വലിയ ബജറ്റും താരനിരയും വമ്പൻ പ്രമോഷനുമാണ് സാധാരണ ഒരു സിനിമയുടെ വിജയത്തിന് പിന്നിലെന്ന് കരുതുമ്പോൾ, അതിന് വിപരീതമായൊരു വിജയകഥയാണ് ചൈനീസ് അനിമേഷൻ ചിത്രം ‘നിയു ലൈ’ പറയുന്നത്. വെറും ഒരു ലക്ഷം രൂപയോളം ചെലവഴിച്ച് നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ ഏകദേശം 20 കോടി രൂപയുടെ കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ.അമ്മയും മകനുമായ ഷിൻ യുമെങും സുൻ ലിഫാങും ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, അനിമേഷൻ, പശ്ചാത്തലസംഗീതം തുടങ്ങി പ്രധാനപ്പെട്ട നിരവധി ജോലികൾ നിർവഹിച്ചത്. ഒരു അമ്മപ്പശുവിന്റെയും കുഞ്ഞുപശുവിന്റെയും യാത്രയാണ് 86 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ പ്രമേയം.പ്രത്യേക പ്രമോഷനുകളോ വലിയ പരസ്യങ്ങളോ ഇല്ലാതെയാണ് ചിത്രം പ്രേക്ഷകരിലെത്തിയത്. ആദ്യഘട്ടത്തിൽ ചിത്രത്തിന്റെ ലളിതമായ അനിമേഷൻ ശൈലിയും സാങ്കേതിക പരിമിതികളും സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് ഇടയാക്കി. എന്നാൽ ഈ വിമർശനങ്ങൾ തന്നെ ചിത്രത്തെക്കുറിച്ചുള്ള കൗതുകം വർധിപ്പിക്കുകയും കൂടുതൽ ആളുകളെ തിയേറ്ററുകളിലേക്ക് എത്തിക്കുകയും ചെയ്തു.

To advertise here,

വിമർശനങ്ങൾക്കിടയിലും ചിത്രത്തിന്റെ വ്യത്യസ്തമായ അവതരണവും നിർമാണത്തിന് പിന്നിലെ അധ്വാനവും പ്രേക്ഷകരുടെ ശ്രദ്ധ നേടി. കുറഞ്ഞ ബജറ്റിൽ നിർമിച്ച ചിത്രം നേടിയ വൻ വിജയം സിനിമയുടെ വിജയത്തെ നിർണയിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്കും വഴിയൊരുക്കുകയാണ്.

‘നിയു ലൈ’യുടെ അസാധാരണ വിജയകഥയുമായി ‘Frame House with Anjay Das’. നിർമ്മാണം ആർ ജെ അച്ചൂ.