കൊച്ചി: നടി അൻസിബ ഹസ്സനെതിരെ ശ്വേതാ മേനോൻ കോടതിയിൽ. അൻസിബ ഹസ്സൻ അഡ്ഹോക് കമ്മിറ്റിയുടെ ഭാഗമല്ലെന്ന് ശ്വേതാ മേനോൻ കോടതിയെ അറിയിച്ചു. വ്യക്തിപരമായ പ്രതികാരത്തിനായാണ് തന്റെ പരാതിയിൽ കക്ഷിചേരാൻ അൻസിബ ശ്രമിക്കുന്നതെന്നും ശ്വേതാ മേനോൻ പറഞ്ഞു. കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അൻസിബയുടെ ശ്രമമെന്നും ശ്വേതാ മേനോൻ സത്യവാങ്മൂലത്തിൽ പറയുന്നു.

To advertise here,

'അമ്മ' അഡ്ഹോക്ക് കമ്മിറ്റിക്കെതിരെ ശ്വേതാ മേനോൻ നൽകിയ ഹർജിയിൽ കക്ഷി ചേരാനുള്ള അൻസിബയുടെ നീക്കത്തെ ശ്വേത ശക്തമായി എതിർത്തിരിക്കുകയാണിപ്പോൾ. അൻസിബയ്ക്ക് ഈ കേസിൽ കക്ഷി ചേരാൻ നിയമപരമായ യാതൊരു അവകാശവുമില്ലെന്നാണ് ശ്വേതാ മേനോൻ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. 2025 മുതൽ 2028 വരെയുള്ള തന്റെ ഔദ്യോഗിക കാലാവധിയിലെ അവകാശങ്ങൾ സംരക്ഷിക്കാനാണ് താൻ കോടതിയെ സമീപിച്ചതെന്നും ശ്വേത ബോധിപ്പിച്ചു.

വ്യക്തിപരമായ പ്രതികാരബുദ്ധിയോടെയാണ് അൻസിബ പ്രവർത്തിക്കുന്നതെന്ന് ശ്വേത സത്യവാങ്മൂലത്തിൽ ആരോപിച്ചു. നേരത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന അൻസിബ ആ സ്ഥാനം രാജി വെച്ചതാണ്. ഈ രാജി കമ്മിറ്റി അംഗീകരിച്ചതുമാണ്. എന്നാൽ, എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളോടുള്ള വ്യക്തിവൈരാഗ്യം തീർക്കാനാണ് അൻസിബ ഇപ്പോൾ ഇത്തരം നിയമനടപടികളുമായി മുന്നോട്ട് വരുന്നതെന്നാണ് ശ്വേതയുടെ പക്ഷം.

ശ്വേതയെ കൂടാതെ രമേഷ് പിഷാരടിയും ഈ വിഷയത്തിൽ തന്റെ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ട്. ശ്വേതാ മേനോൻ നൽകിയ ഹർജിക്കെതിരെ രമേഷ് പിഷാരടി എറണാകുളം മുൻസിഫ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തനിക്കെതിരെ ശ്വേത നൽകിയ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും പിഷാരടി കോടതിയെ അറിയിച്ചു.

ജനപ്രതിനിധിയായ തന്നെ അപമാനിക്കുക എന്ന ദുരുദ്ദേശത്തോടെയാണ് അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേർത്തതെന്ന് രമേഷ് പിഷാരടി ആരോപിച്ചു. തനിക്കെതിരെ നിയമപരമായ യാതൊരു കാരണവും ഹർജിയിൽ ബോധിപ്പിച്ചിട്ടില്ല. അതിനാൽ ഹർജി നിലനിൽക്കില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.