സൂര്യ, മമിത ബൈജു എന്നിവരുടെ മത്സരിച്ചുള്ള പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

എത്ര നാളായി ഇദ്ദേഹത്തെ ഇങ്ങനെയൊന്ന് കണ്ടിട്ട്? ഏതെങ്കിലും ഒരു താരത്തിൽനിന്ന് കുറേ നാളുകളായി മിസ് ചെയ്യുന്ന ചില കാര്യങ്ങൾ അപ്രതീക്ഷിതമായി കിട്ടുമ്പോൾ ആരാധകരിൽനിന്നുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണിത്. ആ വാചകം ഒരിക്കൽക്കൂടി ഒന്നാവർത്തിക്കട്ടേ. എത്ര നാളായി സൂര്യയെ ഇങ്ങനെയൊന്ന് കണ്ടിട്ട്. പറഞ്ഞുവരുന്നത് വെങ്കി അറ്റ്ലൂരി തിരക്കഥയെഴുതി സംവിധാനംചെയ്ത വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രത്തേക്കുറിച്ചാണ്. ഫീൽഗുഡും പ്രണയവും വൈകാരികതയുമെല്ലാം നിറഞ്ഞ കംപ്ലീറ്റ് എന്റർടെയ്ന്മെന്റ് പാക്കേജെന്ന് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ചിത്രത്തെ വിശേഷിപ്പിക്കാം.
ദേശീയ ഷൂട്ടിങ് താരവും ബിസിനസ്മാനുമായ സഞ്ജയ് വിശ്വനാഥിന്റെ കഥയാണ് വിശ്വനാഥ് ആൻഡ് സൺസ്. അമ്മയാണ് അയാളുടെ ലോകം. ഇവർക്കിടയിലേക്ക് ഒരു കുഞ്ഞും പിന്നാലെ മാഡി ജേ എന്ന പെൺകുട്ടിയും കടന്നുവരുന്നതോടെ കഥയ്ക്ക് മറ്റൊരു തലം കൈവരുന്നു. ഈ നാലുംപേരും ചേർന്നാണ് ചിത്രത്തെ പിന്നീട് കൊണ്ടുപോകുന്നത്. കുഞ്ഞുമായി ബന്ധപ്പെട്ട് സഞ്ജയ് വിശ്വനാഥിന്റെ ജീവിതത്തിൽ ഒരു പ്രതിസന്ധി ഉടലെടുക്കുന്നു. അതിനെ അയാൾ എങ്ങനെ മറികടക്കുന്നുവെന്നും അത് അയാളുടെ ജീവിതത്തെ എങ്ങനെ മാറ്റുന്നു എന്നും ചിത്രം പറയുന്നു. സഞ്ജയ് എന്ന കഥാപാത്രം മറ്റുള്ളവരേയും തിരിച്ചും എങ്ങനെ സ്വാധീനിക്കുന്നു എന്നും ചിത്രം കാട്ടിത്തരുന്നു.
മാസ് ചിത്രമായല്ല വിശ്വനാഥ് ആൻഡ് സൺസിനെ വെങ്കി അറ്റ്ലൂരി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫീൽഗുഡ്-ഫാമിലി-ഇമോഷൻ എന്നതാണ് ചിത്രത്തിന്റെ ആകെ മൂഡ്. അഭിനയിക്കുന്നത് സൂപ്പർതാരമായതുകൊണ്ട് വേണമെങ്കിൽ മാസ് കുത്തിക്കടത്താവുന്ന രംഗങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ ആ ട്രാക്ക് മനഃപൂർവം സംവിധായകൻ മാറ്റിപ്പിടിച്ചിട്ടുണ്ട് എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. നായകന് ഒരു ഇൻട്രോ സോങ്, നായികയ്ക്ക് മറ്റൊരു സോളോ പെർഫോമൻസ് സോങ് തുടങ്ങിയ സാധ്യതകൾ ഉണ്ടായിരുന്നിട്ടും അത്തരം ക്ലീഷേകളുടെ ഭാഗത്തേക്ക് വെങ്കി അറ്റ്ലൂരി എന്ന സംവിധായകൻ പോയിട്ടേയില്ല. പാട്ടുകളും സംഘട്ടനരംഗങ്ങളും ഉൾപ്പെടെ കഥാസന്ദർഭത്തിന് അനുയോജ്യമായ ഇടങ്ങളിലേ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നതും എടുത്തുപറയണം. അതും ആവശ്യമായ അളവിൽ മാത്രം.
