സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത 'സീൻ' എന്ന തമിഴ് ചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ നായിക നസ്രിയ നസീമിന്റെ ആക്ഷൻ രംഗങ്ങൾക്ക് വൻ കൈയടിയാണ് തിയേറ്ററിൽ ലഭിക്കുന്നത്. ഇതിനിടെ, താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആക്ഷൻ ഡയറക്ടർ ചേതൻ ഡിസൂസ. ചിത്രത്തിലെ കഠിനമായ ആക്ഷൻ രംഗങ്ങളിൽ നസ്രിയ കാണിച്ച അർപ്പണബോധത്തെ ചേതൻ പ്രശംസിച്ചു.

To advertise here,

തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ നസ്രിയയ്‌ക്കൊപ്പമുള്ള ബിഹൈൻഡ് ദി സീൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ചേതൻ ഡിസൂസയുടെ പ്രശംസ. 'എക്‌സ്പ്രഷൻ ക്വീനിൽനിന്ന് ആക്ഷൻ ക്വീനിലേക്ക്' എന്ന വിശേഷണത്തോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.

'നസ്രിയയ്‌ക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. പരാതികളില്ല, ഒഴികഴിവുകളില്ല. പൂർണമായ അർപ്പണബോധവും പരിശ്രമവുംമാത്രം,' ചേതൻ ഡിസൂസ കുറിച്ചു. ചേതന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് മറുപടിയുമായി നസ്രിയയുമെത്തി.

ദീപാവലി റിലീസായി നവംബർ ആറിന് തിയേറ്ററുകളിലെത്തിയ 'സീൻ' ബോക്‌സ് ഓഫീസിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. റിലീസ് ചെയ്ത് ആദ്യ അഞ്ചു ദിവസങ്ങൾക്കുള്ളിൽ 140 കോടിയിലധികം രൂപ ആഗോള കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ.