പനജി: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി. ആദിത്യ ധർ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘ധുരന്ധർ’ ഫീച്ചർ വിഭാഗത്തിലും, ലീന യാദവ് സംവിധാനം ചെയ്ത ലഡാക്കി ചിത്രം ‘ബിക്കമിങ്’ നോൺ-ഫീച്ചർ വിഭാഗത്തിലെയും ഉദ്ഘാടന ചിത്രങ്ങളായി പ്രദർശിപ്പിച്ചു. നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശനങ്ങൾ.

To advertise here,

ഇന്ത്യൻ പനോരമയിൽ ഇത്തവണ ഏറെ ശ്രദ്ധ നേടിയത് അരുണാചൽ പ്രദേശിൽ നിന്നുള്ള നീഷി ഭാഷാ ചിത്രമായ ‘ഉറം’ ആണ്. ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ നിഷി ഭാഷാ ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ദൂയു താബിയോ സംവിധാനം ചെയ്ത ഈ സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന്റെ വേൾഡ് പ്രീമിയറാണ് മേളയിൽ നടന്നത്. ചിത്രം കാണാൻ തിയറ്ററിന് മുന്നിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.

ഒരു മലയോര ഗ്രാമത്തിലെ സംഭവങ്ങളും ദുരൂഹതകളും തേടിയുള്ള യാത്രയാണ് ഈ ചിത്രം. വടക്കുകിഴക്കൻ ഇന്ത്യയുടെ തനത് സംസ്കാരത്തെയും വിശ്വാസങ്ങളെയും അടയാളപ്പെടുത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

ഇൻ കോൺവർസേഷൻ വിഭാഗത്തിൽ പ്രമുഖ സംവിധായകൻ ഗിരീഷ് കാസറവള്ളി, ഡോക്യുമെന്ററി സംവിധായിക ജൂലി ബെർട്ടുസെല്ലി എന്നിവർ സംസാരിച്ചു. സമാന്തര സിനിമകളുടെ ധാർമ്മികതയെയും തന്റെ അമ്പത് വർഷത്തെ ചലച്ചിത്ര ജീവിതത്തെയും കുറിച്ച് ഗിരീഷ് കാസറവള്ളി അനുഭവങ്ങൾ പങ്കുവെച്ചു.

Also Read: IFFI 2026: മറ്റുള്ളവരുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ഞാൻ എന്തിനാണ് 'പെർഫെക്ട്' ആകുന്നത്? -ഗിരീഷ് കാസറവള്ളി

ഡോക്യുമെന്ററി സിനിമകളുടെ സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ചായിരുന്നു ജൂലി ബെർട്ടുസെല്ലിയുടെ സെഷൻ. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ തിയാഗോ ഗ്യൂഡെസ് സംവിധാനം ചെയ്ത പോർച്ചുഗീസ്-ഫ്രഞ്ച് ചിത്രം ‘അക്വി’ പ്രദർശിപ്പിച്ചു. മൂന്നര മണിക്കൂറുണ്ടായിരുന്ന ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

Also Read: നിഗൂഢതകളും ഓർമകളില്ലാത്ത ലോകവും | 'അക്വി' റിവ്യൂ

ഇന്ത്യൻ പനോരമയിൽ നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണം ഇന്ന് പ്രദർശനത്തിനെത്തും. ബ്രിക്സ് സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. കൂടാതെ കലാ അക്കാദമിയിൽ നടക്കുന്ന റൗണ്ട് ടേബിൾ ചർച്ചയിൽ അനുപം ഖേർ, അമല അക്കിനേനി, ഛായാഗ്രാഹകൻ മനോജ് പരമഹംസ തുടങ്ങിയവർ പങ്കെടുക്കും.