നായകനായും വില്ലനായും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് ദേവൻ. മലയാളത്തിനപ്പുറം തെന്നിന്ത്യയിലെ മറ്റുഭാഷകളിലും അദ്ദേഹം തന്റെ കഴിവുതെളിയിച്ചു. 42 വർഷത്തെ സിനിമാ ജീവിതത്തിൽ പൂർണ തൃപ്തനാണെന്നും സിനിമയാണ് തന്നെ എല്ലാമാക്കിയതെന്നും ദേവൻ പറയുന്നു. രാഷ്ട്രീയമായാലും, സിനിമയായാലും, പേഴ്സണൽ ലൈഫ് ആയാലും ടെൻഷനടിക്കാറില്ലെന്ന് പറയുകയാണ് അദ്ദേഹം. ആർമി ഓഫീസറാകാനായി പരീക്ഷ എഴുതി പരാജയപ്പെട്ട ചെറുപ്പകാലം. സിനിമ പഠിക്കാനായി നിർമിച്ച സിനിമയുടെ പരാജയം. രാഷ്ട്രീയ പ്രവേശനവും കേരള പീപ്പിൾസ് പാർട്ടി രൂപീകരണവും. വലിയ ചർച്ചയായ സോണിയാ ഗാന്ധിയുമായും അമിത് ഷായുമായും നടത്തിയ കൂടിക്കാഴ്ചകൾ. ദേവൻ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

To advertise here,

ഒരിക്കലും പ്രായമാകില്ലേ? ‘ആരണ്യകം’ സിനിമയിൽ കണ്ടതിൽ നിന്നും വലിയ മാറ്റങ്ങളൊന്നും ഇപ്പോഴും തോന്നുന്നില്ലല്ലോ. ഇതിന്റെ രഹസ്യം എന്താണ്?

അതിന് ഒരേയൊരു ഉത്തരമേ ഉള്ളൂ. ഞാൻ ഒരു കാര്യത്തിലും ടെൻഷൻ എടുക്കാറില്ല. അതിപ്പോൾ രാഷ്ട്രീയമായാലും, സിനിമയായാലും, പേഴ്സണൽ ലൈഫ് ആയാലും. എന്റേത് വളരെ അച്ചടക്കത്തോടുകൂടിയുള്ള ഒരു ജീവിതമാണ്. ഞങ്ങളുടെ കുടുംബം ആയോധനകലയുടെ പാരമ്പര്യമുള്ളവരാണ്; കളരിയുള്ള കുടുംബം. ഞാൻ പത്താമത്തെ വയസ്സുമുതൽ വടക്കൻ കളരി അഭ്യാസിയാണ്. വർഷങ്ങളായിട്ട് അത് തുടരുന്നുമുണ്ട്. പിന്നീട് തമിഴ്നാട്ടിലേക്ക് പോയതിനുശേഷം കളരിയുടെ കുറച്ചുകൂടി വിപുലമായ രൂപമായ തെക്കൻ കളരിയും അഭ്യസിച്ചു. അത് എനിക്കൊരു പാഷനാണ്. വടക്കൻ കളരിയേക്കാൾ കുറച്ചുകൂടി വിപുലീകരിച്ചതും കൂടുതൽ ആയുധങ്ങളുള്ളതുമായ ഒന്നാണ് തെക്കൻ കളരി. ഇത് സിനിമയിൽ വരാൻ വേണ്ടി ചെയ്തതല്ല, പത്താം ക്ലാസ് മുതൽ തുടങ്ങിയതാണ്. ചെറുപ്പം മുതലേ തുടങ്ങിയ ഇതൊക്കെയാവും എന്നിൽ വലിയ മാറ്റം വരാത്തതിന്റെ രഹസ്യം. നമ്മൾ ജീവിച്ചുവന്ന ചുറ്റുപാടുകളും ശാരീരികവും മാനസികവുമായിട്ടുള്ള വ്യായാമങ്ങളും ഇതിന് സഹായിക്കുന്നുണ്ട്. കളരിക്ക് പുറമെ ജിം, യോഗ, മെഡിറ്റേഷൻ എന്നിവയും ചെയ്യാറുണ്ട്. ഞാൻ ആർട്ട് ഓഫ് ലിവിങ്ങിന്റെയും മാതാ അമൃതാനന്ദമയിയുടെയും ഫോളോവറാണ്. അച്ചടക്കത്തോടുകൂടിയുള്ള ജീവിതത്തിന്റെ കാര്യത്തിൽ ഞാൻ വളരെ സ്ട്രിക്റ്റ് ആണ്

ചെറുപ്പം മുതലേ ഒരു സിനിമാനടൻ ആകണമെന്ന് ആഗ്രഹിച്ചിരുന്നോ? എങ്ങനെയാണ് രാഷ്ട്രീയ ചിന്തകൾ മനസ്സിലേക്ക് വരുന്നത്?

ഞാൻ ഒരിക്കലും ഒരു സിനിമാനടൻ ആകാൻ ആഗ്രഹിച്ചിരുന്നില്ല. ഞാൻ ആഗ്രഹിച്ചത് ആർമി ഓഫീസർ ആകാനാണ്. കോളേജിൽ പഠിക്കുമ്പോൾ കെ.എസ്.യു.വിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഞാൻ വളരെ സജീവമായിരുന്നു. ഞങ്ങളുടെ മോഡൽ സ്കൂളിൽ സമരങ്ങൾ ഇല്ലായിരുന്നു. ഒരു ദിവസം സെന്റ് തോമസ് ഹൈസ്കൂളിൽ സമരം ഉണ്ടെന്ന് കേട്ടിട്ട് ഞങ്ങൾ അത് കാണാൻ പോയി. അപ്പോൾ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുകയാണ്. ഞങ്ങൾ ചെല്ലുമ്പോൾ സ്കൂൾ ഗേറ്റിന്റെ മുന്നിൽ ഭയങ്കര അടിപിടിയാണ്. അവിടെ ഗേറ്റിന്റെ തൊട്ടടുത്തുതന്നെ ഒരു പോസ്റ്റ് ബോക്സ് ഉണ്ട്. അതിന്റെ ഭാഗത്ത് കിടന്ന് ഒരു ചെറുപ്പക്കാരൻ അടികൊള്ളുന്ന കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. സ്വയം അടിവാങ്ങി മറ്റുള്ള കുട്ടികളെ രക്ഷപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം ഞാൻ കണ്ടു. അന്ന് അദ്ദേഹത്തിന്റെ ഷർട്ട് കീറിയിട്ടുണ്ടായിരുന്നു, ചോര വരുന്നുണ്ടായിരുന്നു. അതാരാണെന്നൊന്നും അപ്പോൾ എനിക്ക് മനസ്സിലായില്ല. അടുത്ത ദിവസം പത്രത്തിൽ വായിച്ചപ്പോഴാണ് മനസ്സിലായത്, അദ്ദേഹം ഇന്നത്തെ പ്രസിദ്ധനായ വി.എം. സുധീരനാണെന്ന്. എന്റെ മനസ്സിൽ ആദ്യമായി രാഷ്ട്രീയത്തിന്റെ ചിത്രം വരച്ചത് വി.എം. സുധീരനാണ്. പിന്നീട് കോളേജിൽ ചേർന്നപ്പോൾ വേറൊന്നും ആലോചിക്കേണ്ടിവന്നില്ല, കെ.എസ്.യു.വിൽ ചേർന്നു. വി.എം. സുധീരനെപ്പോലെയുള്ള കറകളഞ്ഞ ഒരു പൊളിറ്റീഷ്യനാണ് എന്റെ രാഷ്ട്രീയഗുരു എന്ന് പറയാം.

ആർമി ഓഫീസർ ആകാനുള്ള ശ്രമങ്ങൾ എങ്ങനെയായിരുന്നു? അത് എന്തുകൊണ്ടാണ് നടക്കാതെ പോയത്?

ആർമി ഓഫീസർ ആകാനായി പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഞാൻ എൻ.ഡി.എ. (NDA - National Defence Academy) പരീക്ഷ എഴുതി നോക്കി, അതിൽ പരാജയപ്പെട്ടു. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ എ.എഫ്.എം.സി. (AFMC - Armed Forces Medical College) ട്രൈ ചെയ്തെങ്കിലും എഴുതി തോറ്റു. പിന്നീട് ഗ്രാജുവേഷൻ കഴിഞ്ഞപ്പോൾ ഷോർട്ട് സർവീസ് കമ്മീഷൻ (Short Service Commission in Indian Army) വഴി ശ്രമിച്ചു. അതിലും പരാജയപ്പെട്ടു. ചെന്നൈയിൽ വെച്ചായിരുന്നു ഫൈനൽ ഇന്റർവ്യൂ, അതിലും എനിക്ക് വിജയിക്കാനായില്ല. അപ്പോഴാണ് എന്നെ കോച്ച് ചെയ്ത മേജർ രത്നാചാര്യ എന്നോട് ആ കാര്യം പറയുന്നത്: "താൻ തോൽക്കാനായിട്ട് ഒരു വഴിയും ഞാൻ കാണുന്നില്ല. ഈ കോച്ചിങ് ക്യാമ്പിലുള്ള സമയത്ത് എല്ലാത്തിലും ഒന്നാം സ്ഥാനം തനിക്കാണ്. അപ്പോൾ എനിക്ക് തോന്നുന്നത് തന്റെ വിധി വേറെയാണ്, ഇതല്ല. ആർമിയിൽ തനിക്ക് യോഗം ഉണ്ടായിരുന്നെങ്കിൽ ഇത് കിട്ടാനായിട്ട് ഒരു ബുദ്ധിമുട്ടുമില്ല, ഇത് ദൈവം വേണ്ടെന്ന് വെച്ചിട്ടുണ്ട്." അപ്പോൾ എനിക്ക് വലിയ സങ്കടമായിപ്പോയി. മേജർ ആയിട്ടും കേണൽ ആയിട്ടുമൊക്കെ വരാൻ വർഷങ്ങളായി ആഗ്രഹിച്ച് ഞാൻ മനസ്സിൽ കോട്ട കെട്ടിയതായിരുന്നു. എന്റെ ആ കോട്ടകളെല്ലാം തകർന്നു ചാമ്പലായപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: "Devan, don't continue. Do something and find your path."

സിനിമയിലേക്ക് തിരിഞ്ഞത് എങ്ങനെയാണ്?

ആ സമയത്ത് എന്റെ ഉള്ളിന്റെ ഉള്ളിൽ സംവിധാനം എന്നൊരു മോഹം ഒളിച്ചുകിടന്നിരുന്നു. എന്റെ അമ്മാവനാണ് പ്രശസ്ത സംവിധായകൻ രാമു കാര്യാട്ട്, അദ്ദേഹത്തിന്റെ മകളെയാണ് ഞാൻ വിവാഹം കഴിച്ചതും. ആർമിയിലേക്ക് ഇനി ചിന്തിക്കരുത് എന്ന് പറഞ്ഞ് നിൽക്കുന്ന സമയത്ത് എന്റെ മനസ്സിൽ ആദ്യം വന്നത് സംവിധാനം ചെയ്യാമെന്ന ചിന്തയാണ്. പക്ഷേ, അപ്പോൾ ഞാൻ വലിയ കൺഫ്യൂഷനിലായിരുന്നു. അങ്ങനെ ഞാൻ ചെന്നൈയിൽ തന്നെ നിന്ന് ജോലിക്ക് വേണ്ടി ശ്രമിച്ചു. തുടർന്ന് സതേൺ പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ (SPIC) ഒരു ഇന്റർവ്യൂവിന് പോയി. ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന എം.ജി. മേനോൻ എന്ന വ്യക്തി എന്നോട് ചോദിച്ചു: "വെറുതെ ഒരു ഗ്രാജുവേഷൻ എടുത്തതുകൊണ്ട് ഭാവിയിൽ ഇങ്ങനെ ഉയർന്നുപോകാൻ പറ്റില്ല, തനിക്ക് പോസ്റ്റ് ഗ്രാജുവേഷൻ എടുത്തുകൂടെ?"

