മലയാളി തന്നെ മലയാളികളെ കുറ്റം പറയുക. അവരങ്ങനെയാണ് ഇങ്ങനെയാണ്. ഇതൊക്കെ കേരളത്തില്‍ മാത്രമേ കാണൂ. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഇതൊക്കെ കാണാം. എന്തേ മലയാളികള്‍ ഇങ്ങനെ. ഈ രീതിയിലെ കുറ്റംപറച്ചിലുകളിപ്പോള്‍ ഇച്ചിരി കൂടിയിട്ടുണ്ട്. അതൊരു ഫാഷന്‍ പോലെയായ സ്ഥിതിയുണ്ട്. മലയാളികളെ വിമര്‍ശിച്ചാല്‍ പെട്ടെന്നൊരു ബുദ്ധിജീവിയായി മാറാന്‍ കഴിയും എന്ന നിലയും സംജാതമായിട്ടുണ്ട്.

To advertise here,

ഞാനിങ്ങനെ മധുരം ജീവിതം എന്ന ഈ പംക്തിയിലേക്കുള്ള ഈ പുതിയ കോളം കമ്പ്യൂട്ടറില്‍ അടിച്ചുകൊണ്ടിരിക്കേ പിന്നില്‍ നിന്നൊരു പുച്ഛച്ചിരി. മോളാണ്. അവളിത് പിന്നില്‍ നിന്ന് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. മലയാളികളെ ഇങ്ങനെ കുറ്റം പറഞ്ഞ് ഏറ്റവും കൂടുതല്‍ എഴുതുന്നത് അച്ഛന്‍ തന്നെ. അവള്‍ പുച്ഛം വെറുംചിരിയില്‍ നിന്ന് നിര്‍ത്തി വാക്ശരങ്ങളായി തന്നെ എയ്തു.

ഞാന്‍ എഴുത്ത് നിര്‍ത്തി. എന്റെ കറങ്ങുന്ന കസേര അവള്‍ക്കഭിമുഖമായി തിരിച്ചു. രൂക്ഷമായി നോക്കി.

എന്നെ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട. അവള്‍ മധുരം ജീവിത്തിന്റെ ചില ഹെഡ്ഡിംഗുകള്‍ തന്നെ ചൂണ്ടിക്കാട്ടി. പേടി കൂടിക്കൂടി ചാകാറായ മലയാളികള്‍... നഷ്ടം വന്നാല്‍ പിന്നെ മലയാളി മലയാളി അല്ലാതാകും ഗ്രേവി മലയാളികളുടെ ഐശ്വര്യം ഐസിയുവില്‍ കിടക്കുമ്പോള്‍ മാത്രം ഐ ലവ് യു പറയുന്ന മല്ലൂസ് നഷ്ടപ്പെടുത്തക എന്നത് ഒളിമ്പിക്‌സ് ആയിരുന്നേല്‍ മല്ലൂസേ അതില്‍ ഗപ്പ് നേടൂ... മകള്‍ ചോദിച്ചു. മതിയോ ഇനിയും വേണോ ഇതൊക്കെ എപ്പോ എന്ന മട്ടില്‍ ഞാന്‍ കണ്ണുമിഴിച്ചു.

സംഗതി ശരിയാണ്. ഞാന്‍ നോട്ടം പിന്‍വലിച്ചു. ചിലരങ്ങനെയാണ് എന്തിലും ഏതിലും കുറ്റം കാണും. നമ്മളെന്തു പറഞ്ഞാലും അവരതിന്റെ നെഗറ്റീവേ കാണൂ. പോസിറ്റീവ് പറയാന്‍ ഒരുപാടു പേരുണ്ടല്ലോ. നെഗറ്റീവ് പറയാന്‍ ഞാനല്ലേ ഉള്ളൂ എന്നതാണ് ഭാവം. മാത്രമല്ല പോസിറ്റീവ് പറയാന്‍ ഏതൊരു പോഴനും പറ്റും. പക്ഷേ നെഗറ്റീവ് പറയാന്‍ തലയില്‍ കുറച്ച് ആള്‍ത്താമസമൊക്കെ വേണമല്ലോ. ഞാന്‍ മോളോട് ഇങ്ങനെയൊക്കെ പറഞ്ഞു തടി തപ്പാന്‍ നോക്കി.

അപ്പോള്‍ അവള്‍ അടുത്ത ആയുധം എടുത്ത് വീശി. അച്ഛന് തൃപ്തിയായില്ലെങ്കില്‍ ഞാന്‍ ചില കമന്റുകള്‍ കൂടി കാണിക്കാം. അവളതും എടുത്തുകണിച്ചു. ദാ ഹരി എന്ന ഒരാള്‍ എഴുതുന്നു. അങ്ങ് ക്രോസ് ബ്രീഡ് ആണോ. മലയാളി അല്ലേ. അതോ മലയാളികളെ കുറ്റം പറഞ്ഞ് ദൈവത്തെ സുഖിപ്പിക്കാനാണോ ഇതൊക്കെ.

മകള്‍ അവളുടെ ടാബ് മടക്കി. മുറിയില്‍ നിന്ന് പോയി. സത്യത്തില്‍ ഇതൊരു സൈക്കിക് പ്രോബ്‌ളം ആണ്. നമ്മള്‍ നമ്മുടെ കൂട്ടത്തിലെ ഒരാളെ വിമര്‍ശിക്കുമ്പോള്‍ നമ്മള്‍ അവരിൽ നിന്നൊക്കെ അതീതനാണ് എന്ന് തോന്നും. എല്ലാവരും മരപ്പാഴ്. എന്നാല്‍ നാം അതില്‍ നിന്നൊക്കെ മുക്തന്‍. കുറ്റപ്പെടുത്തലിന്റെ മനഃശാസ്ത്രമതാണ്. അതുകൊണ്ടാണ് നമ്മള്‍ പരസ്പരം കുറ്റപ്പെടുത്താന്‍ മത്സരിക്കുന്നത്. അത് നമ്മള്‍ മലയാളികള്‍ മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്. മനുഷ്യരെല്ലാം അങ്ങനെതന്നെയാണ്. നമുക്കിത്തിരി കൂടുതലുണ്ടോ എന്ന് സംശയമുണ്ട് എന്നുമാത്രം. മാത്രമല്ല നാം അത് വളരെ സര്‍ഗാത്മകമായി ചെയ്യും. കുറച്ച് തമാശയും കലര്‍ത്തും. ഇത്രയും സജീവമായ ട്രോളന്മാര്‍ ലോകത്ത് വേറെ ഉണ്ടോ എന്നറിയില്ല. കാണാന്‍ വഴിയില്ല. നമ്മുടെ വിമര്‍ശനം പലപ്പോഴും കറികളിലെ കറിവേപ്പില പോലെയാണ്. അതില്ലെങ്കില്‍ രുചിയും മണവും ഉണ്ടാക്കില്ല. പക്ഷേ, രുചിക്കും മണത്തിനും അപ്പുറം കുറ്റപ്പെടുത്തല്‍ സ്വഭാവത്തിനു പിന്നില്‍ ഒരു സൈക്കോളജിയുണ്ട്. അതാകട്ടെ എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതുമാണ്.

  1. ഒരാളെ മാനസികമായി തളര്‍ത്താന്‍ കുറ്റപ്പെടുത്തല്‍ നല്ലൊരു ആയുധമാണ്. അത്തരം ആയുധങ്ങള്‍ക്ക് മേല്‍ നമ്മള്‍ സ്വയം തലവെച്ചുകൊടുക്കരുത്. കുറ്റപ്പെടുത്തല്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ പ്രതിരോധത്തിലാകുന്നു. അതാണ് നമ്മളെ കുറ്റപ്പെടുത്തന്നവര്‍ക്കും വേണ്ടത്.
  2. കുറ്റപ്പെടുത്തി സംസാരിക്കുന്ന ആള്‍ക്ക് സ്വാഭാവികമായും ഒരു സൂപ്പീരിയോറിറ്റി കൈവരും. എല്ലാവരും അയാളെ ശ്രദ്ധിക്കും. അത്തരക്കാര്‍ക്ക് ഇത്തരത്തിലെ കുറ്റപ്പെടുത്തലുകളിലൂടെ സ്വന്തം ബലഹീനതകളെ മറച്ചുവെക്കാന്‍ കഴിയും.
  3. ആത്മപരിശോധനയെക്കാള്‍ എത്രയോ എളുപ്പമാണ് മറ്റുള്ളവരെ കുറ്റം പറയുന്നത്. സ്വയം പരിശോധിക്കലിനേക്കാള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് എളുപ്പമാണ്. ആത്മപരിശോധന നടത്താന്‍ സത്യസന്ധതയും ധൈര്യവുമൊക്കെ വേണം. എന്നാല്‍, മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ ഇതൊന്നും ആവശ്യമില്ല. അത് വാഴയ്ക്ക ചിപ്‌സ് കഴിക്കുന്നതുപോലെയാണ്. പാത്രം താഴെ വെക്കാനേ തോന്നാത്ത വിധം കഴിച്ചുകൊണ്ടേയിരിക്കാന്‍ തോന്നും.

മലയാളിയെ വിമര്‍ശിക്കാനുള്ള അവകാശം ഓരോരുത്തരും സ്വയം ക്വട്ടേഷന്‍ എടുക്കും. മറ്റുള്ളവരെ അതിന് അനുവദിക്കില്ല. നിങ്ങള്‍ നിങ്ങളുടെ സഹോദരനെ ഇഡിയറ്റ് എന്ന് 100 തവണ വിളിക്കും. എന്നാല്‍ മറ്റാരെങ്കിലും അവനെ അങ്ങനെ വിളിച്ചാല്‍ നിങ്ങള്‍ വിളിക്കുന്നവന്റെ പല്ല് അടിച്ചുതാഴെയിടും.

സൈക്കോളജിസ്റ്റുകള്‍ ഇതിനെ പ്രൊജക്ഷന്‍ എന്നു വിളിക്കും. സ്വന്തം ഉള്ളിലെ അനാവശ്യചിന്തകളെ മറ്റുള്ളവരുടെ തലയില്‍ അവരറിയാതെവെക്കുന്ന ഏര്‍പ്പാടിനെയാണ് സൈക്കോളജിയില്‍ പ്രൊജക്ഷന്‍ എന്നുപറയുന്നത്. എന്നാല്‍ സോഷ്യോളജിസ്റ്റുകള്‍ ഇതിനെ സോഷ്യല്‍ കണ്ടീഷനിംഗ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ ചിന്തകള്‍, വിശ്വാസങ്ങള്‍, പെരുമാറ്റരീതികള്‍, ധാരണകള്‍ എന്നിവ അവര്‍ ജീവിക്കുന്ന സമൂഹവും സംസ്‌കാരവും എങ്ങനെ രൂപപ്പെടുത്തുന്നു എന്ന് വിവരിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദമാണ് ഇത്.

എന്നാല്‍ നമ്മുടെ ഈ സ്വഭാവത്തെക്കുറിച്ച് ഒരു മലയാളിയോട് ചോദിച്ചു നോക്കൂ. എന്താ വാര്യരേ നിങ്ങളിങ്ങനെ. ഉത്തരം ഇതായിരിക്കും. അത് നമുക്ക് പാരമ്പര്യമായി കിട്ടിയതല്ലേ. തേങ്ങാച്ചമ്മന്തിയുടെ റെസിപ്പി പോലെ, ഓണാഘോഷം പോലെ...

പല നാട്ടുകാര്‍ ഒത്തുചേരുന്ന ഏതെങ്കിലുമൊക്കെ പരിപാടി കഴിഞ്ഞ് കുടുംബങ്ങള്‍ തിരിച്ചുവരുമ്പോള്‍ അവരുടെ സംസാരം ശ്രദ്ധിച്ചിട്ടുണ്ടോ. ഓ എന്നാലും അവരുടെ ഒരു രീതിയൊക്കെ കണ്ടിട്ട് ഞാന്‍ തന്നെ അങ്ങ് വല്ലാതയിപ്പോയി. എന്താ ഇവരൊക്കെ ഇങ്ങനെ. സദ്യയ്ക്ക് രണ്ടാമതൊരു പപ്പടം ചോദിച്ചിട്ട് കൊടുക്കാത്തതിന് വിളമ്പുകാരനെ തല്ലി പരിപാടി മൊത്തം അലമ്പാക്കിയ വാര്‍ത്ത കണ്ടിട്ട് നമ്മള്‍ പറയും. എന്നാലും ഈ നാട്ടുകാര്‍ മാത്രം എന്താ ഇങ്ങനെ അലമ്പ്.

നമ്മുടെ വീട്ടില്‍ കറിക്ക് ഉപ്പു കൂടിയാല്‍ പാത്രം ഉള്‍പ്പെടെ എടുത്ത് തോട്ടിലേക്ക് എറിയുന്ന ടീംസാ ഈ പറയുന്നത്. മറ്റെല്ലാവരും മോശക്കാര്‍, നമ്മള്‍ മാത്രം നല്ലവര്‍. എന്നൊരു ചിന്തയാണല്ലോ എല്ലാവരെയും ഭരിക്കുന്നത്. നെഗറ്റിവിറ്റിയുടെ സംസ്ഥാന സമ്മേളനമാണ് സോഷ്യല്‍ മീഡിയയില്‍. നല്ല നല്ല കാര്യങ്ങള്‍ പോസ്റ്റുചെയ്താലും ഇതിലെല്ലാം നെഗറ്റീവ് കമന്റുകളിടുന്നത് പലരുടെയും ശീലമാണ് ഇത്. ഒരൊറ്റ കമന്റ് മതി ഒരാളുടെ ആത്മവിശ്വാസത്തെ പതിന്മടങ്ങാക്കാന്‍. അതുപോലെ ഒരൊറ്റ കമന്റ് മതി അത്മവിശ്വാസം തകര്‍ന്ന് തരിപ്പണമാകാനും. പല സെലിബ്രിറ്റികളും നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടി പറഞ്ഞ് പുലിവാല് പിടിക്കുന്നത് കണ്ടിട്ടില്ലേ. അവര്‍ക്ക് പോലും നെഗറ്റിവിറ്റി സഹിക്കാന്‍ പറ്റുന്നില്ല. അപ്പോള്‍ പിന്നെ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ. പക്ഷേ ശ്രദ്ധിച്ചില്ലെങ്കില്‍ സോഷ്യല്‍ മീഡിയ കമന്റുകള്‍ നമ്മുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കാം. അതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.

എല്ലാ കമന്റുകളും സത്യമല്ല - അവ വെറും അഭിപ്രായം മാത്രമാണ് ഓരോ കമന്റും ഫാക്ട് അല്ല. പലപ്പോഴും അത് ആ വ്യക്തിയുടെ മാനസികാവസ്ഥ, നിരാശ, അസൂയ, അല്ലെങ്കില്‍ അജ്ഞത മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്. വ്യക്തിയെ അല്ല, കമന്റിനെ മാത്രം വിലയിരുത്തുക 'ആരാണ് പറഞ്ഞത്' എന്നതിലല്ല, 'എന്താണ് പറഞ്ഞത്' എന്നതിലാണ് ശ്രദ്ധ. പറഞ്ഞതിഷ യുക്തിയില്ലെങ്കില്‍, അതിന് നമ്മുടെ മനസ്സില്‍ ഇടമില്ല എന്ന തീരുമാനിക്കുക. യുക്തിയുണ്ട് എങ്കില്‍ തിരുത്തേണ്ടത് ആണെങ്കില്‍ നാം സ്വയം തിരുത്തുക.

ഒരൊറ്റ നെഗറ്റീവ് കമന്റ്, നൂറ് പോസിറ്റീവ് പ്രതികരണങ്ങളെ ഇല്ലാതാക്കരുത്. മനസ് എപ്പോഴും നെഗറ്റിവിറ്റിയിലേക്കാണ് കൂടുതല്‍ ചായുന്നത്. അങ്ങോട്ടാണ് ശ്രദ്ധ പോകുന്നത്. 100 പോസിറ്റീവ് കമന്റ് നിങ്ങളിലുണ്ടാക്കിയ ക്രിയേറ്റീവിറ്റിയെ ഒരു നെഗറ്റീവ് കമന്റ് ഇല്ലാതാക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. കമന്റുകളെ വ്യക്തിപരമായി എടുത്താല്‍ നിങ്ങള്‍ തോല്‍ക്കും സോഷ്യല്‍ മീഡിയയില്‍ നിന്ന് കിട്ടുന്നത് അവിടെ തന്നെ കളഞ്ഞേക്കുക. അതിനെ വ്യക്തിപരമായി എടുക്കരുത്.

ആവശ്യമെങ്കില്‍ അണ്‍ഫോളോ, ബ്ലോക്ക്, മ്യൂട്ട് നമ്മളുടെ മാനസികാരോഗ്യമാണ് നമുക്ക് പ്രധാനം. ആരെയും സന്തോഷിപ്പിക്കേണ്ട ആവശ്യമില്ല. 'നമ്മുടെ പ്ലാറ്റ് ഫോമുകളില്‍ ഡിജിറ്റല്‍ അതിര്‍വരമ്പുകള്‍ സ്ഥാപിക്കുക. ചിന്തിക്കാന്‍ സമയം എടുക്കുക - ഉടന്‍ പ്രതികരിക്കരുത് നെഗറ്റീവ് കമന്റ് വായിച്ച ഉടന്‍ തന്നെ പ്രതികരിക്കുന്നത് പലപ്പോഴും പിഴവുകള്‍ക്കും മനഃക്ലേശത്തിനും വഴിയൊരുക്കും.

10-മിനിറ്റ് റൂള്‍: 10 മിനിറ്റ് ശാന്തമായി കാത്തിരിക്കുക. അതുകഴിഞ്ഞും പ്രതികരിക്കണം എന്നുണ്ടെങ്കില്‍ മാത്രം പ്രതികരിക്കുക.

അഭിപ്രായവൈരുദ്ധ്യം വളര്‍ച്ചയുടെ അവസരം ആക്കുക യുക്തിയുള്ള വിമര്‍ശനമുണ്ടെങ്കില്‍ അത് ഏറ്റെടുക്കുക. യുക്തിയില്ലെങ്കില്‍ അത് വിട്ടുകളയുക. ഈ വകതിരിവാണ് നമുക്ക് കൂടുതല്‍ കരുത്ത് തരുക

സോഷ്യല്‍ മീഡിയ നിങ്ങളുടെ യഥാര്‍ത്ഥ ജീവിതമല്ല ലൈക്കുകളും കമന്റുകളും നിങ്ങള്‍ ആരാണെന്നത് നിര്‍ണ്ണയിക്കുന്നില്ല. നിങ്ങളുടെ യഥാര്‍ത്ഥ കഴിവുകളാണ് നിങ്ങളെ നിങ്ങളാക്കുന്നത്.

നമ്മുടെ സ്വത്വം നമ്മള്‍ നിര്‍വചിക്കണം ഞാന്‍ ഞാന്‍ തന്നെയാണ്'' എന്ന നിങ്ങളുടെ ആത്മവിശ്വാസം ആര്‍ക്കും തകര്‍ക്കാനാവില്ല. നിങ്ങളുടെ കഥ മറ്റൊരാളുടെ കീബോര്‍ഡില്‍ എഴുതാന്‍ അനുവദിക്കരുത്.

ഉത്തരവാദിതത്തോടെയുള്ള വിമര്‍ശനവും കുറ്റപ്പെടുത്തലും നല്ലതാണ്. പ്രശംസാവാചകം മാത്രം പാടിക്കൊണ്ടിരിന്നാല്‍ ഒരു വ്യക്തിയും സമൂഹവും നന്നാകണം എന്നില്ല. കേരളം ഇന്ന് കൈവരിച്ച പുരോഗതി എല്ലാവരും നിശബ്ദരായി ഇരുന്നതുകൊണ്ടല്ല, മറിച്ച് പോരായ്മകളെക്കുറിച്ച് ഉറക്കെ ശബ്ദിച്ചതുകൊണ്ടാണ്. വാദപ്രതിവാദങ്ങള്‍, ചര്‍ച്ചകള്‍, രൂക്ഷമായ വിമര്‍ശനങ്ങള്‍, ആരൊക്കെയോ ചൂണ്ടിക്കാട്ടിയ അസുഖകരമായ സത്യങ്ങള്‍ തുടങ്ങിയവയിലൂടെയൊക്കെയാണ് ഇന്നത്തെ നാം ആയിത്തീര്‍ന്നത്. നമ്മുടെ ആത്മവിമര്‍ശനം നാം സ്വയം നന്നാകണം എന്ന വിശ്വാസത്തില്‍ നിന്നാണ് വരേണ്ടത്. ശരായാണ് നാം ചിലപ്പോള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ നമ്മെ കുറ്റപ്പെടുത്തുന്നവരാകാം. നാം നമ്മെത്തന്നെ ആവശ്യത്തിലേറെ പരിഹസിക്കുന്നു. ഇതൊക്കെ ഇല്ലാതായാല്‍ ഓര്‍ത്തോളൂ നമുക്ക് പ്രതീക്ഷിക്കാനൊന്നുമില്ല എന്നാണതിനര്‍ത്ഥം. നാം ആശയറ്റവരായി മാറിയിരിക്കുന്നു എന്നാണ് അത് വ്യക്തമാക്കുന്നത്.