എണ്‍പതുകളുടെ തുടക്കത്തിലാണ്. പൊടിമീശ പോലും മുളച്ചിട്ടില്ലാത്ത ഒരു പയ്യനെ സംവിധായകന്‍ പത്മരാജന്‍ തന്റെ മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിനിമ എന്ന സംഭവമേ മനസില്‍ ഇല്ലാതിരുന്ന ആ പയ്യന്‍ 'കൂടെവിടേ' എന്ന ഒറ്റചിത്രം കൊണ്ട് കൂട് കൂട്ടിയത് മലയാളികളുടെ മനസിലാണ്. പിന്നീടങ്ങോട്ട് മലയാളി യുവത്വത്തിന്റെ രക്തത്തില്‍ 'റഹ്‌മാനിസം' അലിഞ്ഞു ചേര്‍ന്ന കാഴ്ച്ചയും നമ്മള്‍ കണ്ടു. ആഘോഷങ്ങളില്‍ റഹ്‌മാന്‍ ചിത്രങ്ങളിലെ ഡാന്‍സ് നമ്പറുകള്‍ ഒഴിച്ചുകൂടാനാവാത്തതായി. സിനിമയില്‍ നാല്‍പത് വര്‍ഷം പിന്നിടുന്ന വേളയില്‍ മലയാളത്തിന്റെ റൊമാന്റിക് ഹീറോ റഹ്‌മാന്‍ തന്റെ സിനിമായാത്രയെക്കുറിച്ച് മനസ് തുറക്കുന്നു.

To advertise here,

രാജമാണിക്യം ഇറങ്ങിയിട്ട് 18 വര്‍ഷം പിന്നിടുന്നു. അന്നത്തെ റഹ്‌മാനും ഇന്നിപ്പോള്‍ ഇവിടിരിക്കുന്ന റഹ്‌മാനും തമ്മില്‍ വ്യത്യാസങ്ങളൊന്നും കണ്ടെത്താന്‍ സാധിക്കുന്നില്ല. എങ്ങനെയാണ് ഇതുപോലെ എവര്‍ഗ്രീന്‍ ആയിരിക്കാന്‍ സാധിക്കുന്നത് ?

ഇതെന്റെ തൊഴിലാണ്. ലൈഫ്‌സ്റ്റൈലൊക്കെ ശ്രദ്ധിച്ച് മുന്നോട്ട് പോകണം. നടനാണ്. അതുകൊണ്ട് തന്നെ എത്രത്തോളം നന്നായി നമ്മളെ കൊണ്ട് നടക്കാന്‍ പറ്റുമോ അത് ചെയ്യണം. പ്രത്യേകിച്ച് സ്റ്റൈല്‍ സീക്രട്ട് ഒന്നും തന്നെയില്ല. നല്ല ഭക്ഷണശീലം വളര്‍ത്തിയെടുത്തിട്ടുണ്ട്. ചിട്ടയായ വ്യായാമം. പിന്നെ നല്ല കൂട്ടുകെട്ട്, ദുശീലങ്ങളൊന്നുമില്ല. അതൊക്കെ തന്നെയായിരിക്കും നിങ്ങളീ പറയുന്ന ചെറുപ്പത്തിന്റെ രഹസ്യം.

പത്മരാജന്റെ 'രവി പുത്തൂരാന്‍' ആണ്. തുടക്കം മുതല്‍ പ്രഗത്ഭര്‍ക്കൊപ്പം, ഹിറ്റ് ചിത്രങ്ങള്‍ മാത്രം പട്ടികയില്‍ നിറഞ്ഞ കാലം.. ഒരു ലക്ക് ഫാക്ടര്‍ തുണച്ചിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?

സിനിമയ്‌ക്കൊപ്പം തന്നെയായിരുന്നു എന്റെ വളര്‍ച്ച. പതിനാറാം വയസിലാണ് പപ്പേട്ടന്റെ രവി പുത്തൂരാനായി അവിചാരിതമായി സിനിമയില്‍ എത്തിപ്പെടുന്നത്. ശരിക്കും ഞാന്‍ ചെയ്യേണ്ടിയിരുന്ന വേഷമായിരുന്നില്ല അത്. എല്ലാം നിയോഗമാണ്. ഇന്ന് നാല്‍പത് വര്‍ഷങ്ങള്‍ സിനിമയില്‍ പൂര്‍ത്തിയാക്കി എന്നുള്ളത് ദൈവാനുഗ്രഹം എന്നേ പറയാനുള്ളൂ. ഒരുപാട് സന്തോഷം. ഒരു ലക്ക് ഫാക്ടര്‍ എന്റെ സിനിമാ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. അത് തീര്‍ച്ചയായും വേണമല്ലോ. ഈ ഒരു മേഖലയില്‍ ഭാഗ്യം വലിയ ഘടകം തന്നെയാണ്. ശരിയായ സമയം, ശരിയായ സ്ഥലം എന്നൊക്കെ പറയില്ലേ. സിനിമ റിലീസിന് വരെ ഇക്കാര്യങ്ങളെല്ലാം പ്രധാനമാണ്. അന്ന് ഞാന്‍ സെലക്ടീവ് ഒന്നുമായിരുന്നില്ല. ഇത്ര പക്വത ഇല്ല, പൊടി പയ്യനാണ്. എന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് ഇപ്പറഞ്ഞ മികച്ച സംവിധായകര്‍ക്കൊപ്പവും മികച്ച എഴുത്തുകാര്‍ക്കൊപ്പവും പ്രഗത്ഭരായ നടന്മാര്‍ക്കൊപ്പവും തുടക്കകാലത്ത് തന്നെ നിരവധി ചിത്രങ്ങള്‍ ചെയ്യാനായി എന്നതാണ്. എനിക്ക് കിട്ടിയ കഥാപാത്രങ്ങളെല്ലാം എനിക്ക് വേണ്ടി തന്നെ എഴുതപ്പെട്ടതായിരുന്നു. ദാമോദരന്‍ മാഷാവട്ടെ, എം.ടി സാറാവട്ടെ എന്നെ ആലോചിച്ച് കഥാപാത്രങ്ങള്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമ തേടി എനിക്ക് പോകേണ്ടി വന്നിട്ടില്ല. ഇന്ന് പക്ഷേ അങ്ങനെയല്ല. ഓരോ കഥാപാത്രങ്ങളിലും നമ്മള്‍ ഫിറ്റ് ആവാന്‍ നോക്കുകയാണ്. ചില കഥാപാത്രങ്ങള്‍ നമുക്ക് ചേര്‍ന്നതാവില്ല. എങ്കിലും നമ്മള്‍ ശ്രമിക്കുകയാണ് അതുമായി ചേര്‍ന്നുപോകാന്‍.

ഒരു റൊമാന്റിക് ഹീറോ പരിവേഷമായിരുന്നു റഹ്‌മാന്. എപ്പോഴെങ്കിലും ടൈപ്പ്കാസ്റ്റിങ്ങിന്റെ ഭാഗമായിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ടോ?

ടൈപ്കാസ്റ്റിങ്ങിന്റെ ഭാഗമായിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. അന്നെനിക്ക് അങ്ങനെ പറയാനുള്ള വോയ്‌സ് ഉണ്ടായിരുന്നില്ല.  അതുമാത്രമല്ല, ഒരേപോലെയുള്ള വേഷങ്ങളായിരുന്നുവെങ്കില്‍ പോലും അത്തരം ചിത്രങ്ങളാണ് അന്ന് വിജയിച്ചത്. അതായിരുന്നു പ്രേക്ഷകര്‍ക്ക് വേണ്ടിയിരുന്നത്. ഒരു ആര്‍ടിസ്റ്റിനെ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു സങ്കല്‍പം ഉണ്ടാവുമല്ലോ അത്തരം വേഷങ്ങളാണ് എന്നെ തേടിയെത്തിയത്. ആ സ്റ്റീരിയോ ടൈപ്പിങ്ങ് ബ്രേക്ക് ചെയ്യണമെന്ന തോന്നലൊന്നും അന്നുണ്ടായിരുന്നില്ല. ഇതെല്ലാം തിരിച്ചറിയാനും മനസിലാക്കാനും ഞാനന്ന് നന്നേ ചെറുപ്പമാണല്ലോ. 89-ല്‍ കെ.ബാലചന്ദർ സാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'പുതു പുതു അര്‍ഥ'ങ്ങള്‍ക്ക് ശേഷമാണ് സിനിമയെ കൂടുതല്‍ പക്വതയോടെ കാണാന്‍ തുടങ്ങുന്നത്. എക്‌സ്പീരിയന്‍സ് അനുസരിച്ച് നമ്മുടെ പക്വതയും വളരുമല്ലോ. കുട്ടിക്കളി വിട്ട് പക്വതയുള്ള വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെയാണ് സ്ഥിരം വേഷങ്ങളില്‍നിന്ന് മാറിത്തുടങ്ങിയത്.

placeholder
'പൂമുഖപ്പടിയിൽ നിന്നെയും കാത്ത്' ചിത്രത്തിൽ മോഹൻലാലും റഹ്മാനും | photo: mathrubhumi archives

എനിക്ക് സിനിമ ഭയങ്കര പാഷനാണ്. ലോകത്തിലെ എല്ലാ ഭാഷയിലിറങ്ങുന്ന ചിത്രങ്ങളും ഞാന്‍ കാണും. ഇന്നും ദിവസവും ഏതെങ്കിലും ഒരു ഭാഷയിലുള്ള ഒരു ചിത്രമെങ്കിലും ഞാന്‍ കണ്ടിരിക്കും. ഒ.ടി.ടി. വന്നതോടെ അത് കുറച്ചുകൂടി എളുപ്പമായി. അങ്ങനെയാണ് ഞാന്‍ എന്നെ അപ്‌ഡേറ്റ് ചെയ്യുന്നത്. എനിക്ക് കിട്ടുന്ന ഓരോ കഥകളും ഞാന്‍ അനലൈസ് ചെയ്യും. ഒരിക്കലും ഒരു ഹിറ്റ് അല്ല ഞാന്‍ പ്രതീക്ഷിക്കുന്നത്. കണ്ടന്റ് നല്ലതായാൽ മതിയെന്നാണ് ചിന്തിക്കുന്നത്. പടം ഓടിയില്ലെങ്കിലും വളിപ്പല്ല, നല്ലൊരു സിനിമയായിരുന്നു എന്ന് പ്രേക്ഷകര്‍ പറയത്തക്ക രീതിയില്‍ ആയിരിക്കും എന്റെ സിനിമകള്‍. അതാണ് എന്റെ സ്ട്രാറ്റെജിയും.

ഒരുപാട് പ്രണയഗാനങ്ങളുടെ മുഖമാണ്, ഒപ്പം ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളോടെ പ്രേക്ഷകരുടെ മനം കവര്‍ന്നിട്ടുണ്ട്. ഈ ഡാന്‍സര്‍ പരിവേഷം വന്നുചേര്‍ന്നത് എങ്ങനെയാണ് ?

പറഞ്ഞത് ശരിയാണ്. ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് പ്രണയഗാനങ്ങള്‍ക്ക് മുഖമാകാന്‍ സാധിച്ചിട്ടുണ്ട്. അതുപോലെ ഇന്നും ആള്‍ക്കാര്‍ വിശ്വസിക്കുന്നത് ഞാനൊരു ക്ലാസിക്കല്‍ ഡാന്‍സര്‍ ആണെന്നാണ്. എന്നാല്‍, ഡാന്‍സിന്റെ എബിസിഡി എനിക്ക് അറിയില്ലെന്നുള്ളതാണ് സത്യം. 'കാണാമറയ'ത്തില്‍ തുടങ്ങിയതാണ് ആ ഡാന്‍സിങ്ങ് സ്റ്റാര്‍ എന്ന ഇമേജ്. മധുരക്കിനാവിന്‍.... എന്ന ഗാനം വലിയ ഓളം തീര്‍ത്തു. തമിഴിലെ എന്റെ ആദ്യത്തെ സിനിമയില്‍ വളരെ ചെറിയ ഒരു സീനില്‍ ക്ലാസിക്കല്‍ ഡാന്‍സ് ചെയ്തു. വെറും അര സെക്കന്റ് ഒക്കെയേ കാണൂ അത്.

രണ്ടാമത്തെ തമിഴ് ചിത്രത്തിന്റെ കഥ പറയാന്‍ വന്നപ്പോഴേ സംവിധായകന്‍ പറഞ്ഞിരുന്നു ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുന്ന മാഷാണ് കഥാപാത്രം, അമലയാണ് നായിക എന്നെല്ലാം. പിന്നീട് ഞാന്‍ സെറ്റിലെത്തുമ്പോഴാണ് എനിക്ക് ചുരിദാര്‍ കൊണ്ടുവന്നുതരുന്നത്. ഞാനാകെ അമ്പരന്നു പോയി. ചുരിദാര്‍ ഇട്ട് ആര് ഡാന്‍സ് ചെയ്യും. സര്‍, എനിക്ക് ജീന്‍സും ജാക്കറ്റും ഷൂവുമെല്ലാം വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അത് ശരിയാകില്ലെന്നായിരുന്നു അവരുടെ പക്കല്‍നിന്നു ലഭിച്ച മറുപടി. പിന്നീടാണ് ഞാന്‍ ആ സത്യം മനസിലാക്കുന്നത്. സെറ്റിലെല്ലാവരും ക്ലാസിക്കല്‍ ഡാന്‍സിന്റെ വസ്ത്രവുമണിഞ്ഞാണ് എന്നെ കാത്തിരിക്കുന്നത്. എനിക്ക് ക്ലാസിക്കല്‍ ഡാന്‍സ് ഒന്നും അറിഞ്ഞു കൂടെന്ന് ഞാന്‍ പറഞ്ഞു. എങ്ങനെയൊക്കെയോ ഞാന്‍ നൃത്തം പഠിച്ചെടുത്തു, സിനിമ ചെയ്ത് തീര്‍ക്കുകയും ചെയ്തു. ഭരതനാട്യത്തിന്റെ ഒക്കെ അരങ്ങേറ്റത്തിനൊക്കെ ചീഫ് ഗസ്റ്റായി എന്നെ വിളിക്കാറുണ്ട്. പോവാതിരിക്കാൻ പറ്റാത്തതു കൊണ്ട് പോയി ആസ്വദിച്ച് പോരുകയും ചെയ്യും.  ഒന്നും അറിഞ്ഞിട്ടല്ല ഈ ആസ്വാദനം എന്നതാണ് വാസ്തവം.

80-കളിലെ മലയാളി സുന്ദരികളുടെ രക്തത്തില്‍ 'റഹ്‌മാനിസം' കലര്‍ന്നിരുന്നു. ഒന്ന് കാണാനായി ആരാധികമാര്‍ ചുറ്റും കൂടിയിരുന്ന അക്കാലം ഓര്‍ക്കുന്നതെങ്ങനെയാണ് ?

അന്ന് നിങ്ങളീ പറഞ്ഞ ആരാധികമാരൊക്കെ ഉണ്ടായിരുന്നു. ഞാനും ചെറുപ്പമല്ലേ, കൗമാരകാലം. ആ പ്രായത്തിനനുസരിച്ച് തന്നെയാണ് അതൊക്കെ ആസ്വദിച്ചിരുന്നത്. ഇപ്പോഴത്തെ കാര്യം ഭയങ്കര രസമാണ്. ഞാന്‍ എയര്‍പോര്‍ട്ടിലൊക്കെ പോകുമ്പോള്‍ ചെറിയ പെണ്‍കുട്ടികളൊക്കെ ഓടി വരും. ചേട്ടാ എനിക്ക് ചേട്ടനെ ഭയങ്കര ഇഷ്ടമാണ് എന്നേക്കാളും ഇഷ്ടം എന്റെ അമ്മയ്ക്കാണ്, അമ്മ ചേട്ടന്റെ ഭയങ്കര ഫാനാണ് എന്നൊക്കെ പറയും. അതൊക്കെ രസകരമായ കാര്യമാണ്. ഞാന്‍ അന്ന് ചെയ്ത കഥാപാത്രങ്ങളെല്ലാം ഈ റൊമാന്‍സ് മെയിന്‍ ആയിട്ടുള്ളതാണല്ലോ. നായികയെ വളയ്ക്കുന്നു, ബൈക്കില്‍ കയറ്റി കൊണ്ട് പോകുന്നു, പ്രണയഗാനങ്ങള്‍ പാടി അഭിനയിക്കുന്നു.. അങ്ങനെയങ്ങനെ. അന്ന് ലൊക്കേഷനിലൊക്കെ ഈ ആരാധകര്‍ വളഞ്ഞ സാഹചര്യം ഉണ്ടായിരുന്നു. സെന്റ് തെരേസാസ് കോളേജില്‍ എന്റെ സിനിമയുടെ ഷൂട്ട് ബാന്‍ ചെയ്ത സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ ക്ലാസ് കട്ട് ചെയ്ത് ഷൂട്ട് കാണാന്‍ വന്നിട്ടും, ആള്‍ക്കൂട്ടം കൂടിയിട്ടും ആകെ ബഹളമായിട്ടും മറ്റും ഷൂട്ട് വിലക്കേണ്ട സാഹചര്യം വന്നു. ഗോസിപ്പുകളും ധാരാളം ഉണ്ടായിട്ടുണ്ട്. അതിനെ ഞാനത്ര കാര്യമായി എടുത്തിട്ടില്ല. എന്റെ അച്ഛനും അമ്മയുമൊക്കെ അത് കാണുമല്ലോ എന്നായിരുന്നു എന്റെ ആശങ്ക. അവരും അതൊന്നും സീരിയസായി എടുത്തില്ല. പതിയെ പതിയെ ഗോസിപ്പുകളും കെട്ടടങ്ങി. എങ്കിലും ആ കാലങ്ങളൊക്കെ വളരെയധികം ആസ്വദിച്ചിരുന്നു.

അന്നത്തെ യുവാക്കള്‍ക്കിടയില്‍ ഒരു റഹ്‌മാന്‍ സ്‌റ്റൈല്‍ കൊണ്ട് വന്നതെങ്ങനെയായിരുന്നു?

ഞാനെങ്ങനെ ആയിരുന്നോ അങ്ങനെയായിരുന്നു എന്റെ സിനിമകളിലും. എന്റെ കഥാപാത്രങ്ങളും വേഷങ്ങളുമെല്ലാം. വളരെ ഈസി-ഗോ, ഫണ്‍ ലവിങ്ങ് വ്യക്തിയായിരുന്നു. സ്റ്റൈലിന്റെ കാര്യം പറയുകയാണെങ്കില്‍ മിക്ക സിനിമയിലും എന്റെ സ്വന്തം കോസ്റ്റ്യൂം തന്നെയായിരുന്നു. അല്ലാതെ എനിക്ക് വേണ്ടി പ്രത്യേകം ചെയ്‌തെടുത്ത സ്റ്റൈല്‍ ഒന്നുമല്ല. സിനിമയിലെ കോസ്റ്റ്യൂം എനിക്ക് ഇഷ്ടപ്പെടാറില്ല. ഞാനെന്റെ അച്ഛനെയും അമ്മയെയും കാണാന്‍ ഇടക്കിടെ ദുബായില്‍ പോകുമ്പോഴാണ് എന്റെ ഷോപ്പിങ്ങെല്ലാം. അതെല്ലാം എങ്ങനെയോ സ്‌റ്റൈല്‍ ആയി മാറി.

ഭാഷ മാറുമ്പോള്‍ പ്രേക്ഷകനും മാറുന്നുണ്ടോ ?

എനിക്കങ്ങനെ പ്രേക്ഷകരില്‍ വ്യത്യാസമൊന്നും തോന്നിയിട്ടില്ല. സിനിമ നന്നായാല്‍ അവര്‍ സ്വീകരിക്കും. ഏത് കാര്യത്തിലായാലും നൂറ് ശതമാനം നമുക്കൊരാളെ തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല. നൂറ് ശതമാനം എന്നൊന്നില്ല ജീവിതത്തില്‍. അതുപോലെ തന്നെ തീയേറ്ററിനകത്ത് നൂറ് ശതമാനം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താന്‍ നമുക്ക് സാധിക്കില്ല. സംവിധായകന്‍ കെ.ബാലചന്ദർ സര്‍ എനിക്ക് തന്ന ഉപദേശമാണിത്. നല്ല സിനിമയായാലും പത്ത് ശതമാനമെങ്കിലും പേര്‍ അതിഷ്ടപ്പെടാത്തതായി ഉണ്ടാകും. അത് നമുക്ക് മാറ്റാനാവുന്ന കാര്യവുമല്ല.

നാല് വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം നായകനായെത്തുന്ന ചിത്രമാണ് 'സമാറ'. പ്രതീക്ഷകള്‍?

രണ്ട് വര്‍ഷം മുന്നേ നടന്ന പ്രൊജക്ട് ആണ് സമാറ. കൊറോണയ്ക്കു ശേഷം തീയേറ്ററുകളൊക്കെ അടച്ചിരിക്കുന്ന സമയമാണ്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ സജീവമായിക്കൊണ്ടിരിക്കുന്നു. ആ സമയത്താണ് 'സമാറ'യുടെ സംവിധായകന്‍ ചാള്‍സ് സൂം കോള്‍ വഴി ചിത്രത്തിന്റെ ഒരു വിവരണം തരുന്നത്. അന്നേരം പല കണ്‍ഫ്യൂഷന്‍സും എനിക്ക് തോന്നിയിരുന്നു. തിരക്കഥ വായിച്ചിരുന്നില്ല അന്ന്. സബ്ജക്ട് പറഞ്ഞപ്പോള്‍ അതിന്റെ നരേറ്റീവ് എനിക്കിഷ്ടപ്പെട്ടു. ഒ.ടി.ടിക്ക് വേണ്ടിയെന്ന് പറഞ്ഞാണ് തുടങ്ങിയത്. കശ്മീര്‍, കുളു, മണാലി പോലെ മഞ്ഞുള്ള സ്ഥലമാണ് ചിത്രത്തിന്റെ ലൊക്കേഷനെന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ ശരിക്കും അമ്പരന്നത്. ഒ.ടി.ടിക്ക് വേണ്ടി ഇത്രയും ചെലവ് വഹിക്കാന്‍ നിര്‍മാതാവ് തയ്യാറാവുമോ എന്നായിരുന്നു എന്റെ സംശയം. അതിനൊക്കെ തയ്യാറായി നിര്‍മാതാവും മുന്നോട്ട് വന്നു. 

placeholder
'സമാറ'യിൽ റഹ്മാൻ

സയന്‍സ് ഫിക്ഷന്‍ ആണെന്നൊന്നും അന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്നെ സംബന്ധിച്ച് ഇത് വരെ ചെയ്യാത്ത കഥയും കഥാപാത്രവുമായിരുന്നു 'സമാറ'യിലേത്. ഇത്രേം സ്റ്റൈലൈസ്ഡ് ആയിട്ടുള്ള ഹൈപ്പ് ഉള്ള ചിത്രം ഞാനെന്റെ കരിയറില്‍ ചെയ്തിട്ടില്ല. വളരെ കഷ്ടപ്പെട്ട് തന്നെയാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. സാധാരണ ഒരു സ്ഥലത്ത് സിനിമ ചിത്രീകരിക്കുന്നത് പോലെ എളുപ്പമല്ല സമുദ്രനിരപ്പില്‍നിന്ന്‌ ആയിരക്കണക്കിന് അടി ഉയരത്തില്‍ ഒരു സിനിമ ചിത്രീകരിക്കുന്നത്. കാലാവസ്ഥ ഉള്‍പ്പടെ വില്ലനായി വന്നിട്ടുണ്ട്. പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ വേറെയും. മഞ്ഞ് പ്രധാന കഥാപാത്രമായതിനാല്‍ മഞ്ഞിനാല്‍ മൂടപ്പെട്ട സ്ഥലങ്ങള്‍ നോക്കി വീണ്ടും ഉയരങ്ങള്‍ താണ്ടേണ്ടി വന്നിട്ടുണ്ട്. പലയിടത്തും വിശ്രമിക്കാന്‍ പോയിട്ട് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യം ഉണ്ടായിരുന്നില്ല. സംവിധായകനുള്‍പ്പടെ കുറേ പുതുമുഖങ്ങള്‍ ചിത്രത്തിലുണ്ട്. അവരിലും ഈ സബ്ജക്ടിലും എനിക്കുള്ള വിശ്വാസമാണ് 'സമാറ'യിലേക്ക് എന്നെ എത്തിച്ചത്. ചിത്രത്തിന്റെ ഔട്ട്പുട്ട് കണ്ട ശേഷം തന്നെ മനസിലായതാണ് ഇത് ഓ.ടി.ടിയില്‍ പോകേണ്ടതല്ല, തിയേറ്ററില്‍ തന്നെ കാണേണ്ടതാണെന്ന്.