20 വയസ് പ്രായവ്യത്യാസമുള്ള നായകനും നായികയും എന്നതാണ് ചിത്രത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഘടകം. തന്നേക്കാൾ 20 വയസ് കൂടുതലുള്ള നായകനെ പ്രണയിക്കുന്ന നായിക എന്ന് കേൾക്കുമ്പോഴും കാണുമ്പോഴും ഉണ്ടാകുന്ന കല്ലുകടികൾ ഇല്ലാതെയാണ് സൂര്യയേയും മമിതയേയും അവതരിപ്പിച്ചിരിക്കുന്നത്. വൺസൈഡ് ലവ് എന്നത് ഇത്ര മനോഹരമാണോ എന്ന് തോന്നിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സൂര്യയുടേയും മമിതയുടേതുമുൾപ്പെടെ ഓരോ കഥാപാത്രത്തിനും ഉചിതമായ സമയത്ത് ക്യാരക്റ്റർ ഡെവലപ്പ്മെന്റ് സംഭവിക്കുന്നുണ്ട്.
സൂര്യ, മമിത ബൈജു എന്നിവരുടെ മത്സരിച്ചുള്ള പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മാഡി എന്ന 22-കാരിക്ക് തന്നോടുള്ള പ്രണയം തിരിച്ചറിയുമ്പോൾ അതിൽനിന്ന് തിരിഞ്ഞുനടക്കുന്നയാളാണ് സൂര്യയുടെ സഞ്ജയ് വിശ്വനാഥ്. പക്ഷേ ആ പ്രണയത്തിന്റെ തീവ്രത അയാൾ ഒരു ഘട്ടത്തിൽ അനുഭവിക്കുന്നുണ്ട്. അമ്മയാണ് അയാൾക്കെല്ലാം. അമ്മ-മകൻ ബന്ധത്തിന്റെ തീവ്രത പറയുന്ന മുഹൂർത്തങ്ങളും ഇതിനിടയിലൂടെ സംവിധായകൻ പറഞ്ഞുവെയ്ക്കുന്നുണ്ട്. സൂര്യ എന്ന നടനെ എങ്ങനെയൊക്കെ ഉപയോഗിക്കാമോ അങ്ങനെയെല്ലാം ഉപയോഗിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. സൂര്യയുടെ ഇമോഷണൽ രംഗങ്ങളിലും ചെറുതായി ചമ്മുന്ന രംഗങ്ങളിലും ഒരുപോലെ കയ്യടി വീഴുന്നുണ്ട്. മമിത ബൈജുവിന്റെ മാഡി എന്ന കഥാപാത്രം സ്ക്രീനിലേക്ക് വരുന്നതോടെയാണ് റോളർ കോസ്റ്റർ റൈഡെന്ന പോലെ ചിത്രത്തിന്റെ മൂഡ് മാറുന്നത്. സൂര്യയെ എങ്ങനെയാണോ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്, അതിന്റെ ഒരു നായികാ വേർഷൻ തന്നെയായിരുന്നു മമിത. അക്ഷരാർത്ഥത്തിൽ സൂര്യയേയും മമിതയേയും അഭിനയിച്ച്\ജീവിച്ചുകാണിക്കാൻ കയറൂരി വിടുകയായിരുന്നു വെങ്കി അറ്റ്ലൂരി എന്നുപറഞ്ഞാലും തെറ്റില്ല.
ചിലയിടങ്ങളിൽ മമിതയ്ക്കും സൂര്യക്കും ഒപ്പമോ അതിനുമുകളിലോ നിൽക്കുന്നുണ്ട് രാധിക ശരത്കുമാർ അവതരിപ്പിച്ച അമ്മ വേഷം. രവീണ ടണ്ഠന്റെ കഥാപാത്രവും വ്യത്യസ്തമായിരുന്നു. നാസർ, ശ്രീജ രവി, കാളി വെങ്കട്ട് എന്നിവരുടെ വേഷങ്ങളും മികച്ചതായിരുന്നു.
നിമീഷ് രവിയുടെ ഛായാഗ്രഹണവും ബംഗ്ലാന്റെ പ്രൊഡക്ഷൻ ഡിസൈനിങ്ങും ചിത്രത്തിന്റെ വലുപ്പം കാണിക്കാൻപോന്നതായിരുന്നു. ജി.വി പ്രകാശ്കുമാറിന്റെ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചുനിന്നു. പ്രമേയത്തോടിണങ്ങിനിൽക്കുംവിധമുള്ള പശ്ചാത്തലസംഗീതവും ചിത്രത്തിന് മുതൽക്കൂട്ടായി. രക്തച്ചൊരിച്ചിലില്ലാത്ത, കണ്ടിറങ്ങുമ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരിയും മനസിൽ അതിലേറെ സന്തോഷവും സമാധാനവും അവശേഷിപ്പിക്കുന്ന ഒരു ചിത്രമാണ് നിങ്ങൾ കാത്തിരിക്കുന്നതെങ്കിൽ, അങ്ങനെയൊന്നാണ് വിശ്വനാഥ് ആൻഡ് സൺസ്.
Content Highlights: Directed by Venky Atluri, Viswanath & Sons is a heartwarming family entertainer that avoids typical superstar clichés, driven by stellar emotional performances from Suriya, Mamitha Baiju, and Radikaa Sarathkumar.
Published: 14 Aug 2026, 01:05 pm IST
ABOUT THE AUTHOR

അഞ്ജയ് ദാസ്. എന്.ടി
anjaydas@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented