മെലിഞ്ഞ്, താടിവെച്ച്, തിളങ്ങുന്ന കണ്ണുകളുള്ള, അതിവേഗത്തിൽ നടക്കുന്ന ചെറുപ്പക്കാരൻ... കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്ക് കോളേജിന്റെ സ്റ്റാഫ് റൂമിൽ അര നൂറ്റാണ്ട് മുൻപ് ആദ്യമായി തന്നെ വന്നു കണ്ട ജോൺ എബ്രഹാമിനെ കുറിച്ചുള്ള സക്കറിയയുടെ ഓർമ്മ. 'ശക്തനായ ഒരു വല്യച്ചനെയും ശാന്തനായ ഒരു കൊച്ചച്ചനെയും പറ്റി ഒരു തിരക്കഥ വേണം.' അതാണ് ജോണിന്റെ ആവശ്യം. തിരക്കഥയെഴുതാൻ തനിക്കറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ നോക്കി സക്കറിയ. 'സാരമില്ല; തിരക്കഥ എന്ന് സങ്കൽപ്പിച്ചു ഇഷ്ടമുള്ളത് പോലെ എഴുതിയാൽ മതി; ബാക്കി ഞാൻ നോക്കിക്കൊള്ളാം.'  ജോണിന്റെ മറുപടി. 

To advertise here,

'ജോസഫ്: ഒരു പുരോഹിതൻ' എന്ന തിരക്കഥയുടെ പിറവി ആ കൂടിക്കാഴ്ചയിൽ നിന്നാണ്. സിനിമയുടെ കഥാബീജം മനസ്സിൽ മൊട്ടിട്ടപ്പോഴേ ഒരു കാര്യം തീരുമാനിച്ചിരുന്നു സംഗീതപ്രേമിയായ ജോൺ. ഈ പടത്തിൽ പാട്ടുണ്ടാകും. അത് എഴുതുന്നത് വയലാർ രാമവർമ്മയും ചിട്ടപ്പെടുത്തി പാടുന്നത് യേശുദാസും ആയിരിക്കും. തിരക്കഥയും ഗാനലേഖനവും പൂർത്തിയായെങ്കിലും ജോണും സക്കറിയയും ചേർന്ന് സ്വപ്നം കണ്ട സിനിമ പല കാരണങ്ങളാലും പുറത്തിറങ്ങാതെ പോയി, അതിന് വേണ്ടി യേശുദാസ് ചിട്ടപ്പെടുത്തി പാടിയ പാട്ടും.

'സ്വന്തം കൈപ്പടയിൽ വയലാറിന്റെ വരികൾ ജോൺ പകർത്തിയെഴുതിയ കടലാസ് ഇന്നും എന്റെ ശേഖരത്തിലുണ്ട്.' സക്കറിയ പറയുന്നു. ക്രിസ്തുവിന്റെ അവസാന വാക്കുകളായ ഏലി ഏലി ലമാ സബക്ഥാനി, 'എന്റെ ദൈവമേ എന്റെ ദൈവമേ എന്തിന് നീയെന്നെ കൈവിട്ടു' എന്ന പ്രാർത്ഥനയിൽ നിന്നാണ് പാട്ടിന്റെ തുടക്കം. ജോണിനും യേശുദാസിനും യേശുദാസിന്റെ ഭാര്യ പ്രഭയ്ക്കും ഒരുപോലെ പ്രിയപ്പെട്ട ഗാനം. സിനിമ വെളിച്ചം കണ്ടിരുന്നെങ്കിൽ യേശുദാസ് സംഗീത സംവിധാനം നിർവഹിച്ച ആദ്യ ഗാനമായേനേ അത്. മൂന്ന് വർഷം കൂടി കഴിഞ്ഞാണ് യേശുദാസിന്റെ ഈണങ്ങളുമായി അഴകുള്ള സെലീന (1973) പുറത്തുവന്നത് എന്നോർക്കുക.

'ജോസഫ്: ഒരു പുരോഹിതൻ'' കടലാസിൽ ഒതുങ്ങിയെങ്കിലും പിന്നാലെ വന്ന ജോണിന്റെ അരങ്ങേറ്റ ചിത്രമായ 'വിദ്യാർത്ഥികളെ ഇതിലേ ഇതിലേ' (1972)യിൽ യേശുദാസിന്റെ ശബ്ദസാന്നിധ്യമുണ്ടായിരുന്നു; വയലാർ എഴുതി എം.ബി. ശ്രീനിവാസൻ ഈണമിട്ട 'നളന്ദ തക്ഷശില നമ്മുടെ പൂർവികർ പടുത്തുയർത്തിയ സർവകലാശാല'' എന്ന മനോഹര ഗാനത്തിന്റെ രൂപത്തിൽ.

