ഈ വർഷത്തെ ദീപാവലി റിലീസായ 'സീൻ' (Scene) ഉൾപ്പെടെ തുടർച്ചയായ മൂന്ന് വലിയ വിജയ ചിത്രങ്ങളിലൂടെ തമിഴ് സൂപ്പർ താരം സൂര്യ തന്റെ കരിയറിലെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് വർഷങ്ങളിലൊന്ന് ആഘോഷിക്കുകയാണ്. ഈ വർഷം തിയേറ്ററുകളിലെത്തിയ 'കറുപ്പ്' (Karuppu), 'വിശ്വനാഥ് &സൺസ്' (Vishwanath & Sons), ഒടുവിൽ പുറത്തിറങ്ങിയ 'സീൻ' എന്നീ മൂന്ന് സിനിമകളും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും വലിയ സാമ്പത്തിക വിജയം നേടുകയും ചെയ്തു. സിനിമകൾ വൻ വിജയമാക്കിയ പ്രേക്ഷകർക്കും ആരാധകർക്കും തിയേറ്റർ ഉടമകൾക്കും മാധ്യമങ്ങൾക്കും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പ്രത്യേക വീഡിയോ സന്ദേശത്തിലൂടെ സൂര്യ നന്ദി അറിയിച്ചു.

To advertise here,

"പ്രിയപ്പെട്ട പ്രേക്ഷകരേ, ആരാധകരേ, എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി! നിങ്ങൾ തിയേറ്ററുകളിൽ പോയി 'സീൻ' കണ്ടു, ആഘോഷിച്ചു, നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു, അത് വിശകലനം ചെയ്തു, വിവിധ കോണുകളിൽ നിന്ന് പരിശോധിക്കുകയും അതിലെ രഹസ്യങ്ങൾ കണ്ടെത്തുകയും ചെയ്തു. ആത്യന്തികമായി ഇതൊരു വലിയ വിജയമാക്കി മാറ്റാൻ സഹായിച്ചു.

ഒരു സിനിമ വിജയിക്കുമ്പോൾ, കോസ്റ്റ്യൂം ക്രൂവും ചലച്ചിത്ര പ്രവർത്തകരുമടക്കം, ചിത്രവുമായി ബന്ധപ്പെട്ട എല്ലാവരും സ്വാഭാവികമായും സന്തോഷിക്കുന്നുണ്ട്. എന്നാൽ ഈ വിജയത്തിൽ ഞങ്ങളെക്കാൾ കൂടുതൽ സന്തോഷിച്ചത് നിങ്ങളാണ്. എന്റെ നന്ദി വാക്കുകളിൽ എങ്ങനെ പ്രകടിപ്പിക്കണമെന്നോ അല്ലെങ്കിൽ നിങ്ങൾക്ക് എങ്ങനെ കൃതജ്ഞത രേഖപ്പെടുത്തണമെന്നോ എനിക്ക് സത്യമായിട്ടും അറിയുന്നില്ല. മുഴുവൻ കോസ്റ്റ്യൂം ക്രൂവിന്റെയും പേരിൽ, നിങ്ങളിൽ ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും ആദരവും അർപ്പിക്കുന്നു.

ഈ വർഷം വളരെ വളരെ സവിശേഷമാക്കിയതിന് നന്ദി. 'സീൻ' ആഘോഷിച്ചതിന് നന്ദി. എല്ലാ പിന്തുണയ്ക്കും എല്ലാ ഭാഷകളിലുമുള്ള തിയേറ്റർ ഉടമകൾ, പ്രസ്സ്, മാധ്യമങ്ങൾ, നിരൂപകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്, സഹപ്രേക്ഷകർ, ആരാധകർ എന്നിവർക്കെല്ലാം എന്റെ ആദരവുകൾ. ഈ വർഷം വളരെ വളരെ സവിശേഷമാക്കിയതിന് നന്ദി. സിനിമകൾ ആഘോഷിച്ചതിന് വളരെ നന്ദി. വീണ്ടും കാണാം." സൂര്യയുടെ വാക്കുകൾ.

'സീൻ' എന്ന ചിത്രത്തിൽ ഇൻബരാജ് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ വേഷമിടുന്നത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ നസീം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഈ ചിത്രത്തിലൂടെ നസ്ലിൻ തമിഴിൽ അരങ്ങേറ്റം കുറിച്ചു. ആനന്ദരാജ്, ലാൽ, രാജ്പ്രിയൻ, സുരേഷ് മതിയഴകൻ, ഗജരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

ചിത്രം ലോകമെമ്പാടുമായി 260 കോടി രൂപയിലധികം കളക്ഷൻ നേടി വൻ തരംഗമായി മാറി. ജിത്തു മാധവൻ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം സൂര്യയുടെയും ജ്യോതികയുടെയും 2D എന്റർടെയ്ൻമെന്റും പുതുതായി ആരംഭിച്ച ഴഗരം സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

2026-ൽ സൂര്യയ്ക്ക് വലിയൊരു തിരിച്ചുവരവ് സമ്മാനിച്ച ആദ്യ വിജയ ചിത്രമായിരുന്നു ആർ.ജെ. ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്'. കറുപ്പുസാമി എന്ന കാവൽദൈവം മനുഷ്യരൂപം പൂണ്ട് ബേബി കണ്ണൻ എന്ന അഴിമതിക്കാരനായ വക്കീലിനെ (ആർ.ജെ. ബാലാജി) നേരിടുന്ന കഥയാണ് ചിത്രം പറയുന്നത്. വെങ്കി അത്ലൂരി സംവിധാനം ചെയ്ത 'വിശ്വനാഥ് & സൺസ്' ആയിരുന്നു സൂര്യയുടെ ഈ വർഷത്തെ മറ്റൊരു പ്രധാന ബോക്സ് ഓഫീസ് വിജയം. സിതാര എന്റർടെയ്ൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ സൂര്യയ്ക്കൊപ്പം മമിത ബൈജു, രാധിക ശരത്കുമാർ, രവീണ ടണ്ടൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.