തൃശ്ശൂർ കയ്പമംഗലത്ത് കാറപകടത്തിൽ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ഷറഫുദ്ദീൻ. മുന്നറിയിപ്പുകളില്ലാതെ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ വലിയ പിഴയും ശക്തമായ നിയമനടപടിയും കൊണ്ടുവരണമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ആവർത്തിച്ച് നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ പെർമിറ്റിനെതിരെയും നടപടി ഉണ്ടാകണം. ഇന്ത്യ മുഴുവൻ ഇത് കർശനമായി നടപ്പാക്കേണ്ടതാണ്. കുറഞ്ഞത് കേരളത്തിലെങ്കിലും നമുക്ക് ഇത് ശക്തമായി ആരംഭിക്കാം. ഒരു പരിശോധനയും ഒരു പിഴയും ഒരാളുടെ ജീവൻ രക്ഷിക്കുമെങ്കിൽ, അത് നടപ്പാക്കാൻ ഒരു അപകടം കൂടി കാത്തിരിക്കേണ്ടതില്ലെന്നും ഷറഫുദ്ദീൻ പറഞ്ഞു.

To advertise here,

"ഇന്ന് കേരളത്തിൽ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിൽ വളരെ ഗൗരവമായി ചോദിക്കേണ്ട ഒരു കാര്യമുണ്ട്. നനമ്മുടെ ദേശീയപാതകളിൽ, പ്രത്യേകിച്ച് ദീർഘദൂര സർവീസ് നടത്തുന്ന നാഷണൽ പെർമിറ്റ് ലോറികളും ട്രക്കുകളും, രാത്രിയിൽ യാതൊരു മുന്നറിയിപ്പ് സിഗ്നലുകളും നൽകാതെ റോഡരികിലും ചിലപ്പോൾ റോഡിന്റെ ഭാഗം കയ്യേറിയും പാർക്ക് ചെയ്യുന്നത് പതിവായി കാണുന്ന കാഴ്ചയാണ്. പല വാഹനങ്ങളിലും ശരിയായ റിഫ്ലക്ടറുകൾ ഇല്ല, ടെയിൽ ലാമ്പുകൾ പ്രവർത്തിക്കുന്നില്ല, ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നില്ല, പാർക്ക് ചെയ്തിരിക്കുന്ന വാഹനം ദൂരെ നിന്ന് തിരിച്ചറിയാനുള്ള മുന്നറിയിപ്പ് സംവിധാനങ്ങളുമില്ല.

രാത്രിയിൽ അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മുന്നിൽ ഇത്തരത്തിൽ ഒരു വലിയ ട്രക്ക് ഇരുട്ടിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് ഒരു അപകടക്കെണിക്ക് തുല്യമാണ്. ഇത് ഒരു ചെറിയ ട്രാഫിക് നിയമലംഘനമായി കാണരുത്. മറ്റൊരാളുടെ ജീവൻ അപകടത്തിലാക്കുന്ന ഗുരുതരമായ അശ്രദ്ധയായി തന്നെ കാണണം. കേരള സർക്കാരിനോടും മോട്ടോർ വാഹന വകുപ്പിനോടും പോലീസിനോടും അഭ്യർഥിക്കുന്നു.

നാഷണൽ പെർമിറ്റ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ റിഫ്ലക്ടറുകൾ, ടെയിൽ ലാമ്പുകൾ, ബ്രേക്ക് ലൈറ്റുകൾ, ഹസാർഡ് ലൈറ്റുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ കർശനമായി പരിശോധിക്കണം. ഹൈവേയിൽ സുരക്ഷാ മുന്നറിയിപ്പുകളില്ലാതെ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ വലിയ പിഴയും ശക്തമായ നിയമനടപടിയും കൊണ്ടുവരണം. ആവർത്തിച്ച് നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ പെർമിറ്റിനെതിരെയും നടപടി ഉണ്ടാകണം. ഇന്ത്യ മുഴുവൻ ഇത് കർശനമായി നടപ്പാക്കേണ്ടതാണ്. കുറഞ്ഞത് കേരളത്തിലെങ്കിലും നമുക്ക് ഇത് ശക്തമായി ആരംഭിക്കാം.

ഒരു പരിശോധനയും ഒരു പിഴയും ഒരാളുടെ ജീവൻ രക്ഷിക്കുമെങ്കിൽ, അത് നടപ്പാക്കാൻ ഒരു അപകടം കൂടി കാത്തിരിക്കേണ്ടതില്ല. റോഡിൽ ഒരാളുടെ അശ്രദ്ധയ്ക്ക് മറ്റൊരാളുടെ ജീവൻ വിലയാകരുത്. ഞാൻ വീണ്ടും പറയുന്നു. ഈ സംവിധാനത്തെയോ ഈ തൊഴിൽ ചെയ്യുന്നവരെയോ ബുദ്ധിമുട്ടിക്കണമെന്ന ഉദ്ദേശത്തോടെയല്ല ഞാൻ ഇത് പറഞ്ഞത്. ചരക്ക് ലോറികൾ ഇല്ലെങ്കിൽ നമ്മുടെ നിത്യജീവിതം തന്നെ വലിയ രീതിയിൽ ബാധിക്കുമെന്ന പൂർണ ബോധ്യം എനിക്കുണ്ട്. നാലും അഞ്ചും ദിവസം തുടർച്ചയായി ഓടിയെത്തുന്ന ഡ്രൈവർമാർക്ക് സുരക്ഷിതമായി വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം കൂടിയാണ്.

പക്ഷേ ജീവനുണ്ടെങ്കിൽ മാത്രമല്ലേ ജീവിതമുള്ളൂ. അതുകൊണ്ടുതന്നെ ഡ്രൈവർമാർക്ക് ആവശ്യമായ വിശ്രമകേന്ദ്രങ്ങളും പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കുന്നതിനൊപ്പം, റോഡിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ റിഫ്ലക്ടർ, ടെയിൽ ലാമ്പ്, ഹസാർഡ് ലൈറ്റ് തുടങ്ങിയ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമായും പാലിക്കപ്പെടണം.

കേരളത്തിലെ റോഡുകൾ പുതിയതും മികച്ചതുമാകുന്നതിനൊപ്പം നമ്മുടെ റോഡ് സുരക്ഷാ സംവിധാനങ്ങളും നിയമങ്ങളും അതിനനുസരിച്ച് മെച്ചപ്പെടണം. ഇത് ലോറി ഡ്രൈവർമാർക്കെതിരെയുള്ള ഒരു നിലപാടല്ല. അവരുടെയും റോഡിലൂടെ യാത്ര ചെയ്യുന്ന ഓരോ മനുഷ്യന്റെയും ജീവൻ ഒരുപോലെ സുരക്ഷിതമാക്കണമെന്ന ആവശ്യമാണ്." ഷറഫുദ്ദീന്റെ വാക്കുകൾ.

എട്ടുപേരുടെ ജീവൻ കവർന്ന കയ്പമംഗലത്തെ അപകടം

നിർമാണം നടക്കുന്ന ദേശീയപാത-66 ലെ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ സുരക്ഷാബോർഡുകളോ സൂചനാബോർഡുകളോ ഇല്ലാതിരുന്നതാണ് വൻ ദുരന്തത്തിനിടയാക്കിയത്. കുറച്ചുമാറി സർവീസ് റോഡിലേക്ക് തിരിയാനുള്ളിടത്താണു സൂചനാബോർഡ്. ഇത് മറയ്ക്കുംവിധം നിർത്തിയിട്ട മൂന്ന്‌ ലോറികളിലൊന്നിലേക്ക് വിദ്യാർഥികളുടെ കാർ ഇടിച്ചുകയറുകയായിരുന്നു. നിർത്തിയിട്ട ലോറികളിൽ റിഫ്ലക്ടറോ മറ്റു മുന്നറിയിപ്പുസംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്‌ച രാത്രി 11.40-നാണ് അപകടം. തമിഴ്‌നാട് ദിണ്ടിഗൽ പി.എസ്.എൻ.എ. കോളേജ് ഓഫ് എൻജിനിയറിങ്‌ വിദ്യാർഥികളാണ് തത്‌ക്ഷണം മരിച്ചത്. കാർ നിശ്ശേഷം തകർന്നു.

മധുരൈ ഓൾഡ് വിളങ്കുടി കെ. ജോൺസണിന്റെ മകൻ ജെ. ജോഷ്വാ ഹിൽസൺ (21), അയ്യൻകോടൈ അളഗുമുത്തുകോൺ നഗറിൽ കെ. മുരുഗന്റെ മകൻ എം. മുരളീകൃഷ്ണൻ (21), വിരഗനൂർ രാംനാഥ് മെയിൻ റോഡിൽ എൻ. രാംകുമാറിന്റെ മകൻ ആർ. പ്രസന്ന (20), ദിണ്ടിഗൽ ഒട്ടൻഛത്രം കലഞ്ഞിപ്പട്ടി അണ്ണാനഗറിൽ ആർ. കാർത്തികേയന്റെ മകൻ യുവസഞ്ജിത് (21), വാതിലതോപ്പംപട്ടി ബലകൗണ്ടാൻപട്ടി നടരാജന്റെ മകൻ ജീവ (21), സേലം ഓമല്ലൂർ ഗൗണ്ടാംപട്ടി എസ്. വസന്തകുമാറിന്റെ മകൻ വി. വിശ്വ (21), ഡിണ്ടിഗൽ നല്ലംപട്ടി വളൈകായ്പട്ടി സി. ഇയ്യപ്പന്റെ മകൻ ഐ. സൂര്യ (21), മധുരൈ മേലൂർ നവിനിപ്പട്ടി സത്യപുരത്ത് ഡി. ഗോകുലകൃഷ്ണന്റെ മകൻ സന്തോഷ് (21) എന്നിവരാണ് മരിച്ചത്. ജോഷ്വാ, മുരളീകൃഷ്ണൻ, പ്രസന്ന, ജീവ, സൂര്യ, സന്തോഷ് എന്നിവർ അവസാനവർഷ വിദ്യാർഥികളായിരുന്നു. മറ്റു രണ്ടുപേർ കോഴ്‌സ് കഴിഞ്ഞിരുന്നു. സിവിൽ-മെക്കാനിക്കൽ വിഭാഗം വിദ്യാർഥികളായിരുന്നു എല്ലാവരും.

ശനിയാഴ്‌ച തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി.