സംശയമില്ല; ശരിക്കും ചിത്രകാരൻ തന്നെ ജയചന്ദ്രൻ. ഇന്ന് കാലത്തും ആ ചിത്രമെഴുത്തിന്റെ ഇന്ദ്രജാലം അനുഭവിപ്പിച്ചു അദ്ദേഹം; ശബ്ദത്തിലൂടെ, ഭാവദീപ്‌തമായ ആലാപനത്തിലൂടെ.

To advertise here,

"ഇരുളിൻ മുളങ്കാട് ചീന്തുമ്പോൾ, അരിമുത്തു മണിയെനിക്ക് നീ തരണേ.."-പുഷ്പാഞ്ജലി ആൽബത്തിലെ "വിഘ്‌നേശ്വരാ ജന്മനാളികേരം നിന്റെ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു" എന്ന വിശ്രുത ഭക്തിഗാനത്തിലെ ഒരേയൊരു വരി. പതിറ്റാണ്ടുകൾ പലതായി ആ ഗാനം കേട്ടുതുടങ്ങിയിട്ട്. ഇന്നും ആ വരി ജയേട്ടന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഒരു ആനയുടെ ചിന്നംവിളി മുഴങ്ങും കാതുകളിൽ. ഇരുളിന്റെ മുളംകാട് ചീന്തുകയാണ് ഗജരാജൻ. ഞൊടിയിടയിൽ മനസ്സിന്റെ തിരശ്ശീലയിൽ ആ ചിത്രം തെളിയും. സംശയം വേണ്ട; വാക്കുകളിൽ ഈണം നിറയ്ക്കുന്നത് സംഗീത സംവിധായകന്റെ കലയെങ്കിൽ വാക്കുകളാൽ ചിത്രം വരയ്ക്കുന്നത് ഗായകന്റെ കല തന്നെ.

മനസ്സുകൊണ്ട് മൂന്നു പ്രതിഭകളെ വണങ്ങും അപ്പോൾ: കവിയായ എസ്. രമേശൻ നായരെ, സംഗീത സംവിധായകൻ പി.കെ. കേശവൻ നമ്പൂതിരിയെ, പിന്നെ ഭാവഗായകനെയും.

ഏതോ ക്ഷേത്രത്തിന്റെ ശ്രീകോവിൽ നടയിൽ കൈകൂപ്പി തൊഴുതു നിൽക്കുന്ന ഭക്തന്റെ മാനസികാവസ്ഥയോടെയാണ് ഇന്നും ആ ഗാനം കേൾക്കാറ്. ചുറ്റുമുള്ള ശബ്ദകോലാഹലങ്ങളൊന്നുമുണ്ടാവില്ല അപ്പോൾ കാതിൽ. അന്തരീക്ഷത്തിൽ പോലും കളഭചന്ദന സുഗന്ധം നിറയും. ജയചന്ദ്രന്റെ ആലാപനത്തിൽ സ്വാഭാവികമായി വന്നു നിറയുന്ന ഭക്തിഭാവം ഏത് ശ്രോതാവിനെയാണ് ആത്മവിസ്മൃതിയുടെ തലത്തിലേക്ക് ഉയർത്താതിരിക്കുക? "കൂടില്ലാത്തൊരീ നിസ്വന് നിൻ കൃപ, കുടിലായ് തീരണമേ ഗണേശ്വരാ" എന്ന് ജയചന്ദ്രൻ മനമുരുകി പ്രാർത്ഥിക്കുമ്പോൾ ആരുടെ ഹൃദയമാണ് അലിയാതിരിക്കുക? കുതിച്ചുപായും നഗരിയിലൊരു കൂര ചമയ്ക്കുവതെങ്ങനെ ഞാൻ എന്ന വേവലാതിയുമായി അലഞ്ഞുനടന്ന കാലത്ത് ഇതേ പ്രാർത്ഥനയുണ്ടായിരുന്നല്ലോ എന്റെ ചുണ്ടിലും.

മിക്ക ദിവസങ്ങളിലും പ്രഭാതനടത്തം തുടങ്ങുക ആ ഗാനം കേട്ടുകൊണ്ടാണ്. ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു ആ പാട്ട്. "തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാർഗ്ഗം തമ്പുരാനേ തടയൊല്ലേ" എന്ന് മനമുരുകി പ്രാർത്ഥിച്ച ഘട്ടങ്ങൾ നിരവധി. ആ ഗാനവുമായി ചേർത്തുവെക്കാവുന്ന മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്ന് ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ടതാണ്. 2007 ഡിസംബർ 14 ന്റെ പ്രഭാതത്തിൽ തൃശൂരിലെ ക്ലബ് എഫ്എം സ്റ്റുഡിയോയിലെ സ്പീക്കറുകളിലൂടെ "വിഘ്‌നേശ്വരാ" എന്ന പാട്ടൊഴുകിവന്നപ്പോൾ അനുഭവിച്ച ആത്മനിർവൃതി എങ്ങനെ മറക്കാൻ?

Also Read: ജയേട്ടൻ പറഞ്ഞു; 'പാടാനല്ലാതെ വേറെ പണിയൊന്നും അറിയില്ല എനിക്ക്'

കേരളത്തിൽ റേഡിയോയുടെ തിരിച്ചുവരവ് വിളംബരം ചെയ്തു കൊണ്ട് മാതൃഭൂമിയുടെ ക്ലബ്ബ് എഫ്എം പ്രക്ഷേപണമാരംഭിച്ച നിമിഷങ്ങൾ. ആ ചരിത്ര മുഹൂർത്തത്തെ അനശ്വരമാക്കേണ്ടത് പുഷ്പാഞ്ജലിയിലെ വിഘ്‌നേശ്വരസ്തുതിയാവണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു എല്ലാവരും. രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറവും കോരിത്തരിപ്പിക്കുന്ന ഓർമ്മയായി മനസ്സിലുണ്ട് ആ തുടക്കം. സർവ്വചരാചരങ്ങളും നിശ്ചലം, നിശ്ശബ്ദം. പ്രകൃതി പോലും ഇഷ്ടഗാനത്തിന്റെ ഈരടികൾക്കായി കാതോർക്കുന്നതു പോലെ. ചുറ്റും കൂടിനിന്നവരുടെ ഹൃദയമിടിപ്പിന്റെ താളം മാത്രമേയുള്ളൂ കേൾക്കാൻ. ആകാംക്ഷാഭരിതമായ ആ മൗനത്തിലേക്ക് പൊടുന്നനെ ഒഴുകിയെത്തുന്നു പ്രഭാതത്തിന്റെ പ്രൗഢിയും വിശുദ്ധിയും നിറഞ്ഞ പാട്ട്: "വിഘ്‌നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു...."

വികാരനിർഭരമായ ആ ഓർമ്മ ഒരിക്കൽ പങ്കുവെച്ചപ്പോൾ കണ്ണടച്ചു കൈകൂപ്പിനിന്നു കേശവൻ നമ്പൂതിരി എന്ന ഞങ്ങളുടെ ഉണ്ണിയേട്ടൻ. ഓർമ്മകളുടെ വിദൂരതീരങ്ങളിലേക്ക് മടങ്ങിപ്പോയിരിക്കണം ഒരു നിമിഷം അദ്ദേഹത്തിന്റെ മനസ്സ്. "ഈശ്വരനിയോഗം പോലെ പിറന്നുവീണ പാട്ടാണത്." - നമ്പൂതിരി പറഞ്ഞു. "തൃശൂർ ആകാശവാണിയിൽ വയലും വീടും പരിപാടിയുടെ സബ് എഡിറ്ററായി വന്ന രമേശൻ നായരാണ് പുഷ്പാഞ്ജലി എന്ന ഭക്തിഗാനസമാഹാരത്തിന്റെ ആശയവുമായി സമീപിക്കുന്നത്. ആൽബത്തിലെ ഗാനങ്ങൾ ഞാൻ ചിട്ടപ്പെടുത്തണമെന്ന് രമേശൻ നായർക്ക് ആഗ്രഹം. സഹോദരതുല്യനായ ജയചന്ദ്രന്റെ നിർബന്ധം കൂടിയായപ്പോൾ ആ ദൗത്യം ഏറ്റെടുക്കാതെ വയ്യ എന്നു വന്നു. അങ്ങനെയാണ് 1981 ൽ പുഷ്പാഞ്ജലി സംഭവിക്കുന്നത്."