അന്നൊക്കെ ഞാൻ പഠിക്കാൻ വളരെ മോശമായിരുന്നു, രാഷ്ട്രീയ ചിന്തകൾ മാത്രമായിരുന്നു മനസ്സിൽ. എനിക്ക് പഠിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ നിർബന്ധപ്രകാരം മദ്രാസ് മാനേജ്മെന്റ് അസോസിയേഷന്റെ (Madras Management Association) അക്കാദമിയിൽ സ്പോൺസർഷിപ്പോടെ എം.ബി.എ. കോഴ്സിന് ചേർന്നു. അതിന് 5 വർഷത്തെ ബോണ്ട് ഉണ്ടായിരുന്നു. എന്നാൽ ജോലിയിൽ പ്രവേശിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോൾ ഇത് എന്റെ ഉള്ളിന് തൃപ്തി തരുന്നതല്ലെന്ന് മനസ്സിലായി ഞാൻ ജോലി വിട്ടു. ബോണ്ട് കാശ് കൊടുത്ത് ഒഴിവാകേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ ഞാൻ അവരോട് പറഞ്ഞു: "എനിക്ക് സ്വയം തൊഴിൽ ചെയ്ത് ജീവിക്കാനാണ് ആഗ്രഹം. ഞാൻ ഒരിക്കലും ഈ ഡിഗ്രി ഉപയോഗിച്ച് വേറെയൊരു ജോലിക്ക് പോകില്ല". അങ്ങനെ അവർ എന്നെ റിലീസ് ചെയ്തെങ്കിലും എം.ബി.എ. ഡിഗ്രി സർട്ടിഫിക്കറ്റ് തന്നില്ല

നിർമ്മാതാവായിട്ടാണ് താങ്കൾ സിനിമയിൽ തുടക്കം കുറിക്കുന്നത്. ‘വെള്ളം’ എന്ന സിനിമ നിർമ്മിക്കാൻ ഉണ്ടായ സാഹചര്യം എന്തായിരുന്നു?

എനിക്ക് നല്ല വായനാശീലമുണ്ടായിരുന്നു. എട്ടാം ക്ലാസ് മുതൽ അച്ഛനാണ് എന്നെ നിർബന്ധിച്ച് വായിപ്പിച്ചത്. വായിപ്പിക്കുക മാത്രമല്ല, ദിവസവും രണ്ട് പത്രങ്ങളുടെ (ഒന്ന് ഇംഗ്ലീഷും ഒന്ന് മലയാളവും) എഡിറ്റോറിയൽ പകർത്തിയെഴുതി അച്ഛനെ കാണിക്കണമായിരുന്നു. കളിക്കുന്ന സമയത്ത് ഇത് എഴുതേണ്ടിവരുന്നത് അന്ന് വലിയ ബുദ്ധിമുട്ടായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ പറഞ്ഞു തന്നു: "പത്രപാരായണം പൂർണ്ണമാകണമെങ്കിൽ എഡിറ്റോറിയൽ വായിക്കണം, വാർത്തകളേക്കാൾ പ്രധാനം അതാണ്". അത് എന്റെ മനസ്സിൽ പതിഞ്ഞു. അങ്ങനെ നോവലുകളും പുസ്തകങ്ങളുമൊക്കെ ഞാൻ ഒരുപാട് വായിക്കുമായിരുന്നു. അക്കാലത്ത് ചെന്നൈയിലെ എന്റെ ഫ്ലാറ്റിൽ നാല് സാഹിത്യകാരന്മാർ എന്റെ കൂടെ താമസിച്ചിരുന്നു. വൈകുന്നേരങ്ങളിൽ ഞങ്ങൾ സാഹിത്യത്തെക്കുറിച്ചും നോവലുകളെക്കുറിച്ചും വലിയ ചർച്ചകൾ നടത്തുമായിരുന്നു.

അങ്ങനെ ഒരു ദിവസം എന്റെ കൂടെയുണ്ടായിരുന്ന, ബോംബെയിലെ ‘Blitz’ പത്രത്തിന്റെ കറസ്പോണ്ടന്റായ വിക്ടർ ലീനസ് എന്നോട് എൻ.പി. മുഹമ്മദിന്റെ ‘വെള്ളം’ എന്ന നോവൽ വായിക്കാൻ തന്നു. കേരളത്തിലെ ഫ്യൂഡലിസത്തിന്റെ തകർച്ചയും കമ്മ്യൂണിസത്തിന്റെ വളർച്ചയുമൊക്കെയായിരുന്നു അതിന്റെ അണ്ടർകറന്റ്. കോവിലകത്തിന്റെ കഥയും പ്രകൃതിയുടെ ശക്തിയും വെള്ളപ്പൊക്കവുമൊക്കെ നിറഞ്ഞ ആ നോവൽ വായിച്ചപ്പോൾ എന്റെയുള്ളിലെ സംവിധായകൻ ഉണരുകയും അതിന്റെ വിഷ്വലുകൾ മനസ്സിൽ തെളിയുകയും ചെയ്തു. ഞാൻ അത് സംവിധാനം ചെയ്യട്ടെയെന്ന് വിക്ടറോട് ചോദിച്ചപ്പോൾ അവൻ എന്നെ വിളിച്ചത് "കിഴങ്ങാ" എന്നാണ്.

"കിഴങ്ങാ, നിനക്ക് എന്തറിഞ്ഞിട്ടാണ് നീ സംവിധാനം ചെയ്യാൻ പോകുന്നത്? നിനക്ക് അതിനുള്ള പ്രായമായിട്ടില്ല, അനുഭവങ്ങളില്ല. ഒരുപാട് ടെക്നിക്കുകൾ പഠിക്കേണ്ടതുണ്ട്. സിനിമ വേണമെങ്കിൽ നിർമ്മിച്ചോ, സംവിധാനത്തിന്റെ അടുത്തേക്ക് പോകരുത്" എന്ന് വിക്ടർ പറഞ്ഞു. അങ്ങനെ സിനിമ നിർമ്മിക്കാൻ തീരുമാനിച്ചു. ഹരിഹരൻ സാർ ചെയ്താൽ നന്നാവുമെന്ന് കരുതി അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അങ്ങനെ മധുച്ചേട്ടൻ, പ്രേം നസീർ സാർ, കെ.ആർ. വിജയ, മേനക, സത്താർ, ബാലൻ കെ. നായർ, അടൂർ ഭാസി തുടങ്ങി അന്നത്തെ ഏറ്റവും വലിയ സ്റ്റാർ കാസ്റ്റിനെ വെച്ച് 1984-85 ൽ ആ പടം തുടങ്ങി. ഹരിഹരൻ സാർ സീൻ വായിക്കുമ്പോഴും, എം.ടി. വാസുദേവൻ നായരുടെ തിരക്കഥ ഒരു സംവിധായകൻ എങ്ങനെ ഷോട്ടുകളാക്കി മാറ്റുന്നുവെന്നും അദ്ദേഹത്തിന്റെ അടുത്തിരുന്ന് ഞാൻ പഠിക്കുകയായിരുന്നു. സിനിമ നിർമിക്കുന്നതിലൂടെ സംവിധാനം പഠിക്കുക എന്നതായിരുന്നു എന്റെ ഉള്ളിലെ ദുരുദ്ദേശം. പക്ഷേ, ആ സിനിമ വലിയൊരു സാമ്പത്തിക പരാജയമായി മാറുകയും ചെന്നൈയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ച എന്റെ വ്യവസായമടക്കം എല്ലാം നഷ്ടമാവുകയും ചെയ്തു.

നിർമ്മാതാവിൽ നിന്ന് പിന്നീട് ഒരു നടനിലേക്ക് മാറിയത് എങ്ങനെയായിരുന്നു? ആദ്യകാല അനുഭവങ്ങൾ എങ്ങനെയായിരുന്നു?

കടം വന്ന് വീട്ടിൽ കയറാൻ പറ്റാത്ത സാഹചര്യത്തിൽ ചെന്നൈയിൽ കഴിയുമ്പോഴാണ് സംവിധായകരായ രാജസേനനും തുളസീദാസും എന്നെ കാണാൻ വരുന്നത്. ദാസേട്ടനെപ്പോലെയുള്ള, താടിയുള്ള ഒരു തണ്ണിയടിച്ച് പ്രശ്നമുണ്ടാക്കുന്ന ഗായകന്റെ റോളുമായിട്ടാണ് അവർ വന്നത്. അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് ഞാൻ ഒഴിവാകാൻ നോക്കിയെങ്കിലും രാജസേനൻ പറഞ്ഞു: "അഭിനയിക്കാൻ അറിയാത്തതാണ് അഭിനയത്തിന് ഏറ്റവും നല്ലത്". അങ്ങനെയാണ് രാജസേനന്റെയും തുളസീദാസിന്റെയും ആദ്യ ചിത്രമായ ‘ആഗ്രഹം’ സിനിമയിലൂടെ ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പക്ഷേ ആ പടം സാമ്പത്തികമായി വിജയിച്ചില്ല

പിന്നീട് ആഹാരത്തിന് പോലും പണമില്ലാത്ത കടുത്ത ദാരിദ്ര്യത്തിന്റെ നാളുകളായിരുന്നു. ചെന്നൈയിലെ വീട്ടിലേക്ക് തിരിച്ചുപോകില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അങ്ങനെയിരിക്കെ ‘The Hindu’ പത്രത്തിൽ "മാർഷ്യൽ ആർട്സ് അറിയുന്ന ചെറുപ്പക്കാരെ ആവശ്യമുണ്ട്" എന്ന് കണ്ട് ടി. നഗറിലുള്ള തേവർ ഫിലിംസിന്റെ ഓഫീസിലേക്ക് ഞാൻ നടന്നുപോയി. അന്ന് ബസ്സിന് പോകാൻ പോലും പൈസയില്ലായിരുന്നു. കളരി അറിയാമെന്ന് പറഞ്ഞ് അഭ്യാസങ്ങൾ കാണിച്ചപ്പോൾ അവർ എന്നെ സെലക്ട് ചെയ്തു. വലിയ കോസ്റ്റ്ലിയസ്റ്റ് മലയാള പടം പിടിച്ച ഞാൻ അടുത്ത ദിവസം ഒരു കോസ്റ്റ്യൂം വാനിന്റെ ഉള്ളിലിരുന്നാണ് ചെങ്കൽപ്പെട്ടിലേക്ക് പോയത്. റെയിൽവേ ട്രാക്കിൽ വെച്ച് കരാട്ടെ മണിയുമായിട്ടായിരുന്നു എന്റെ ആദ്യത്തെ ഫൈറ്റ്. വെയിലത്ത് കഷ്ടപ്പെട്ട് ഫൈറ്റ് ചെയ്ത് തിരിച്ച് ഓഫീസിൽ ചെന്നപ്പോൾ അവർ പൈസയൊന്നും തന്നില്ല, ചാൻസ് വരുമ്പോൾ വിളിക്കാം എന്ന് പറഞ്ഞ് ഒഴിവാക്കുകയാണുണ്ടായത്. പിന്നീട് അമ്പിളിയുടെ ‘അഷ്ടപദി’, ഹരിഹരൻ സാറിന്റെ ‘പഞ്ചാഗ്നി’, ‘അമൃതം ഗമയ’ എന്നീ സിനിമകളാണ് എന്റെ കരിയർ മാറ്റിയത്. ‘സൈമൺ പീറ്റർ’, ‘ഊഴം’ എന്നീ ചിത്രങ്ങളിൽ നായകനായെങ്കിലും അവയൊന്നും വലിയ വിജയമായില്ല

മലയാളത്തിൽ നിന്നും പിന്നീട് തെലുങ്കിൽ വലിയൊരു വില്ലനായി താങ്കൾ മാറി. അവിടുത്തെ തുടക്കകാലം വലിയ നാടകീയത നിറഞ്ഞതായിരുന്നു എന്ന് കേട്ടിട്ടുണ്ട്

‘ന്യൂ ഡൽഹി’ എന്ന സിനിമയിലെ ഹോം മിനിസ്റ്റർ ശങ്കരന്റെ വില്ലൻ വേഷം വലിയ ഹിറ്റായതോടെയാണ് വില്ലൻ ട്രാക്കിലേക്ക് ഞാൻ മാറുന്നത്. പിന്നീട് ‘നാടുവാഴികൾ’ എന്ന ജോഷി-മോഹൻലാൽ ചിത്രം കണ്ട് സൂപ്പർസ്റ്റാർ ബാലകൃഷ്ണയാണ് എന്നെ തെലുങ്കിലേക്ക് ക്ഷണിക്കുന്നത്. അങ്ങനെ ഞാൻ ഹൈ ബജറ്റ് തെലുങ്ക് പടം ചെയ്യാൻ പോയി. ഫസ്റ്റ് ഡേ ഷൂട്ടിംഗിന് ഞാൻ നല്ല ബ്ലൂ ജീൻസും ബ്ലൂ ടി-ഷർട്ടുമിട്ടാണ് ചെന്നത്. സംവിധായകൻ കോദണ്ഡരാമ റെഡ്ഡിക്ക് എന്നെ കണ്ടയുടൻ ദേഷ്യം വന്നു. കോ-ഡയറക്ടർ നാഗേശ്വരറാവുവിനോട് അദ്ദേഹം ദേഷ്യപ്പെട്ട് ചോദിച്ചു: "തന്റെ മുഖത്ത് കണ്ണുണ്ടോടാ മനുഷ്യാ? ഇയാളൊക്കെ വില്ലൻ കളിക്കാൻ വന്നിരിക്കുകയാണോ? എന്തൊരു സോഫ്റ്റ് ഫേസ്!". എനിക്ക് ലിറ്ററലി കാലുകൾ ഉയർത്താൻ കഴിയാത്തത്ര ടെൻഷനും നെർവസ്നസ്സും ഹോംസിക്ക്നസ്സും അനുഭവപ്പെട്ടു. ബാലകൃഷ്ണ ഇടപെട്ടെങ്കിലും സംവിധായകൻ സമ്മതിച്ചില്ല. വിജയവാഡയിലുള്ള ഒരു ലിവിങ് ഡോണിന്റെ കഥാപാത്രമായിരുന്നു അത്.

ഒടുവിൽ ഒരു ചെറിയ സീൻ എടുത്ത് എന്നെ ഒഴിവാക്കാൻ അവർ തീരുമാനിച്ചു. മേക്കപ്പ് റൂമിലിരുന്ന് വിറച്ചു കരയുമ്പോൾ അവിടുത്തെ ആഞ്ജനേയന്റെ ഫോട്ടോയിലെ കുങ്കുമമെടുത്ത് ഞാൻ ഗോപി വരച്ചു. രണ്ട് പേജ് തെലുങ്ക് ഡയലോഗ് മലയാളത്തിൽ എഴുതി ബൈഹാർട്ട് പഠിച്ചു. ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ വണ്ടിയിൽ നിന്നിറങ്ങി ഡയലോഗ് പറയാൻ നോക്കിയിട്ട് ആദ്യത്തെ രണ്ട് ടേക്കിലും എനിക്ക് ശബ്ദം വന്നില്ല. മൂന്നാമത്തെ ടേക്കിന് വണ്ടി പുറകോട്ട് പോകുമ്പോൾ ആഞ്ജനേയനെ ധ്യാനിച്ച് ഡയലോഗ് പേപ്പറുകൾ കീറിയെറിഞ്ഞ് ഞാൻ "ജയ് ശ്രീറാം" വിളിച്ചു. വണ്ടി വന്ന് നിന്നു, ക്യാമറ ഓണായപ്പോൾ ഡയലോഗ് പടപടാ ഞാൻ പറഞ്ഞു തീർത്തു. അത് കണ്ട് അത്ഭുതപ്പെട്ട സംവിധായകൻ അടുത്തേക്ക് വന്ന് കെട്ടിപ്പിടിച്ച് ക്ഷമ ചോദിച്ചു: "Mr. Devan, very sorry. My judgment mistake. You did it well. Welcome to Telugu Industry." ആ ആദ്യ സിനിമയ്ക്ക് മികച്ച വില്ലനുള്ള നന്ദി അവാർഡും എനിക്ക് ലഭിച്ചു, പിന്നീട് അദ്ദേഹത്തിന്റെ അടുത്ത ആറ് സിനിമകളിൽ ഞാൻ വില്ലനായി അഭിനയിച്ചു

'ആരണ്യകം', 'മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' എന്നീ സിനിമകൾ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. ഇതിൽ 'ആരണ്യകം' താങ്കളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെയും സ്വാധീനിച്ചിട്ടുണ്ടോ?

അതെ, എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ‘ആരണ്യകം’ ആണ്. അതിലെ നക്സലൈറ്റ് കഥാപാത്രം എം.ടി. എഴുതിയ ഒരു ഡയലോഗ് പറയുന്നുണ്ട്: “എനിക്ക് വിദ്യാഭ്യാസമുണ്ട്, പണമുണ്ട്, എല്ലാ സൗകര്യങ്ങളും ഉണ്ട്. പക്ഷേ, ഇത് എനിക്ക് മാത്രം പോരല്ലോ.” ആ ഐഡിയോളജിയാണ് എന്റെ രാഷ്ട്രീയത്തിന് പിന്നിൽ. ഞാൻ വടക്കഞ്ചേരിയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഭയങ്കരമായ ഭീഷണികളുണ്ടായിരുന്നു, വാളുകളൊക്കെ വന്നിരുന്നു. ഒരു ദിവസം ക്യാമ്പയിൻ കഴിഞ്ഞ് അവശനായി ഞാൻ തൃശ്ശൂരിലെ വീട്ടിലെത്തിയപ്പോൾ എന്റെ ഭാര്യ കരഞ്ഞുകൊണ്ട് ചോദിച്ചു: "നമുക്ക് മദ്രാസിൽ വീടുണ്ട്, എല്ലാ സൗകര്യങ്ങളുമുണ്ട്, മോളുടെ കല്യാണത്തിനുള്ള പണമുണ്ട്. എന്തിനാണ് രാഷ്ട്രീയത്തിൽ കഷ്ടപ്പെടുന്നത്?" അപ്പോൾ ഞാൻ അവളോട് പറഞ്ഞതും ഈ ഡയലോഗ് തന്നെയാണ്. അത് കേട്ടതോടെ അവൾ നിശ്ശബ്ദയാവുകയും പിന്നീട് എന്നെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തു.
 

കേരള പീപ്പിൾസ് പാർട്ടി രൂപീകരിക്കുകയും പിന്നീട് ബി.ജെ.പി.യിൽ പ്രവർത്തിച്ച് സംസ്ഥാന വൈസ് പ്രസിഡന്റാവുകയും ചെയ്തല്ലോ. ഈ രാഷ്ട്രീയ പ്രവേശം ലാഭമാണോ നഷ്ടമാണോ ഉണ്ടാക്കിയത്?

തീർച്ചയായും ലാഭമാണ് ഉണ്ടാക്കിയത്. പണമൊക്കെ പോയത് ഒരു ഇൻവെസ്റ്റ്മെന്റായാണ് ഞാൻ കാണുന്നത്. 2004-ൽ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വില്ലനായിരുന്നിട്ടും കരിയർ ബാധിക്കുമെന്നറിഞ്ഞ് തന്നെയാണ് ഞാൻ രാഷ്ട്രീയത്തിലിറങ്ങിയത്. സമൂഹത്തിലെ തെറ്റുകൾക്കെതിരെ ഞാൻ ഒറ്റയ്ക്ക് പ്രതികരിച്ചപ്പോൾ കേസുകളും അറസ്റ്റും കോടതി ജാമ്യവുമൊക്കെ വന്നിരുന്നു. അപ്പോഴാണ് സുഹൃത്തുക്കളുടെ ഉപദേശപ്രകാരം സ്വന്തമായി 'കേരള പീപ്പിൾസ് പാർട്ടി' രൂപീകരിച്ചത്

സോണിയാ ഗാന്ധിയുമായും അമിത് ഷായുമായും നടത്തിയ കൂടിക്കാഴ്ചകൾ വലിയ ചർച്ചയായിരുന്നു. എന്തായിരുന്നു ആ അനുഭവങ്ങൾ?

അമേരിക്കയുമായുള്ള ന്യൂക്ലിയർ അഗ്രിമെന്റ് സെമിനാറിൽ വെച്ച് കപിൽ സിബലുമായി നടത്തിയ ചർച്ചയാണ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. സെമിനാറിൽ കരാറിലെ നാല് ക്ലോസുകൾ വെച്ച് ഇന്ത്യക്ക് ഉണ്ടാകാൻ പോകുന്ന കഷ്ടപ്പാടുകളെക്കുറിച്ച് ഞാൻ സംസാരിച്ചു. ഇത് കേട്ട കപിൽ സിബൽ അമ്പരന്ന് ചോദിച്ചു: "ഒരു സിനിമാനടൻ എങ്ങനെ ഇത്ര കൃത്യമായി കാര്യങ്ങൾ പഠിച്ചു?" അദ്ദേഹമാണ് മേഡത്തെ കാണാൻ എന്നോട് പറഞ്ഞത്. ഡൽഹിയിലെ ജയരാജാണ് കൂടിക്കാഴ്ച ഓർഗനൈസ് ചെയ്തത്. വെറും അഞ്ച് മിനിറ്റ് അനുവദിച്ച ആ കൂടിക്കാഴ്ച 35 മിനിറ്റോളം നീണ്ടു. കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ഒരു ദിശയുമില്ലാതെ ലിക്വിഡ് രൂപത്തിൽ ഉരുകി കിടക്കുകയാണെന്ന് പറഞ്ഞപ്പോൾ അവർക്ക് ദേഷ്യം വന്നെങ്കിലും പിന്നീട് സംസാരിക്കാൻ അവർ അനുമതി നൽകി. സാധാരണ ജനങ്ങൾ റേഷൻ കടയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ അവർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ആളുകൾക്ക് മുന്നിൽ കോൺഗ്രസ്സിന് മുഖം നഷ്ടപ്പെട്ടെന്നും ഞാൻ മുഖത്തുനോക്കി പറഞ്ഞു

ഇലക്ഷൻ സ്ട്രാറ്റജി മാറ്റണമെന്നും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ഫ്രീഡം ഫൈറ്റേഴ്സിന്റെ ഫോട്ടോയും, ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ചോരപുരണ്ട വസ്ത്രങ്ങളും ജനങ്ങളെ കാണിക്കണമെന്നും ഞാൻ നിർദ്ദേശിച്ചു. ഭർത്താവിന്റെ കൊലയാളികൾക്ക് മാപ്പ് നൽകിയ സോണിയയുടെ മുഖം ജനങ്ങൾക്ക് കാണിക്കണമെന്നും ഞാൻ പറഞ്ഞപ്പോൾ അവർ കണ്ണടയൂരി സൈലന്റായി അപ്രിഷിയേറ്റ് ചെയ്തു. എന്നാൽ പിന്നീട് കേരള ഘടകത്തിൽ നിന്നും ഒരു പ്രതികരണവും ലഭിച്ചില്ല. രണ്ടുമൂന്ന് വർഷം അതിനുവേണ്ടി ശ്രമിച്ചു. പിന്നെ ഞാൻ എന്റെ പാർട്ടിയുമായി മുന്നോട്ട് പോയി.

അതുപോലെ 2016-ൽ കുമ്മനം രാജശേഖരൻ വഴിയാണ് അമിത് ഷായെ കണ്ടത്. 2021-ൽ ബി.ജെ.പി. കേരളം ഭരിക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ "അത് നടക്കില്ല" എന്ന് ഞാൻ മുഖത്തുനോക്കി പറഞ്ഞു. കേരളത്തിലെ ശക്തമായ മതസൗഹാർദ്ദത്തെക്കുറിച്ചും മൈനോറിറ്റികൾക്കും ഒരു വിഭാഗം ഹിന്ദുക്കൾക്കും ഉള്ളിൽ നിലനിൽക്കുന്ന ബി.ജെ.പി.ക്കെതിരെയുള്ള ഭയത്തെക്കുറിച്ചും ജനങ്ങളോട് സംസാരിച്ച് മാറ്റിയെടുക്കാതെ വിജയിക്കില്ലെന്ന് തുറന്നുപറഞ്ഞു.

2021ൽ ഇനി രാഷ്ട്രീയത്തിൽ ഒറ്റയ്ക്ക് നിൽക്കേണ്ടതില്ല എന്നൊരു തോന്നൽ എനിക്കുണ്ടായി. അങ്ങനെ നോക്കുമ്പോൾ ലയിക്കാൻ ഏറ്റവും നല്ലത് ബി.ജെ.പി. ആണ് എന്നൊരു ബോധ്യം എനിക്കുണ്ടായിരുന്നു. കാരണം, ബി.ജെ.പി.യെ ഇപ്പോഴും അംഗീകരിക്കുന്ന ഒരാളാണ് ഞാൻ. ഒരു രാഷ്ട്രമെന്ന നിലയിൽ, നരേന്ദ്ര മോദിയെപ്പോലെയുള്ള ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നുണ്ട്. അങ്ങനെയാണ് ലയനത്തെക്കുറിച്ച് ചിന്തിക്കുന്നത്. തുടർന്ന് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു: “മെർജ് ചെയ്താൽ മതിയെന്ന്. അങ്ങനെയാണ് ഞങ്ങൾ ബി.ജെ.പി.യുമായി ലയിക്കാൻ തീരുമാനിക്കുന്നത്.

ലയന സമയത്ത് അമിത് ഷാ ഒരു മണ്ഡലത്തിൽ മത്സരിക്കാമോ എന്ന് എന്നോട് ചോദിച്ചിരുന്നു. പക്ഷേ മലയാളികൾക്കുള്ളിലെ ബിജെപിയോടുള്ള ഭീതി മാറാതെ പാർട്ടി കേരളത്തിൽ ഒരടിയും മുന്നോട്ട് പോകില്ലെന്ന് ഞാൻ ആവർത്തിച്ചു. ആ ഭീതി മാറ്റിയെടുക്കാൻ എന്നെ കൊണ്ട് സാധിച്ചേക്കുമെന്നും പറഞ്ഞു. കാരണം, മലയാളികൾക്കിടയിൽ നിന്നും ആർജിച്ചെടുത്തിട്ടുള്ള ഒരു വിശ്വാസ്യതയും കോൺഫിഡൻസും എനിക്കുണ്ട്. അതിനായി ഞാൻ "പ്രൊപ്പഗണ്ട സെക്രട്ടറി" എന്ന പദവി ആവശ്യപ്പെട്ടു. ഇലക്ഷൻ ക്യാമ്പയിനിൽ സ്വതന്ത്ര ചുമതലയുള്ള സ്റ്റേറ്റ് വൈഡ് ആയ പ്രൊപ്പഗണ്ട സെക്രട്ടറി പദവി. തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഒരു പ്രത്യേക മണ്ഡലത്തിൽ മാത്രം എന്നെ കെട്ടിപ്പൂട്ടിയിടാൻ എനിക്ക് താത്പര്യമില്ലായിരുന്നു. എനിക്ക് കേരളത്തിൽ ഒട്ടാകെ സഞ്ചരിച്ച് വർക്ക് ചെയ്യണമായിരുന്നു. അമിത് ഷാ എന്റെ ആ നിർദ്ദേശം പൂർണ്ണമായി സമ്മതിച്ചു.

എന്നിട്ടും പിന്നീട് എന്തുകൊണ്ടാണ് ബി.ജെ.പി.യിൽ നിന്ന് രാജി പ്രഖ്യാപിച്ചത്? രാജീവ് ചന്ദ്രശേഖറുമായുള്ള ബന്ധം എങ്ങനെയുള്ളതായിരുന്നു?

അമിത് ഷാ എനിക്ക് ഉറപ്പുനൽകിയ പ്രൊപ്പഗണ്ട സെക്രട്ടറി പദവി കേരള ഘടകം എനിക്ക് തന്നില്ല. ഒരു വൈസ് പ്രസിഡന്റ് സ്ഥാനം തന്നെന്നല്ലാതെ ഒന്നും ചെയ്യാനുള്ള ഉത്തരവാദിത്തം എനിക്ക് നൽകിയില്ല. 2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണ ചാർട്ടുകളിൽ പോലും എന്നെ ഉൾപ്പെടുത്തിയില്ല. എങ്കിലും താല്പര്യമുള്ള സ്ഥാനാർത്ഥികൾ നേരിട്ട് ആവശ്യപ്പെട്ടത് അനുസരിച്ച് തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശ്ശൂരിലും പ്രചാരണത്തിന് പോയി. സുരേഷ് ഗോപിയുടെ വിജയത്തിലും രാജീവ് ചന്ദ്രശേഖറിന്റെ വോട്ട് വിഹിതം വർദ്ധിപ്പിക്കുന്നതിലും നേമത്ത് ബി.ജെ.പി. ജയിച്ചതിലും എന്റെ പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ട്. എന്നാൽ എന്റെ ആശയങ്ങളും പ്രോഗ്രാമുകളും നടപ്പിലാക്കാൻ കഴിയാതെ വന്നു. എന്റെ സ്വപ്നങ്ങൾ നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണ് ഞാൻ രാജി പ്രഖ്യാപിച്ചത്

രാജീവ് ചന്ദ്രശേഖർ വലിയ കോർപ്പറേറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയതുകൊണ്ട് ഒരു സയന്റിഫിക് മാനേജ്മെന്റ് കൊണ്ടുവരുമെന്ന് വിശ്വസിച്ചെങ്കിലും അദ്ദേഹം പൂർണ്ണമായും നിരാശനാക്കി. പ്രസിഡന്റായിട്ടും തിരുവനന്തപുരം അല്ലാതെ കേരളത്തിൽ എവിടെയെങ്കിലും അദ്ദേഹം യാത്ര ചെയ്തിട്ടുണ്ടോ? എന്റെ നിരാശകൾ മെസ്സേജുകളിലൂടെ അറിയിച്ചിട്ടും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചില്ല. അഞ്ചുവർഷത്തെ വിലപ്പെട്ട രാഷ്ട്രീയ ജീവിതം നഷ്ടപ്പെട്ടപ്പോഴാണ് ഒരു തിരിച്ചുപോക്കില്ലെന്ന് പ്രഖ്യാപിച്ച് ഞാൻ ശക്തമായി രാജി നൽകിയത്

നടൻ വിജയ്‌യുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിലേക്ക് (TVK) താങ്കൾ ചേരുന്നതുമാണ് ഇപ്പോൾ വലിയ വാർത്ത. വിജയ്‌യുമായി എങ്ങനെയുള്ള ബന്ധമാണ്?

