അത്യപൂർവമായ ഒരു സംഗീത സംഗമത്തിന്റെ ആറ് പതിറ്റാണ്ട് പഴക്കമുള്ള ചിത്രമാണ്. വലത്തേയറ്റത്ത് പിന്നിൽ ബോംഗോസുമായിരിക്കുന്നത് അനുഗൃഹീത സംഗീതസംവിധായകൻ കൂടിയായ കോഴിക്കോട് അബൂബക്കർ. കോഴിക്കോട്ടുകാരുടെ അവുക്കുഭായ്. സമ്പന്നമായ ഒരു സംഗീത പാരമ്പര്യത്തിന്റെ അവസാന കണ്ണികളിൽ ഒരാളായ അബൂബക്കർ മസ്തിഷ്കാഘാതത്തെ തുടർന്ന് വിടവാങ്ങി എന്ന വാർത്ത വേദന പകരുന്നു. പ്രാർത്ഥനകളോടെ, അപൂർവമായ ഈ പടത്തിന്റെ കഥ ഒരിക്കൽ കൂടി..

To advertise here,

കാതോർത്തുനോക്കൂ; പോയിമറഞ്ഞ ഒരു കോഴിക്കോടൻ പാട്ടുകാലത്തിന്റെ ഹൃദയമിടിപ്പുകൾ കേൾക്കാം ഈ ചിത്രത്തിൽ. ടൗൺഹാളിലെ വേദിയിൽ ചമ്രം പടിഞ്ഞിരുന്ന് പാട്ടിൽ അലിഞ്ഞൊഴുകുന്നത് യുവാവായ കെ.ജെ. യേശുദാസ്. തൊട്ടടുത്തിരുന്ന് ഹാർമോണിയത്തിൽ ശ്രുതി മീട്ടുന്നത് മെലഡിയുടെ രാജകുമാരനായ ബാബുരാജ്. പിന്നിൽ സി.എം. വാടിയിലും (വയലിൻ), ആർച്ചീ ഹട്ടണും (ഗിറ്റാർ), കോഴിക്കോട് അബൂബക്കറും (ബോംഗോസ്). പാട്ടേതെന്ന് പറയേണ്ടതില്ല: "കറുത്ത കൈ"യിലെ ആ പ്രശസ്തമായ ഖവാലി തന്നെ. "പഞ്ചവർണ്ണ തത്ത പോലെ കൊഞ്ചിവന്ന പെണ്ണേ..."

ആറു പതിറ്റാണ്ടുകൾക്കിപ്പുറവും സുരയ്യയുടെ ഓർമ്മകളിൽ മിഴിവാർന്നു നിൽക്കുന്നു ആ സംഗീതസന്ധ്യ. "ടൗൺഹാളിന് ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ ഇരട്ടിയോളം ആളുകളാണ് അന്ന് പരിപാടി കാണാൻ എത്തിയത്. മാനാഞ്ചിറയോളം നീണ്ട പുരുഷാരം. അവർക്ക് വേണ്ടി മതിമറന്നു പാടി ദാസേട്ടൻ; പെട്ടിയിൽ വീണുകിടന്നു വായിച്ചു ബാബുക്ക. എന്റെ ജീവിതത്തിൽ അതുപോലൊരു പരിപാടി അതിനു മുൻപോ പിൻപോ കണ്ടിട്ടില്ല. കാതുകളിൽ ഇന്നും മുഴങ്ങുന്നു അന്നത്തെ വാഹ് വാഹ് വിളികളും കരഘോഷവും..."

എങ്ങനെ മറക്കാനാകും കോഴിക്കോട് അബ്ദുൾഖാദറിന്റെ മകൾക്ക് ആ അനർഘ നിമിഷങ്ങൾ? മാസങ്ങൾ മാത്രം അകലെത്തിനിൽക്കുന്ന സ്വന്തം വിവാഹത്തിന്റെ "കർട്ടൻ റെയ്‌സർ" കൂടിയായിരുന്നല്ലോ വാസു പ്രദീപും ബാബുരാജും മുൻകൈയെടുത്ത് സംഘടിപ്പിച്ച ആ പരിപാടി. സുരയ്യയുടെയും മോളിയുടെയും നജ്മൽ ബാബുവിന്റേയും സീനത്തിന്റെയും നസീമയുടെയും നാസറിന്റെയും 'ഡാഡ'യായ ഖാദർക്കക്ക് വേണ്ടി സുഹൃത്തുക്കളും ആരാധകരും ചേർന്നൊരുക്കിയ സംഗീത വിരുന്ന്. പാട്ടുകാരും വാദ്യകലാകാരന്മാരും പ്രതിഫലം വാങ്ങാതെയാണ് ആ പരിപാടിയുടെ ഭാഗമായതെന്ന് ഓർക്കുന്നു അന്ന് പതിനാറ് വയസ്സ് പ്രായമുണ്ടായിരുന്ന സുരയ്യ.

മറ്റൊരു ചരിത്രപരമായ സവിശേഷത കൂടിയുണ്ട് ആ സംഗീതസന്ധ്യക്ക്. യേശുദാസിന്റെ ആദ്യത്തെ കോഴിക്കോടൻ പരിപാടിയായിരുന്നു അത്. മലയാളസിനിമയിൽ ഗന്ധർവ സ്വരഗംഗ ഒഴുകിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. "താമസമെന്തേ വരുവാൻ, വെള്ളിച്ചിലങ്കയണിഞ്ഞുംകൊണ്ടൊരു പെണ്ണ് തുടങ്ങിയ പാട്ടുകളൊക്കെ ജനങ്ങൾ ഹൃദയപൂർവം ഏറ്റുപാടിക്കൊണ്ടിരുന്ന കാലം. ആ പാട്ടുകൾ നേരിട്ട് അദ്ദേഹം പാടിക്കേട്ടപ്പോൾ കോരിത്തരിച്ചുപോയി. ഡാഡയും എ ടി ഉമ്മറും പാലയാട് യശോദയും ഒക്കെയുണ്ടായിരുന്നു പാട്ടുകാരായി. എന്തിനു കവിളിൽ ബാഷ്പധാര എന്ന മിന്നാമിനുങ്ങിലെ പാട്ട് വികാരഭരിതമായി ഡാഡ പാടിയപ്പോൾ സദസ്സിൽ പടർന്ന നിശബ്ദത ഇന്നുമുണ്ട് കാതുകളിൽ." കവിയും ഗാനരചയിതാവുമായ പി.എം. കാസിമിന്റെ (കണ്ടു രണ്ട് കണ്ണ് എന്ന പ്രശസ്ത ഗാനത്തിന്റെ രചയിതാവ്) മകൻ പി.എം.എ സമദാണ് സുരയ്യയുടെ ഭർത്താവ്. അറിയപ്പെടുന്ന പത്രപ്രവർത്തകനായിരുന്ന സമദ് 2006 ൽ ഓർമ്മയായി.

"ജീവിതം മുഴുവൻ സംഗീതത്തിന് സമർപ്പിച്ചവരുടെ കാലമായിരുന്നു അത്."-- ബാബുരാജിനൊപ്പം എണ്ണമറ്റ വേദികൾ പങ്കിട്ടിട്ടുള്ള വയലിൻ വാദകൻ സി.എം വാടിയിലിന്റെ ഓർമ്മ. പ്രായത്തെ വെല്ലുന്ന ഉത്സാഹവുമായി കോഴിക്കോടിന്റെ സംഗീതഭൂമികയിൽ സജീവമാണ് നവതിയോടടുക്കുന്ന സി.എം. "ആ കാലത്തിന്റെ പ്രതിനിധികൾ ഓരോരുത്തരായി മറഞ്ഞുകഴിഞ്ഞു. പലരേയും ആരും ഓർക്കുന്നുപോലുമില്ല. തലമുറകൾ മാറിവരികയല്ലേ?" പടത്തിലെ കലാകാരന്മാരിൽ ബാബുരാജ്, ആർച്ചി ഹട്ടൺ എന്നിവർ ഓർമ്മയായി. യേശുദാസും സി എമ്മും അവുക്കുഭായിയും ഇന്നുമുണ്ട് നമുക്കൊപ്പം. മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റും സംഗീത സംവിധായകനും ഒക്കെയായി സംഗീത ലോകത്ത് പതിറ്റാണ്ടുകളോളം സജീവമായിരുന്നു അവുക്കു ഭായ്. യത്തീമിൻ അത്താണി (ചിത്ര), കരയാനും പറയാനും (യേശുദാസ്) തുടങ്ങി എണ്ണമറ്റ ഹിറ്റുകൾ. ജന്നത്തുൽ ഫിർദൗസ് പോലുള്ള ആൽബങ്ങൾ...

ഒരു നിമിഷം നിർത്തി സി.എം കൂട്ടിച്ചേർക്കുന്നു; ആത്മഗതമെന്നോണം: "ആര് മറന്നാലും എനിക്ക് അവരെയൊന്നും മറക്കാനാവില്ല. ബാബുക്കയെ ഓർക്കാത്ത, അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം പോലുമില്ല എന്റെ ജീവിതത്തിൽ..." ബാബുരാജ് മാത്രമല്ല, അബ്ദുൾഖാദർ, സി.എ. അബൂബക്കർ, നജ്മൽ ബാബു, വാസു പ്രദീപ്, എ.കെ. സുകുമാരൻ, കെ.ആ.ർ ബാലകൃഷ്ണൻ, കെ.ആ.ർ വേണു, വയലിൻ സുകുമാരൻ, തബല ഉസ്മാൻ, ആർച്ചി ഹട്ടൻ തുടങ്ങി കോഴിക്കോടൻ സംഗീത വേദികളെ ദീപ്തമാക്കിയവരെല്ലാം ഇന്ന് ചരിത്രത്തിന്റെ ഭാഗം. 2021 മാർച്ച് 20 നായിരുന്നു എൺപത്തേഴാം വയസ്സിൽ ആർച്ചി ഹട്ടന്റെ വിയോഗം.

അപൂർവമായ ഈ ഫോട്ടോക്ക് പിന്നിലുമുണ്ട് ഒരു കഥ. 1980 കളിൽ ബാബുരാജിനെ കുറിച്ചെഴുതിയ ലേഖനത്തിനൊപ്പം കൊടുക്കാൻ വേണ്ടി, കോഴിക്കോട്ട് മൊയ്‌തീൻപള്ളി റോഡിലെ ദർശൻ സ്റ്റുഡിയോ ഉടമ വിനോദിൽ നിന്ന് സംഘടിപ്പിച്ച പടമാണിത്. കയ്യിലുണ്ടായിരുന്ന മങ്ങിത്തുടങ്ങിയ പടം ചില്ലറ മിനുക്കുപണികളോടെ 'പുതുക്കി'യ ശേഷം എനിക്ക് സമ്മാനിക്കുന്നു വിനോദ്. "അത്യപൂർവമായ പടമാണ്. പലരും ആവശ്യപ്പെട്ടിട്ടും കൊടുത്തിട്ടില്ല. സൂക്ഷിച്ചു വേണം ഉപയോഗിക്കാൻ."-- പടം കയ്യിലേൽപ്പിക്കുമ്പോൾ വിനോദ് പറഞ്ഞു. സി.എം. വാടിയിലിന്റെ ശേഖരത്തിൽ നിന്ന് കിട്ടിയതായിരുന്നു വിനോദിന് ആ ചിത്രം.

ഇന്റർനെറ്റ് വ്യാപകമായതോടെ പടം "കൈവിട്ടു"പോയെങ്കിലും അതിൽ സ്പന്ദിക്കുന്ന കാലത്തിന് നിത്യയൗവനം; ആ കാലത്തുനിന്ന് കാതിലേക്കൊഴുകുന്ന പാട്ടുകൾക്കും.