എൺപതുകളിലും തൊണ്ണൂറുകളിലും അദ്ദേഹമൊരുക്കിയ ഗാനങ്ങൾ ഇന്നും പുതുമ ചോരാതെ തുടരുന്നുവെന്നത് ആ ഗാനങ്ങളുടെ സ്വീകാര്യതയും മികവും വ്യക്തമാക്കുന്നു

‘സംഗീതരാജൻ’ എന്ന അപരനാമത്തിലാണ് എസ്.പി. വെങ്കടേഷ് അറിയപ്പെടുന്നത്. സംഗീതമാണ് തന്റെ ജീവിതമെന്ന് സദാ പറഞ്ഞിരുന്ന സംഗീതസംവിധായകൻ. തൊട്ടതെല്ലാം പൊന്നാക്കിയ, മലയാളിയുടെ ഗൃഹാതുരതയെ തൊട്ടുണർത്തിയ അതുല്യ പ്രതിഭ. ഒരേ രാഗത്തിൽ വ്യത്യസ്തങ്ങളായ ഗാനങ്ങളൊരുക്കി സിനിമാസംഗീതമേഖലയിൽ വ്യക്തമായ വ്യക്തിമുദ്ര പതിപ്പിച്ച എസ്.പി. വെങ്കടേഷ് വിട പറയുന്നത് അസംഖ്യം ഹിറ്റ് ഗാനങ്ങൾ സംഗീതപ്രണയികളുടെ ഓർമ്മയിൽ എക്കാലത്തേക്കും അവശേഷിപ്പിച്ചാണ്. വിവിധ ഭാഷകളിലായി ആയിരത്തിലധികം ഗാനങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്.
ഗാനങ്ങൾ മാത്രമല്ല നിരവധി സിനിമകൾക്ക് അദ്ദേഹമൊരുക്കിയ പശ്ചാത്തലസംഗീതവും ശ്രദ്ധേയമാണ്. മലയാളസിനിമാമേഖലയിലാണ് എസ്.പി. വെങ്കടേഷ് പ്രധാനമായും പ്രവർത്തിച്ചത്. മലയാളികളുടെ സന്തോഷവും സന്താപവും ഉന്മാദവും ആഘോഷവും അദ്ദേഹത്തിന്റെ സംഗീതസംവിധാനത്താൽ സമ്പന്നമായി. എൺപതുകളിലും തൊണ്ണൂറുകളിലും അദ്ദേഹമൊരുക്കിയ ഗാനങ്ങൾ ഇന്നും പുതുമ ചോരാതെ തുടരുന്നുവെന്നത് ആ ഗാനങ്ങളുടെ സ്വീകാര്യതയും മികവും വ്യക്തമാക്കുന്നു.
വിണ്ണിലെ ഗന്ധർവ്വവീണകൾ പാടുന്ന സംഗീതവുമായി രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് എസ്.പി. വെങ്കടേഷ് മലയാളിസംഗീതാസ്വാദകരിലേക്ക് ഇറങ്ങിവന്നത്. ആ ചിത്രത്തിലെ തന്നെ പാടാം ഞാനാ ഗാനം, ദേവാംഗനേ ദേവസുന്ദരീ എന്നീ ഗാനങ്ങൾ ഇഷ്ടപ്പെടുന്നവർ ഇന്നുമേറെ. സിനിമയുടെ പശ്ചാത്തലസംഗീതമൊരുക്കിയതും വെങ്കടേഷ് തന്നെ. 'പ്രിൻസിന്റെ' എൻട്രിയും തിയേറ്ററുകളിൽ കരഘോഷമുയർത്തിയ രംഗങ്ങളും പശ്ചാത്തലസംഗീതത്തിന്റെ പകിട്ടിൽ ഇന്നും തിളങ്ങുന്നു. സിനിമയുടെ ബിജിഎം ഫോണിന്റെ റിങ്‌ടോണാക്കി സൂക്ഷിക്കുന്നവർ ഇന്നുമുണ്ട്.
പിന്നീട് വഴിയോരക്കാഴ്ചകൾ, ഇന്ദ്രജാലം, കിലുക്കം, മിന്നാരം, നാടോടി, ഗാന്ധർവം, മാന്ത്രികം, തേൻമാവിൻകൊമ്പത്ത് തുടങ്ങി നിരവധി മോഹൻലാൽ ഹിറ്റ് ചിത്രങ്ങളുടെ ഹിറ്റ് ഗാനങ്ങൾക്കൊപ്പം എസ്.പി. വെങ്കടേഷിന്റെ പേര് അനശ്വരമായി. കുഞ്ഞിക്കിളിയേ കൂടെവിടെ, കുഞ്ഞുപാവയ്ക്കിന്നല്ലോ, കിലുകിൽ പമ്പരം, മുത്തുമണിത്തൂവൽ തരാം തുടങ്ങി കുട്ടിക്കാലത്തേക്ക് കൂട്ടിപ്പോകുന്ന ഗാനങ്ങൾ വെങ്കടേഷിന്റേതായി ഓർമ്മയിൽ തുടരും.
ഗാനങ്ങൾക്ക് മറ്റ് സംഗീതസംവിധായകർ ഈണം പകർന്ന ചിത്രങ്ങളിലെ പശ്ചാത്തലസംഗീതമൊരുക്കാൻ വെങ്കടേഷ് ഒരിക്കലും മടി കാണിച്ചില്ല. സംഗീതത്തെ ബഹുമാനിക്കുന്ന, ആരാധിക്കുന്ന, ജീവനും ജീവിതവുമായി കാണുന്ന ഒരു സംഗീതജ്ഞന് സംഗീതത്തോട് ഒരിക്കലും അവജ്ഞയോ സംഗീതത്തിന്റെ പേരിൽ പരിഭവമോ കാണിക്കാനാകില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചുതന്നു. ദേവാസുരവും മഹായാനവും നമ്പർ 20 മദ്രാസ് മെയിലുമൊക്കെ വെങ്കടേഷ് അത്തരത്തിൽ ചെയ്ത ചിത്രങ്ങളാണ്. എല്ലാ ചിത്രങ്ങളും ശ്രദ്ധിക്കപ്പെടുകയും ചെയ്തുവെന്നത് അദ്ദേഹത്തിന്റെ പ്രതിഭാസമ്പന്നത വ്യക്തമാക്കുന്നു.
ഏറെ ചെറുപ്പത്തിൽത്തന്നെ സംഗീതമേഖലയിലേക്കെത്തിയ വെങ്കടേഷ് ശ്യാമിന്റേയും രവീന്ദ്രന്റേയും അസിസ്റ്റന്റായി പ്രവർത്തിച്ചാണ് സിനിമയിലെത്തുന്നത്. മലയാളത്തിൽ പ്രവർത്തിക്കുന്ന കാലത്തുതന്നെ തമിഴുൾപ്പെടെയുള്ള ഭാഷാചിത്രങ്ങളിലും വെങ്കടേഷ് പ്രവർത്തിച്ചു. മലയാളം സംസാരിക്കാനറിയാത്ത ഒരു സംഗീതസംവിധായകൻ മലയാളികളുടെ സ്വന്തമായി മാറിയതിൽ അത്ഭുതപ്പെടേണ്ടതില്ല, കാരണം മലയാളികളുടെ താളവും രാഗവും അദ്ദേഹത്തിന് കാണാപ്പാഠമായിരുന്നു. അതുകൊണ്ടുതന്നെയാണ് ആ ഗാനങ്ങൾ മലയാളത്തിലെ ഏറ്റവും ആവർത്തിച്ചുകേട്ട ഗാനങ്ങളുടെ പട്ടികയിൽ ആ ഗാനങ്ങൾ ഇടം നേടിയിരിക്കുന്നത്.
മലയാളികളുടെ പ്രണയത്തിന് അദ്ദേഹം പാട്ടൊരുക്കി, മലയാളികളുടെ ശാന്തരാത്രികൾക്ക് വാദ്യഘോഷാദികളൊരുക്കി, സംഗീതത്തിന്റെ തളിർവെറ്റില കൊണ്ട് വരദക്ഷിണയൊരുക്കി, പവിഴമല്ലി പൂവുറങ്ങുമ്പോൾ പോകുന്ന പകലിനെ ഓർമ്മിപ്പിച്ചു, നീരാഴിപ്പെണ്ണിന്റെ ആരാരും കാണാത്ത നീലക്കൽക്കൊട്ടാരം കാണിച്ചുതന്നു... അങ്ങനെ ഗാനരചയിതാക്കളുടെ തൂലികത്തുമ്പിൽപ്പിറന്ന കാഴ്ചകളിലേക്ക് ശ്രോതാക്കളെ സംഗീതത്തിന്റെ മാന്ത്രികപ്പരവതാനിയിലിരുത്തി കൂട്ടിക്കൊണ്ടുപോയി, ആ സംഗീതമാന്ത്രികത ആസ്വാദകരുള്ളിടത്തോളം അവസാനിക്കുകയുമില്ല. കലാകാരൻ അദ്ദേഹത്തിന്റെ സൃഷ്ടികളിലൂടെ ഓരോ നിമിഷവും ജീവിച്ചുകൊണ്ടേയിരിക്കുമെന്നത് വാസ്തവം.
പൈതൃകം എന്ന ജയരാജ് ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം വെങ്കടേഷിന് ലഭിച്ചു. എവർഗ്രീൻ എന്ന് എക്കാലവും വിശേഷിപ്പിക്കപ്പെടുന്ന ആ ഗാനങ്ങൾക്ക് 1993ലെ ഫിലിം ഫെയർ അവാർഡും അദ്ദേഹത്തെ തേടിയെത്തി. വാൽകണ്ണെഴുതിയ മകരനിലാവിൽ എന്ന ഗാനത്തിന് എന്തൊരു നൈർമ്മല്യമാണ്. നീലാഞ്ജപ്പൂവിൻ താലാട്ടൂഞ്ഞാലിൽ എന്ന ഗാനത്തിൽ എന്തൊരു വാത്സല്യമാണ്. സീതാകല്യാണ വൈഭോഗമേ എന്ന ഗാനം എത്ര വിവാഹആൽബങ്ങളിലാണ് അകമ്പടിയായത്! കൊല്ലങ്ങൾക്കിപ്പുറം ഇൻസ്റ്റഗ്രാം റീലുകളിലും ഫെയ്‌സ്ബുക്ക് സ്റ്റോറികളിലും ആ ഗാനം വൈറലായിതുടരുന്നു.
മലയാളത്തിലെ പ്രമുഖരായ സംഗീത സംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചു. പദ്മരാജന്റെ ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിൽ രവീന്ദ്രന്റെ സഹായിയായി വെങ്കടേഷ്. ഐ.വി. ശശി, പ്രിയദർശൻ, ജോഷി, ഭദ്രൻ, തമ്പി കണ്ണന്താനം തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു, മികച്ച ഗാനങ്ങളൊരുക്കി. യേശുദാസും ചിത്രയും എം.ജി. ശ്രീകുമാറും ഉണ്ണിമേനോനുമൊക്കെ വെങ്കടേഷിന്റെ ഗാനങ്ങൾക്ക് സ്വരം പകർന്നു, മലയാളികൾക്ക് എക്കാലവും ഓർമിക്കാനുള്ള ഈണങ്ങൾ നൽകി. താരാട്ടായും തലോടലായും ആഘോഷമായും ആനന്ദമായും എക്കാലവും നമുക്കനുഭവിക്കാൻ ആ ഈണങ്ങൾ പകർന്ന സംഗീതമാന്ത്രികന് വിട!
Content Highlights: Remembering SP Venkatesh, the legendary composer behind countless Malayalam hit songs and unforgettable background scores. His music touched hearts for decades.
Published: 03 Feb 2026, 03:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented