ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്ത് മലയാളസിനിമയിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച നടനാണ് വിനയ് ഫോർട്ട്. അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ട് 17 വർഷം. ഒരു കഥാപാത്രം വരുമ്പോൾ റിസ്‌കെടുക്കാനുള്ള ധൈര്യം വന്നത് ഇക്കാലയളവിലുണ്ടായ അനുഭവസമ്പത്തുകൊണ്ടാണെന്ന് പറയുകയാണ് അദ്ദേഹം. ബെത്‌ലഹേം കുടുംബയൂണിറ്റും അയാം ഗെയിമും ഒരേസമയം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.

To advertise here,

ബെത്‌ലഹേം കുടുംബയൂണിറ്റും അയാം ഗെയിമും ഒരേസമയം തിയേറ്ററുകളിൽ

അതിയായ സന്തോഷമുണ്ട്. കാരണം ഞാൻ ഒരു ആറുമാസങ്ങളായി ഈ രണ്ട് സിനിമകളുടെ കൂടെയായിരുന്നു. രണ്ട് സിനിമകളും ആളുകൾ ഹൃദയംനിറഞ്ഞ് സ്വീകരിച്ചു. രണ്ടും രണ്ടു തരത്തിലുള്ള സിനിമകളാണ്. കഴിഞ്ഞ ഒന്നുരണ്ടു വർഷമായി ഞാൻ മനസിലാക്കിയ ഒരു കാര്യമുണ്ട്. നമ്മളൊരു കൊമേഴ്സ്യൽ പ്രൊഫഷണൽ ആക്ടർ ആകുമ്പോൾ എപ്പോഴും നമുക്കൊരു വിസിബിലിറ്റി ഉണ്ടാകണം. വലിയ സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്യണം. അതൊക്കെ ഞാൻ മിസ് ചെയ്തിരുന്നു. അങ്ങനെയാണ് ഈ വലിയ സിനിമകളിലേക്ക് ഞാൻ എത്തുന്നത്. ഈ സിനിമകളിൽ നമ്മുടെ രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന ദിവസങ്ങൾ കുറവായിരിക്കും. പണ്ടത്തെപ്പോലെയല്ല, ഇപ്പോഴൊരു സിനിമയുടെ ചിത്രീകരണം നാലഞ്ച് മാസം എടുക്കുന്നുണ്ട്. മുൻപ് നമ്മൾ ഒരുമാസം കൊണ്ടൊക്കെ സിനിമ തീർത്തിട്ടുണ്ട്. നമ്മൾ ഇത്രയും സമയം അധ്വാനിച്ച സിനിമ വലിയ ഹിറ്റാകുമ്പോളാണ് നമുക്കും അതിന്റെ ഗുണഫലം ലഭിക്കുന്നത്.

ബെത്‌ലഹേം കുടുംബയൂണിറ്റിലെ അലക്സ് എന്ന കഥാപാത്രം

ഗിരീഷ് നേരെ വന്ന് കാര്യം പറയുകയായിരുന്നു. മമിതയുടെ അമ്മാവന്റെ വേഷമാണ് എന്നതുൾപ്പെടെയുള്ള ഏറ്റവും പ്രാഥമികമായ വിവരങ്ങളാണ് തന്നത്. ഗിരീഷിന്റെ സിനിമയിൽ അഭിനയിക്കണമെന്നത് എന്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ്. ഭയങ്കര കഥാപാത്രം ഒന്നുമല്ല, പക്ഷേ ഞാൻ ചെയ്താൽ നന്നാവുമെന്നാണ് ഗിരീഷ് പറഞ്ഞത്. ഗിരീഷിന്റെ പടത്തിൽ പ്രാധാന്യമുള്ള ഒരു സീനാണെങ്കിൽപ്പോലും വന്ന് അഭിനയിക്കാൻ റെഡിയാണെന്ന് ഞാൻ പറഞ്ഞു.

