സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും വിവാഹ സൽക്കാരം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ പ്രൗഢഗംഭീരമായി നടന്നു. നവംബർ 21 ശനിയാഴ്ച ചെന്നൈയിൽ വെച്ചു നടന്ന ഈ സൽക്കാരച്ചടങ്ങിൽ നവദമ്പതികളെ ആശംസിക്കാൻ വലിയൊരു അതിഥിനിര തന്നെ എത്തിച്ചേർന്നിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, സൂപ്പർസ്റ്റാർ രജനീകാന്ത്, മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങി രാഷ്‌ട്രീയ-സിനിമാരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കൂട്ടത്തിൽ ഏവരുടേയും പ്രത്യേക ശ്രദ്ധയാകർഷിച്ചത് വിജയ് തന്നെയായിരുന്നു.

To advertise here,

വിവാഹ സൽക്കാര ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് എത്തിയതായിരുന്നു ഏവരുടെയും ശ്രദ്ധ ആകർഷിച്ച പ്രധാന നിമിഷം. നവദമ്പതികളായ അനിരുദ്ധനും കാവ്യയ്ക്കും മനോഹരമായ പൂച്ചെണ്ട് നൽകിയാണ് മുഖ്യമന്ത്രി വിജയ് ആശംസകൾ അറിയിച്ചു. തുടർന്ന് സൂപ്പർസ്റ്റാർ രജനീകാന്തിനെയും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും വിജയ് സന്ദർശിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു. ഇവർ മൂവരും പുഞ്ചിരിയോടെ ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. 

ഫോട്ടോ സെഷനുശേഷം വധൂവരന്മാരെ കാണാൻ പോയ്ക്കോട്ടേ എന്ന് അനുവാദം ചോദിക്കുന്ന രീതിയിൽ വിജയ് രജനീകാന്തിനുനേരെ നോക്കുമ്പോൾ അദ്ദേഹത്തിന്റെ പുറത്തുതട്ടുകയാണ് രജനി.

തമിഴ്‌നാട് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രജനീകാന്തും വിജയ്‌യും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഇരുവരും തമ്മിലുള്ള ഈ ഊഷ്മളമായ കൂടിക്കാഴ്ച നടന്നത്. സിനിമകൾ ഇറങ്ങുമ്പോൾ സോഷ്യൽ മീഡിയയിൽ ഇരുവരുടേയും ആരാധകർ തമ്മിൽ വാക്തർക്കങ്ങളിൽ ഏർപ്പെടാറുമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങളേയും ഊഹാപോഹങ്ങളേയുമെല്ലാം കാറ്റിൽപ്പറത്തുന്നതാണ് ഇപ്പോഴത്തെ ഈ വൈറൽ വീഡിയോ.

ഗ്രീസിൽ വെച്ചായിരുന്നു അനിരുദ്ധന്റെയും കാവ്യ മാരന്റെയും വിവാഹച്ചടങ്ങുകൾ നടന്നത്. നവംബർ 10-ന് ഗ്രീസിൽ വെച്ച് പ്രീ-വെഡ്ഡിങ് ആഘോഷങ്ങൾ ആരംഭിക്കുകയും നവംബർ 11-ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. കാവ്യ മാരന്റെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി മാരനും നേരിട്ടെത്തിയാണ് രാഷ്‌ട്രീയ നേതാക്കളെയും ചലച്ചിത്ര താരങ്ങളെയും ചെന്നൈയിലെ സൽക്കാരച്ചടങ്ങിലേക്ക് ക്ഷണിച്ചത്.

അനിരുദ്ധും കാവ്യയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾ 2025 മുതൽ പ്രചരിച്ചിരുന്നെങ്കിലും അന്ന് അനിരുദ്ധ് വാർത്തകൾ നിഷേധിച്ചിരുന്നു. എന്നാൽ ഇരുവരും ഒരുമിച്ച് രജനീകാന്തിന്റെ 'ജയിലർ 2' എന്ന സിനിമയുടെ പ്രത്യേക പ്രദർശനത്തിന് എത്തിയതും അനിരുദ്ധന്റെ അമ്മാവനായ വൈ. ജി. മഹേന്ദ്രൻ കുടുംബത്തിൽ ഉടൻ ഒരു വിവാഹം ഉണ്ടെന്ന് സൂചന നൽകിയതും വാർത്തകൾക്ക് ശക്തി പകർന്നു. ഒക്ടോബറിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് നവംബർ 21-ന് ചെന്നൈയിൽ വെച്ച് വിവാഹ സൽക്കാരം നടക്കുമെന്ന വിവരം ആദ്യമായി പുറത്തുവിട്ടത്.

സൺ ന്യൂസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് സൽക്കാരച്ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. ദക്ഷിണേന്ത്യൻ സിനിമയിലെയും രാഷ്‌ട്രീയത്തിലെയും പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ഈ വിവാഹ സൽക്കാരം തികച്ചും അവിസ്മരണീയമായ ഒന്നായി മാറി.