ത്രയൊക്കെ വെട്ടിപ്പിടിച്ചാലും യുദ്ധം ഒരു ഭരണാധികാരിയെ എപ്പോൾ വേണമെങ്കിലും തളർത്താം. തിരിച്ചറിവിന്റെ പാതയിലൂടെ പിന്നൊരു തിരിച്ചുപോക്ക് അയാൾ ആഗ്രഹിക്കും. പക്ഷേ ആ തിരിച്ചുപോക്ക് ഒരിക്കലും അത്ര എളുപ്പമാവില്ല. വഴിയിൽ കാത്തിരിക്കുന്നത് എണ്ണിയാലൊടുങ്ങാത്ത വെല്ലുവിളികളായിരിക്കും. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ദ ഒഡീസി അത്തരത്തിലൊരു കഥയാണ്. ട്രോജൻ യുദ്ധം തളർത്തിയ ഒഡീസിയസിന്റെ ജീവിതമാണ് ഒഡീസി.

To advertise here,

ഹോമറിന്റെ വിഖ്യാതമായ ഇതിഹാസ കൃതിയെ ആസ്പദമാക്കിയാണ് നോളൻ ഒ‍ഡീസി ഒരുക്കിയിരിക്കുന്നത്. യുദ്ധം, കുറ്റബോധം, വീണ്ടെടുപ്പ് എന്നിവയുടെകൂടി കഥയാണ് ഒഡീസി. നോളന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയായാണ് ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്. അവതരിപ്പിച്ചിരിക്കുന്ന രീതി വെച്ചുനോക്കുകയാണെങ്കിൽ മുൻചിത്രങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി മനസിലാക്കാൻ ലളിതമായ ചിത്രം എന്ന് ഒഡീസിയെ പ്രാഥമികമായി വിശേഷിപ്പിക്കാം. ഇതിഹാസകൃതിയെ നോൺ ലീനിയർ സ്വഭാവത്തിലാക്കി ആശയക്കുഴപ്പമുണ്ടാക്കാൻ നോളൻ ശ്രമിച്ചിട്ടില്ല എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. എന്നാൽ പ്രേക്ഷകർക്ക് മനസിലാവുന്ന നോൺ ലീനിയർ സ്വഭാവം ചിത്രത്തിനുണ്ടുതാനും.

ട്രോജൻ യുദ്ധം അവസാനിച്ച് ഏഴുവർഷങ്ങൾ പിന്നിടുന്ന കാലമാണ് ചിത്രത്തിന്റേത്. യുദ്ധം ജയിച്ചെങ്കിലും ഒ‍ഡീസിയസും പടയാളികളും മാതൃരാജ്യമായ ഇത്താക്കയിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഒഡീസിയസിന്റേയും പെനെലോപ്പിന്റേയും മകനായ ടെലിമാക്കസിനെ രാജാവായി വാഴിക്കാനുള്ള സമയം അടുത്തുവരുന്നു. എങ്കിലും ഒഡീസിയസ് തീരിച്ചുവരും എന്നുള്ള പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പെനെലോപ്പ്. പെനെലോപ്പിനെ വിവാഹം കഴിച്ച് രാജ്യം പിടിച്ചടക്കാനുള്ള ശ്രമങ്ങളുമായി വേറൊരു കൂട്ടരുമുണ്ട്. ഇവർക്കിടയിലേക്കാണ് ഒഡീസിയസിന് തിരിച്ചെത്തേണ്ടത്. പക്ഷേ തന്റെ രാജ്യമേതാണെന്നോ അവിടെ തനിക്കൊരു കുടുംബമുണ്ടെന്നോ അറിയാതെ, ഓർമകൾ നശിച്ച് കടലുകൾക്കപ്പുറം മറ്റൊരിടത്തായിരുന്നു ഒ‍ഡീസിയസിന്റെ ജീവിതം. മരീചിക പോലെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന അഥീന ദേവത മാത്രമാണ് അയാൾക്ക് വഴികാട്ടാനുണ്ടായിരുന്നത്.

ട്രോജൻ യുദ്ധം കഴിഞ്ഞ് ഇത്താക്കയിലേക്കുള്ള ഒഡീസിയസിന്റേയും പടയാളികളുടേയും യാത്രയും വെല്ലുവിളികളുമാണ് ഒഡീസിയെ വെള്ളിത്തിരയിലെ ദൃശ്യകാവ്യമാക്കി മാറ്റുന്നത്. കോപാകുലരായ ദേവന്മാർ സൃഷ്ടിക്കുന്ന കടൽക്ഷോഭങ്ങളും, മനുഷ്യഭുക്കുകളായ രാക്ഷസന്മാരും, മാന്ത്രിക ശക്തികളുമുള്ള സൈറണുകളും ഒഡീസിയസിനും സംഘത്തിനും കഠിനമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. പത്ത് വർഷത്തോളം നീണ്ടുനിൽക്കുന്ന ഈ മടക്കയാത്രയിൽ ശാരീരികമായ തടസ്സങ്ങളേക്കാൾ ഒഡീസിയസിനെ അലട്ടുന്നത് യുദ്ധം തന്റെ മനസ്സിൽ അവശേഷിപ്പിച്ച മുറിവുകളാണ്. യാത്രയിൽ ഒരിടത്ത് ട്രോജൻ യുദ്ധത്തിന്റെ ഭാഗമായി പോരാടിമരിച്ച പടയാളികളുടെ ജഡങ്ങൾ ഒഡീസിയസിന്റെ മുന്നിൽ വരുന്നുണ്ട്. അത് മരിച്ചവരായിരുന്നില്ല, തന്റെ വിധി കൺമുന്നിൽ നിൽക്കുന്നതായാണ് അദ്ദേഹത്തിന് തോന്നുന്നത്.

നോളന്റെ മുൻകാല ചിത്രങ്ങളായ 'മെമെന്റോ', 'ഇൻസെപ്ഷൻ', 'ഇന്റർസ്റ്റെല്ലാർ' തുടങ്ങിയവ പരിശോധിച്ചാൽ, അദ്ദേഹം എപ്പോഴും ഐഡന്റിറ്റിയും മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രമേയങ്ങളാണ് കൈകാര്യം ചെയ്തിട്ടുള്ളതെന്ന് കാണാം. ഇതിന്റെയെല്ലാം സംഗമം ഒഡീസിയിൽ കാണാം. കാരണം ഇതും ഒരു തിരിച്ചുവരവിന്റെ കഥയാണ് പറയുന്നത്. നോളൻ ഇതുവരെ ചെയ്ത ചിത്രങ്ങളെല്ലാം ഒ‍ഡീസി ഒരുക്കുന്നതിന് മുന്നോടിയായുള്ള ചവിട്ടുപടികളാണെന്ന് പറഞ്ഞാലും തെറ്റില്ല.

ഒഡീസിയസായി വേഷമിട്ട മാറ്റ് ഡാമന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലേത്. പരിപൂർണ്ണതയില്ലാത്ത നായകത്വത്തെ ഇഷ്ടപ്പെടുന്ന നോളൻ, ഡാമനിലൂടെ ആ ആശയത്തിന് ജീവൻ നൽകിയിരിക്കുന്നു. ധീരനായ പോരാളിയായും തന്ത്രശാലിയായും തിളങ്ങുമ്പോൾ തന്നെ, തന്റെ അഹങ്കാരം കൊണ്ട് പാളിച്ചകൾ സംഭവിക്കുന്ന ഒരു മനുഷ്യനെ ഡാമൻ മനോഹരമായി അവതരിപ്പിച്ചു. നായകന്റെ കരുത്തും തളർച്ചയും ഒരുപോലെ ഉൾക്കൊണ്ടുകൊണ്ടുള്ള ഡാമന്റെ പ്രകടനം ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. യുദ്ധവീരൻ എന്നതിലുപരിയായി കുറ്റബോധം അലട്ടുന്ന പച്ചമനുഷ്യൻ എന്ന വീക്ഷണകോണിലുള്ള ഒഡീസിയസിനെ മാറ്റ് ഡാമൻ ഗംഭീരമാക്കി.

ക്വീൻ പെനലോപ്പായി എത്തുന്ന ആൻ ഹാത്വേയും കയ്യടിയർഹിക്കുന്നു. 'ഞാൻ തിരിച്ചുവരാൻ വൈകിയാൽ നീ മറ്റൊരു വിവാഹം കഴിക്കണമെന്ന' ഒഡീസിയസിന്റെ അഭ്യർത്ഥനയെ സധൈര്യം അവർ തള്ളിക്കളയുന്നുണ്ട്. തനിക്ക് ഒഡീസിയസ് തിരിച്ചുവരികയാണ് വേണ്ടതെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. മകൻ ടെലിമാക്കസായി ടോം ഹോളണ്ട് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ഹോളണ്ടിന്റെ കരിയറിൽതന്നെ ഏറ്റവും വെല്ലുവിളിയായ വേഷമാണ് ടെലിമാക്കസ്. അമ്മയുടെ കുട്ടി എന്ന പരിഹാസത്തിൽനിന്ന് ടെലിമാക്കസ് എങ്ങനെ പുറത്തുവരുന്നുവെന്നത് ചിത്രത്തിന്റെ ഹൈലൈറ്റാണ്. റോബർട്ട് പാറ്റിൻസൺ, സെൻഡയ, ചാർലിസ് തെറോൺ, ലുപിത ന്യോംഗോ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഇതിഹാസത്തിലെ ഹെലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലുപിത ന്യോംഗോയുടെ ചില നിമിഷങ്ങളും കഥാഗതിയെ ശക്തമാക്കുന്നു.

പൂർണ്ണമായും ഐമാക്സ് 70mm ഫിലിം ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ ഫീച്ചർ ഫിലിമാണിത്. ഓസ്‌കാർ ജേതാവായ ഹോയ്റ്റ വാൻ ഹോയ്റ്റെമയുടെ ഛായാഗ്രഹണവും ലുഡ്‌വിഗ് ഗൊറാൻസണിന്റെ സംഗീതവും സിനിമയെ ഒരു ദൃശ്യ-ശ്രവ്യ വിരുന്നാക്കി മാറ്റുന്നു. ഭീകരരൂപിയായ പോളിഫീമസുമായുള്ള ഏറ്റുമുട്ടലും മറ്റ് ആക്ഷൻ രംഗങ്ങളും പ്രേക്ഷകരെ ആകർഷിക്കുന്നവയാണ്. എങ്കിലും ഏറ്റവും പ്രധാനപ്പെട്ട ട്രോജൻ യുദ്ധം ചിത്രീകരിച്ചിരിക്കുന്നത് പ്രത്യേകം എടുത്തുപറയണം. സ്ഥിരം യുദ്ധ ചിത്രങ്ങളിലുള്ളതുപോലെ ഏറെ നേരമുള്ള യുദ്ധരംഗമല്ല നോളന്റെ ഒഡീസിയിലുള്ളത്. ഒഡീസിയസിന്റെ പോയിന്റ് ഓഫ് വ്യൂവിലാണ് യുദ്ധം പ്രേക്ഷകരിലേക്കെത്തുന്നത്. യുദ്ധഭൂമിയിലെ രക്തച്ചൊരിച്ചിലിനപ്പുറം യുദ്ധം നേരിൽക്കാണുമ്പോൾ അതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ മനസിലേക്ക് ഇരമ്പിയെത്തുന്ന ഒഡീസിയസിന്റെ മുഖത്തെ ഭയത്തിലേക്കാണ് നോളൻ ഫോക്കസ് ചെയ്തിരിക്കുന്നത്.

ഇടയ്ക്ക് വേഗം കൂടുകയും കുറയുകയും ചെയ്യുന്ന ചിത്രത്തിന് ആവേശകരമായ ക്ലൈമാക്സ്തന്നെയാണ് നോളൻ നൽകിയിരിക്കുന്നത്. യുദ്ധത്തിന്റെ വ്യർത്ഥതയെക്കുറിച്ചും മനുഷ്യൻ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും കൃത്യമായ സൂചനകൾ ചിത്രം നൽകുന്നുണ്ട്. നോളന്റെ പതിമൂന്നാമത്തെ ഫീച്ചർ ഫിലിമായ 'ദി ഒഡീസി' അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്. ഒരു ഇതിഹാസ കൃതിയെ അതിന്റെ ആത്മാവ് നഷ്ടപ്പെടാതെ ആധുനിക സിനിമയുടെ എല്ലാ മികവോടെയും അവതരിപ്പിക്കുന്നതിൽ നോളൻ വിജയിച്ചിരിക്കുന്നു. മസ്റ്റ് വാച്ചാണ് ഒഡീസി.