‘യവനകഥയിലെ ഇടയകന്യക’യെ വിസ്മൃതിയിൽനിന്ന് വീണ്ടെടുത്ത് പുതിയ കാലത്തിന് സമ്മാനിച്ച 'ബെത്​ലഹേം കുടുംബ യൂണിറ്റി'ന്റെ അണിയറപ്രവർത്തകർക്ക് നന്ദി. 'ശാപമോക്ഷം' കാത്ത് കാലത്തിന്റെ തിരശ്ശീലക്കപ്പുറത്ത് മറഞ്ഞുകിടക്കുന്ന അപൂർവസുന്ദര ഗാനങ്ങൾ അങ്ങനെ എത്രയെത്ര.

To advertise here,

ഓർമകൾ സുകു മേനോനിലേക്ക് തിരികെ നടക്കുന്നു. മലയാളികളുടെ എത്രയോ തലമുറകൾ ഏറ്റുപാടി സൂപ്പർഹിറ്റാക്കിയ ഗാനങ്ങളിലൊന്ന് ഈ സംവിധായകന്റെ പുറത്തിറങ്ങാതെ പോയ 'കാണാൻ കൊതിച്ച്' എന്ന സിനിമയിലായിരുന്നു: സ്വപ്‌നങ്ങളൊക്കെയും പങ്കുവെക്കാം ദുഃഖഭാരങ്ങളും പങ്കുവെക്കാം. പി. ഭാസ്‌കരൻ എഴുതി വിദ്യാധരൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഗാനം തന്റെ പുതിയ സിനിമയിൽ ചിത്രീകരണമികവോടെ ഉൾപ്പെടുത്തി യുവതലമുറയെയും കേൾപ്പിക്കണമെന്നതായിരുന്നു സുകു മേനോന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന്.

പത്തുവർഷം മുൻപ് ആ ഗാനത്തെ കുറിച്ച് മാതൃഭൂമിയിൽ എഴുതിയ ലേഖനം വായിച്ച് ആവേശഭരിതനായി വിളിച്ച സുകുവേട്ടന്റെ വാക്കുകൾ ഓർമയുണ്ട്: 'ഇത്രയും ഇഷ്ടം മലയാളികൾക്ക് ആ പാട്ടിനോട് ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. രവി എനിക്ക് പുതിയൊരു ഊർജം തന്നിരിക്കുന്നു. ഇപ്പോൾ ചെയ്യുന്ന സിനിമ കഴിഞ്ഞാൽ ഞാൻ സംവിധാനം ചെയ്യാൻ പോകുന്ന സിനിമയ്ക്ക് 'സ്വപ്‌നങ്ങളൊക്കെയും പങ്കുവെക്കാം' എന്നായിരിക്കും പേര്. അതിൽ പാട്ട് ഭംഗിയായി ചിത്രീകരിച്ച് ഉൾപ്പെടുത്തുകയും ചെയ്യും, വിധി അനുവദിക്കുമെങ്കിൽ. അതെന്റെ ഒരു സ്വപ്‌നമാണ്...' പക്ഷേ, സ്വപ്‌നം സഫലമാകും മുൻപേ വിധി ഇടപെട്ടു; 2018-ൽ സുകു മേനോൻ യാത്രയായി.

അതിനും രണ്ടുവർഷം മുൻപ് മറ്റൊരു പ്രമുഖ സംവിധായകൻ 'സ്വപ്‌നങ്ങളൊക്കെയും' എന്ന ഗാനം സ്വന്തം സിനിമയിൽ ഉൾപ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചതാണ്. ക്ഷമാപണത്തോടെ അന്ന് സുകുവേട്ടൻ പറഞ്ഞ മറുപടി ഇങ്ങനെ: 'അത് വേണ്ട, സ്വന്തം മകളെപ്പോലെയാണ് എനിക്കാ പാട്ട്. മറ്റാർക്കും അവളെ വിട്ടുകൊടുക്കാൻ മനസ്സ് സമ്മതിക്കുന്നില്ല. പാട്ടിന്റെ ചിത്രീകരണത്തെക്കുറിച്ച് എനിക്കൊരു സങ്കല്പമുണ്ട്. അത് മറ്റാരും ചെയ്താൽ ശരിയാവില്ല.' സുകുവേട്ടനുള്ളിലെ പിതാവിന്റെ മനസ്സ് വായിച്ചെടുക്കാൻ പറ്റുമായിരുന്നു എനിക്ക്. അതുകൊണ്ടുതന്നെ പിന്നീടദ്ദേഹത്തെ നിർബന്ധിച്ചുമില്ല. ഇനിയെന്നെങ്കിലും ആ ഗാനം സിനിമയിൽ ചിത്രീകരിച്ചുകാണാൻ നമുക്ക് ഭാഗ്യമുണ്ടാകുമോ? കാത്തിരുന്നു കാണാം.

