടത്തിയ ഒരു പ്രസംഗം വളച്ചൊടിച്ചുകൊണ്ടായിരുന്നു മോദിയുടെ വിഷം ചീറ്റൽ. സമൂഹം വികസിക്കുമ്പോൾ ആ വികസനത്തിൽ ദളിതരും മുസ്ലിങ്ങളും ഉൾപ്പെടെയുള്ള പിക്കോക്ക വിഭാഗക്കാർക്ക് തുല്യ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നായിരുന്നു മൻമോഹൻ സിങ്ങിന്റെ ഊന്നൽ. ഇതിനെയാണ് കോൺഗ്രസിന്റെ അജണ്ട മുസ്ലിം പ്രീണനമാണെന്ന് പ്രധാനമന്ത്രി വ്യാഖ്യാനിച്ചത്.
മുസ്ലിങ്ങളെ പേരെടുത്തു തന്നെ പറഞ്ഞ് സമൂഹത്തിൽ ചേരിതിരിവുണ്ടാക്കുന്ന കുത്സിത പ്രവൃത്തിയാണിത്. കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പറഞ്ഞിട്ടില്ലാത്ത കാര്യമാണ് പ്രധാനമന്ത്രി പറഞ്ഞതെന്നതും അതീവ ഗൗരവമേറിയ വിഷയമാണ്. കോൺഗ്രസിന്റെ പ്രകടനപത്രിക രഹസ്യരേഖയല്ല. ആർക്കു വേണമെങ്കിലും വായിച്ചുനോക്കാവുന്ന സംഗതിയാണത്. ഇങ്ങനെയൊരു രേഖയിൽ ഇല്ലാത്ത കാര്യം ഉണ്ടെന്നു പറയാൻ, അതായത് കല്ലുവെച്ച നുണ പറയാൻ പ്രധാനമന്ത്രിക്കാവുന്നു എന്നത് ഇന്ത്യൻ ജനാധിപത്യവും ധാർമ്മികതയും നേരിടുന്ന വലിയ വെല്ലുവിളിയാവുന്നു.
ഇക്കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിൽ ജനങ്ങൾക്ക് മുന്നിൽ എടുത്തുകാണിക്കാൻ ഒന്നും തന്നെയില്ലാത്തതുകൊണ്ടാണ് പ്രധാനമന്ത്രി മോദി വർഗ്ഗീയത വീണ്ടും വീണ്ടും ആയുധമാക്കുന്നതെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. പറക്കാല പ്രഭാകർ പറഞ്ഞത്. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനത്തെ ശ്വാസംമുട്ടിക്കുമ്പോൾ വർഗ്ഗീയത എന്ന പരമ്പരാഗത ആയുധം മോദിയും ബി.ജെ.പിയും ചിന്തേരിട്ട് മിനുക്കുകയും മൂർച്ച കൂട്ടുകയും ചെയ്യുന്നു.
മാതൃകാ പെരു മാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണ് മോദി നടത്തിയിരിക്കുന്നത്. മതത്തിന്റെ പേരിൽ ജനങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്നത് ശിക്ഷാർഹമാണെന്നു ജനപ്രാതിനിധ്യ നിയമം വ്യക്തമാക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 153 എ പ്രകാരവും മോദിക്കെതിരേ കേസ് എടുക്കാമെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ആറു കൊല്ലം വരെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽനിന്നും അയോഗ്യനാക്കപ്പെടാൻ സാധ്യതയുള്ള കുറ്റമാണിത്. 1987-ൽ സമാനമായ ഒരു കുറ്റം നടത്തിയതിന് ബാൽ താക്കറെ ശിക്ഷ നേരിട്ടിരുന്നു.
ഇതൊരു വല്ലാത്ത കാലമാണ്. ഈ വിധ്വംസക കാലത്ത് ജനങ്ങളുടെ രക്ഷയ്ക്കെത്തേണ്ട സ്ഥാപനങ്ങൾ മൗനത്തിലാണ്. ബെൻസ്വാര പ്രസംഗത്തെക്കുറിച്ച് ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കമ്മീഷന്റെ നിലവാരം വെച്ച് നോക്കുമ്പോൾ എന്ത് നടപടിയാണ് ഉണ്ടാവുക എന്നത് ആലോചിക്കവുന്നതേയുള്ളൂ.
ടി.എൻ. ശേഷനും ജെ.എം. ലിങ്ദൊയും പഴങ്കഥകളായിരിക്കുന്നു. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി പോലുമില്ലാത്ത ഉദ്യോഗസ്ഥരാണ് ഇപ്പോൾ നമ്മുടെ മുന്നിലുള്ളത്. അതുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പിലെ പോരാട്ടം മോദിയും പ്രതിപക്ഷവും തമ്മിൽ അല്ലെന്നും മോദിയും ജനങ്ങളും തമ്മിലാണെന്നും പറക്കാല പ്രഭാകർ പറയുന്നത്. 'WE, THE PEOPLE' എന്ന് ഭരണഘടന പറയുന്നത് വെറുതെയല്ല. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അസ്തിത്വം തന്നെ വെല്ലുവിളക്കപ്പെടുന്ന സന്നിഗ്ദ്ധഘട്ടങ്ങളിൽ ഇന്ത്യൻ ജനത അവരുടെ കടമ നിറവേറ്റിയതിന്റെ സാക്ഷ്യപത്രമായാരുന്നു 1977-ലേയും 2004-ലേയും തിരഞ്ഞെടുപ്പ് ഫലങ്ങൾ. ഇന്ത്യൻ ജനാധിപത്യവും ഭരണകൂടവും തമ്മിൽ മുഖാമുഖം നിന്ന ആ തിരഞ്ഞെടുപ്പുകളുടെ ഓർമ്മകളാണ് പ്രതീക്ഷയും പ്രകാശവുമായി നമുക്ക് മുന്നിൽ നടക്കുന്നത്!
വഴിയിൽ കേട്ടത്: മാമ്പഴം കഴിച്ച് പ്രമേഹം കൂട്ടി ജാമ്യം സംഘടിപ്പിക്കാൻ അരവിന്ദ കെജ്‌രിവാളിന്റെ ഗൂഢശ്രമമെന്ന് ഇ.ഡി. രാവിലെയും വൈകീട്ടും ഒരു നിവൃത്തിയുണ്ടെങ്കിൽ ഉച്ചയ്ക്കും മാമ്പഴം ഉറപ്പായും കഴിക്കണം. പറമ്പിന്റെ നാലു മൂലയിലും നല്ല ഒന്നാന്തരം മാവൻ തൈകൾ, അതും ഗുജറാത്തിൽനിന്നു രാത്രിക്ക് രാത്രി കടത്തിയത് കുഴിച്ചിടണം. തണ്ടും തടിയും മാത്രമല്ല ഇലയും പൂവും മാങ്ങയും കാവിയാണ് കളറെങ്കിൽ തകർക്കും. ഇ.ഡി. അല്ല ഇ.ഡിയുടെ പ്രപിതാമഹൻ സി.ബി.ഐ. പോലും പിന്നെ വളപ്പിലേക്ക് കയറും മുമ്പ് രണ്ടു വട്ടം ആലോചിക്കും. ഈ കാലത്ത് എന്തിനെങ്കിലും ഒരു ഗാരന്റിയുണ്ടെങ്കിൽ അത് മാമ്പഴത്തിന് മാത്രമാവുന്നു.
Content Highlights: How can the Prime Minister of the country say against Muslims so blatantly | Vazhipokkan
Published: 26 Apr 2024, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented