റെ നാളുകൾക്ക് ശേഷം ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് പൊതുവേദിയിൽ. അമേരിക്കയിൽ കേരള അസോസിയേഷൻ ഓഫ് ഡാലസ് സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുത്തത്. വർഷങ്ങൾക്ക് ശേഷം അദ്ദേഹം ഒരു പൊതുപരിപാടിയുടെ ഭാഗമാകുന്നു എന്നത് ലോകമെമ്പാടുമുള്ള മലയാളി സംഗീതപ്രേമികൾക്ക് വലിയ ആവേശമാണ് പകർന്നു നൽകിയിരിക്കുന്നത്.

To advertise here,

അമേരിക്കൻ മലയാളി ചരിത്രത്തിൽ ഒരു സുവർണ്ണ അധ്യായമായി മാറിയ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെയും ഓണാഘോഷങ്ങളുടെയും ഭാഗമായാണ് ഈ വിപുലമായ പരിപാടി സംഘടിപ്പിച്ചത്. ലൂയിസ് വില്ലയിലെ എൻടെക് സരീനയിൽ (Entec Arena) വച്ച് നടന്ന ഈ അവിസ്മരണീയമായ ചടങ്ങിൽ പങ്കെടുത്ത യേശുദാസ് സദസ്സിനായി മനോഹരമായ ഒരു ഗാനവും ആലപിച്ചു. അദ്ദേഹത്തിന്റെ മധുരതരമായ ശബ്ദം വീണ്ടും ലൈവായി കേൾക്കാൻ കഴിഞ്ഞത് ആസ്വാദകർക്ക് തികച്ചും ഹൃദ്യമായ അനുഭവമായി മാറി.

 

കേരളത്തിൻ്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും വേദിയിൽ സംസാരിക്കവേ, സംസ്ഥാനത്തിന്റെ യഥാർത്ഥ കരുത്ത് അവിടുത്തെ മതസൗഹാർദ്ദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കേരളത്തെ എക്കാലവും ചേർത്തു നിർത്തുന്നത് ഈ പരസ്പര സ്നേഹവും മതസൗഹാർദ്ദവുമാണെന്നും, അത് ഒട്ടും ചോർന്നുപോകാതെ വരുംതലമുറയ്ക്കായി സംരക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണെന്നും യേശുദാസ് തന്റെ സന്ദേശത്തിലൂടെ മലയാളികളെ ഓർമ്മിപ്പിച്ചു.

"1960-മുതൽ നിങ്ങളെന്നെ വളർത്തി. അതിനിയും നിന്നിട്ടില്ല. സംഗീതത്തിന്റെ ആ സമുദ്രത്തെ ഉൾക്കൊള്ളാൻ എന്റെ ഈ ജന്മം പോരാ എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. തീർച്ചയായും നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവുമാണ് എന്നെ ഇവിടെ നിലനിർത്തുന്നത്. എന്നോട് അധികം സംസാരിക്കേണ്ട എന്നാണ് എന്റെയച്ഛൻ എന്നോട് പറഞ്ഞിട്ടുള്ളത്. അതിന്റെ തുടർച്ചയെന്നോണം ആര് എപ്പോൾ കണ്ടാലും പാട്ടുപാടാൻ പറയും. അതിന് കാരണം ജ്ഞാനവും കലാബോധവുമുള്ള സഹോദരീ സഹോദരന്മാരുടെ അനുഗ്രഹമാണ്." യേശുദാസിന്റെ വാക്കുകൾ.

ഗാനഗന്ധർവൻ്റെ ഈ മടങ്ങിവരവ് സംഗീത ലോകത്തും വലിയ രീതിയിലുള്ള സന്തോഷമാണ് ഉണ്ടാക്കിയിട്ടുള്ളത്. 86-ാം വയസ്സിലും യേശുദാസ് എത്ര മനോഹരമായാണ് ഗാനങ്ങൾ ആലപിക്കുന്നതെന്ന് പ്രശസ്ത ഗായകൻ ബിജു നാരായണൻ പ്രതികരിച്ചു. ഒരു ഗായകൻ എന്ന രീതിയിലും ഒരു മലയാളി എന്ന രീതിയിലും തനിക്ക് ഈ നിമിഷം പകർന്നു നൽകുന്നത് അതിയായ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.