14 തവണ ദേശീയ പുരസ്കാരം നേടിയ ഗിരീഷ് കാസറവള്ളി കച്ചവട സിനിമയും സമാന്തര സിനിമയും തമ്മിലുള്ള വേർതിരിവിനെ ചോദ്യം ചെയ്തു. ഓരോ സിനിമാ ആവിഷ്കാരത്തിനും ഒരു പ്രത്യയശാസ്ത്ര നിലപാടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

പനജി: കഥ പറയുന്ന കല എന്നതിലുപരി സമൂഹം കാണാൻ വിമുഖത കാണിക്കുന്ന കഥകൾ പറയാനുള്ള ധെെര്യമാണ് സിനിമയെന്ന് പ്രശസ്ത കന്നഡ സംവിധായകൻ ഗിരീഷ് കാസറവള്ളി. ജാതി, സാമൂഹിക പ്രശ്നങ്ങൾ, മതമേധാവിത്വം, പിന്നാക്ക വിഭാഗങ്ങളെ തഴയുന്നത് എന്നിങ്ങനെ സമൂഹത്തിലെ മാറ്റിർത്തലുകൾ തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ യാത്രയിൽ എപ്പോഴുമുണ്ടായിരുന്ന ആശങ്കയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര ചലച്ചിത്രമേളയോട് അനുബന്ധിച്ച് ഗോവയിലെ കലാ അക്കാദമിയിൽ നടന്ന 'ദി മോറൽ യൂണിവേഴ്സ് ഓഫ് പാരലൽ സിനിമ: 50 ഇയേഴ്സ് ഓഫ് ഗിരീഷ് കാസറവള്ളി' എന്ന ഇൻ-കോൺവർസേഷൻ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1977-ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ 'ഘടശ്രാദ്ധ' മുതൽ 'തബരന കഥെ', 'തായി സാഹിബ', 'ദ്വീപ' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൂടെയുള്ള തന്റെ യാത്രയെക്കുറിച്ച് കാസറവള്ളി സംസാരിച്ചു. 14 തവണ ദേശീയ പുരസ്കാരം നേടിയ ഗിരീഷ് കാസറവള്ളി കച്ചവട സിനിമയും സമാന്തര സിനിമയും തമ്മിലുള്ള വേർതിരിവിനെ ചോദ്യം ചെയ്തു. ഓരോ സിനിമാ ആവിഷ്കാരത്തിനും ഒരു പ്രത്യയശാസ്ത്ര നിലപാടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 'വെറും വിനോദം എന്നൊന്നില്ല. വിനോദം പോലും ഒരു രാഷ്ട്രീയ രൂപമാണ്' അദ്ദേഹം പറഞ്ഞു. സിനിമാപ്രവർത്തകർ നിലവിലുള്ള സാമൂഹിക ആശയങ്ങളെ ഒന്നുകിൽ പിന്തുണയ്ക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'വിധിതീർപ്പുകൾ കൽപ്പിക്കുന്നതിന് പകരം ചിന്തയ്ക്ക് പ്രേരണ നൽകുന്നതാകണം സിനിമ. ഒരു സിനിമയിലൂടെ 'ഇതാണ് ശരി, ഇതാണ് തെറ്റ്' എന്ന് പറയുന്നത് തന്നെ തെറ്റാണ്. ഞാൻ എളുപ്പത്തിലുള്ള വിധിതീർപ്പുകൾ പറയാറില്ല. കാരണം അത് പ്രേക്ഷകരെ ചിന്തിക്കാൻ നിർബന്ധിതരാക്കാറുണ്ട്' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റോറിബോർഡുകളേക്കാൾ കൃത്യമായി എഴുതിയ തിരക്കഥകളോടാണ് തനിക്ക് താല്പര്യമെന്നും, അത് തന്റെ ഭാവനകളെ സ്ക്രീനിലേക്ക് എത്തിക്കാൻ സഹപ്രവർത്തകരെ സഹായിക്കുമെന്നു ഗിരീഷ് കാസറവള്ളി പറഞ്ഞു.
ഹൂലിയോ ഗാർഷ്യ എസ്പിനോസയുടെ 'ഇംപെർഫെക്ട് സിനിമ' എന്ന ആശയം മുൻനിർത്തി പുറത്തുനിന്നുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച് സ്വയം അളക്കുന്നതിന് പകരം സ്വന്തം സാംസ്കാരത്തെയും സ്വത്വത്തിലും ഉറച്ചുനിൽക്കണമെന്ന് അദ്ദേഹം ഇന്ത്യൻ സിനിമാ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. 'മറ്റുള്ളവരുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ഞാൻ എന്തിനാണ് 'പെർഫെക്ട്' ആകുന്നത്? എന്റെ സ്വന്തം പശ്ചാത്തലത്തോടാണ് ഞാൻ നീതി പുലർത്തേണ്ടത്' എന്ന ഉറച്ച നിലപാടോടെയാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്.
Content Highlights: Acclaimed 14-time National Award-winning Kannada filmmaker Girish Kasaravalli reflected on his 50-year cinematic journey during an In-Conversation session at IFFI in Goa, challenging the divide between commercial and parallel cinema while asserting that "there is no pure entertainment—even entertainment is a political form" and urging Indian filmmakers to stay rooted in their own cultural identity.
Published: 22 Nov 2026, 09:30 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented