പ്രഥമദൃഷ്ട്യാ കുറ്റക്കാർ തിയേറ്ററിൽ പ്രേക്ഷകസ്വീകാര്യത നേടി മുന്നേറുമ്പോൾ, ചിത്രത്തിന് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയ മുജീബ് മജീദ് (Mujeeb Majeed) ഈണവഴികളിലെ പരീക്ഷണങ്ങൾ വിജയംകണ്ടതിന്റെ ആഹ്ലാദത്തിലാണ്.

To advertise here,

'സംവിധായകൻ ഷഹദിലുള്ള വിശ്വാസവും സിനിമയുടെ മികച്ച രചനയുമാണ് 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ഞാൻ ഏറ്റെടുക്കാൻ കാരണം. ഒരു ത്രില്ലറാണെങ്കിലും കഥാപാത്രങ്ങൾക്ക് വൈകാരികമായ പല ലെയറുകളുണ്ട്. റോബിയുടെ ക്യാമറ, ചമന്റെ എഡിറ്റിങ്‌ ജെ.ഡി.യുടെ സൗണ്ട് ഡിസൈൻ, ജിതിന്റെ ഫൈനൽ മിക്സിങ്‌ തുടങ്ങി സാങ്കേതികപരമായി മികച്ചുനിൽക്കുമെന്ന് ഉറപ്പായിരുന്നു. എഡിറ്റിങ് കഴിഞ്ഞ് സിനിമ കണ്ടപ്പോൾത്തന്നെ പശ്ചാത്തലസംഗീതമൊരുക്കാനുള്ള പ്രചോദനം അതിൽനിന്നു ലഭിച്ചിരുന്നു. ഇടവേളയ്ക്ക് തൊട്ടുമുമ്പുള്ള അതിവൈകാരികമായ ഷോട്ടിൽ നിന്ന് തുടങ്ങി, പിന്നിലേക്കാണ് ഇതിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത്. പതിയെ അതിന്റെ തീവ്രത കുറച്ചുകൊണ്ടുവരുന്ന രീതിയിൽ സ്‌കോറിങ് ചെയ്തു. ഈ സിനിമയിൽ റാപ്പർ വേടനുമായി പ്രവർത്തിക്കാൻ കഴിഞ്ഞതാണ് മറ്റൊരു സന്തോഷം. സ്റ്റുഡിയോയിലിരുന്ന് തന്നെ വരികളെഴുതി, വളരെ വേഗത്തിൽ പാടിത്തീർത്ത വേടന്റെ ശൈലി കൊള്ളാം. ആള് വളരെ കൂളായിരുന്നു. കൂടാതെ, ചിത്രത്തിൽ ജോയൽ ജോൺസ് ചെയ്ത പാട്ടും ശ്രദ്ധേയമാണ്.’

‘കിഷ്‌കിന്ധാകാണ്ഡ’ത്തിലെ നിഗൂഢതനിറഞ്ഞ പശ്ചാത്തലസംഗീതത്തിലൂടെയും ‘കളങ്കാവലി’ലെ റെട്രോ സൗണ്ട് ട്രാക്കുകളിലൂടെയും മലയാള സിനിമയിൽ തന്റേതായ ഇടം ഉറപ്പിച്ച സംഗീതസംവിധായകനാണ് മുജീബ് മജീദ്. ഓരോ സിനിമയുടെയും പ്രമേയത്തോട് നീതിപുലർത്തുന്ന ഈണങ്ങളും കഥാപാത്രങ്ങളുടെ വൈകാരികതലങ്ങളെ തൊട്ടറിയുന്ന പശ്ചാത്തലസംഗീതവുമാണ് അദ്ദേഹത്തിന്റെ പ്രധാന സവിശേഷത. ‘രേഖാചിത്രം’, ‘എക്കോ’, ‘ചത്താ പച്ച’, ‘ഉന്മാദം’ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’, ‘മെഡിക്കൽ മിറാക്കിൾ’ എന്നീ സിനിമകളുടെ പശ്ചാത്തലസംഗീതത്തിലൂടെ വീണ്ടും പ്രേക്ഷകരെ അതിശയിപ്പിക്കുകയാണ് അദ്ദേഹം. ഇന്റർവൽ പോയിന്റിൽനിന്ന് തുടങ്ങി റിവേഴ്സിൽ ചെയ്ത സംഗീതപരീക്ഷണങ്ങളെപ്പറ്റിയും വരാനിരിക്കുന്ന സിനിമകളെക്കുറിച്ചും സംസാരിക്കുകയാണ് മുജീബ് മജീദ്.

Also Read: Pradhama Drishtiya Kuttakkar Review | മലയാളത്തിൽനിന്ന് മറ്റൊരു സോളിഡ് ത്രില്ലർ; പിടിച്ചിരുത്തുന്ന 'കുറ്റക്കാർ' | Podcast | First Show

ശബ്ദത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയായ ‘മെഡിക്കൽ മിറാക്കിളി’ൽ നടത്തിയ പരീക്ഷണങ്ങളെപ്പറ്റി

സംഗീതത്തെക്കാൾ ശബ്ദത്തിന് പ്രാധാന്യമുള്ള ചിത്രമാണ് മെഡിക്കൽ മിറാക്കിൾ. കഥാപാത്രത്തിന്റെ കേൾവിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സൗണ്ട് ഫ്രീക്വൻസികളിൽ വലിയ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. തീർത്തും വ്യത്യസ്തമായ സൗണ്ട് ട്രാക്കാണിത്. ഇതിലെ ‘പ്രാക്ക്’ എന്ന ഗാനം കഥാപാത്രത്തിന്റെ മാനസിക അസ്വസ്ഥത വ്യക്തമാക്കാൻ മനഃപൂർവം ‘നോയിസി’ (Noisy) ആയ ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിലെത്തന്നെ ‘കാതങ്ങൾ’ എന്ന പാട്ടിനു പിന്നിലുമുണ്ട് രസകരമായ ഒരു സംഭവം. യഥാർഥത്തിൽ എന്റെ ഗേൾഫ്രണ്ടിനെ ഇമ്പ്രസ് ചെയ്യാൻവേണ്ടി ഒരു ഇൻഡിപെൻഡന്റ് ട്രാക്കായി തുടങ്ങിവെച്ച ഈണമായിരുന്നു അത്. പിന്നീട് ഈ സിനിമ വന്നപ്പോൾ ആ കഥാസന്ദർഭത്തിന് ആ ഈണം തികച്ചും അനുയോജ്യമാണെന്ന് തോന്നിയിട്ട് ഉപയോഗിക്കുകയായിരുന്നു. ആറേഴു പേരുള്ള ശക്തമായ ഒരു ടീം ഒപ്പമുള്ളതാണ് എന്റെ വലിയ കരുത്ത്. 30 ദിവസത്തോളംനീണ്ട തീവ്രമായ ജോലിയിലൂടെയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാർ പൂർത്തിയാക്കിയത്. ഒരേസമയം ഒന്നിലധികം പ്രോജക്ടുകൾ വരുമ്പോൾ മാനേജ് ചെയ്യാനുള്ള രീതികൾ ഇപ്പോൾ പഠിച്ചുവരുന്നു.

സിനിമയുടെ മൂഡ് പ്രേക്ഷകരിലെത്തിക്കുന്നതിൽ പശ്ചാത്തലസംഗീതത്തിന്റെ പങ്ക് വലുതാണ്. കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളെ സംഗീതത്തിലേക്ക്‌ പകർത്തുന്നത് എങ്ങനെയാണ്?

ഏതൊരു സിനിമയുടെയും പശ്ചാത്തലസംഗീതം ഒരുക്കുന്നതിനുമുൻപ് സംവിധായകനും എഴുത്തുകാരനുമായി ആഴത്തിലുള്ള ചർച്ചകൾ നടത്താറുണ്ട്. അവർ അവരുടെ സിനിമയിലൂടെ എന്താണ് പറയാനുദ്ദേശിക്കുന്നത്, എന്തുതരം ഇമോഷനാണ് നൽകുന്നത് എന്നൊക്കെ ഈ സംസാരങ്ങളിലൂടെ മനസ്സിലാക്കാം. ഇതുവരെ ചെയ്ത ചിത്രങ്ങളിലെല്ലാം സംഗീതത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കിഷ്‌കിന്ധാകാണ്ഡവും രേഖാചിത്രവും കഴിഞ്ഞശേഷം കോമഡി പടം ധീരനുവേണ്ടി സംഗീതമൊരുക്കിയിരുന്നു, അതൊരു ബ്രേക്കായിരുന്നു. എക്കോയും കളങ്കാവലും ത്രില്ലർ സിനിമകളാണെങ്കിലും രണ്ടിന്റെയും കഥാപശ്ചാത്തലവും അവതരണവുമൊക്കെ തികച്ചും വ്യത്യസ്തമാണ്. ഒരേ ജോണറിലുള്ള ചിത്രങ്ങൾക്ക് വ്യത്യസ്ത സ്വഭാവത്തിലുള്ള സംഗീതമൊരുക്കുമ്പോൾത്തന്നെ അതിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.

സംഗീതവഴിയിലേക്കുള്ള തുടക്കവും സ്വതന്ത്ര സംഗീതസംവിധായകനിലേക്കുള്ള യാത്രയും എങ്ങനെയായിരുന്നു

സംഗീതപശ്ചാത്തലമുള്ള കുടുംബമായിരുന്നു എന്റേത്. പഴയ ഹിന്ദി പാട്ടുകളൊക്കെ സ്ഥിരമായി കേൾക്കുമായിരുന്നു. താൽ സിനിമയിലെ പാട്ടുകൾ കേട്ടപ്പോഴാണ് സംഗീതമേഖലയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹമുണ്ടാവുന്നത്. പിന്നീട് ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിലായിരുന്നു. പക്ഷേ, അതൊട്ടും എളുപ്പമല്ലായിരുന്നു. ഒരുപാട് സംഗീതസംവിധായകർക്കൊപ്പം കീബോർഡ് പ്രോഗ്രാമറായി പ്രവർത്തിച്ചു. ഏതു മേഖലയിലെയുംപോലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. ഇടറാതെ ഓരോ അനുഭവങ്ങളും പാഠങ്ങളാക്കി. ശ്രദ്ധയോടെയും വളരെ ആസ്വദിച്ചുമാണ് സംഗീതത്തിന്റെ വഴിയേ മുന്നോട്ടുപോയത്. ഇപ്പോൾ ഏകദേശം പതിനെട്ട് വർഷമായി ഞാൻ ചലച്ചിത്രമേഖലയിലുണ്ട്. 2018-ലാണ് സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്. ആസിഫ് അലി ചിത്രം മന്ദാരത്തിനുവേണ്ടിയാണ് ആദ്യമായി പാട്ടൊരുക്കുന്നത്. നടനും ഗാനരചയിതാവും ഗായകനുമൊക്കെയായ ശബരീഷ് വർമയാണ് മന്ദാരത്തിന്റെ സംവിധായകൻ വിജേഷ് വിജയിയെ എനിക്ക് പരിചയപ്പെടുത്തിയത്. മന്ദാരത്തിനുശേഷം പതിയെ ഓരോ സിനിമകളിൽ പ്രവർത്തിച്ചു. അക്കൂട്ടത്തിൽ തിങ്കളാഴ്ച നിശ്ചയം വഴിത്തിരിവായിമാറി. സുഹൃത്തുക്കൾ നൽകിയ പിന്തുണ കരിയറിൽ ഒരുപാട് ഗുണംചെയ്തിട്ടുണ്ട്.

ത്രില്ലർ സിനിമകളിൽനിന്നൊരു മാറ്റം ആഗ്രഹിക്കുന്നില്ലേ?

ത്രില്ലർ ചിത്രങ്ങൾ തുടർച്ചയായി വരുന്നുണ്ടെങ്കിലും എല്ലാം വ്യത്യസ്തവും രസകരവുമാണ്. പരീക്ഷണങ്ങൾ നടത്താനുള്ള കഥകളാവുമ്പോൾ ഏറ്റെടുക്കും. പ്രണയകഥകളും ഹൊറർ ജോണറുകളുമൊക്കെ ചെയ്യാനിഷ്ടമാണ്. പദയാത്രയിൽ വർക്ക് ചെയ്യാനായതും സ്വപ്നതുല്യമായിരുന്നു. മമ്മൂട്ടി കമ്പനിയിൽനിന്ന് നേരിട്ട് കോൾ വന്നാണ് പദയാത്രയിലേക്ക് എത്തുന്നത്. അടൂർ ഗോപാലകൃഷ്ണൻസാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് അവിസ്മരണീയമായ അനുഭവമായിരുന്നു. ചിത്രത്തിൽ ഒന്നോ രണ്ടോ രംഗങ്ങളിൽ വളരെ മിനിമലായ പശ്ചാത്തലസംഗീതം മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. എങ്കിലും എല്ലാ ദിവസവും എന്റെ രണ്ടാംനിലയിലെ സ്റ്റുഡിയോയിൽ നേരിട്ടെത്തി അദ്ദേഹം അത് കേൾക്കുമായിരുന്നു. മാറ്റങ്ങൾ വേണ്ടിവരുമ്പോൾ അത് കൃത്യമായി പറയുകയും, പിറ്റേ ദിവസവും അത് കേൾക്കാനായി വീണ്ടും എത്തുകയും ചെയ്യും. ഇത്രയും വർഷത്തെ കരിയറിനുശേഷവും അദ്ദേഹത്തിൽ നിലനിൽക്കുന്ന ആ വലിയ പാഷൻ എന്നെ ഒരുപാട് പ്രചോദിപ്പിച്ച ഒന്നാണ്.

സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ സംവിധാനംചെയ്യുന്ന നീക്കം, കളങ്കാവലിനുശേഷം ജിതിനൊപ്പം വീണ്ടും ഒന്നിക്കുന്ന ഫാന്റസി ചിത്രം മായൻ എന്നിവയാണ് ഇനി വരാനിരിക്കുന്നത്.