പഴയ ഹിന്ദി പാട്ടുകളുടെ ആരാധകനും നല്ലൊരു ഗായകനുമായിരുന്നെങ്കിലും ഫിലിം ഇൻസ്റ്റിറ്റിയുട്ടിൽനിന്ന് സംവിധാനം പഠിച്ചു വന്ന ജോണിന്റെ സിനിമാ സങ്കൽപ്പങ്ങളിലെങ്ങും പിന്നണിഗാനത്തിന് ഇടമുണ്ടായിരുന്നില്ല. ഗാനരംഗങ്ങളില്ലാത്ത ചലച്ചിത്രമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. എന്തു ചെയ്യാം-സ്വപ്നത്തിലെ സിനിമ സാക്ഷാൽക്കരിക്കാനുള്ള അന്തരീക്ഷമല്ലല്ലോ അന്ന് കോടമ്പാക്കത്ത്. സ്വാഭാവികമായും പല ഒത്തുതീർപ്പുകൾക്കും വഴങ്ങേണ്ടി വന്നു ജോണിന്. മറക്കാനാഗ്രഹിക്കുന്ന ചിത്രമായി 'വിദ്യാർത്ഥികളെ ഇതിലേ ഇതിലേ''യെ എഴുതിത്തള്ളുമ്പോഴും ആ സിനിമയുമായി ബന്ധപ്പെട്ട് മനസ്സിൽ അവശേഷിക്കുന്ന ഒരേയൊരു നല്ല ഓർമ്മ 'നളന്ദ തക്ഷശില'എന്ന ഗാനമാണെന്ന് അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട് ജോൺ. ഗായകനോ സംഗീത സംവിധായകനോ ആകാൻ മോഹിച്ചു നടന്ന് ഒടുവിൽ സംവിധായകനായി മാറിയ ആളാണല്ലോ ജോൺ.

വയലാറിനും ജോണിനും ഒപ്പം ചെന്നൈയിലെ വീട്ടിലിരുന്ന് എം.ബി.എസ്. ആ ഗാനം ചിട്ടപ്പെടുത്തുന്നതിന് സാക്ഷ്യം വഹിച്ച നിമിഷങ്ങൾ വികാരവായ്പോടെ ഛായാഗ്രാഹകൻ രാമചന്ദ്രബാബു ഓർത്തെടുത്തതിങ്ങനെ: 'എം.ബി.എസ്. ഹാർമോണിയം വായിച്ച് യേശുദാസിനെ പാട്ടു പഠിപ്പിക്കുന്നത് കേട്ട് തരിച്ചിരിക്കുകയായിരുന്നു ഞങ്ങൾ. അത്ര സ്ഫുടമല്ല എം.ബി.എസ്സിന്റെ മലയാളം ഉച്ചാരണം. ശബ്ദത്തിന് മൃദുത്വവും കുറവ്. എന്നിട്ടും അദ്ദേഹത്തിന്റെ ആലാപനത്തിൽ വന്നു നിറയുന്ന ഭാവസൗന്ദര്യം അപാരമായിരുന്നു.' കല്യാണവസന്തം എന്ന അപൂർവ്വരാഗത്തിൽ എം.ബി.എസ്. സൃഷ്ടിച്ച 'നളന്ദ തക്ഷശില' യേശുദാസിന്റെ മികച്ച അർദ്ധശാസ്ത്രീയ ഗാനങ്ങളിൽ ഒന്നായി നിലനിൽക്കുന്നു ഇന്നും.

അത്ഭുതം തോന്നാം. ജോണിനെ പോലെ സിനിമയെ അങ്ങേയറ്റം ഗൗരവത്തോടെ കാണുകയും പാട്ടുകൾ സിനിമയുടെ ആത്മാവ് നശിപ്പിക്കും എന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്ത പല ചലച്ചിത്രകാരന്മാരുടെയും ആദ്യ ചിത്രങ്ങളിൽ (ചിലരുടെയൊക്കെ പിൽക്കാല ചിത്രങ്ങളിലും) യേശുദാസിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. പി.എൻ. മേനോൻ, അരവിന്ദൻ, കെ.ജി. ജോർജ്ജ്, അടൂർ ഗോപാലകൃഷ്ണൻ, കെ.പി. കുമാരൻ, പദ്മരാജൻ, ലെനിൻ രാജേന്ദ്രൻ... ഈ പട്ടിക ഇനിയും നീളും. എങ്കിലും ഈ ചിത്രങ്ങളിൽ പലതും ഇന്ന് ഓർക്കപ്പെടുന്നത് അവയിലെ ഗന്ധർവഗീതങ്ങളിലൂടെ ആണ് എന്നതല്ലേ സത്യം? സിനിമയുടെ കച്ചവട വഴികളോട് നിരന്തരം കലഹിക്കുകയും ഒടുവിൽ ആത്മരോഷം ഉള്ളിലൊതുക്കി അവയുമായി പൊരുത്തപ്പെടാൻ നിർബന്ധിതരാകുകയും ചെയ്തവരാണ് പലരും. അനിവാര്യതയേക്കാൾ, നിസ്സഹായതയായിരിക്കണം അവരുടെ ഒത്തുതീർപ്പിന് പിന്നിൽ. ഇത്തരം സിനിമകളിലെ ഗാനചിത്രീകരണങ്ങൾ പലതും വഴിപാടുകളായി മാറിയതിന് വേറെ കാരണം തിരയേണ്ട. മനസ്സിനെ തെല്ലും സ്പർശിക്കാതെ വെള്ളിത്തിരയിൽ മിന്നിമറയുന്ന ഗാനരംഗങ്ങളാണ് ഏറെയും. അത്തരം രംഗങ്ങളെയും കാലത്തെ തന്നെയും അതിജീവിച്ചുകൊണ്ട് എന്നിട്ടും ആ പാട്ടുകൾ നമ്മെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ അതിനു നന്ദി പറയേണ്ടത് അവയുടെ ശിൽപികളോട് തന്നെ.