ഗാനത്തിന്റെ പല്ലവി മാത്രം നിലനിറുത്തി ആഹ്ലാദാന്തരീക്ഷമുള്ള മറ്റൊരു ഗാനം കൂടി ജയചന്ദ്രന് വേണ്ടി അതേ പടത്തിൽ എഴുതിയിട്ടുണ്ട് കാനേഷ്. കൂടുതൽ പ്രിയപ്പെട്ടത് വിഷാദഗാനം തന്നെ. എനിക്ക് മാത്രമല്ല, പാടിയ ജയചന്ദ്രനും, സംഗീതം പകർന്ന രാഘവൻ മാഷിനും.

മടിച്ചുമടിച്ചാണ് ജയചന്ദ്രനെ വിളിച്ചത്. നൂറുകണക്കിന് കവികളുടെ രചനകൾക്ക് നാദം പകർന്ന ഗായകൻ, ഒരൊറ്റ പടത്തിൽ മാത്രം സഹകരിച്ച പാട്ടെഴുത്തുകാരനെ ഓർക്കണമെന്നില്ലല്ലോ; അതും പതിറ്റാണ്ടുകൾക്കിപ്പുറം.
എന്നാൽ, വിസ്മയിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു ഫോൺ വിളിച്ച കാനേഷ് പൂനൂർ. പേര് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ മറുതലയ്ക്കൽ നിമിഷനേരത്തെ മൗനം. മൗനത്തിനൊടുവിൽ വിഷാദമധുരമായ ഒരു ഗാനത്തിന്റെ പല്ലവി മൂളുന്നു ഭാവഗായകൻ: "പനിനീര് പെയ്യുന്നു പതിനാലാം രാവിൽ പനിമതി, പിടയെ വിളിക്കുന്നൂ പുതിയൊരിശൽ മൂളി പൈങ്കിളി...." പാടിനിർത്തിയ ശേഷം ജയചന്ദ്രൻ പറഞ്ഞു: "എങ്ങനെ മറക്കും നിങ്ങളെ? എനിക്കേറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണത്" സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയ നിമിഷമായിരുന്നു അതെന്ന് കാനേഷ്.
മാപ്പിളപ്പാട്ടുകൾ നിരവധി പിറന്നിട്ടുണ്ട് മലയാളസിനിമയിൽ. കെസ്സുപാട്ടുകളും ഭക്തിഗാനങ്ങളും ഹാസ്യഗാനങ്ങളും ഒപ്പനകളും ഉൾപ്പെടെ വൈവിധ്യമാർന്ന ഒരു ഗാനപ്രപഞ്ചം. അവയിൽ ഭൂരിഭാഗവും ഹിറ്റുകളായിരുന്നുതാനും. എങ്കിലും "പതിനാലാം രാവ്" (1979) എന്ന ചിത്രത്തിൽ കാനേഷും സാക്ഷാൽ രാഘവൻ മാസ്റ്ററും ചേർന്നൊരുക്കിയ "പനിനീര് പെയ്യുന്നു" വിന്റെ ആസ്വാദ്യത ഒന്നുവേറെ. നിശ്ശബ്ദമായ ഒരു ഗദ്ഗദം ഉള്ളിലൊതുക്കി ഗാനത്തിന്റെ ആത്മാവിലൂടെ ജയചന്ദ്രൻ ഒഴുകിപ്പോകുന്നത് കേൾക്കുമ്പോൾ ആരുടെ മനസ്സാണ് ആർദ്രമാകാതിരിക്കുക?
Also Read: 'വിഘ്‌നേശ്വരാ ജന്മ നാളികേരം'; ജയചന്ദ്രൻ മനമുരുകി പ്രാർത്ഥിക്കുമ്പോൾ ആരുടെ ഹൃദയമാണ് അലിയാതിരിക്കുക?
കാനേഷ് പൂനൂരുമായുള്ള ആദ്യ കൂടിക്കാഴ്ച്ച ഓർമ്മയിലുണ്ട്. കയ്യിൽ ഒരു കെട്ട് പുസ്തകങ്ങളുമായി തിടുക്കത്തിൽ പത്രസ്ഥാപനത്തിന്റെ പടി കയറി വരുന്ന കവിയെ ധിക്കാരപൂർവം തടഞ്ഞുനിർത്തി എന്റെ ചോദ്യം: "എന്താണ് സാർ ഈ ചീരണിയും റൂഹും മൗത്തും?''
അന്ധാളിച്ചു പോയിരിക്കണം പാവം കാനേഷ്. ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനാണ് വിചിത്രമായ ചോദ്യവുമായി മുന്നിൽ. അതും ഔചിത്യലേശമില്ലാതെ. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ കാനേഷ് പകച്ചുനിന്നപ്പോൾ, ഓർമ്മയിൽ നിന്ന് ഒരു പാട്ടിന്റെ വരികൾ മൂളി ഞാൻ: "ഏതോ സുബർക്കത്തിൽ സ്വർണത്താമര മഞ്ചത്തിൽ/ ചിരിയുടെ ചീരണി ബെച്ചു നീ സുൽത്താനേകുമ്പോൾ/റൂഹിലെരിയിച്ച ചന്ദനത്തിരി ഗന്ധത്തിൽ/ഹൂറീ ഞാൻ മൗത്തായ മോഹത്തിൻ ജാറം മൂടുന്നു..' "
"എനിക്കേറെ പ്രിയപ്പെട്ട പാട്ടാണ് പനിനീര് പെയ്യുന്ന പതിനാലാം രാവിൽ പനിമതി. എപ്പോൾ കേട്ടാലും മനസ്സിൽ അജ്ഞാതമായ വിഷാദം നിറയ്ക്കുന്ന പാട്ട്. അതിലെ ആ മൂന്ന് വാക്കുകൾ മാത്രം ഇന്നും പിടിതന്നിട്ടില്ല. എഴുതിയ ആളെ എന്നെങ്കിലും നേരിൽ കാണുമ്പോ ചോദിക്കണം എന്നുറച്ചിരുന്നു. ഇപ്പോഴാണ് അവസരം ഒത്തുവന്നത്. പറഞ്ഞുതന്നാലും....''
ഇത്തവണ കാനേഷ് ഹൃദയം തുറന്നു ചിരിച്ചു. പേര് ചോദിച്ചു പരിചയപ്പെട്ട ശേഷം എന്റെ ചോദ്യത്തിന് ക്ഷമാപൂർവം മറുപടി നൽകി അദ്ദേഹം: "ചീരണി എന്നാൽ അരിയും ശർക്കരയും മറ്റും ചേർത്തു തയ്യാറാക്കി വിശേഷാവസരങ്ങളിൽ വിതരണം ചെയ്യുന്ന ഒരു മധുരപദാർത്ഥം. ചിരിയുടെ ചീരണി വെച്ച് പ്രണയപൂർവം കാമുകനേകുകയാണ് ഇവിടെ കാമുകി. റൂഹ് എന്ന അറബി വാക്കിന് ജീവൻ എന്നർത്ഥം. മൗത്തായ എന്ന് വെച്ചാൽ മൃതമായ, അല്ലെങ്കിൽ ജീവച്ഛവമായ....''
ഒരു നിമിഷം നിർത്തി കാനേഷിന്റെ ചോദ്യം. "മതിയോ?'' ചിരിച്ചുകൊണ്ട് തലയാട്ടി ഞാൻ. പിന്നെ ഇഷ്ടഗാന രചയിതാവിന്റെ കൈപിടിച്ച് കുലുക്കി. "മാപ്പിളപ്പാട്ടുകൾ നൂറുകണക്കിന് ഉണ്ടായിട്ടുണ്ടാകും മലയാള സിനിമയിൽ; പല പല ജനുസ്സിൽ പെട്ടവ. എങ്കിലും നിങ്ങളുടെ പാട്ടോളം മനസ്സിനെ സ്പർശിച്ചവ അപൂർവം. രചനയോ സംഗീതമോ ആലാപനമോ ഏതാണ് മുന്നിൽ നിൽക്കുന്നതെന്ന് പറയുക വയ്യ. മൂന്നും ഒന്നിനൊന്ന് മെച്ചം. ജയചന്ദ്രന്റെ ആലാപനം എത്ര ഹൃദ്യം. ഒരു നേർത്ത ഗദ്ഗദം ഇല്ലേ ആ ശബ്ദത്തിൽ എന്ന് തോന്നും ചിലപ്പോൾ....''
അതായിരുന്നു കാനേഷുമായുള്ള ആദ്യ കൂടിക്കാഴ്ച. പിന്നീട് അതേ പത്രസ്ഥാപനത്തിൽ ഞങ്ങൾ സഹപ്രവർത്തകരായി. മാസങ്ങൾ മാത്രം നീണ്ടുനിന്ന ആ "സഹജീവന''ത്തെ അവിസ്മരണീയമാക്കിയത് "വർത്തമാന''ത്തിന്റെ ചാലപ്പുറം ഓഫീസിൽ ഒരുമിച്ചു ചെലവഴിച്ച സംഗീതരാവുകളാണ്. പാട്ടും കവിതയും സിനിമയും പത്രപ്രവർത്തനവുമെല്ലാം വിഷയങ്ങളായി വന്നു നിറഞ്ഞ കൂട്ടായ്മകൾ. ഇന്നും അപൂർവമായി കാനേഷ് ഫോൺ ചെയ്യുമ്പോൾ കാതിൽ മുഴങ്ങുക പതിനാലാം രാവിലെ ആ പാട്ടു തന്നെ.
ഒരിക്കലും കേട്ടു മതിവരാത്ത പാട്ട്. ജയചന്ദ്രൻ അതിലും മികച്ച ഗാനങ്ങൾ പാടിയിരിക്കാം; രാഘവൻ മാഷ് അതിലും ഗംഭീരമായ പാട്ടുകൾ സ്വരപ്പെടുത്തിയിരിക്കാം. എങ്കിലും വേദന കലർന്ന പുതിയൊരു ഇശൽ മൂളി പിടയെ വിളിക്കുന്ന ആ പൈങ്കിളിയുടെ ശബ്ദത്തിലെ വിരഹം ഇന്നും മനസ്സിനെ ആർദ്രമാക്കുന്നു.
വരികളിൽ മാറ്റങ്ങളോടെ രണ്ടു വ്യത്യസ്ത സന്ദർഭങ്ങളിൽ കടന്നുവരുന്നുണ്ട് "പതിനാലാം രാവി''ൽ ആ ഗാനം. അത്തർ വിൽക്കാൻ വരുന്ന ഒരു ചെറുപ്പക്കാരൻ (അന്തരിച്ച നടൻ രവിമേനോൻ അവതരിപ്പിച്ച കഥാപാത്രം), ഒരു പാവം പെൺകുട്ടിയിൽ (ഊർമ്മിള) അനുരക്തനാകുന്നതും, അവർ ഒരുമിക്കും മുൻപ് രണ്ടാം കെട്ടുകാരനായ ധനാഢ്യൻ (സലാം കാരശ്ശേരി ) അവളെ കല്യാണം കഴിച്ചു കൊണ്ടുപോകുന്നതുമാണ് സിനിമയുടെ കഥ. കാമുകിയെ നഷ്ടപ്പെട്ട വേദനയിൽ കാമുകന് പാടാൻ ഒരു പാട്ട് വേണം.
കഥാസന്ദർഭത്തിന്റെ വികാരതീവ്രത ഉൾക്കൊണ്ടു തന്നെ നിമിഷങ്ങൾക്കകം കാനേഷ് പാട്ടെഴുതി. ഗാനത്തിന്റെ പല്ലവി മാത്രം നിലനിറുത്തി ആഹ്ലാദാന്തരീക്ഷമുള്ള മറ്റൊരു ഗാനം കൂടി ജയചന്ദ്രന് വേണ്ടി അതേ പടത്തിൽ എഴുതിയിട്ടുണ്ട് കാനേഷ്. കൂടുതൽ പ്രിയപ്പെട്ടത് വിഷാദഗാനം തന്നെ. എനിക്ക് മാത്രമല്ല, പാടിയ ജയചന്ദ്രനും, സംഗീതം പകർന്ന രാഘവൻ മാഷിനും.
"അകതാരിൽ സൂക്ഷിച്ചോരാശ തൻ അത്തർ തൂവിപ്പോയ്, കൽപ്പന തുന്നിയ പട്ടുറുമാലും പിഞ്ഞിപ്പോയ്, മാണിക്യവും മുത്തും കോർത്തു തീർത്ത മണിമാല, മാറിലണിയിക്കും മുൻപേ വീണു ചിതറിപ്പോയ്...'-വികാരജീവിയായ ഒരു നിരാശാകാമുകന്റെ ആത്മഗീതം. ഭാസ്‌കരൻ മാസ്റ്റർക്കേ ഇത്രയും മനോഹരമായ വരികൾ എഴുതി ഫലിപ്പിക്കാൻ കഴിയൂ എന്ന് വാശിയോടെ വാദിച്ച സംഗീതപ്രേമിയായ ഒരു സുഹൃത്തിനെ ഓർമ്മവരുന്നു.
"പലർക്കും അറിയില്ല ആ പാട്ട് ഞാൻ എഴുതിയതാണെന്ന്.''-കാനേഷ് പറഞ്ഞു. "എങ്കിലും പരാതിയില്ല. ഇത്ര കാലത്തിനു ശേഷവും എന്റെ പാട്ട് ഓർമ്മയിൽ സൂക്ഷിക്കുന്നവർ ഉണ്ട് എന്നറിയുമ്പോൾ സന്തോഷം. കണ്ണടച്ച് തുറക്കും മുൻപ് പാട്ടുകൾ ചുണ്ടിൽ നിന്നും മനസ്സിൽ നിന്നും മാഞ്ഞുപോകുന്ന കാലമല്ലേ?''
Content Highlights: Lyricist Kanesh Poonoor and legendary singer P. Jayachandran reminisce about the timeless Mappila song "Panineeru Peyyunnu" from the 1979 classic film Pathinalam Raavu, composed by K. Raghavan Master, sharing emotional backstories and personal memories associated with its creation.
Published: 20 Sept 2026, 11:58 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented