ഒരു കലണ്ടർ വർഷത്തിൽ 200 കോടി രൂപയിലധികം ആഗോള കളക്ഷൻ നേടുന്ന മൂന്ന് ചിത്രങ്ങൾ നൽകുന്ന താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് സൂര്യയും. ഈ ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ തമിഴ് സിനിമാ താരംകൂടിയാണ് സൂര്യ. പുതിയ ചിത്രമായ 'സീൻ' (Scene) റിലീസ് ചെയ്ത് ഏഴുദിവസം പിന്നിട്ടപ്പോഴാണ് അദ്ദേഹംഈ അപൂർവ നേട്ടം കൈവരിച്ചത്. സൂര്യ നായകനായി ഈ വർഷം പുറത്തിറങ്ങിയ കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് എന്നീ ചിത്രങ്ങൾക്ക് പിന്നാലെയാണ് സീനും 200 കോടി ക്ലബിലെത്തിയത്.

To advertise here,

2026-ൽ തിയേറ്ററുകളിലെത്തിയ സൂര്യയുടെ മൂന്ന് ചിത്രങ്ങളും ബോക്സ് ഓഫീസിൽ വലിയ വിജയങ്ങളാണ് നേടിയത്. ഈ വർഷത്തെ സൂര്യയുടെ ഏറ്റവും വലിയ വിജയമായ 'കറുപ്പ്' ആഗോളതലത്തിൽ 310 കോടി രൂപ ഗ്രോസ് കളക്ഷനും ഇന്ത്യയിൽ 198 കോടി രൂപ നെറ്റ് കളക്ഷനും നേടി. രണ്ടാമത്തെ ചിത്രമായ 'വിശ്വനാഥ് ആന്റ് സൺസ്' 209 കോടി രൂപ ആഗോള ഗ്രോസ് കളക്ഷനും ഇന്ത്യയിൽ 122 കോടി രൂപ നെറ്റും സ്വന്തമാക്കി. മൂന്നാമതായി എത്തിയ 'സീൻ'-ന്റെ ആഗോള ഗ്രോസ് 200 കോടി രൂപയാണ്. ചിത്രം ഇന്ത്യയിൽ 111 കോടി രൂപ നെറ്റ് കളക്ഷൻ നേട്ടവും കൈവരിച്ചു.

ഇന്ത്യൻ സിനിമയിൽ അക്ഷയ് കുമാറും (2019) ഷാരൂഖ് ഖാനും (2023) മാത്രമാണ് ഇതിന് മുൻപ് ഒരു വർഷത്തിൽ മൂന്ന് അല്ലെങ്കിൽ അതിലധികം 200 കോടി കളക്ഷൻ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ളത്. അക്ഷയ് കുമാറിന് 2019-ൽ നാല് ചിത്രങ്ങളും (കേസരി, മിഷൻ മംഗൾ, ഹൗസ്ഫുൾ 4, ഗുഡ് ന്യൂസ്), ഷാരൂഖ് ഖാന് 2023-ൽ മൂന്ന് ചിത്രങ്ങളുമാണ് (പഠാൻ, ജവാൻ, ഡങ്കി) 200 കോടി ക്ലബ്ബിൽ ഇടംനേടിക്കൊടുത്തത്.

Also Read: സൂര്യയെ സ്വന്തം മകനെപ്പോലെ ചേർത്തുപിടിച്ച് ശോഭ ചന്ദ്രശേഖർ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ജിത്തു മാധവൻ സംവിധാനം ചെയ്ത 'സീൻ' എന്ന ചിത്രം റിലീസ് ചെയ്ത് ആദ്യ വാരത്തിൽ തന്നെ 200 കോടി രൂപ ആഗോള ഗ്രോസ് കളക്ഷനായി നേടി. ഇന്ത്യയിൽ ആദ്യ വാരത്തിൽ ചിത്രം 111.50 കോടി രൂപ നെറ്റ് കളക്ഷനും (129 കോടി രൂപ ഗ്രോസ്) നേടി. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തിൽ 63 കോടി രൂപ നെറ്റ് കളക്ഷനും തിങ്കളാഴ്ച 21 കോടി രൂപയും ചിത്രം സമാഹരിച്ചിരുന്നു. വിദേശ വിപണികളിൽ നിന്ന് 7.5 മില്യൺ ഡോളറാണ് ചിത്രം സ്വന്തമാക്കിയത്. രാമായണം എന്ന ചിത്രത്തിൽ നിന്നുള്ള ശക്തമായ മത്സരം നിലനിൽക്കേയാണ് 'സീൻ' 200 കോടിയെന്ന റെക്കോർഡിലെത്തിയത്.
 

ഒരു കോമഡി ത്രില്ലർ ചിത്രമായ 'സീനിൽ' ഡിഎസ്പി ഇൻബരാജ് (DSP Inbaraj) എന്ന സ്റ്റൈലിഷ് പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചിരിക്കുന്നത്. സൂര്യയുടെയും ജ്യോതികയുടെയും 2D എന്റർടൈൻമെന്റും പുതുതായി ആരംഭിച്ച ഴഗരം സ്റ്റുഡിയോസും (Zhagaram Studios) ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിത്തു മാധവന്റേതാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
 

12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ നസീം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും 'സീൻ' എന്ന ചിത്രത്തിനുണ്ട്. കൂടാതെ മലയാളി താരം നസ്ലിൻ ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ആനന്ദരാജ്, ലാൽ, രാജ്പ്രിയൻ, സുരേഷ് മതിയഴകൻ, ഗജരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.