അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ ഭരണ പ്രതിസന്ധി രൂക്ഷം. ജനറൽ ബോഡിയിലും തുടർന്ന് മാധ്യമങ്ങൾക്ക് മുമ്പിലും രാജി പ്രഖ്യാപിച്ച പ്രസിഡന്റ് ശ്വേത മേനോൻ സ്ഥാനത്ത് തുടരുമെന്ന് പ്രഖ്യാപിച്ചതാണ് പ്രതിസന്ധികൾക്ക് കാരണം. സംഘടനയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ട് മുന്നോട്ടുപോകവെയാണ് അഡ്‌ഹോക് കമ്മിറ്റി പ്രതിസന്ധിയിലായത്.

To advertise here,

ജൂൺ 21-ന് കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡിയിലാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. യോഗത്തിൽ നിലവിലെ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ജനറൽ സെക്രട്ടറി അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവുചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്നും പാസാക്കാൻ കഴിയില്ലെന്നും അംഗങ്ങളിൽ ചിലർ നിലപാടെടുത്തു. തുടർന്നാണ് തന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെക്കുകയാണെന്ന് ശ്വേത പ്രഖ്യാപിച്ചത്. പ്രസിഡന്റ് സ്ഥാനത്തിരുന്ന് ബിജെപിക്ക് സ്ഥാനാർഥികളെ നൽകാൻ ശ്രമിച്ചുവെന്ന് ബാബുരാജ് ആരോപണം ഉയർത്തിയതോടെ ശ്വേത സംഘടനാ അംഗത്വം തന്നെ ഒഴിയുകയാണെന്നും പ്രഖ്യാപിച്ചു. പിന്നീട് മാധ്യമങ്ങൾക്ക് മുമ്പിൽ വന്നും രാജി പ്രഖ്യാപിച്ചു.

തുടർന്നാണ് ജനറൽ ബോഡി രമേഷ് പിഷാരടി എംഎൽഎയുടെ നേതൃത്വത്തിലുള്ള താത്കാലിക സമിതിയെ ഭരണനിർവഹണത്തിനായി നിയോഗിച്ചത്. നാലുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി അധികാരമേൽക്കുംവരെ അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല നൽകി. രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അമ്മ ഓഫീസിലെത്തി കാര്യങ്ങൾ പരിശോധിച്ചപ്പോഴാണ് ശ്വേത ഉൾപ്പെടെയുള്ളവർ രാജിക്കത്ത് കൈമാറിയിട്ടില്ലെന്ന് വ്യക്തമായത്.

ശ്വേത നേതൃത്വം നൽകിയ ഭരണസമിതിയിൽ കുക്കു പരമേശ്വരൻ ആയിരുന്നു ജനറൽ സെക്രട്ടറി. ജയൻ ചേർത്തല (വൈസ് പ്രസിഡന്റ്), ലക്ഷ്മിപ്രിയ (വൈസ് പ്രസിഡന്റ്), അൻസിബ ഹസൻ (ജോയിന്റ് സെക്രട്ടറി), ഉണ്ണി ശിവപാൽ (ട്രഷറർ) എന്നിവർ മറ്റ് ഭാരവാഹികളും. കൈലാഷ്, സരയു, വിനു മോഹൻ, ടിനി ടോം, നീന കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ്, ജോയ് മാത്യു, അഞ്ജലി നായർ, ആശാ അരവിന്ദ് തുടങ്ങിയവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായിരുന്നു.

അൻസിബ ഹസൻ നേരത്തെ രാജിവെച്ചിരുന്നു. തുടർന്നാണ് അമ്മയിലെ തർക്കം പരസ്യമായത്. ഓഫീസ് ജീവനക്കാരിയുടെ ആരോപണങ്ങളെ തുടർന്ന് ട്രഷറർ ഉണ്ണി ശിവപാലിനെ മാറ്റി നിർത്തിയിരുന്നു. കൈലാഷ്, ജോയ് മാത്യു, ജയൻ ചേർത്തല എന്നിവർ കഴിഞ്ഞ ദിവസം രാജിയും നൽകി.

ഇതിനിടെയാണ്, പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന സൂചനയുമായി ശ്വേത മേനോൻ രംഗത്തെത്തിയത്. അമ്മ പ്രസിഡന്റ് എന്ന് വിശേഷിപ്പിച്ചായിരുന്നു ശ്വേത വിശദീകരണ കുറിപ്പ് പങ്കുവെച്ചത്. അമ്മ ബൈലോ പ്രകാരം അഡ്‌ഹോക് കമ്മിറ്റി എന്നൊരു സംവിധാനമില്ലെന്നാണ് ശ്വേത ചൂണ്ടിക്കാട്ടുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദങ്ങളെത്തുടർന്ന്, മോഹൻലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കൂട്ടരാജി നൽകിയപ്പോഴുള്ള സാഹചര്യവും ശ്വേത ഓർമിപ്പിച്ചു. അന്ന് ഭരണസമിതി രാജിവെച്ചെങ്കിലും അടുത്ത തിരഞ്ഞെടുപ്പ് വരെ മോഹൻലാൽ ഉൾപ്പെടെയുള്ള ഭാരവാഹികൾ തുടരുകയായിരുന്നു.

തന്റെ നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്നാണ് ശ്വേത വിശദീകരിക്കുന്നത്. അമ്മയുടെ ബൈലോയിൽ ഇല്ലാത്ത അഡ്‌ഹോക് കമ്മിറ്റി എങ്ങനെയാണ് നിലവിൽ വന്നത് എന്ന് ശ്വേത ചോദിച്ചു.ഒരു കമ്മിറ്റി രാജിവെച്ചാൽ തിരഞ്ഞെടുപ്പ് നടത്തി അടുത്ത കമ്മിറ്റി ചുമതലയേൽക്കുന്നതുവരെ തിരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണ് തുടർന്നും പ്രവർത്തിക്കേണ്ടതെന്നാണ് ബൈലോയിലുള്ളത്. ലാലേട്ടന്റെ കമ്മിറ്റി രാജിവെച്ചപ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു. പിന്നെ എന്തുകൊണ്ടാണ് തങ്ങളുടെ കമ്മിറ്റിക്ക് മാത്രം മറ്റൊരു നിയമമെന്നും ശ്വേത ചോദിക്കുന്നു.

തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി ചുമതലയേൽക്കുന്നതുവരെ നിയമപരമായി തുടരേണ്ടത് തങ്ങളുടെ കമ്മിറ്റിയാണ്. അഡ്‌ഹോക് കമ്മിറ്റി എന്ന പേരിൽ പ്രവർത്തിക്കുന്നവർക്ക് യാതൊരു നിയമസാധുതയുമില്ല. അവർ അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശ്വേത കുറ്റപ്പെടുത്തി.

രമേഷ് പിഷാരടി നേതൃത്വം നൽകുന്ന അഡ്‌ഹോക് കമ്മിറ്റിയിൽ മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറും അംഗമാണ്. സുരേഷ് കൃഷ്ണ, സാദിഖ്, റോണി ഡേവിഡ്, കൃഷ്ണപ്രഭ, ഷാജോൺ, ദേവി ചന്ദന എന്നിവരാണ് മറ്റംഗങ്ങൾ. ആശ അരവിന്ദിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അവർ പിന്മാറി. റോണി രാജിവെച്ച കമ്മിറ്റിയിലും അംഗമാണ്.

അമ്മ ഓഫീസിലെത്തി ചുമതലകൾ ഏറ്റെടുക്കാൻ ശ്രമിച്ചപ്പോൾ, മുൻ കമ്മിറ്റിയിൽനിന്ന് സംഘടനയുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചില്ലെന്നാണ് കഴിഞ്ഞദിവസം രമേഷ് പിഷാരടി ചൂണ്ടിക്കാട്ടിയത്. ശ്വേത ഉൾപ്പെടെയുള്ള അംഗങ്ങളുടെ രാജി ലഭിച്ചിട്ടില്ലെന്ന് മുൻ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അറിയിച്ചു. മല്ലിക സുകുമാരൻ, ലക്ഷ്മിപ്രിയ എന്നിവർ മാത്രമാണ് രാജിക്കത്ത് നൽകിയതെന്നും രമേഷ് പിഷാരടി പറഞ്ഞു.

ശ്വേത രാജിക്കത്ത് നൽകാത്തത് അവരുടെ കുഴപ്പമാണെന്നാണ് കെ.ബി. ഗണേഷ് കുമാറിന്റെ പ്രതികരണം. ജനറൽ ബോഡിയിലും മാധ്യമങ്ങളിലും പ്രഖ്യാപിച്ച് രാജി കൊടുക്കേണ്ടത് ശ്വേതയുടെ ചുമതലയാണ്. അമ്മ ജനറൽ ബോഡിയുടേതാണ് അന്തിമ തീരുമാനമെന്നും ഗണേഷ് കുമാർ പറഞ്ഞു.

നാടകീയമായി രാജി പ്രഖ്യാപിച്ച ശ്വേത, തന്നെ പിന്തുണച്ച് രംഗത്തെത്തിയ മല്ലിക സുകുമാരനും ലക്ഷ്മിപ്രിയയും രാജി നൽകിയിട്ടും സ്ഥാനത്ത് തുടരുന്നത് ചോദ്യങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സ്ഥാനത്ത് കടിച്ചുതൂങ്ങിയിരിക്കാനാണ് ഉദ്ദേശ്യമെങ്കിൽ വനിതാ അംഗങ്ങൾ അമ്മ ഓഫീസിന് മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്നാണ് നടി ഉഷ ഹസീനയുടെ മുന്നറിയിപ്പ്. അതേസമയം, അഡ്‌ഹോക് കമ്മിറ്റി നിയമനത്തിനെതിരെ ശ്വേത കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.