സീരീസിന്റെ അവസാന എപ്പിസോഡുകളാണ് സംഘർഷഭരിതം. ട്വിസ്റ്റുകളുടെ മേളാങ്കം എന്നുപറഞ്ഞാലും തെറ്റില്ല. ഒന്നിനുപിറകെ ഒന്നായി വരുന്ന ട്വിസ്റ്റുകൾ പ്രേക്ഷകനെ ഞെട്ടിക്കുന്നുണ്ട്.

ചില സിനിമകളേയും വെബ്സീരീസുകളേയും നമ്മൾ സ്ലോ ബേണിങ് എന്ന് പറയാറുണ്ട്. പതിയെപ്പതിയെ പ്രേക്ഷകമനസിനെ കീഴടക്കുന്നവയായിരിക്കും ഇവ. കണ്ടുതീർത്താലും മനസിൽനിന്ന് മായാത്ത പ്രമേയവും കഥാപാത്രങ്ങളും താരപ്രകടനങ്ങളുമായിരിക്കും ഇവയുടെ പ്രത്യേകത. അത്തരത്തിലൊന്നാണ് പുഷ്കർ-ഗായത്രി ടീം നിർമിച്ച് ആൻഡ്രൂ ലൂയിസ് സംവിധാനം ചെയ്ത വദന്തി -ദ മിസ്റ്ററി ഓഫ് മണി. നാലുവർഷങ്ങൾക്കുമുൻപ് ഇതേ സംവിധായകൻതന്നെ ഒരുക്കിയ വദന്തി എന്ന പരമ്പരയുടെ രണ്ടാം സീസണാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. എം.ശശികുമാർ, യശ്വന്ത്, അനഘ, അർജുൻ നന്ദകുമാർ, രേവതി ശർമ, ഗീതി സംഗീത എന്നിവരാണ് പ്രധാന വേഷങ്ങളിൽ.
ആദ്യഭാഗത്തിന്റെ പേര് മാത്രമേ രണ്ടാം കേസിൽ ഉൾക്കൊണ്ടിട്ടുള്ളൂ. കഥയും കഥാപാത്രങ്ങളും ചുറ്റുപാടുകളുമെല്ലാം തികച്ചും വ്യത്യസ്തം. തമിഴ്നാട്ടിൽ ഒരു ഉൾനാടൻ ഗ്രാമത്തിൽ ഹൈവേയ്ക്കുവേണ്ടിയുള്ള ശിലാസ്ഥാപനം നടക്കുന്നതിനിടെ ഒരു മനുഷ്യാസ്ഥികൂടം ലഭിക്കുന്നു. ഈ സംഭവം മൂസ റാസ എന്ന എസ്.ഐ ഏറ്റെടുത്ത് അന്വേഷിക്കുന്നു. സംഭവത്തിന് രണ്ട് കൊലപാതകക്കേസുകളിൽ പ്രതിയായി ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന മൊടക്കത്താൻ മണി എന്ന യുവാവുമായി ബന്ധമുണ്ടെന്ന് റാസ മനസിലാക്കുന്നു. ഇതോടെ കുറ്റാന്വേഷണം മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുന്നു. പരമ്പരയുടെ പ്രമേയത്തിന്റെ ആകെത്തുക ഇങ്ങനെയാണ്.
രണ്ട് ലേയറുകളായിട്ടാണ് വദന്തി 2-ന്റെ സഞ്ചാരം. മൂസ റാസ നടത്തുന്ന കുറ്റാന്വേഷണമാണ് ഒരു തലം. മറ്റൊന്ന് മൊടക്കത്താൻ മണിയെന്ന ചെറുപ്പക്കാരന്റെ ജീവിതവും. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരു കേസ് അന്വേഷിച്ചാൽ എങ്ങനെയിരിക്കുമെന്നതാണ് സീരീസിന്റെ ഹൈലൈറ്റ്. ഒരിക്കലും ഒരു ഷെർലക്ക് ഹോംസ് ടൈപ്പ് കുറ്റാന്വേഷണമല്ല മൂസ റാസ നടത്തുന്നത്. പോലീസ് സംവിധാനങ്ങളെ മുഴുവൻ ഉപയോഗിച്ച്, സ്വന്തം കണക്കുകൂട്ടലുകളിലൂടെയാണ് അദ്ദേഹം അന്വേഷണം നടത്തുന്നത്. അതിനിടയിൽ അയാൾക്ക് വീഴ്ചകൾ സംഭവിക്കുന്നുണ്ട്, കുടുംബത്തിൽനിന്നുള്ള വ്യക്തിപരമായ സമ്മർദങ്ങൾ മറുവശത്തുണ്ട്. ഇതിനെയെല്ലാം താണ്ടിയാണ് അയാൾ വിജയം കൈവരിക്കുന്നത് എന്നിടത്താണ് സീരീസുമായി പ്രേക്ഷകൻ വൈകാരികമായി ബന്ധപ്പെടുന്നത്.
മണി എന്ന കഥാപാചത്രത്തിന്റെ കഥയാണ് സമാന്തരമായി നീങ്ങുന്ന മറ്റൊന്ന്. ഈ ഭാഗങ്ങൾ സീരീസിലുടനീളം ഫ്ലാഷ്ബാക്ക് എന്നപോലെയാണ് കാണിക്കുന്നത്. തമിഴ്നാട്ടിൽ സിനിമാതാരങ്ങളോളംതന്നെ ആരാധകരുണ്ട് ജെല്ലിക്കെട്ട് വീരന്മാർക്ക്. ജെല്ലിക്കെട്ട് വീരനിൽനിന്നും കൊടുംകുറ്റകൃത്യം നടത്തിയ കുറ്റവാളിയിലേക്കുള്ള മണിയുടെ ജീവിതമാണ് പ്രേക്ഷകർ കാണുക.
മണി കുറ്റവാളിയാണോ, അതല്ല നിരപരാധിയാണോ എന്ന റാസയുടെ സംശയമാണ് വദന്തി-സീസൺ2-നെ ഉദ്വേഗജനകമാക്കുന്നത്. പതിയെയാണ് നീങ്ങുന്നതെങ്കിലും ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്ത എപ്പിസോഡ് കാണാൻ പ്രേരിപ്പിക്കുന്ന മുഹൂർത്തങ്ങൾ സീരീസിലുണ്ട്. സീരീസിന്റെ അവസാന എപ്പിസോഡുകളാണ് സംഘർഷഭരിതം. ട്വിസ്റ്റുകളുടെ മേളാങ്കം എന്നുപറഞ്ഞാലും തെറ്റില്ല. ഒന്നിനുപിറകെ ഒന്നായി വരുന്ന ട്വിസ്റ്റുകൾ പ്രേക്ഷകനെ ഞെട്ടിക്കുന്നുണ്ട്. എന്നാൽ ക്ലൈമാക്സിൽ വരുന്ന ആ ട്വിസ്റ്റ് കാണുമ്പോഴാണ് അതുവരെ കണ്ടതൊന്നുമല്ല ട്വിസ്റ്റ് എന്ന് മനസിലാക്കുക. വദന്തിയെ ഒരു ഹോണ്ടിങ് സീരീസ് എന്ന് വിശേഷിപ്പിക്കാൻ കാരണമാക്കുന്നതും ഈ രംഗമാണ്.
മൂസ റാസയായി മിന്നുന്ന പ്രകടനമാണ് എം.ശശികുമാർ കാഴ്ചവെച്ചിരിക്കുന്നത്. മൂസ റാസയുടെ എല്ലാവിധ വികാരങ്ങളും പ്രേക്ഷകനിലേക്ക് തറഞ്ഞുകയറുന്നുണ്ട്. അയാളുടെ തളർച്ചയും പതർച്ചയും സമ്മർദവും സന്തോഷവും സങ്കടവുമെല്ലാം അതേയളവിൽ പ്രേക്ഷകനിലേക്കും എത്തുന്നുണ്ട്. മണിയായി എത്തിയ യശ്വന്തും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. മലയാളികളായ പോലീസ്-അഭിഭാഷക ദമ്പതിമാരായി എത്തിയ അനഘയും അർജുൻ നന്ദകുമാറും മികച്ചുനിന്നു. ഇരുവരുടേയും സംഭാഷണങ്ങൾ തനിമലയാളത്തിൽ ആയിരുന്നു എന്നത് എടുത്തുപറയണം. വിവേക് പ്രസന്ന അവതരിപ്പിച്ച രാമർ എന്ന പോലീസ് കഥാപാത്രമാണ് ഈ സീരീസിനെ ആദ്യ സീസണുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു ഘടകം. ആദ്യ സീസണിൽ നായകനായെത്തിയ എസ്.ജെ സൂര്യ അവതരിപ്പിച്ച വിവേക് എന്ന കഥാപാത്രത്തെക്കുറിച്ച് ഒരു രംഗത്തിൽ പറഞ്ഞുപോകുന്നുമുണ്ട്. ഗീതി സംഗീത അവതരിപ്പിച്ച കഥാപാത്രത്തിനും നിറഞ്ഞ കയ്യടി നൽകണം.
പ്രേക്ഷകൻ ആഗ്രഹിച്ച ക്ലൈമാക്സ് തന്നെയാണ് സീരീസ് നൽകുന്നത്. എങ്കിലും അവസാനഭാഗത്തെ ചില രംഗങ്ങൾ പ്രേക്ഷകന്റെ യുക്തിക്കുവിടുന്നുമുണ്ട് സംവിധായകൻ ആൻഡ്രൂ ലൂയിസ്. കണ്ടുതീരുമ്പോൾ പരിപൂർണ സംതൃപ്തി നൽകുന്ന പരമ്പരയാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ, നിങ്ങൾക്കുള്ളതാണ് വദന്തി 2.
Content Highlights: "Vadhandhi Season 2" is a slow-burning series directed by Andrew Louis, featuring a unique storyline and characters distinct from its first season, set in a Tamil Nadu village where a murder investigation unfolds.
Published: 05 Sept 2026, 11:03 am IST
ABOUT THE AUTHOR

അഞ്ജയ് ദാസ്. എന്.ടി
anjaydas@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented