നാളെ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലെത്തിയേക്കാവുന്ന ഒരു നേതാവാണ് താങ്കള്‍. ഒരു ജനതയേയും സമൂഹത്തേയും നിരാശപ്പെടുത്തിയ നേതാവ് എന്ന് കാലവും ചരിത്രവും താങ്കളെ അടയാളപ്പെടുത്താതിരിക്കട്ടെ!

To advertise here,

ബലാത്സംഗം തമാശയല്ല. മനുഷ്യര്‍ മനുഷ്യരോട് ചെയ്യുന്ന ഏറ്റവും അധാര്‍മ്മികവും നിഷ്ഠൂരവുമായ കുറ്റകൃത്യങ്ങളില്‍ ഒന്നാണത്. അമേരിക്കയിലൊക്കെ  ചായ കുടിക്കുന്നതു പോലെയാണ് ബലാത്സംഗമെന്ന് മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പറഞ്ഞപ്പോള്‍ മലയാളികള്‍ ചിരിക്കാതിരുന്നത് സംഗതി തീര്‍ത്തും മനുഷ്യത്വ വിരുദ്ധമാണെന്ന് ബോദ്ധ്യമുണ്ടായിരുന്നതുകൊണ്ടാണ്. 

ശുദ്ധനാണ്, നിഷ്‌കളങ്കനാണ്, പറഞ്ഞു പോയതാണ് എന്നൊക്കെയുള്ള ഒരു ന്യായീകരണത്തിനും  ഈ അഭിപ്രായപ്രകടനം തീര്‍ത്ത വാരിക്കുഴിയില്‍നിന്നു നായനാരെ രക്ഷപ്പെടുത്താനായില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം കേരളീയ സമൂഹത്തിന് മൊത്തം അപമാനകരമായി എന്നതാണ് യാഥാര്‍ത്ഥ്യം. കൊവിഡ് സാക്ഷ്യപത്രം വാങ്ങാന്‍ പോയ ഒരു സ്ത്രീയെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തതിനെക്കുറിച്ചുള്ള  ചോദ്യത്തിനുത്തരമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഈ  പ്രതികരണത്തെ ശുദ്ധതെമ്മാടിത്തരം എന്നു മാത്രമേ വിശേഷിപ്പിക്കാനാവുകയുള്ളു.

ചെന്നിത്തലയോട് ചോദ്യം ചോദിച്ച ജേണലിസ്റ്റ് ആരാണെന്നറിയില്ല. ഇത്രയും വഷളായ ഒരു ചോദ്യം അടുത്തകാലത്തെങ്ങും ഒരു വാര്‍ത്താസമ്മേളനത്തിലും കേട്ടിട്ടില്ല. കോണ്‍ഗ്രസുകാരെല്ലാം ഇങ്ങനെ പീഡിപ്പിക്കാന്‍ തുടങ്ങിയാല്‍ നാട്ടിലെ പെണ്ണുങ്ങള്‍ക്ക് ജിവിക്കാന്‍ പറ്റുമോ എന്നായിരുന്നു ചോദ്യം. എന്തര്‍ത്ഥത്തിലായിരുന്നു ഈ ചോദ്യമെന്നറിയില്ല. ഈ ചോദ്യത്തിലെ വൃത്തികേടിനെതിരെ പ്രതികരിക്കുന്നതിനു പകരം ചെന്നിത്തല സ്വയം മറ്റൊരു ചതുപ്പ് തീര്‍ക്കുകയും അതിലേക്ക് തല കുത്തി വീഴുകയും ചെയ്തു. 

ചോദ്യകര്‍ത്താവിനെയും മറുപടി പറഞ്ഞ പ്രതിപക്ഷ നേതാവിനെയും ഒരേ പോലെ കാണുകയാണെന്ന് കരുതരുത്. ചോദ്യം വഷളാണെങ്കില്‍ മറുപടി അറുവഷളാണ്. ചോദ്യം അര്‍ഹിച്ചത് ഈ മറുപടിയേയല്ല. പ്രതിപക്ഷനേതാവ് എന്ന പദവിയിലിരിക്കുമ്പോള്‍ മാത്രമല്ല ഒരു മനുഷ്യനെന്ന നിലയിലും  ഒരിക്കലും ചെയ്യരുതാത്ത തെറ്റു തന്നെയാണ് ചെന്നിത്തലയുടെ ഭാഗത്തു നിന്നുണ്ടായത്.

