'കിങ് ഓഫ് കൊത്ത'യ്ക്ക് ശേഷം മൂന്നുവർഷത്തിനിപ്പുറം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് നായകനായി തിരിച്ചെത്തുന്ന ചിത്രം. താരത്തിന്റെ 40-ാം പടം. കാത്തിരിപ്പുകൾക്കൊക്കെ ഒടുവിലിതാ ഒരുത്തരം ലഭിച്ചിരിക്കുന്നു- 'ഐ ആം ഗെയിം'.

To advertise here,

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായ 'ഐ ആം ഗെയിം' തിയേറ്ററിൽ പ്രേക്ഷകർക്ക് പീക് അഡ്രിനാലിൻ റഷ് ആണ് സമ്മാനിക്കുന്നത്. ദുൽഖറിന്റെ സ്റ്റൈലിഷ് സ്വാഗിനും നഹാസിന്റെ പഴുതുകളില്ലാത്ത മേക്കിങ്ങിനുമൊപ്പം ജേക്‌സിന്റെ പശ്ചാത്തലസംഗീതവും അൻപറിവിന്റെ ആക്ഷൻ സീക്വൻസുകളും ചേരുന്നതോടെ തിയേറ്ററിൽ പ്രേക്ഷകന് ലഭിക്കുന്നത് ഓണത്തിന് മിസ് ചെയ്ത ഒരു മുഴുവൻ വിഭവ സദ്യയാണ്.

ചിത്രത്തെക്കുറിച്ച് കേട്ടതെല്ലാം സത്യമാണ്. വാതുവെപ്പിന്റെ പശ്ചാത്തലത്തിലാണ് 'ഐ ആം ഗെയിം' കഥ പറയുന്നത്. അതിസമ്പന്നനായ ഡാൻ എന്ന യുവാവിന്റെ വേഷമാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ക്രിക്കറ്റ് താരമായ വിഘ്‌നേഷ് എന്ന കഥാപാത്രമായി ആന്റണി വർഗീസുമെത്തുന്നു. നായകനൊത്ത (നായകന്മാർക്കൊത്ത) വില്ലൻ വേഷത്തിലാണ് മിഷ്‌കിൻ. ദുൽഖറിന്റെ നായികാ വേഷത്തിൽ കയാദുവും ആന്റണി വർഗീസിന്റെ ജോഡിയായി സംയുക്ത വിശ്വനാഥനും എത്തുന്നു. കതിർ, വിനയ് ഫോർട്ട് എന്നിവർക്കും ചിത്രത്തിൽ പ്രധാന വേഷങ്ങളുണ്ട്.

പണം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന അലസനായ, സമ്പന്ന കുടുംബത്തിലെ ഏകസന്തതിയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഡാൻ. അപ്രതീക്ഷിതമായുണ്ടായ അപകടത്തെത്തുടർന്ന് അയാളുടെ ജീവിതം കൈവിട്ടുപോകുന്നു. പിന്നീട് നടക്കുന്നതൊന്നും അയാളുടെ കൈയിലല്ല. തുടർന്ന് അയാൾക്ക് നേരിടേണ്ടിവരുന്ന, അയാളുടെ കൈയകലത്തിനുമപ്പുറമുള്ള ലോകത്തോടുള്ള പോരാട്ടമാണ് ചിത്രം പറയുന്നത്.

ഭൂരിപക്ഷം പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ കഴിയാതെ പോകുന്ന പശ്ചാത്തലമായിരിക്കും മിക്കവാറും സിനിമകൾ ഇത്തരം കഥകൾ പറയാൻ ഉപയോഗിക്കുന്നത്. എന്നാൽ, അവിടെയാണ് 'ഐ ആം ഗെയി'മിൽ സംവിധായകന്റെ കൈയൊപ്പ് ഉള്ളത്. ചിത്രത്തെ ഗ്രൗണ്ടഡ് ആയി നിലനിർത്തുന്ന വൈകാരിക പശ്ചാത്തലം സംവിധായകനും തിരക്കഥാകൃത്തുക്കളും ചേർന്ന് കഥാതന്തുവിൽ ചേർക്കുന്നുണ്ട്. അതുതന്നെയാണ് ചിത്രത്തെ പ്രേക്ഷകരോട് അടുപ്പിച്ച് നിർത്തുന്നത്.

രണ്ടുമണിക്കൂർ 51 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. സമീപകാലത്ത് ഇതേ സമയദൈർഘ്യത്തിൽ ഇറങ്ങിയ മറ്റ് പല ചിത്രങ്ങളിൽനിന്നും വ്യത്യസ്തമായി, ഒരു സെക്കൻഡ് പോലും പ്രേക്ഷകരുടെ ശ്രദ്ധ സിനിമയിൽനിന്ന് പോകുന്നില്ല എന്നിടത്താണ് ചിത്രത്തിന്റെ വിജയം. അതിനുവേണ്ടി ഏതെങ്കിലും ഒരുവിഭാഗമല്ല, സിനിമയിൽ പണിയെടുത്ത ഓരോ അണിയറപ്രവർത്തകരും ആത്മാർഥമായി പരിശ്രമിച്ചിട്ടുണ്ട്.

സജീർ ബാബ, ഇസ്മയിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ആദർശ് സുകുമാരനും ഷാബാസ് റഷീദും സജീർ ബാബയും ചേർന്നാണ് സംഭാഷണങ്ങൾ. വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ കായിക ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ, മലയാളികൾക്ക് കൂടി താത്പര്യമുണ്ടായിരുന്ന സംഭവത്തിൽനിന്നാണോ ചിത്രത്തിന്റെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നതെന്ന് ഒരുപക്ഷേ നമുക്ക് സംശയം തോന്നും. എന്നാൽ, അതിലേക്ക് സിനിമ എന്ന നിലയിലെ കൂട്ടിച്ചേർക്കലുകളാണ് ചിത്രത്തിന്റെ തിയേറ്റർ അനുഭവത്തെ സമ്പൂർണ്ണമാക്കുന്നത്. ചിലയിടത്തെങ്കിലും കേട്ടുപഴകിയ സംഭാഷണങ്ങൾ വന്നുപോകുന്നുണ്ട്. എന്നാൽ, ആകെത്തുകയിൽ അത് ചിത്രത്തെ ബാധിക്കുന്നില്ല. ജിംഷി ഖാലിദിന്റെ ക്യാമറ ചിത്രത്തോട് ചേർന്നുനിൽക്കുന്ന ദൃശ്യങ്ങൾകൊണ്ട് പ്രേക്ഷകനെ അമ്പരപ്പിക്കും. ചമൻ ചാക്കോയുടെ എഡിറ്റിങ്ങാണ് പ്രേക്ഷകനെ സിനിമയിൽതന്നെ നിലനിർത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്. പതിവ് പോലെ പശ്ചാത്തലസംഗീതംകൊണ്ടും ഗാനങ്ങളിലൂടെയും സിനിമ ജേക്‌സ് തന്റേതാക്കി മാറ്റുന്നു.

ആക്ഷൻ രംഗങ്ങൾ ഒരുക്കിയ അൻപറിവാണ് ചിത്രത്തിന്റെ നെടുംതൂണുകളിൽ ഒന്ന്. മേക്കപ്പ് നിർവഹിച്ച റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം ചെയ്ത മഷർ ഹംസ എന്നിവരും കൈയടി അർഹിക്കുന്നു.

വർഷങ്ങൾക്കൊണ്ട് നടനെന്ന നിലയിൽ ദുൽഖർ സൽമാന് ഉണ്ടായ വളർച്ച ചിത്രത്തിൽ വ്യക്തമാണ്. ഡി.ക്യു. എന്ന 'താരം' ചിത്രത്തിൽ പലയിടത്തും കോംപ്രമൈസ് ചെയ്യുന്നുണ്ട്. അതെല്ലാം അയാളിലെ നടന് വേണ്ടിയുള്ളതാണെന്നതാണ് യാഥാർഥ്യം. നടനെന്ന നിലയിൽ അയാളെ വെല്ലുവിളിക്കുന്ന ഒട്ടേറെ സന്ദർഭങ്ങൾ ചിത്രത്തിലുണ്ട്. അതിൽ പ്രധാനപ്പെട്ട രണ്ട് ഭാഗങ്ങൾ ഫൈറ്റ് സീക്വൻസുകളാണ്. അവിടെ ദുൽഖറിന്റെ കൈയടക്കം പ്രശംസ അർഹിക്കുന്നു. ചിത്രത്തിൽ ഹീറോ തന്നെയാണ് ആന്റണി വർഗീസ്. ആന്റണിയും സംയുക്ത വിശ്വനാഥനും ചേർന്നുള്ള സീനുകളാണ് ചിത്രത്തെ വൈകാരികമായി പിടിച്ചുനിർത്തുന്നത്. കതിറിന്റെ സൂക്ഷ്മാഭിനയങ്ങൾ സിനിമാ പ്രേമികളെ ഞെട്ടിക്കും. മിഷ്‌കിൻ അയാളുടെ സാന്നിധ്യംകൊണ്ടുതന്നെ വില്ലനിസം പ്രകടിപ്പിക്കുന്നുണ്ട്. നായികയായി കയാദു ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. വിനയ് ഫോർട്ട് അയാളുടെ വേഷം അനായാസേന എന്ന തോന്നിപ്പിക്കുംവിധമാണ് മികച്ചതാക്കുന്നത്. ശ്യാമപ്രസാദും ജയസുധയും കൈയടി അർഹിക്കുന്നുണ്ട്.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങളും ചേസ് സീക്വൻസുകളുമുള്ള ചിത്രം അടിസ്ഥാനപരമായി ഫാന്റസി- ത്രില്ലറാണ്. ഇതിനിടയിൽ പല ഴോണർ ഷിഫ്റ്റുകളും സംഭവിക്കുന്നുണ്ട്. 'ആർ.ഡി.എക്‌സി'ന് ശേഷം ഒരുക്കിയ ചിത്രമെന്ന നിലയിൽ നഹാസ് ഹിദായത്ത് എന്ന സംവിധായകൻ മലയാള സിനിമയ്ക്ക് നൽകുന്ന പ്രതീക്ഷ വലുതാണ്. ഇത്തരം സിനിമകൾ വിശ്വസനീയമായി അവതരിപ്പിക്കാൻ കൈയടക്കമുള്ള സംവിധായകരുടെ കുറ്റിയറ്റുപോയിട്ടില്ലെന്ന ആശ്വാസം.