കേരളാ ഹൈക്കോടതിയുടെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച് നടി അൻസിബ ഹസൻ. 'സത്യമേവ ജയതേ', എന്ന ഒറ്റവരിക്കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ പോലീസിനോട് കോടതി നിർദേശിച്ചതിന് പിന്നാലെയാണ് പ്രതികരണം.

To advertise here,

അതേസമയം, കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാലുടൻ അൻസിബയുടെ പരാതിയിൽ കേസെടുക്കുമെന്ന് കൊച്ചി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. നേരത്തെ നടത്തിയ പരിശോധനയിൽ കേസെടുക്കാൻ പാകത്തിൽ തെളിവുകൾ ലഭിച്ചിരുന്നില്ല. ഇപ്പോൾ കോടതി നിർദേശം വന്നിരിക്കുകയാണെന്നും ഉത്തരവ് ലഭിച്ചാലുടൻ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'അവരുടെ സംഘടനയ്ക്കുള്ളിലുള്ള ഒരുപാട് കാര്യങ്ങളാണ്. അവർ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് പരാതികളും മറുപരാതികളുമുണ്ടായിരുന്നു. നേരത്തെ അവർ സംസാരിച്ചു തീർന്ന കാര്യങ്ങളിൽ പരിഹരിക്കപ്പെടാതെ നിന്നു. എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നു. അവരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ സംസാരങ്ങൾ പരിശോധിച്ചു. അന്നേരത്തെ തെളിവുകൾ പരിശോധിച്ച് പോലീസ് ഒരു തീരുമാനം എടുത്തു. ഇപ്പോൾ ജുഡീഷ്യറിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവിന്റെ പകർപ്പ് കിട്ടിയാൽ കേസെടുക്കും', അദ്ദേഹം വ്യക്തമാക്കി.

അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പോലീസ് റിപ്പോർട്ട്. പിന്നാലെ, അൻസിബ കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച എറണാകുളം സെഷൻസ് കോടതി അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ പോലീസിനോട് നിർദേശിച്ചിരുന്നു.