രമേശൻ നായർ എഴുതിക്കൊണ്ടുവന്ന ഒൻപത് പാട്ടുകളും ഒരുപോലെ ഹൃദ്യം. പ്രാർത്ഥനാഗീതങ്ങളിൽ സാധാരണ കേൾക്കാത്ത വാക്കുകളും പ്രയോഗങ്ങളും കല്പനകളും ധാരാളമുണ്ടായിരുന്നു ആ രചനകളിൽ. ആദ്യവായനയിൽ തന്നെ പാട്ടുകൾ മനസ്സിനെ തൊട്ടു എന്ന് ഉണ്ണിയേട്ടൻ. ഒരു നിർദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്. ആൽബത്തിന്റെ തുടക്കത്തിൽ ഒരു വിഘ്‌നേശ്വര സ്തുതി വേണം. ഇതൊരു പുതിയ സംരംഭമല്ലേ? വിഘ്‌നങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ട് ഗണപതി സ്തുതി അത്യാവശ്യം.

Also Read: കെട്ടിപ്പിടിച്ചേനെ ആ പാട്ടുകളെ, മനസ്സുകൊണ്ട്

പിന്നെ സംശയിച്ചു നിന്നില്ല രമേശൻ നായർ. ആ നിമിഷം അവിടെ വെച്ചുതന്നെ പാട്ടെഴുതിത്തുടങ്ങുന്നു അദ്ദേഹം. കഷ്ടിച്ച് അര മണിക്കൂറിനുള്ളിൽ വിഘ്‌നേശ്വരാ ജന്മ നാളികേരം എന്ന ഗാനം തയ്യാർ. നാട്ടരാഗ സ്പർശം നൽകി ആ വരികൾ ചിട്ടപ്പെടുത്താനും അധികസമയമെടുത്തില്ല കേശവൻ നമ്പൂതിരി.

"റെക്കോർഡ് ചെയ്ത ശേഷം പുഷ്പാഞ്ജലിയിലെ ഗാനങ്ങൾ ആദ്യം കേൾപ്പിച്ചത് എന്റെ മാനസഗുരുവായ രാഘവൻ മാഷിനെയാണ്." - കേശവൻ നമ്പൂതിരിയുടെ ഓർമ്മ. "ഓരോ പാട്ടും ശ്രദ്ധിച്ചു കേട്ടു അദ്ദേഹം. എന്നിട്ട് സ്നേഹപൂർവ്വം എന്റെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. ഗംഭീരമായിരിക്കുന്നു. നിങ്ങൾ ഉദ്ദേശിച്ച പൂർണ്ണത കൈവന്നിരിക്കുന്നു ഈ പാട്ടുകൾക്കെല്ലാം. അഭിമാനിക്കാവുന്ന കാര്യം." അതിലും വലിയൊരു അവാർഡ് കിട്ടാനില്ല തനിക്കെന്ന് കേശവൻ നമ്പൂതിരി.

Also Read: ‘ഇന്നും ഗുരുവായൂരിൽ ചെല്ലുമ്പോൾ ഏതെങ്കിലും കടയിലെ സ്പീക്കറിൽനിന്ന് മുകുന്ദമാലയിലെ പാട്ടുകൾ കേൾക്കാം’

ഗാനശില്പികൾ മൂന്നു പേരും ഇന്ന് ഓർമ്മ. രമേശൻ നായരാണ് ആദ്യം യാത്രയായത്; 2021 ജൂൺ 18 ന്. രണ്ടു വർഷം കഴിഞ്ഞൊരു മേയിൽ ഉണ്ണിയേട്ടൻ വിടവാങ്ങി. അവരുടെ സൃഷ്ടിക്ക് ശബ്ദചിറകുകൾ നൽകിയ ഭാവഗായകൻ ഓർമയായത് കഴിഞ്ഞ വർഷം ജനുവരിയിൽ. പക്ഷേ പാട്ടിന്റെ വരികൾ ഇന്നുമുണ്ട് അന്തരീക്ഷത്തിൽ:

"അരവണപ്പായസം ഉണ്ണുമ്പോൾ
അതിൽനിന്നൊരു വറ്റു നീ തരണേ
വർണ്ണങ്ങൾ തേടും നാവിൻ തുമ്പിന്
പുണ്യാക്ഷരം തരണേ ഗണേശ്വരാ
ഗം ഗണപതയേ നമോ നമഃ"