അലക്സ് എന്ന കഥാപാത്രത്തിൽ വിനയ് ഫോർട്ട് എന്ന നടൻ കണ്ട ശരി

ഞാൻ എപ്പോഴും കഥാപാത്രങ്ങൾ കിട്ടുമ്പോൾ അവരുടെ ശരികളും തെറ്റുകളും ശക്തിയുമൊക്കെ നോക്കും. മാറിനിന്ന് ആലോചിക്കുമ്പോൾ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയൊരു സാഹചര്യം വന്നുകഴിഞ്ഞാൽ നമ്മൾ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നാണ് ചിന്തിക്കുക. ഞാനിപ്പോൾ എൺപതോളം സിനിമകളിൽ വേഷമിട്ടു. കഥാപാത്രങ്ങളൊക്കെ നമ്മളുടെ ഉള്ളിൽനിന്ന് തന്നെ നമ്മൾ തപ്പി കണ്ടുപിടിക്കുന്ന പരിപാടിയാണ്. നമുക്കുള്ളിൽത്തന്നെ ഒരു കഥാപാത്രമുണ്ടാകും. അപ്പോൾ ആ കഥാപാത്രത്തിന് ആവശ്യമുള്ള ഒരു ഭാഗം മാത്രം എടുത്തിട്ട് ബാക്കിയുള്ളത് ഒഴിവാക്കും. സിനിമകൾ അങ്ങനെയാണുണ്ടാകുന്നത്. അങ്ങനെയല്ലാതെ നമുക്കൊരു കഥാപാത്രമാകാൻ പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ അലക്സിന്റെ ശരികളെ മാത്രമേ നോക്കിയുള്ളൂ. എന്നെ സംബന്ധിച്ച് അലക്സ് ചെയ്ത എല്ലാ കാര്യങ്ങളും ശരിയാണ്. അയാൾ വളരെ ആത്മാർത്ഥതയുള്ള ഒരു അമ്മാവനാണ്. ഏതാണ്ട് എന്റെ പ്രായമുള്ള ഒരാൾ എന്റെ പെങ്ങളുടെ 20 വയസ്സുള്ള കുട്ടിയെ വിവാഹമാലോചിച്ച് വന്നുകഴിഞ്ഞാൽ നമ്മൾ ചിലപ്പോൾ ഇങ്ങനെ ആയിരിക്കാം പ്രതികരിക്കുന്നത്. അലക്സ് എന്ന കഥാപാത്രത്തിന് അയാളുടേതായ ശരികളുണ്ട്. അയാളെ ഡാർക്ക് ഷെയ്ഡിൽ അല്ല സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഗിരീഷിന്റെ തിരക്കഥയിലെ ഡീറ്റെയിലിങ്

ഗിരീഷിന്റെ തിരക്കഥകളിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഡീറ്റെയിലിങ്. സിനിമയിൽ കാണുന്ന 95 ശതമാനം കാര്യങ്ങളും തിരക്കഥയിൽ ഉള്ളതുതന്നെയാണ്. ഒരു കഥയായിട്ട് എടുത്തു കഴിഞ്ഞാൽ ഇത് ഭയങ്കര കഥയല്ലല്ലോ. പക്ഷേ നമ്മൾ ഓരോ സീൻ ആയി എടുത്തുകഴിഞ്ഞാൽ അതോരോന്നും എൻഗേജിങ് ആണ്. ഓരോ സീനിലും നിങ്ങൾക്ക് ചിരിക്കാനുള്ള അഞ്ചും ആറും മൊമെന്റുകൾ ഉണ്ടാകും. എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഈ സിനിമ ഒരുതവണ കണ്ടത് ഞാൻ മാത്രമായിരിക്കും. ബാക്കിയുള്ളവരൊക്കെ രണ്ടും മൂന്നും തവണ കണ്ടിട്ടുണ്ട്.
 

എന്താണ് അയാം ഗെയിം എന്ന ചിത്രം?

മലയാളത്തിൽ നിർമിച്ചിട്ടുള്ള വളരെ വ്യത്യസ്തമായ, ഏറ്റവും വലിയ കമേർഷ്യൽ സ്കെയിലിൽ നിർമ്മിക്കപ്പെട്ട ഒരു സിനിമയാണ്. മൂന്ന് വർഷങ്ങൾക്ക് ശേഷം ദുൽക്കർ സൽമാൻ പ്രധാനവേഷത്തിൽ എത്തുന്നു. ദുൽഖറിനെ ഏറ്റവും സ്റ്റൈലിഷായി അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമയാണ് അയാം ഗെയിം. നഹാസിന്റെ ആർഡിഎക്സിനു ശേഷമുള്ള സിനിമ കൂടിയാണ്. വലിയ സ്റ്റാർ കാസ്റ്റ് ഉള്ള ഒരു സിനിമയാണ്. ഒടിടിയുടെ വരവിനു ശേഷം സിനിമയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമ എന്ന സോണിലേക്ക് പോയിട്ടുണ്ട്. നമ്മളെ മറ്റുഭാഷകളിലുള്ളവർ ശ്രദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിക്കണമെങ്കിൽ ഇങ്ങനത്തെ വലിയ സിനിമകളുള്ള ഭാഗമാകണം. കുറേ നാളായി ഇങ്ങനെയൊരു സിനിമ ചെയ്തിട്ട്. ബെത്‌ലഹേമിലേയും അയാം ഗെയിമിലേയും കഥാപാത്രങ്ങൾക്ക് ഒരുപാട് സ്ക്രീൻ സ്പേസ് ഇല്ല. പക്ഷേ ഉള്ള സ്ക്രീൻ സ്പേസിൽ നമുക്ക് ഇമ്പാക്ട് ഉണ്ടാക്കാൻപറ്റുന്നു, അല്ലെങ്കിൽ ആളുകൾ കഥാപാത്രത്തെ കുറിച്ച് നല്ലതുപറയുന്നു എന്നൊക്കെ പറയുന്നത് സന്തോഷം നൽകുന്നതാണ്. നഹാസിന്റെ കൂടെ ആദ്യമായിട്ടാണ് ജോലി ചെയ്യുന്നത്. നമ്മുടെ ഒരു അനിയനെപ്പോലെയൊക്കെ തോന്നുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.

ദുൽഖർ എന്ന നടനും നിർമാതാവും

എനിക്ക് ഏറ്റവുംകൂടുതൽ കണക്ഷൻ തോന്നിയിട്ടുള്ള വ്യക്തിയാണ് ദുൽഖർ. മനുഷ്യത്വമുള്ളയാളാണ്. ദുൽഖറും ദുൽഖറിന്റെ ടീമും ദുൽഖറാൽ ചുറ്റപ്പെട്ടിരിക്കുന്നവരും ഒരു വ്യക്തി എന്നുള്ള തരത്തിൽ നമുക്ക് വലിയ മൂല്യമാണ് തരുന്നത്. അത് നമ്മൾ ഉൾപ്പെട്ട സിനിമാരംഗം മുതൽ റെമ്യൂണറേഷൻ വരെ അങ്ങനെയാണ്. ഉദാഹരണത്തിന്, വേഫെയറിന്റെ ടീം തന്നെയാണ് അവരുടെ സെറ്റിൽ ഭക്ഷണമുണ്ടാക്കുന്നത്. അതുണ്ടാക്കുന്നത് അവർതന്നെ തയ്യാറാക്കുന്ന വെളിച്ചെണ്ണയും മറ്റ് ഉത്പ്പന്നങ്ങളും ഉപയോഗിച്ചാണ്. എങ്കിലും ഉച്ചയ്ക്ക് ഭക്ഷണം കഴിയുമ്പോൾ അവർ എങ്ങനെയുണ്ടായിരുന്നു, നല്ലതായിരുന്നില്ലേ, അല്ലെങ്കിൽ പുറത്തുനിന്ന് വരുത്താം എന്നുപറയും. അങ്ങനെയാണ് നമ്മളെ എല്ലാവരേയും അവർ നോക്കുന്നത്. ദുൽഖറിനെ പോലുള്ള പ്രൊഡ്യൂസർ മലയാളത്തിൽ വേണം. ഇനിയും ഒരുപാട് ഗംഭീര സിനിമകൾ ദുൽഖർ പ്രൊഡ്യൂസ് ചെയ്യണം. ഇനിയും ദുൽഖറിന്റെ കൂടെ എനിക്ക് വർക്ക് ചെയ്യാൻ പറ്റണം എന്നൊക്കെ ആഗ്രഹമുണ്ട്.

നിവിൻ പോളിയുമൊത്ത് വീണ്ടും

നിവിനും ഞാനും കുറെ സിനിമകൾ ഒരുമിച്ച് ചെയ്തു. ജീവിതം ആസ്വദിക്കുന്നയാളാണ് നിവിൻ എന്ന് തോന്നിയിട്ടുണ്ട്. ഞാനും മറ്റുപല നടന്മാരും ഒരുമിച്ചിരിക്കുമ്പോൾ സംസാരിക്കുക സിനിമയുടെ ക്രാഫ്റ്റിനെക്കുറിച്ചും അഭിനയത്തേക്കുറിച്ചും ലോക സിനിമയേക്കുറിച്ചെല്ലാമായിരിക്കും. ‌പക്ഷേ നിവിനുമായി സംസാരിക്കുക ചിലപ്പോൾ ഭക്ഷണത്തേക്കുറിച്ചായിരിക്കും. നിവിന്റെ കൂടെ വർക്ക് ചെയ്യാൻ ഭയങ്കര രസമാണ്. പിന്നെ ഞങ്ങൾക്ക് ഓൾറെഡി ഒരു ഗിവ് ആൻഡ് ടേക്ക് പരിപാടി ഉണ്ട്. നിവിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ഏറ്റവും വലിയ ചലഞ്ച് എന്താണെന്ന് അറിയയാമോ? നിവിൻ ചിരിക്കും. കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്കുപോലും ചിരിക്കും. ചിലപ്പോൾ ഡയലോഗ് പറഞ്ഞുകഴിയുമ്പോഴായിരിക്കും ഈ ചിരി. അപ്പോൾ അങ്ങനെയുള്ള നിവിനെ ചിരിക്കാത്ത ഒരു അവസ്ഥയിലേക്ക് എത്തിക്കണമെന്നതാണ് എനിക്ക് നേരിട്ടിട്ടുള്ള വെല്ലുവിളി. അപ്പോൾ ഞങ്ങൾ കൂടുതൽ റിഹേഴ്സൽ ചെയ്യും. അപ്പോൾ ടേക്കിൽ ഞാനെന്താണ് ചെയ്യുകയെന്ന് നിവിൻ മനസിലാക്കും. വർഷങ്ങളായി ഇങ്ങനെതന്നെയാണ് ചെയ്യാറ്.

വില്ലനിൽ നിന്നുള്ള സുരേഷ് കൃഷ്ണയുടെ മാറ്റം

ഞാൻ ഒപ്പം പ്രവർത്തിച്ചവരിൽ ഏറ്റവും നല്ല മനുഷ്യരിലൊരാളാണ് സുരേഷ് കൃഷ്ണ. നല്ല രസമുള്ള മനുഷ്യനാണ്. സത്യസന്ധനും വിനയമുള്ളയാളുമാണ്. ബെത്‌ലഹേമിന്റെ വിജയംപോലെ സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ് സുരേഷേട്ടൻ ഒരു മുഴുനീളം കഥാപാത്രം ചെയ്യുന്നത്. സുരേഷേട്ടനെ ഫസ്റ്റ് ഫ്രെയിമിൽ കാണിക്കുമ്പോൾ തമാശ പറഞ്ഞുതുടങ്ങിയാൽ ലാസ്റ്റ് ഫ്രെയിം വരെ അത് നിലനിർത്തുന്നുണ്ട്. ആ തമാശകൾ മുഴുവൻ വർക്ക് ആകുന്നുണ്ട്. ഞാൻ സുരേഷനോട് പടം കഴിഞ്ഞിട്ട് പറഞ്ഞു, ചേട്ടാ ഇനി ഒന്ന് കാര്യമായിട്ട് പിടിച്ചോ, ഇനി അങ്ങനെ വിട്ടു കൊടുക്കരുത്, ബെത്‌ലഹേം നിങ്ങൾക്ക് വലിയ ബ്രേക് ആണെന്ന്. പുള്ളി അതൊക്കെ അങ്ങനെ ചിരിയോടെ കേട്ടുനിൽക്കും.

മോഹിനിയാട്ടത്തിലെ പോലീസ് വേഷം നന്നായി ആസ്വദിച്ചു

ഞാൻ ഈ അടുത്ത് അഭിനയിച്ച സിനിമകളിൽ ഏറ്റവും കൂടുതൽ ആസ്വദിച്ച് ചെയ്ത സിനിമയാണ് മോഹിനിയാട്ടം. ആകെ ഏഴു ദിവസം മാത്രമേ എനിക്ക് ഷൂട്ടുണ്ടായിരുന്നുള്ളൂ. ഭയങ്കര രസമായിരുന്നു. ഒരു സീനിൽ വളരണാ എന്ന് ചോദിച്ച് അമ്പരക്കുന്നുണ്ട് ആ കഥാപാത്രം. ആ ഡയലോഗ് ഡബ്ബിങ്ങിന്റെ സമയത്ത് പെട്ടന്ന് ചെയ്തതാണ്. എങ്കിലും സംവിധായകൻ കൃഷ്ണദാസ് മുരളി എന്തൊക്കെയോ മുൻകൂട്ടി കണ്ടിട്ടുണ്ടായിരുന്നു. കൃഷ്ണനും എന്റെയൊരു അനിയനെപ്പോലുള്ള ആളാണ്. ആ സിനിമയുടെ ഷൂട്ടിങ് നല്ല രസമായിരുന്നു. നമ്മൾ ആദ്യം ഒരു ഓകെ ടേക്ക് ഷൂട്ട് ചെയ്യും. അതിനുശേഷം അതിൽനിന്ന് വ്യത്യസ്തമായി, കുറച്ച് ലൗഡ് ആയി ഒരു ടേക്ക് കൂടിയെടുക്കും. അങ്ങനെ രണ്ടാമതെടുത്ത ഷോട്ടുകളാണ് ആ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. കൃഷ്ണൻ ആദ്യം എന്നോട് ഭരതനാട്യത്തിന്റെ കഥ പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ ചെയ്യാൻ സാധിച്ചില്ല. പക്ഷേ ഇതേ ചിത്രത്തിന്റെ രണ്ടാം ഭാഗം വന്നപ്പോൾ ഞാൻ വീണ്ടും ഒരു വേഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നതിലാണ് ഭാഗ്യം.

നടൻ എന്ന നിലയിൽ എത്രമാത്രം മെച്ചപ്പെട്ടിട്ടുണ്ട്?

ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. ഇപ്പോൾ ഒരു അടിത്തറ ഇട്ടിട്ടേയുള്ളൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സിനിമയിൽ വന്നിട്ട് 17 വർഷമായി. ഒരു ആത്മവിശ്വാസം വന്നിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ പഠിക്കാനായി. നമ്മുടെ കംഫർട്ട് സോണിൽ മാത്രം നിന്നാൽ നമുക്ക് വളർച്ചയുണ്ടാകില്ല. കംഫർട്ട് സോണിൽ നിന്ന് പുറത്തു പോകണമെങ്കിൽ അത്ര ചലഞ്ചിങ് ആയിട്ടുള്ള കഥാപാത്രം നമുക്ക് കിട്ടണം. നമുക്ക് റിസ്ക് എടുക്കാനും തോൽക്കാനുള്ള ഒരു സ്പേസ് ഒക്കെ ഉണ്ടാവണം. അപ്പോഴാണ് നമ്മളുടെ ശരിക്കുള്ള പഠനം സംഭവിക്കുന്നത്. 100 ശതമാനം ഞാൻ റിസ്കെടുക്കാൻ തയ്യാറാണ്. ഇപ്പോൾ നല്ല കഥാപാത്രത്തിനുവേണ്ടി തോൽക്കാനും തയ്യാറാണ്. നമ്മുടെ നിലനിൽപ്പ് ആയതുകൊണ്ട് നമ്മൾ കുറച്ചുകൂടി സേഫ് ആയിട്ട് കളിക്കുമായിരുന്നു. അതായത് ഒരിക്കലും തോൽക്കരുത്, നല്ല റിസൾട്ട് ഉണ്ടാകണം എന്ന് പറയുന്ന ഒരു പരിപാടി. പക്ഷേ ഇപ്പോൾ അങ്ങനെയല്ല, നമ്മൾ എപ്പോഴും പ്രേക്ഷകർക്ക് പുതിയത് കൊടുക്കണമല്ലോ. ഇപ്പോൾ, മോഹിനിയാട്ടത്തിൽ കൃഷ്ണൻ 100% നമ്മളെ ട്രസ്റ്റ് ചെയ്തിട്ട്, നമുക്ക് തോൽക്കാനുള്ള ഒരു സ്പേസ് ഉണ്ടാക്കിത്തന്നു. റിസ്ക് എടുക്കാനുള്ള സാഹചര്യം ഒരുക്കിത്തന്നു. ചേട്ടാ നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോ എന്ന് പറയുമ്പോഴാണ് നമുക്ക് പുതിയവ വരുന്നത്. അല്ലെങ്കിൽ നമ്മൾ ചെയ്തതിന്റെ വകഭേദങ്ങൾ ആയിരിക്കുമല്ലോ കൂടുതലും വരിക.

നാടകത്തിലേയും സിനിമയിലേയും സ്ട്രഗിളിങ് സ്റ്റേജ്

ഇന്ന്, നമ്മൾ സംസാരിക്കുന്ന ഈ ദിവസത്തിൽപോലും നമുക്ക് സ്ട്രഗിളിങ് ഉണ്ട്. ഞാൻ ഇതിനെ സ്ട്രഗിൾ ആയിട്ട് കാണുന്നില്ല. ഞാൻ എന്റെ നാലാം ക്ലാസ്സ് മുതൽ നാടകം കളിച്ചു തുടങ്ങിയതാണ്. ബാലസംഘത്തിന് വേണ്ടിയാണ് നാടകം കളിച്ചുതുടങ്ങിയത്. പിന്നെ അതിനുശേഷം ഗ്രാജുവേഷൻ കഴിഞ്ഞു. ഗ്രാജുവേഷൻ മുതൽ ലോകധർമി എന്ന തിയേറ്റർ ഗ്രൂപ്പിന്റെ കൂടെ പ്രവർത്തിച്ചു. ഗ്രാജുവേഷൻ കഴിഞ്ഞു പിജി ചെയ്യുന്ന സമയത്ത് എനിക്ക് എഫ്ടിഎൽ അഡ്മിഷൻ കിട്ടി ഞാൻ അവിടെ പോയി പഠിച്ച് തിരികെ വന്നിട്ട് നേരെ അഭിനയിക്കാൻ തുടങ്ങി. പിന്നെ ഈ പറയുന്ന കഷ്ടപ്പാടിന്റെ ഫലമാണ് ഞാൻ ഇങ്ങനെ ഇവിടെയിരുന്ന് സംസാരിക്കുന്നത്.

ഫോർട്ട്കൊച്ചിയിൽ ഒരു കഫേയിൽ നിന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്

അങ്ങനെ ഒരുപാട് ജോലികൾ ഞാൻ ചെയ്തിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ മുതൽ ഞാനും എന്റെ ചേട്ടനും ചേച്ചിയുമൊക്കെ

പലതരം ജോലികൾ ചെയ്യുകയും നമുക്ക് ഇൻഡിപെൻഡന്റ് ആകാൻ വേണ്ടിയിട്ടുള്ള കാര്യങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. നാടകം കളിക്കാൻ വേണ്ടിയിട്ടാണ് ഞാൻ ജോലി ചെയ്തത്. കാരണം നാടകം ഒട്ടും ആഘോഷിക്കപ്പെടുന്ന ഒരു മീഡിയ അല്ലല്ലോ. നമുക്ക് അതിൽ സാമ്പത്തിക വരുമാനം അങ്ങനെയില്ല. സിനിമ ഭയങ്കര ലക്ഷൂറിയസ് ആയിട്ടുള്ള ഒരു ഇൻഡസ്ട്രിയാണ്. സാമ്പത്തികമായി മെച്ചവും ആളുകൾ തിരിച്ചറിയുന്നതുമൊക്കെ അടങ്ങുന്ന ജീവിതമാണ് സിനിമയിൽ. നാടകം എന്ന് പറയുമ്പോൾ നമുക്ക് ഇതൊന്നുമില്ല. നാടകം നമ്മുടെ പാഷനാണ്. നമ്മൾ അതിനു വേണ്ടി റിഹേഴ്സൽ ചെയ്യും. നാടകം കാണാൻ 100 പേർ വരും. അത് കഴിയുമ്പോൾ ഒരു അഞ്ചു പേർ വന്ന് കൊള്ളാം എന്ന് പറയും. ഒരു വർഷമൊക്കെ എടുത്താണ് നമ്മൾ നാടകം ചെയ്യുന്നത്.

ആട്ടം സംവിധാനംചെയ്ത ആനന്ദ് ഏകർഷി ഇപ്പോൾ അഭിനയത്തിലേക്ക് വന്നിട്ടുണ്ടല്ലോ?

നാടകത്തിൽ എന്റെ കൂടെ പണ്ടുമുതലുള്ള ചേട്ടന്മാരെ അഭിനയിപ്പിക്കാൻ വേണ്ടിയിട്ടാണ് നമ്മൾ ആട്ടം എന്ന സിനിമ ഉണ്ടാക്കിയതുതന്നെ. ദേശീയ പുരസ്കാരങ്ങളുൾപ്പെടെ ആ ചിത്രം നേടി. ഞങ്ങളെപോലെയുള്ള കുറെറേ ചെറിയ ആളുകൾ ചേർന്ന് ചെയ്ത ഒരു സിനിമ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു എന്നുപറയുന്നതിൽ അതിയായ സന്തോഷം. ആനന്ദ് യഥാർത്ഥത്തിൽ നല്ലൊരു നടനാണ്. സർവം മായയിലെ ആ കഥാപാത്രം അദ്ദേഹം വളരെ നന്നായി ചെയ്തു. പക്ഷേ അഭിനയമാണോ അദ്ദേഹത്തിന്റെ മേഖല എന്നെനിക്കറിയില്ല. കാരണം ആട്ടം പോലൊരു തിരക്കഥ എല്ലാവർക്കും എഴുതാനാവില്ല. അനുഗ്രഹിക്കപ്പെട്ട ഒരു കഴിവാണത്.

പെരുമാനി പോലൊരു ചിത്രം തിയേറ്ററിൽ ഓടിയില്ല, ഒടിടിയിൽ നല്ല അഭിപ്രായവും കിട്ടി. സന്തോഷമാണോ സങ്കടമാണോ?

ഇപ്പോൾ ഒടിടി എന്ന ആശ്വാസം ഉണ്ടല്ലോ. പണ്ട് ഈ ഒടിടി ഇല്ലായിരുന്നല്ലോ. ഇപ്പോ ആ സിനിമ നിങ്ങൾ ഒടിടിയിൽ എങ്കിലും കണ്ടല്ലോ. പണ്ട് അതുമില്ലല്ലോ. ഇപ്പോൾ ഞാൻ ഈ വലിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്യാനുള്ള എടുത്ത തീരുമാനം അതിൽ നിന്നൊക്കെ ഉണ്ടായതാണ്. തിയേറ്ററിൽ ഓടുന്ന സിനിമകളിൽ നല്ല വേഷം ചെയ്യുമ്പോഴാണ് നമുക്ക് അടുത്ത നല്ല വേഷങ്ങൾ ഉണ്ടാകുന്നത്. എനിക്ക് പെരുമാനി എനിക്ക് വലിയ റിസ്ക്കുള്ള വേഷം ആയിരുന്നില്ല. കാരണം ആ തിരക്കഥയിൽ ഏറ്റവും നന്നായി എഴുതപ്പെട്ട കഥാപാത്രം എന്റെയായിരുന്നു. പക്ഷേ സംശയത്തിലെ മനോജൻ എന്ന കഥാപാത്രംചെയ്യാൻ അത്യാവശ്യം കഷ്ടപ്പെട്ടിരുന്നു. പക്ഷേ ആ സിനിമ അധികമാരും കണ്ടിട്ടില്ല എന്നത് എനിക്ക് നിരാശയുണ്ടാക്കി. ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് സംശയത്തിലെ മനോജൻ.

സിനിമയിലൂടെ ഒരു സന്ദേശം കൊടുക്കുക എന്നതിൽ വിശ്വസിക്കുന്നുണ്ടോ?

ഒരിക്കലുമില്ല. എന്റെ അഭിപ്രായത്തിൽ ഞാൻ ഒരു സ്റ്റോറി ടെല്ലറിന്റെ ഭാഗമാണ്. ഒരു ഫിലിം മേക്കർ എന്നെ കാസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹം എന്ത് വിഷ്വലൈസ് ചെയ്യുന്നു, അദ്ദേഹത്തിന്റെ വിഷൻ എന്താണ്, അത് മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് നടനെന്ന നിലയിലുള്ള എന്റെ ചുമതല. സമൂഹത്തിന് സന്ദേശം കൊടുക്കുന്ന കഥാപാത്രങ്ങൾ ചെയ്യാം, അല്ലെങ്കിൽ ഇങ്ങനെ വൾഗർ ആയിട്ടുള്ള കഥാപാത്രങ്ങൾ ചെയ്യില്ല എന്നൊന്നും പറയാനാവില്ല. ഞാനൊരു നടനാണ്. ശരിക്കും സിനിമ ഒരു സംവിധായകന്റെയാണ്. സംവിധായകൻ എന്ത് ആഗ്രഹിക്കുന്നു ഒരു നടനിൽ നിന്ന്, ഒരു കഥാപാത്രത്തിൽ നിന്ന്, അതിന്റെ മുകളിൽ ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. സിനിമകൾ കാണുമ്പോൾ എനിക്ക് വളരെ നന്മയുള്ള സിനിമകൾ എന്നെ കണക്ട് ചെയ്യാറില്ല. എനിക്കൊരു സാധാരണ മനുഷ്യന്റെ മനസ്സും അവന്റെ ഫ്ലോസും അവന്റെ ജീവിതവും അവന്റെ ഇമോഷനും ഒക്കെയാണ് എന്നെ കൂടുതൽ കണക്ട് ചെയ്യുന്നത്.

ഏതാണ് പുതിയ സിനിമകൾ?

റിലീസിന് തയ്യാറെടുക്കുന്ന ചിത്രം പ്രഥമദൃഷ്ട്യാ കുറ്റക്കാർ ആണ്. അവറാച്ചൻ ആൻഡ് സൺസും പിന്നാലെ വരും. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഹെയ്ൽ മേരി എന്ന ചിത്രമാണ്. സൈജു ശ്രീധരൻ സംവിധാനം ചെയ്ത് ടൊവിനോ നായകനാകുന്ന മുൻപേ എന്ന ചിത്രവും വരുന്നുണ്ട്.