‘‘നല്ല കഥകളും ഓർമ്മിക്കപ്പെടുന്ന കഥാപാത്രങ്ങളുമാണ് എന്റെ ലക്ഷ്യം; ഒരു നടനെന്ന നിലയിൽ ഇനിയും നല്ല സിനിമകളുടെ ഭാഗമാകണം കറുപ്പ് കലാപരമായ സംതൃപ്തിയോടൊപ്പം ഞാൻ വർഷങ്ങളായി കാത്തിരുന്ന വലിയ ജനകീയ-തിയേറ്റർ വിജയവും തിരിച്ചെത്തിച്ചു. തിയേറ്ററുകളിൽ ഹൗസ്‌ഫുൾ ബോർഡുകൾ കാണുമ്പോൾ വളരെ സന്തോഷമുണ്ട്’’.

To advertise here,

വർഷങ്ങളായി മികച്ച സിനിമകൾ ചെയ്തിട്ടും തിയേറ്ററുകളിൽ കുടുംബപ്രേക്ഷകർ ആഘോഷിക്കുന്ന വലിയ വിജയം ലഭിച്ചതിന്റെ സന്തോഷമാണ് അതിലൂടെ പ്രകടമായത്. സിനിമയിലെ ഇത്തരം വേറിട്ട യാത്രകൾക്ക് ആവേശംതരുന്ന ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നേരിട്ട് നന്ദി പറയാൻ ചിത്രത്തിന്റെ വിജയാഘോഷച്ചടങ്ങിൽ കൂപ്പുെെകയോടെ സൂര്യ എത്തി. സിനിമയുടെ നിർമാണക്കാലത്ത് സാമ്പത്തികവെല്ലുവിളികൾ ഉണ്ടായിരുന്നുവെന്നും എന്നിട്ടും ടീം സിനിമയുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്തില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. സിനിമയുടെ വിജയം വ്യക്തിപരമായിക്കാണാതെ സംവിധായകൻ ആർ.ജെ. ബാലാജിക്കും മുഴുവൻ ടീമിനും അദ്ദേഹം ക്രെഡിറ്റ് നൽകി. ഈ വിജയത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ജ്യോതികയുടെ നിരീക്ഷണവും ശ്രദ്ധേയമാണ്: ‘‘സൂര്യ എപ്പോഴും നല്ലകഥ പറയുന്ന സിനിമകൾ ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത്, കറുപ്പിലൂടെ മികച്ച കഥയും അഭിനയിച്ച് പൊലിപ്പിക്കാൻ കഴിയുന്ന കഥാപാത്രവും വലിയ വാണിജ്യ വിജയവും ഒരുമിച്ച് ലഭിച്ചു. അപൂർവ നേട്ടമാണിത്’’.

സൂര്യയ്ക്ക് കറുപ്പ് ഒരു സാധാരണ ഹിറ്റ് സിനിമയല്ല; സുരരൈ പോട്രു, ജയ് ഭീം, കങ്കുവ എന്നീ ചിത്രങ്ങളിലൂടെ ഏറെ വിമർശകപ്രശംസ നേടിയ നടനിൽനിന്ന് വീണ്ടും വലിയ തിയേറ്റർവിജയങ്ങൾ സൃഷ്ടിച്ച് സൂപ്പർസ്റ്റാർ എന്ന നിലയിലേക്ക് അദ്ദേഹത്തെ തിരിച്ചെത്തിച്ച സിനിമയാണ്. സിനിമാലോകം വർഷങ്ങളായി കാത്തിരുന്ന താരത്തിന്റെ തിയേറ്റർ തിരിച്ചുവരവും മാസ് സ്റ്റാർ ഇമേജ് വീണ്ടും ഉറപ്പിക്കാനുള്ള അവസരവുമായിരുന്നത്. ആ പ്രതീക്ഷകൾ ചിത്രം വലിയ തോതിൽ നിറവേറ്റി. പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ 100 കോടി ക്ലബ്ബ് മറികടന്ന ആദ്യ സൂര്യ ചിത്രമെന്ന നേട്ടം കറുപ്പ് നേടി. ലോകവ്യാപകമായി 300 കോടിയിലധികം കളക്‌ഷൻ ചിത്രം നേടി. ചിത്രത്തിൽ സൂര്യ അവതരിപ്പിച്ച, മിത്തും യാഥാർഥ്യവും ചേർന്ന കറുപ്പ്‌സ്വാമിയെന്ന കഥാപാത്രം അഴിമതിനിറഞ്ഞ നിയമസംവിധാനത്തെയും അധികാരകേന്ദ്രങ്ങളെയും നേരിടുന്നു. സമൂഹത്തിലെ ശക്തരായ ആളുകൾക്കും സ്ഥാപനങ്ങൾക്കുമെതിരേ സാധാരണ ജനങ്ങൾ നടത്തുന്ന പോരാട്ടമാണ് പ്രധാന പ്രമേയം. നീതി സാധാരണക്കാർക്ക് എത്രമാത്രം ലഭ്യമാകുന്നു എന്ന ചോദ്യം സിനിമ ഉയർത്തുന്നു. നിയമസംവിധാനത്തിലെ അഴിമതിയെയും അധികാര ദുരുപയോഗത്തെയും ഈ സിനിമ ശക്തമായി വിമർശിക്കുന്നുണ്ട്. കറുപ്പ് സൂര്യയുടെ കരിയറിൽ വളരെ പ്രാധാന്യമുള്ള സിനിമയായാണ് കണക്കാക്കപ്പെടുന്നത്. ഒരു നടനെ സിനിമാ ഇൻഡസ്ട്രിയിൽ മൂല്യവത്തായ താരമാക്കുന്നത് തിയേറ്ററിൽ വിജയിക്കുന്ന ചിത്രങ്ങളാണ്. സൂര്യയുടെ കഴിഞ്ഞ ചിത്രങ്ങളായ സുരരൈ പോട്രു , ജയ് ഭീം എന്നിവ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളായിരുന്നു. എന്നാൽ, അവയെല്ലാം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽമാത്രം റിലീസ് ചെയ്തവയായിരുന്നു. ആ ചിത്രങ്ങൾ സൂര്യ എന്ന മികച്ച നടന്റെ മാറ്റ് കൂട്ടിയെങ്കിലും ഇൻഡസ്ട്രിയിലെ വാണിജ്യമൂല്യം അടയാളപ്പെടുത്തിയില്ല. അതേസമയം, കറുപ്പ് തിയേറ്ററുകളിൽ വലിയ വിജയമായി മാറിയതോടെ, സൂര്യയുടെ ബോക്സോഫീസ് ശക്തി വീണ്ടും തെളിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം കറുപ്പ് സൂര്യയുടെ മുൻകാല സിനിമകളുടെ കളക്‌ഷൻ റെക്കോഡുകളെ മറികടന്നു. അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ കളക്‌ഷൻ നേടിയ ചിത്രമായ സിങ്കം 2 ഉൾപ്പെടെയുള്ള ചിത്രങ്ങളെ പിന്നിലാക്കി, കറുപ്പ് കരിയറിലെ ഏറ്റവും വലിയ ഹിറ്റായി.

‘നടിപ്പിൻ നായകൻ’ - ഇതാണ് സൂര്യയ്ക്ക് ആരാധകർ ചാർത്തിക്കൊടുത്ത ഓമനപ്പേര്. തമിഴ് സിനിമയിലെ പ്രമുഖതാരശ്രേണിയിലേക്കുയർന്ന സൂര്യയുടെ കരിയർ ഗ്രാഫ് ഏറെ ഉയർച്ചതാഴ്ചകളിലൂടെയാണ് വളർന്നത്. അച്ഛന്റെ നിഴലിൽ താരമായി മാറിയ താരപുത്രനല്ല സൂര്യ. കരിയറിന്റെ തുടക്കത്തിലെ പരാജയത്തിന്റെ പാഠത്തിൽ നിന്ന് വിജയം കൊയ്ത നടനാണ്. 25 സിനിമകൾ ചെയ്തതിനു ശേഷമേ സൂര്യയ്ക്ക് തമിഴകത്ത് സ്വന്തമായ ഇരിപ്പിടം ഉറപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ. തുടർന്ന് പുതുമകൾ തേടിയുള്ള യാത്രയിൽ ക്ലാസ് ആൻഡ് മാസ് ചിത്രങ്ങളുടെ ഭാഗമായി. ഫ്രണ്ട്സ്, കാക്ക കാക്ക എന്നിവയിലൂടെ ശ്രദ്ധ നേടിയ സൂര്യ, ഗജനി, വാരണം ആയിരം എന്നീ ചിത്രങ്ങളിലൂടെയാണ് മുൻനിരതാരമായി മാറിയത്. തുടർന്ന് 2010-2013 വർഷങ്ങളിൽ പുറത്തിറങ്ങിയ സിങ്കം പരമ്പര ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി. തുടർന്ന് വന്ന ചില ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം നേടാതെ വന്നെങ്കിലും താരമൂല്യം നിലനിർത്തി. തമിഴ് സിനിമയിൽ പലരും കാണിക്കാൻ മടിച്ച കൈവിട്ടധൈര്യം സൂര്യകാണിച്ചു. സ്റ്റാർ ആയി വിലസുമ്പോൾ മുൻപിൻ നോക്കാതെ ഗസ്റ്റ് റോളിൽ അഭിനയിക്കാൻ തയ്യാറായത് താരപരിവേഷത്തെ ഏറെ ദോഷകരമായി ബാധിച്ചിരുന്നു... മന്മഥൻ അൻപ്, കോ തുടങ്ങി ഒരു ഡസൻ ചിത്രങ്ങളിലാണ് ഗസ്റ്റ് ആർട്ടിസ്റ്റായി സൂര്യവന്നത്.

അതിൽ വിക്രം മാത്രമേ സൂര്യ എന്ന നടന് ഗുണം കിട്ടിയിട്ടുള്ളൂ... വലിയ പ്രതീക്ഷയോടെ എത്തിയ കങ്കുവ ബോേക്സാഫീസിൽ വലിയനേട്ടം കൈവരിച്ചില്ല. എന്നിരുന്നാലും സൂര്യയുടെ താരമൂല്യത്തിന് കാര്യമായ ഇടിവുണ്ടായിട്ടില്ല.

സൂര്യയുടെ കരിയർഗ്രാഫ് ഒരു സാധാരണ നായകനിൽനിന്ന് ദേശീയതലത്തിൽ അംഗീകാരംനേടിയ നടനിലേക്കുള്ള വളർച്ചയുടെ ഉദാഹരണമാണ്. അഭിനയശേഷി, വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള ധൈര്യം, സാമൂഹിക വിഷയങ്ങളുള്ള സിനിമകളിൽ പങ്കാളിത്തം എന്നിവയാണ് അദ്ദേഹത്തെ മറ്റു പല താരങ്ങളിൽനിന്നും മാറ്റിനിർത്തുന്നത്.

സൂര്യ പലപ്പോഴും ‘മാസ് ഹീറോ’ ഇമേജിൽ മാത്രം ഒതുങ്ങാതെ വ്യത്യസ്ത കഥാപാത്രങ്ങൾ സ്വീകരിച്ചിട്ടുണ്ട്. കഥാപാത്രത്തിനു വേണ്ടിയുള്ള ശാരീരിക ഒരുക്കങ്ങൾ, സൂക്ഷ്മാഭിനയം, ഡയലോഗ് ഡെലിവറി എന്നിവയിൽ തുടർച്ചയായി മെച്ചപ്പെട്ടു.

ഒരു വശത്ത് സിങ്കം പോലുള്ള വലിയ മാസ് ചിത്രങ്ങളും മറുവശത്ത് ജയ് ഭീം പോലുള്ള സാമൂഹിക പ്രാധാന്യമുള്ള ചിത്രങ്ങളും ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമയ്ക്കപ്പുറം ആരാധകരെ ചേർത്തുനിർത്താൻ അഗരം ഫൗണ്ടേഷൻ എന്ന കൂട്ടായ്മയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൂര്യ വിദ്യാഭ്യാസസഹായം നൽകാറുണ്ടായിരുന്നു. ഇത് താരത്തിന്റെ പബ്ലിക് ഇമേജ് ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിനു പുറമേ കേരളം, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും സൂര്യയ്ക്ക് വൻ ആരാധകവൃന്ദമുണ്ട്. പ്രത്യേകിച്ച് ഗജിനി, സുരരൈ പോട്രു, ജയ് ഭീം എന്നീ ചിത്രങ്ങൾ ഭാഷാതടസ്സങ്ങൾ മറികടന്ന് അവിടെയെല്ലാം പ്രേക്ഷകശ്രദ്ധ നേടിയവയാണ്. സൂര്യയുടെ അഭിനയശേഷിയെക്കുറിച്ച് ആരും സംശയിച്ചിരുന്നില്ല. എന്നാൽ, ശരിയായ കൊമേഴ്‌സ്യൽ പാക്കേജിൽ വന്നാൽ അദ്ദേഹം വീണ്ടും തമിഴ് സിനിമയിലെ മുൻനിര താരങ്ങളോട് മത്സരിക്കുമെന്ന് കറുപ്പിന്റെ വിജയം തെളിയിച്ചു. ഇന്ന് സൂര്യയ്ക്ക് തമിഴ് സിനിമയിലെ മുൻനിര താരങ്ങളായ രജനീകാന്ത്, കമൽഹാസൻ എന്നീ സൂപ്പർ സ്റ്റാർമാർക്കൊപ്പമാണ് സ്ഥാനം. ജനപ്രിയ താരം വിജയ് രാഷ്ട്രീയത്തിലേക്കു മാറിയ സാഹചര്യത്തിൽ വമ്പൻ തിയേറ്റർ ഓപ്പണിങ്‌ സൃഷ്ടിക്കാൻ കഴിവുള്ള നടന്മാരിൽ ഒരാളായും സൂര്യ മാറുന്നു.