വാര്‍ത്താസമ്മേളനമെന്നു പറയുന്നത് അത്താഴവിരുന്നല്ല. ചെയ്ത ഗൃഹപാഠങ്ങളൊന്നും തന്നെ ചിലപ്പോള്‍ അവിടെ നമ്മുടെ രക്ഷയ്ക്ക് മതിയായെന്നു വരില്ല. തികഞ്ഞ കരുതലും ജാഗ്രതയുമില്ലെങ്കില്‍ ഏത് വലിയ നേതാവിനും കാലിടറിപ്പോവും. ചെമ്പ് പുറത്തുവരാനും കളിമണ്‍ കാലുകള്‍ അനാവൃതമാവാനും ഒരു നിമിഷം  മതി. അതുകൊണ്ടുതന്നെയാണ് പത്രസമ്മേളനങ്ങളില്‍നിന്ന് പ്രധാനമന്ത്രി മോദി ഓടിപ്പോവുന്നത്. സുപ്രീം ലീഡറെന്ന തന്റെ പ്രതിച്ഛായ ഏതു നിമിഷവും ഒരു പത്രസമ്മേളനത്തില്‍ തകര്‍ന്നു വീണേക്കാം എന്ന നിതാന്തഭയം മോദിയെ വേട്ടയാടുന്നു.

ചെന്നിത്തലയോ പിണറായി വിജയനോ ഉമ്മന്‍ചാണ്ടിയോ ഈ ഗണത്തില്‍ പെട്ടവരല്ല. കേരളത്തില്‍ എടുത്തു പറയാവുന്ന ഒരു നേതാവും പത്രസമ്മേളനങ്ങള്‍ പേടിച്ചിട്ടില്ല. പക്ഷേ, ഉച്ചരിക്കാത്ത വാക്ക് പോലെയല്ല ഉച്ചരിക്കപ്പെട്ട വാക്ക്. കൈയ്യില്‍നിന്നും കവണയില്‍നിന്നുമൊക്കെ പുറത്തേക്കു പോവുന്ന കല്ല് പോലെയാണത്. പുറത്തേക്ക് വരുന്നതോടെ വാക്ക് പറഞ്ഞയാളുടെ കീഴിലല്ലാതാവുന്നു. ഉച്ചരിക്കപ്പെടാത്ത വാക്കിന്റെ ഉടമ നമ്മളാണെങ്കില്‍ ഉച്ചരിക്കപ്പെട്ട വാക്കിന്റെ അടിമയാണ് നമ്മള്‍ എന്ന് പറയേണ്ടിവരുന്നത് ഈ പരിസരത്തിലാണ്.

ചെന്നിത്തല വെറുമൊരു നേതാവല്ല. 1986-ല്‍ മുപ്പതാമത്തെ വയസ്സില്‍ കേരളത്തില്‍ മന്ത്രിയായിരുന്നു ചെന്നിത്തല. അതിനും ഏതാനും വര്‍ഷം മുമ്പാണ് ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി ഇന്ദിരയുടെ അനുഗ്രഹാശ്ശിസ്സുകളോടെ ചെന്നിത്തലയെ രാജീവ് ഗാന്ധി എന്‍.എസ്.യു. പ്രസിഡന്റാക്കിയത്. പലവട്ടം പാര്‍ലമെന്റിലേക്കും കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. കെ.പി.സി.സി. പ്രസിഡന്റും കേരള സംസ്ഥാന ആഭ്യന്തര മന്ത്രിയുമായി. ഇപ്പോള്‍ കേരളത്തിലെ പ്രതിപക്ഷനേതാവും. 

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നു പറയുന്നതുപോലെ തന്നെയാണ് രമേശ് ചെന്നിത്തല കേരളത്തിന്റെ പ്രതിപക്ഷ നേതാവാണ് എന്ന് പറയുന്നത്. ഒരു പാര്‍ട്ടിയുടെ നേതാവ് മാത്രമല്ല ചെന്നിത്തല. ഈ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവാണ്. കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്കു വേണ്ടി സര്‍ക്കാരിനോട് നിരന്തരം പൊരുതേണ്ട നേതാവ്.

രണ്ടു കൊല്ലം മുമ്പ് ചെന്നിത്തല നടത്തിയ ഒരിടപെടല്‍ ഈ ഘട്ടത്തില്‍ പരാമര്‍ശിക്കാതിരിക്കാനാവില്ല. മീശ എന്ന നോവലുമായി ബന്ധപ്പെട്ടുണ്ടായ വിവാദം കത്തിനില്‍ക്കുമ്പോഴായിരുന്നു ആ ഇടപെടല്‍. വിവാദ നോവല്‍  പ്രസിദ്ധീകരിക്കാന്‍ തന്റെ മകന്‍ നടത്തുന്ന പുസ്തക പ്രസിദ്ധീകരണ ശാല തയ്യാറാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. അന്ന് മറ്റൊരു നേതാവും ഇങ്ങനെയൊരു ഇടപെടല്‍ നടത്താനുള്ള ചങ്കൂറ്റം കാണിച്ചിരുന്നില്ല. സംഘപരിവാറിനോട് മൃദുസമീപനമുള്ള നേതാവാണെന്ന ആക്ഷേപം തലയ്ക്കു മുകളില്‍ നില്‍ക്കുമ്പോഴാണ് ചെന്നിത്തല ഇങ്ങനെ പ്രതികരിച്ചത്. മതേതര കേരളത്തിന് ഏറ്റവും അത്യാവശ്യമായ ഒരു ഘട്ടത്തില്‍ ചെന്നിത്തലയുടെ ഈ ഇടപെടല്‍ പകര്‍ന്നു നല്‍കിയ കരുത്തും സാന്ത്വനവും നിസ്സാരമായിരുന്നില്ല.

പറഞ്ഞുവന്നത് ചെന്നിത്തല നേതൃത്വഗുണങ്ങള്‍ പ്രകടപ്പിച്ചിട്ടുള്ള വ്യക്തി തന്നെയാണെന്നാണ്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതു സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തില്‍ ചെന്നിത്തല അമ്പേ  പരാജയമാണെന്ന് പറയാന്‍ കണ്ണും കാതുമില്ലാത്തവര്‍ക്കേ കഴിയൂ. പക്ഷേ, കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പരാമര്‍ശം ഈ നേട്ടങ്ങള്‍ക്കു മീതെ വലിയൊരു കരിനിഴലാണ് തീര്‍ത്തിരിക്കുന്നത്. ഡി.വൈ.എഫ്.ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാനാവുകയുള്ളോ എന്ന ചെന്നിത്തലയുടെ ചോദ്യം ഒരാള്‍ക്കും ന്യായീകരിക്കാനാവുകയില്ല. ഉദ്ദേശിച്ചതല്ല വാക്കുകളിലൂടെ പുറത്തുവന്നതെന്ന ന്യായം ഒരു തരം ഞഞ്ഞാപിഞ്ഞാ വര്‍ത്തമാനമാണ്. അബദ്ധം പറ്റിയാല്‍ വീണിടത്തു കിടന്നുരുണ്ടിട്ട് ഒരു കാര്യവുമില്ല. ചെളി കൂടുതല്‍ ഭാഗത്തേക്ക് പടര്‍ത്താന്‍ മാത്രമേ അതുകൊണ്ടാവുകയുള്ളു.

ബലാത്സംഗവുമായി ബന്ധപ്പെട്ടുയര്‍ത്തുന്ന ഓരോ നിസ്സാരവത്കരണവും മനുഷ്യരാശിയോടുള്ള കുറ്റമാണ്. അധികാരത്തിനെതിരെ സദാസമയം മുഖാമുഖം നില്‍ക്കുന്ന പ്രതിപക്ഷനേതാവില്‍നിന്നാണ് ഈ സമീപനമുണ്ടാവുന്നതെന്നു വരുമ്പോള്‍ കുറ്റത്തിന്റെ ഗൗരവമേറുന്നു. പ്രിയപ്പെട്ട ചെന്നിത്തല, ഈ ചതുപ്പില്‍നിന്ന് കരകയറാന്‍ ഒരു വഴിയേയുള്ളു. പറ്റിപ്പോയ തെറ്റിന് താങ്കള്‍ മാപ്പ് പറയണം.  

ക്ഷമ ചോദിക്കുന്നതുകൊണ്ട് ഒരു മനുഷ്യനും ചെറുതായിട്ടില്ല. നാളെ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയില്‍ എത്തിയേക്കാവുന്ന ഒരു നേതാവാണ് താങ്കള്‍. താങ്കളില്‍നിന്നു കേരളീയ സമൂഹം തീര്‍ച്ചയായും കൂടുതല്‍  ഉത്തരവാദിത്ത ബോധം പ്രതീക്ഷിക്കുന്നുണ്ട്. ഒരു ജനതയേയും സമൂഹത്തേയും നിരാശപ്പെടുത്തിയ നേതാവ് എന്ന് കാലവും ചരിത്രവും താങ്കളെ അടയാളപ്പെടുത്താതിരിക്കട്ടെ!

വഴിയില്‍ കേട്ടത്: യാത്രക്കാര്‍ കുറവായതുകൊണ്ട് ജനശതാബ്ദിയും വേണാടും നിര്‍ത്താലക്കുന്നു. ഈ കൊവിഡ് കാലത്ത് യാത്രക്കാരില്ലെന്നു പറഞ്ഞ് തീവണ്ടികള്‍ നിര്‍ത്തുന്നവരോട്  ചോദിക്കാനും പറയാനും പറ്റുന്നില്ലെങ്കില്‍ പിന്നെ നമ്മുടെ രാഷ്ട്രീയനേതാക്കള്‍ കുപ്പായം അഴിച്ചുവെച്ച് കാശിക്ക് പോവുന്നതായിരിക്കും നല്ലത്.

Content Highlights: Ramesh Chennithala, own the mistake and say sorry | Vazhipokkan