വിജയ്‌യുടെ കൂടെ ഞാൻ എട്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, അതിൽ ‘തിരുപ്പാച്ചി’യാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. സിനിമയുടെ സെറ്റുകളിൽ വെച്ച് ഞങ്ങൾ രാഷ്ട്രീയത്തെക്കുറിച്ചും കേരളത്തിലെ മികച്ച മതസൗഹാർദ്ദത്തെക്കുറിച്ചും ഒരുപാട് സംസാരിക്കുമായിരുന്നു. മുൻപ് അദ്ദേഹം സെറ്റുകളിൽ അസിസ്റ്റന്റുമാരെയും മാനേജർമാരെയും വിളിക്കാൻ 'വിസിൽ' അടിക്കുന്ന ശീലമുണ്ടായിരുന്നു. ഒരു വിസിൽ അടിച്ചാൽ മാനേജർ വിളികേൾക്കും. രണ്ട് വിസിൽ അസിസ്റ്റന്റിനും മൂന്ന് വിസിൽ കോസ്റ്റ്യൂമർക്കും. ആ വിസിലാണ് ഇന്നദ്ദേഹത്തിന്റെ പാർട്ടിയുടെ ചിഹ്നം.

എന്റെ ബി.ജെ.പി. രാജിക്ക് പിന്നാലെ വിജയ് ആവശ്യപ്പെട്ടത് പ്രകാരം വിജയ്‌യുടെ ഓഫീസിൽ നിന്നും വിളി വന്നു. വരുന്ന സെപ്റ്റംബർ 12-ന് അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിൽ വെച്ച് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പാക്കുന്ന ഒരു ഫോർമുല എന്റെ കയ്യിലുണ്ട്. 2006-ൽ പനീർസെൽവത്തിന്റെ അടുത്ത് പോയി എക്സ്പ്ലെയിൻ ചെയ്തപ്പോൾ അദ്ദേഹം അഗ്രി ചെയ്തതാണ്. ഇത് ഞാൻ വിജയ്യുമായി ചർച്ച ചെയ്യും.

തമിഴിൽ സൂപ്പർസ്റ്റാർ രജനികാന്തുമൊത്തുള്ള ‘ബാഷ’യിലെ അനുഭവങ്ങൾ എങ്ങനെയുള്ളതായിരുന്നു?

വളരെ ഡീസന്റ് ആയ മനുഷ്യനാണ് രജനികാന്ത്. Down to earth. ഞാൻ അഭിനയിച്ച ‘Honest Raj’ കണ്ട് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. മറ്റൊരു ആർട്ടിസ്റ്റിന്റെ പെർഫോമൻസിനെ അപ്രിഷിയേറ്റ് ചെയ്യുന്ന ഒരേയൊരു ആർട്ടിസ്റ്റ് രജനികാന്ത് മാത്രമാണ്. ബോംബെ ഷൂട്ടിങ് സമയത്ത് എന്നെ റൂമിലേക്ക് ക്ഷണിക്കുകയും ഞാൻ ഷോപ്പിങ് കഴിഞ്ഞ് വരാൻ രാത്രി പത്തരയായിട്ടും മദ്യം പോലും തുറക്കാതെ എനിക്കായി കാത്തിരിക്കുകയും ചെയ്തു. അന്ന് തന്റെ ആദ്യ പ്രണയിനിയായ നിർമ്മലയെക്കുറിച്ച് പറഞ്ഞ് അദ്ദേഹം കരഞ്ഞു. അഡയാർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അപേക്ഷ അയക്കാൻ 500 രൂപ തന്നത് ആ കുട്ടിയായിരുന്നു. ഇന്ന് വലിയ താരമായിട്ടും അവളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ആ വേദന ഇന്നും മനസ്സിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതാണ് ഉത്തമമായ ഒരു മനുഷ്യൻ.

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി കരുതുന്നത് എന്താണ്?

എന്റെ ഭാര്യയുടെ അകാലമരണമാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. ദിലീപിന്റെ സിനിമയുടെ ഷൂട്ടിങ്ങിനായി രാവിലെ ഞാൻ എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും പോയതായിരുന്നു. ഉച്ചയ്ക്ക് സെർവന്റ് വിളിച്ച് ശ്വാസമില്ലാതെ താഴെ ഉരുളുന്നു എന്ന് പറഞ്ഞു. പത്ത് വർഷം മുൻപ് ചെന്നൈയിൽ വെച്ച് കഴിച്ച ഐസ്ക്രീം അലർജിയുണ്ടാക്കി അവൾക്ക് ശ്വാസകോശത്തിൽ ദ്വാരങ്ങൾ വീഴുന്ന ബ്രീതിങ് പ്രശ്നമുണ്ടായിരുന്നു. ലങ്സ് പോറസ് ആയി ഓക്സിജൻ ലീക്ക് ചെയ്യും. അന്ന് മകൾ വന്നപ്പോൾ വാങ്ങിയ ഐസ്ക്രീം അവൾ ഓർക്കാതെ കഴിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.

350-ലധികം സിനിമകളും 42 വർഷത്തെ കരിയറും പിന്നിടുമ്പോൾ താങ്കൾ പൂർണ്ണ തൃപ്തനാണോ?

അതെ, ഞാൻ പൂർണ്ണ തൃപ്തനാണ്. എന്നെ ഞാനാക്കിയത് സിനിമയാണ്, സിനിമയാണെന്റെ അമ്മ. വില്ലൻ റോളുകളാണ് ചെയ്തതെങ്കിലും ആളുകൾക്ക് എന്നോട് വലിയ ഇഷ്ടമാണ്. റേപ്പ് സീനുകളൊന്നും ചെയ്യാതെ വളരെ മാന്യനായ ഒരു "എക്സിക്യൂട്ടീവ് വില്ലൻ" ആയിട്ടാണ് ഞാൻ അഭിനയിച്ചത്. സജീവ രാഷ്ട്രീയത്തിൽ ഇനി ടി.വി.കെ.യുടെ പ്രതിനിധിയായി മലയാളികൾക്ക് എന്നെ കാണാൻ സാധിക്കും.