ഷൂട്ടിങ് തുടങ്ങും മുൻപേ മൃതിയടഞ്ഞ 'കാണാൻ കൊതിച്ച്' എന്ന സിനിമക്ക് വേണ്ടി 1985-ൽ റെക്കോർഡ് ചെയ്യപ്പെട്ട ആ ഗാനവുമായി ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവരെ ഇന്നും പതിവായി കണ്ടുമുട്ടാറുണ്ട് സംഗീതസംവിധായകൻ വിദ്യാധരൻ. അത് ചിട്ടപ്പെടുത്തിയത് താനാണെന്ന് പോലും അറിയാത്ത സാധാരണ മനുഷ്യർ. പലരുടെയും ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച പാട്ടാണതെന്ന് പറഞ്ഞുകേൾക്കുമ്പോൾ അത്ഭുതം തോന്നും. പുറത്തിറങ്ങാതെ പോയ ഒരു സിനിമയിലെ പാട്ട് നാല് പതിറ്റാണ്ടിന് ശേഷവും എത്രയോ പേരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു എന്നത് തന്നെ വലിയൊരു അംഗീകാരമല്ലേ. പുതിയ തലമുറ പോലും ആ വരികൾ ഏറ്റുപാടുന്നു. ഇതൊക്കെ കേൾക്കുമ്പോൾ ഭാസ്‌കരൻ മാഷെ മനസ്സുകൊണ്ട് അറിയാതെ നമിച്ചുപോകും വിദ്യാധരൻ.

'വർഷങ്ങളോളം മാഷ് ഈ വരികൾ ഓട്ടോഗ്രാഫായി എഴുതിക്കൊടുത്തിരുന്നു. എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നിയതുകൊണ്ടാവുമല്ലോ അത്. മാത്രമല്ല, അക്കാലത്തെ എല്ലാ വിവാഹ വീഡിയോകളുടെയും പശ്ചാത്തലത്തിൽ ഈ പാട്ട് നിർബന്ധമായിരുന്നു. കുടുംബ ജീവിതത്തെ കുറിച്ചുള്ള ഉദാത്തമായ ഒരു സങ്കൽപ്പം അതിലുള്ളതു കൊണ്ടാവാം. കർമ പ്രപഞ്ചത്തിൽ ജീവിതയാത്രയിൽ നമ്മളെ നമ്മൾക്കായ് പങ്കുവെക്കാം എന്ന വരിയോടെയാണ് ആ പാട്ട് മാഷ് അവസാനിപ്പിക്കുന്നത്. അതിലും വലിയൊരു വിവാഹവാഗ്ദാനമുണ്ടോ?'.

പാട്ടിന്റെ ആശയം ഒരളവോളം കാലഹരണപ്പെട്ടു എന്നത് സത്യം തന്നെ. ദാമ്പത്യത്തെ കുറിച്ചുള്ള മലയാളിയുടെ സങ്കൽപ്പങ്ങൾ തന്നെ മാറിയില്ലേ? എങ്കിലും പുതിയ തലമുറയെ സംബന്ധിച്ച് ഒരു തിരിച്ചറിവായിരിക്കും 'സ്വപ്നങ്ങളൊക്കെയും'. ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു നമുക്ക് എന്ന് ഓർമപ്പെടുത്തുന്ന ഗാനം. ദൃശ്യവൽക്കരിക്കപ്പെടാത്ത പാട്ടുകൾക്ക് മറ്റൊരു അപാര സാധ്യത കൂടിയുണ്ട്. ആർക്കും സ്വന്തം ഇഷ്ടപ്രകാരം അത് മനസ്സിൽ വിഷ്വലൈസ് ചെയ്യാം. ഒരു നടന്റെയും നടിയുടെയും മുഖം ആ പാട്ടിനൊപ്പം ഓർമയിൽ തെളിയില്ല. ഇന്ന് കാണുമ്പോൾ പലപ്പോഴും അരോചകമായി തോന്നുന്ന 1980-കളിലെ ഗാനചിത്രീകരണ ശൈലിയിൽനിന്ന് ഗാനം രക്ഷപ്പെട്ടു എന്നതും ആശ്വാസകരം.

ലോഹിതദാസിന്റെ ആദ്യ തിരക്കഥയിൽ പിറക്കേണ്ടിയിരുന്ന സിനിമയായിരുന്നു 'കാണാൻ കൊതിച്ച്'. തൃശ്ശൂർ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ ലാബ് ടെക്‌നിഷ്യനായിരുന്ന ലോഹിയെ സംവിധായകൻ സുന്ദർദാസ് വഴി പരിചയപ്പെട്ടതാണ് സുകു മേനോൻ. ഭാരതീയ സാഹിത്യത്തിലെയും വിശ്വസാഹിത്യത്തിലേയും ക്ലാസിക്കുകളെ കുറിച്ച് അഗാധമായ അറിവുണ്ടായിരുന്ന ചെറുപ്പക്കാരനെ ആദ്യകൂടിക്കാഴ്ചയിൽ തന്നെ സുകുമേനോന് ഇഷ്ടപ്പെട്ടു.

'എന്റെ മനസ്സിൽ അന്നൊരു സിനിമാക്കഥയുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥ. ആ ആശയം തിരക്കഥാരൂപമാക്കാൻ ലോഹിയെ ഏൽപ്പിക്കുകയിരുന്നു ഞാൻ. തൃശ്ശൂർ എലൈറ്റ് ഹോട്ടലിൽ ഇരുന്നാണ് എഴുത്ത്. ഒരാഴ്ച കഴിഞ്ഞപ്പോൾ ലോഹി എന്നെ കാണാൻ വന്നു. നിരാശനായാണ് വരവ്. സ്‌ക്രിപ്റ്റ് എഴുതിത്തീരാറായിരുന്നെങ്കിലും തൃപ്തി പോരാ അദ്ദേഹത്തിന്. താൻ ഉദ്ദേശിച്ച പൂർണത കൊണ്ടുവരാൻ പറ്റുന്നില്ല എന്നാണു പറഞ്ഞത്. ഇനിയും സമയം വേണമെന്നും.'

സിനിമയിൽ ഒരൊറ്റ പാട്ടാണ് സുകു മേനോൻ ഉദ്ദേശിച്ചിരുന്നത്. പടത്തിന്റെ ആത്മാവായി മാറണം ആ പാട്ട്. തീവ്രമായ പ്രണയം പലവിധ തടസ്സങ്ങൾക്കൊടുവിൽ വിവാഹത്തിൽ കലാശിക്കുമ്പോൾ പശ്ചാത്തലത്തിൽ ഉയരേണ്ട ആശംസാഗാനമാണ്. സാഹിത്യ അക്കാദമിയുടെ എന്തോ മീറ്റിങ്ങിനായി അന്ന് തൃശ്ശൂരിലുണ്ട് പി. ഭാസ്‌കരൻ. എങ്കിൽ പിന്നെ മാഷെ കൊണ്ടുതന്നെ പാട്ടെഴുതിക്കാം എന്ന് തീരുമാനിക്കുന്നു സംവിധായകൻ. സംഗീത സംവിധായകനായി താരതമ്യേന പുതിയൊരു ആൾ വേണമെന്നാണ് ആഗ്രഹം. 'എന്റെ ഗ്രാമ'ത്തിൽ വിദ്യാധരൻ ചിട്ടപ്പെടുത്തിയ 'കൽപ്പാന്തകാലത്തോളം' എന്ന പാട്ട് ഹിറ്റായി നിൽക്കുന്ന സമയം. നേരത്തെ 'അഷ്ടപദി'യിൽ ഭാസ്‌കരൻ മാഷിന്റെ വരികൾക്ക് ഈണം പകർന്നിട്ടുണ്ട് വിദ്യാധരൻ. 'വിണ്ണിന്റെ വിരിമാറിൽ' എന്ന പാട്ട് ഭേദപ്പെട്ട ഹിറ്റുമായിരുന്നു. പുതിയ പടത്തിൽ ആ കൂട്ടുകെട്ടിനെ ഒരിക്കൽ കൂടി പരീക്ഷിക്കാൻ തീരുമാനിക്കുന്നു സുകു മേനോൻ.

തൃശ്ശൂർ ബിനി ടൂറിസ്റ്റ് ഹോമിന്റെ ഒന്നാം നിലയിലെ മുറിയിലാണ് കംപോസിങ്. 'ഭാസ്‌കരൻ മാഷിന്റെ കൂടെയുള്ള പാട്ടുണ്ടാക്കൽ ഒരു സംഭവമാണ്', വിദ്യാധരൻ ഓർക്കുന്നു.

'വലിയൊരു സൗഹൃദക്കൂട്ടായ്മയിലാണ് പാട്ടു പിറക്കുക. ശോഭന പരമേശ്വരൻ നായർ, സുകു, ലോഹി... എല്ലാവരുമുണ്ട് മുറിയിൽ. കട്ടിലിൽ ഹാർമോണിയവുമായി ഞാനും. സംവിധായകൻ പറഞ്ഞുകൊടുത്ത സിറ്റുവേഷൻ മനസ്സിലിട്ട് പാകപ്പെടുത്തിയെടുക്കുന്നു മാഷ്. മൂളിപ്പാട്ടൊക്കെ പാടി അക്ഷമനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് അദ്ദേഹം. ഒന്ന് രണ്ടു പല്ലവി പാടിക്കേൾപ്പിച്ചെങ്കിലും പരമേശ്വരൻ നായർക്ക് ദഹിക്കുന്നില്ല. ഇതിലും ഉഗ്രൻ വരാനിരിക്കുന്നു എന്നറിയാം അദ്ദേഹത്തിന്. ഇടക്കെപ്പോഴോ കുളിമുറിയിൽ കയറി വാതിലടക്കുന്നു ഭാസ്‌കരൻ മാഷ്. പാട്ട് മൂളുന്നതൊക്കെ വെളിയിൽ കേൾക്കാം നമുക്ക്. അഞ്ചു മിനിറ്റ് കഴിഞ്ഞ് അദ്ദേഹം പുറത്ത് വന്നത് ചുണ്ടിൽ നാല് വരികളുമായാണ്: 'സ്വപ്‌നങ്ങളൊക്കെയും പങ്കുവെക്കാം, ദുഃഖഭാരങ്ങളും പങ്കുവെക്കാം; ആശ തൻ തേനും നിരാശ തൻ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെക്കാം.'

'പല്ലവി ഇതുതന്നെ മതി. ഗംഭീരം', ശോഭന പരമേശ്വരൻ നായർ പ്രഖ്യാപിക്കുന്നു. 'ഇനി പൊടിപ്പും തൊങ്ങലും വിദ്യാധരന്റെ വക. അപ്പോഴേക്കും മാഷ് ബാക്കിയെഴുതും.' പതിനഞ്ചു മിനിറ്റേ വേണ്ടിവന്നുള്ളൂ പല്ലവി ചിട്ടപ്പെടുത്താൻ എന്ന് വിദ്യാധരൻ. 'മാഷിന്റെ വരികളിൽ തന്നെ ഉണ്ടായിരുന്നു അവയുടെ സംഗീതം. ഒരൊറ്റ തവണ പാടിനോക്കുകയേ വേണ്ടി വന്നുള്ളൂ ഈണം കണ്ടെത്താൻ.' അടുത്ത ദിവസം തിരുവനന്തപുരത്ത് തരംഗിണി സ്റ്റുഡിയോയിൽ പടത്തിന്റെ പൂജയും റെക്കോർഡിങ്ങും. അന്നാണ് രാജാമണി ആദ്യമായി തന്റെ ഓർക്കസ്ട്ര സഹായിയുടെ റോൾ ഏറ്റെടുത്തതെന്ന് ഓർക്കുന്നു വിദ്യാധരൻ. 'കൽപ്പാന്തകാലം' ഉൾപ്പെടെ അതുവരെയുള്ള പാട്ടുകളിലെല്ലാം അസിസ്റ്റ് ചെയ്തത് ജോൺസണാണ്.

'സ്വപ്‌നങ്ങളൊക്കെയും' ആദ്യം റെക്കോർഡ് ചെയ്തത് ചിത്രയുടെ ശബ്ദത്തിൽ. അത് കഴിഞ്ഞു യേശുദാസിന്റെയും. അകമ്പടിക്ക് ഗിറ്റാർ, തബല, ഫ്‌ലൂട്ട്, കീബോർഡ്, റിഥം പാഡ്... അങ്ങനെ വിരലിലെണ്ണാവുന്ന ഉപകരണങ്ങൾ മാത്രം. ബാലകൃഷ്ണൻ ആയിരുന്നു ശബ്ദലേഖകൻ. 'പാട്ട് റെക്കോർഡ് ചെയ്തു കെട്ടവർക്കെല്ലാം ഒരേ അഭിപ്രായമായിരുന്നു; ഇത് സൂപ്പർഹിറ്റാകും. നിങ്ങളുടെ ജീവിതത്തിൽ തന്നെ വഴിത്തിരിവാകും', അഭിനന്ദന വചസ്സുകൾക്ക് മുന്നിൽ വിനയാന്വിതനായി തലകുനിച്ചു നിന്നു സംവിധായകൻ. ഉള്ളിൽ പ്രതീക്ഷയുടെ ഒരു കടലിരമ്പുന്നുണ്ടായിരുന്നു അപ്പോൾ.

എന്നാൽ ശീർഷകം പോലെ തന്നെയായി സിനിമയുടെ വിധിയും. പടം കാണാൻ കൊതിച്ച് കാത്തിരുന്നവർ നിരാശരായത് മിച്ചം. വിചാരിച്ച പോലെ കാര്യങ്ങൾ നീങ്ങിയില്ല എന്നതാണ് കാരണം. 'ജോലി കിട്ടി നിർമാതാവ് ഗൾഫിലേക്ക് പോയി. ലോഹിയുടെ തിരക്കഥ പൂർത്തിയായതുമില്ല. ഒടുവിൽ ആ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. പുറത്തിറങ്ങിയില്ലെങ്കിലും 'കാണാൻ കൊതിച്ച്' ഒരൊറ്റ പാട്ടിലൂടെ ഇന്നും ഓർക്കപ്പെടുന്നു എന്നത് സന്തോഷമുള്ള കാര്യം', സുകു മേനോന്റെ വാക്കുകൾ.

ഭാസ്‌കരൻ മാഷിന് ഏറ്റവും പ്രിയപ്പെട്ട സ്വന്തം പാട്ടുകളിൽ ഒന്നായിരുന്നു 'സ്വപ്‌നങ്ങളൊക്കെയും പങ്കുവെക്കാം'. അൽഷൈമേഴ്സ് ബാധിച്ച് മറവിയുടെ തീരത്തുകൂടി സഞ്ചരിക്കുമ്പോഴും വല്ലപ്പോഴുമൊക്കെ സംവിധായകനെ നേരിൽ കാണുമ്പോൾ ആ പാട്ടിനെ കുറിച്ച് ചോദിക്കാറുണ്ടായിരുന്നു മാഷ്. 'നിങ്ങൾ ഒരു പടം ചെയ്യണം. അതിന് 'സ്വപ്‌നങ്ങളൊക്കെയും പങ്കുവെക്കാം' എന്ന പേരിടണം. സിനിമക്ക് ഇണങ്ങുന്ന പേരാണ്. അതിനും പാട്ടെഴുതുന്നത് ഞാനായിരിക്കും', അവസാന കൂടിക്കാഴ്ച കഴിഞ്ഞു യാത്രയാക്കവേ മാഷ് പറഞ്ഞു. പക്ഷേ, മറവിയുടെ ലോകത്തുനിന്ന് ഒരു തിരിച്ചുവരവുണ്ടായില്ല മാഷിന്.