ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സംഗീതപ്രേമികളെ തന്റെ ദിവ്യമായ ശബ്ദത്താൽ ഭക്തിസാന്ദ്രമാക്കിയ ഭാരതരത്‌നം എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതകഥ പറയുന്ന ബിഗ് ബജറ്റ് പാൻ- ഇന്ത്യൻ ചിത്രത്തിന് ഔദ്യോഗിക തുടക്കം. പ്രശസ്ത നിർമാതാക്കളായ അല്ലു അരവിന്ദ് (ഗീതാ ആർട്‌സ്), റോക്ക് ലൈൻ വെങ്കിടേഷ് (റോക്ക് ലൈൻ എന്റർടെയ്ൻമെന്റ്‌സ്), ബണ്ണി വാസ് (വിഎ4 എന്റർടെയ്ൻമെന്റ്‌സ്) എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. 'നാഷണൽ ക്രഷ്' രശ്മിക മന്ദാന എം.എസ്. സുബ്ബുലക്ഷ്മിയായി വേഷമിടുമ്പോൾ, പ്രശസ്ത സംവിധായകൻ ഗൗതം തിന്നനുരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീത ലോകത്ത് തരംഗമായ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് ഈണം പകരുന്നത്.
എം.എസ്. സുബ്ബുലക്ഷ്മിയുടെ 110-ാം ജന്മവാർഷിക ദിനത്തിൽ ചെന്നൈയിലെ ചരിത്രപ്രസിദ്ധമായ മ്യൂസിക് അക്കാദമിയിൽ വെച്ചാണ് ലോഞ്ച് ചടങ്ങുകൾ നടന്നത്. ഉലകനായകൻ കമൽഹാസൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ആദ്യ ക്ലാപ്പ് അടിച്ചു. എം.എസ്. സുബ്ബുലക്ഷ്മിയുടെ കുടുംബാംഗങ്ങൾ, പ്രശസ്ത കർണാടക സംഗീതജ്ഞർ, സിനിമാ രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു.
'തന്റെ ശബ്ദത്തിലൂടെ ഇന്ത്യയെ ഒന്നിച്ചു നിർത്തിയ സംഗീത ഇതിഹാസമാണ് എം.എസ്. സുബ്ബലക്ഷ്മി അമ്മ. സംസ്‌കൃതം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ അവർ പാടി. ഏത് ഭാഷയിൽ പാടിയാലും അതിന്റെ ഭംഗി ഇരട്ടിയാക്കാൻ അവരുടെ സംഗീതത്തിന് കഴിഞ്ഞു. മഹാത്മാഗാന്ധി പോലും അവരുടെ സംഗീതത്തിന്റെ വലിയൊരു ആരാധകനായിരുന്നു. ഇങ്ങനെയൊരു മഹത്തായ പ്രൊജക്റ്റ് ഏറ്റെടുത്ത നിർമാതാക്കൾക്കും അണിയറപ്രവർത്തകർക്കും എല്ലാവിധ ആശംസകളും', കമൽ ഹാസൻ പറഞ്ഞു.
'ഒരു നടി എന്ന നിലയിൽ എന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമാണിത്. എം.എസ്. അമ്മയുടെ 110-ാം ജന്മവാർഷികത്തിൽ എന്റെ പ്രണാമം അർപ്പിക്കുന്നു. അവരുടെ ജീവിതത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ അഭിമാനമുണ്ട്. ഈ കഥാപാത്രത്തെ സ്‌ക്രീനിൽ പൂർണ്ണതയോടെ എത്തിക്കാൻ എന്റെ നൂറു ശതമാനം ആത്മാർഥതയും നൽകുമെന്ന് ഞാൻ ഉറപ്പുനൽകുന്നു', രശ്മിക മന്ദാന പറഞ്ഞു.
'കഴിഞ്ഞ ഒരു വർഷമായി എം.എസ്. അമ്മയുടെ പേര് ഞങ്ങളുടെ ടീമിന് ഒരു മന്ത്രമാണ്. അവർ കേവലം ഒരു ഗായിക മാത്രമല്ല, വലിയ സ്വപ്‌നങ്ങൾ കാണുകയും പ്രതിസന്ധികളെ ധീരമായി തരണം ചെയ്യുകയും ചെയ്ത ശക്തയായ ഒരു സ്ത്രീയായിരുന്നു. ആജീവനാന്ത അച്ചടക്കത്തിലൂടെയും സമർപ്പണത്തിലൂടെയും ഒരാൾക്ക് എങ്ങനെ മഹത്വം നേടാം എന്ന് സിനിമയിലൂടെ ഇന്നത്തെ തലമുറയ്ക്ക് കാണിച്ചുകൊടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു', സംവിധായകൻ ഗൗതം തിന്നനുരി വ്യക്തമാക്കി.
'എം.എസ്. അമ്മയുടെ പാരമ്പര്യത്തെയും ഇന്നത്തെ തലമുറയെയും തമ്മിൽ ബന്ധിപ്പിക്കാൻ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിന് സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ നാല് ദക്ഷിണേന്ത്യൻ ഭാഷകളിലുമായാണ് ചിത്രം നിർമിക്കുന്നത്', നിർമ്മാതാവ് അല്ലു അരവിന്ദ് പറഞ്ഞു.
'എന്റെ നിർമാണ ജീവിതത്തിൽ 25-ഓളം സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽ ഈ ചിത്രം നിർമിക്കുന്നതിലൂടെ ഒരു നിർമാതാവ് എന്ന നിലയിലുള്ള എന്റെ കരിയറിന് പൂർണത ലഭിച്ചതായി ഞാൻ കരുതുന്നു', നിർമാതാവ് ബണ്ണി വാസ് അഭിപ്രായപ്പെട്ടു.
'കഴിഞ്ഞ ഏഴെട്ടു വർഷത്തെ ഗവേഷണത്തിനും പരിശ്രമത്തിനും ശേഷമാണ് ചിത്രം സാധ്യമാകുന്നത്. എം.എസ്. അമ്മയുടെ കഥാപാത്രത്തിന് പൂർണമായും അനുയോജ്യ രശ്മിക മന്ദാന തന്നെയാണ്', നിർമാതാവ് റോക്ക് ലൈൻ വെങ്കിടേഷ് പറഞ്ഞു.
ചടങ്ങിൽ നടി സുഹാസിനി, നടൻ ശിവകുമാർ, സംവിധായകൻ മഹേന്ദ്രൻ, സമുദ്രക്കനി, നിർമാതാക്കളായ കലൈപ്പുലി എസ്. താണു, രാജേന്ദ്രൻ, കാട്രഗഡ്ഡ പ്രസാദ്, എം.എസ്. സുബ്ബലക്ഷ്മിയുടെ പേരക്കുട്ടി ചന്ദ്രശേഖർ, ഭാര്യ മാല തുടങ്ങി ചലച്ചിത്ര- സംഗീത രംഗത്തെ പ്രമുഖർ പങ്കെടുത്തു. പി.ആർ.ഒ: ആതിര ദിൽജിത്ത്.
Content Highlights: Pan-Indian biopic on legendary singer M.S. Subbulakshmi officially launched at the Chennai Music Academy.
Published: 18 Sept 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented