ഡോക്യുമെന്ററി നിര്‍മ്മാണം അതീവ ശ്രദ്ധ ആവശ്യപ്പെടുന്ന പ്രക്രിയയാണെന്ന് ബെര്ട്ടുസെല്ലി പറയുന്നു.

പനജി: യാഥാർത്ഥ്യങ്ങൾ പകർത്തുക എന്നതിലുപരി വിശ്വാസം നേടിയെടുത്ത് മനുഷ്യരുടെ ജീവിതാനുഭവങ്ങൾ മനസ്സിലാക്കി അവരെ എങ്ങനെ അവതരിപ്പിക്കുന്നു എന്ന ഉത്തരവാദിത്തം കൂടിയാണ് ഡോക്യുമെന്ററി സിനിമയെന്ന് പ്രശസ്ത ഫ്രഞ്ച് സംവിധായികയും തിരക്കഥാകൃത്തുമായ ജൂലി ബെർട്ടുസെല്ലി (Julie Bertuccelli) പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI-2026) യോടനുബന്ധിച്ച് കലാ അക്കാദമിയിൽ നടന്ന 'ഫ്രം വിറ്റ്നസ് ടു ചേഞ്ച്: ദി സോഷ്യൽ റെസ്പോൺസിബിലിറ്റി ഓഫ് ഡോക്യുമെന്ററി സിനിമ' എന്ന ഇൻ-കോൺവർസേഷൻ സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. ദേശീയ പുരസ്കാര ജേതാവായ ഇന്ത്യൻ സംവിധായകൻ ഹോബം പബൻ കുമാറുമായുള്ള സംവാദത്തിലാണ് അവർ മനസ്സ് തുറന്നത്.
ഡോക്യുമെന്ററി നിർമ്മാണം അതീവ ശ്രദ്ധ ആവശ്യപ്പെടുന്ന പ്രക്രിയയാണെന്ന് ബെർട്ടുസെല്ലി പറയുന്നു. ഡോക്യുമെന്ററികൾ എപ്പോഴും കുറച്ച് കടുപ്പമാണ്. കഥാപാത്രങ്ങൾക്കൊപ്പം സമയം ചെലവഴിച്ച്, ക്യാമറയുണ്ടെന്ന ബോധം അവരിലില്ലാതാക്കി, അവരെ അതിനോട് ക്രമേണ പൊരുത്തപ്പെടുത്തി വിശ്വാസം ആർജ്ജിക്കേണ്ടത് അനിവാര്യമാണ്. ദൈനംദിന ജീവിതത്തിൽ ആളുകളെ നിരീക്ഷിച്ച് അവർ സ്വയം എങ്ങനെ കാണുന്നുവെന്നും സമൂഹം തങ്ങളെ എങ്ങനെ കാണണമെന്ന് ആഗ്രഹിക്കുന്നുവെന്നും മനസ്സിലാക്കാൻ സാധിക്കുമെന്ന് ബെർട്ടുസെല്ലി വ്യക്തമാക്കി.
ഒറ്റരാത്രികൊണ്ട് സമൂഹത്തെ മാറ്റിയെടുക്കാൻ സിനിമയ്ക്ക് കഴിഞ്ഞെന്നുവരില്ലെങ്കിലും വ്യക്തികളുടെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും മാറ്റങ്ങൾക്ക് പ്രേരണ നൽകാനും സാധിക്കുമെന്ന് അവർ പറഞ്ഞു. ‘ആളുകളുടെ മനസ്സിൽ ചെറിയൊരു വിത്ത് പാകാൻ കഴിഞ്ഞാൽ തന്നെ അത് വലിയ കാര്യമാണ്‘ എന്ന് ബെർട്ടുസെല്ലി പറയുന്നു.
ക്രിസ്റ്റോഫ് കീസ്ലോവ്സ്കി, റിതി പൻ, ബെർട്രാൻഡ് ടവേർണിയർ തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം ഏകദേശം 15 വർഷം അസിസ്റ്റന്റായി പ്രവർത്തിച്ച അനുഭവവും അവർ പങ്കുവെച്ചു. റഷ്യ, ജോർജിയ, കംബോഡിയ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ വ്യത്യസ്ത സംസ്കാരങ്ങളെയും സിനിമാ രീതികളെയും അടുത്തറിയാൻ സഹായിച്ചതായി ജൂലി പറഞ്ഞു. ഇന്ത്യൻ ഡോക്യുമെന്ററി സിനിമകളുടെ സമ്പന്നമായ പാരമ്പര്യത്തെ പ്രശംസിച്ച അവർ വരും വർഷങ്ങളിൽ പാരീസിൽ ഇന്ത്യൻ ഡോക്യുമെന്ററികളുടെ പ്രത്യേക പ്രദർശനത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്നും അറിയിച്ചു.
നിർമ്മിത ബുദ്ധിയുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച ബെർട്ടുസെല്ലി, സർഗ്ഗാത്മകത, പകർപ്പവകാശം, പ്രത്യേകിച്ച് വെള്ളത്തിന്റെയും വൈദ്യുതിയുടെയും അമിത ഉപയോഗം മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങൾ എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. എ.ഐയെ അമിതമായി ആശ്രയിക്കുന്നത് മനുഷ്യന്റെ ഓർമ്മശക്തിയെയും സ്വതന്ത്ര ചിന്തയെയും സർഗ്ഗാത്മകതയെയും ബാധിച്ചേക്കാമെന്നും അവർ പറഞ്ഞു. യഥാർത്ഥ മനുഷ്യബന്ധങ്ങളിലെ സ്വാഭാവിക വികാരങ്ങൾ, നിശ്ശബ്ദതകൾ, ചലനങ്ങൾ എന്നിവ പകർത്താൻ ഡോക്യുമെന്ററി സിനിമയ്ക്ക് കഴിയുമെന്നും, അത് എ.ഐക്ക് പുനഃസൃഷ്ടിക്കാൻ കഴിയില്ലെന്നും ജൂലി ബെർട്ടുസെല്ലി കൂട്ടിച്ചേർത്തു.
Content Highlights: Renowned French filmmaker Julie Bertuccelli spoke at an IFFI 2026 In-Conversation session with National Award-winning director Haobam Paban Kumar, emphasizing the social responsibility of documentary cinema in earning human trust, announcing an upcoming showcase of Indian documentaries in Paris, and warning against the environmental, copyright, and creative risks of over-relying on AI.
Published: 22 Nov 2026, 07:52 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented