താരസംഘടനയായ 'അമ്മ'യുടെ ഓണക്കിറ്റ് മോശം അവസ്ഥയിൽ ലഭിച്ചതിൽ സ്വകാര്യ കൊറിയർ സ്ഥാപനത്തിനെതിരെ നടനും സംവിധായകനുമായ മുസ്തഫ. ഭദ്രമായി പൊതിഞ്ഞ് അയച്ച പെട്ടി പൊട്ടിയ അവസ്ഥയിലാണ് ലഭിച്ചതെന്ന് മുസ്തഫ സാമൂഹികമാധ്യമങ്ങളിൽ പരാതിപ്പെട്ടു. പെട്ടിയിലുണ്ടായിരുന്ന സാധനങ്ങൾ നഷ്ടപ്പെട്ടുപോയതായും മുസ്തഫ കൂട്ടിച്ചേർത്തു. സ്വകാര്യ കൊറിയർ സ്ഥാപനത്തിന്റെ മലപ്പുറം ചേളാരി ശാഖയ്‌ക്കെതിരെയാണ് പരാതി.

To advertise here,

'അമ്മയിൽ നിന്ന് വന്ന ഓണക്കിറ്റ് ആണ്. പെട്ടിയുടെ കോലം കണ്ടു ഞാൻ ഞെട്ടി. പെട്ടി പൊട്ടിയിരിക്കുണു. കുറച്ച് സാധനങ്ങൾ പോയിരിക്കണു. പോട്ടെ സാരല്യ', മുസ്തഫ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

'പക്ഷേ, സർവീസ്. വീട്ടിലെത്തിക്കേണ്ടതാണ്, അതിനാളില്ല. ഒരു ലെറ്റർ ആണേൽ പോലും ഞാൻ അവിടെ പോയി വാങ്ങാറാണ് പതിവ്. നാട്ടിലുള്ളപ്പോ അതൊരു ബുദ്ധിമുട്ടല്ല. ഇത് കൊറച്ച് കഠിനമായിപ്പോയി. റാപ്പ് ചെയ്ത് ഭദ്രമാക്കി അയച്ച മൊതല്, ദേ കെടക്ക്ണ്. പരിഭവണ്ട്, പരാതില്ല്യ', മുസ്തഫ കൂട്ടിച്ചേർത്തു.

ഓണക്കോടിയും രണ്ടുതരം പായസക്കൂട്ടും ഉൾപ്പെടുന്നതാണ് 'അമ്മ'യുടെ ഓണക്കിറ്റ്. കേരളാ സാരിയും മുണ്ടുമാണ് ഓണക്കോടിയായി നൽകുന്നത്. ഇതിന് പുറമെ, അരിയും പഞ്ചസാരയും ഉൾപ്പെടെ പലവ്യഞ്ജനങ്ങളും കിറ്റിലുണ്ട്.

അടുത്തിടെ കാക്കനാട് ആരംഭിച്ച സ്വർണാഭരണക്കടയാണ് കിറ്റ് സ്പോൺസർ ചെയ്യുന്നത്. പ്രസിഡന്റ് ശ്വേതാ മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ഭരണസമിതി അംഗങ്ങളായ ടിനി ടോം, നീനാ കുറുപ്പ്, അഞ്ജലി നായർ, സരയൂ മോഹൻ, സിജോയ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം. മുതിർന്ന താരങ്ങളിൽ പലർക്കും കിറ്റ് നേരിട്ട് കൈമാറി.