കോഴിക്കോട്: "എന്തിനാണ് ഈ വാനിൽ മുഴുവൻ മിസൈൽ പറക്കുന്നു
എപ്പോഴാണ് യുദ്ധം തീർന്നു നമ്മൾ ജയിക്കുന്നു…
എല്ലാരിലും ദുരിതം കുറേ വന്നു ഭവിക്കുന്നു
എന്തിന് നമ്മൾ മനുഷ്യരല്ലാതായി തീരുന്നു..."

To advertise here,

ഈണം ഇട്ട് നിർത്തുമ്പോൾ മാപ്പിളപ്പാട്ട് ലോകം ഓർത്തു കാണില്ല ഈ അനുഗൃഹീത സംഗീത സംവിധായകനിൽനിന്ന് പിറക്കുന്ന അവസാനത്തെ ഗാനം ആയിരിക്കും ഇതെന്ന്. അവസാന ഗാനത്തിൽ പിറന്നതാകട്ടെ യുദ്ധഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന മനുഷ്യമനസ്സുകളെക്കുറിച്ചുള്ള ആവലാതികൾ.

സ്ട്രോക്ക് വന്ന് കിടപ്പിലാവുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് അബൂബക്കർ പുതിയ ഗാനത്തിന് ഈണം ഒരുക്കിയത്. പ്രിയ ശിഷ്യൻ മണ്ണൂർ പ്രകാശിനൊപ്പം അരീക്കാട്ട് വീടിന്റെ ഉമ്മറത്തിരുന്ന് അബൂബക്കർ ഗാനം ചിട്ടപ്പെടുത്തി. ഗാനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

"എല്ലാ ഗാനവും ചുരുങ്ങിയ സമയത്തിനുള്ളിൽ ചിട്ടപ്പെടുത്തുന്നതാണ് അബുക്കയുടെ ശൈലി. മെലഡിക്ക് പ്രാധാന്യം നൽകിയായിരുന്നു എന്നും അദ്ദേഹം ഈണം നൽകിയിരുന്നത്. ചെയ്യുന്ന ജോലിക്ക് അർഹിക്കുന്ന പ്രതിഫലം ചോദിച്ചു വാങ്ങാത്ത ആളായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ എന്നും സാധാരണക്കാരനായായിരുന്നു അദ്ദേഹത്തിന്റെ ജീവിതം', മണ്ണൂർ പ്രകാശ് പറയുന്നു.

ഓർമ്മകളിൽ നിറഞ്ഞ് അബൂക്ക

കോഴിക്കോട്: മാപ്പിളപ്പാട്ടിന്റെ സുൽത്താനെ അവസാനമായി ഒരുനോക്ക് കാണാൻ കലാകാരന്മാരും സുഹൃത്തുക്കളും ആരാധകരുമെത്തിയപ്പോൾ അരീക്കാട് ഉളളിശ്ശേരിക്കുന്നിലെ കെ.വി.എം. ഹാൾ വേദനയുടെ ഓർമ്മകളാൽ നിറഞ്ഞു. ആരോടും പിണക്കമോ പരിഭവമോ ഇല്ലാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ഗാനരചയിതാക്കളായ താജ് ഇഖ്ബാൽ നഗറും ബാപ്പു വാവാടും ഓർത്തു. സംഗീതത്തോടുള്ള സ്നേഹവും പാടാനുള്ള നിയോഗവുമാണ് അബൂക്കയെ ബാബുരാജുമായി അടുപ്പിച്ചതും പിന്നീട് മികച്ച സംഗീതസംവിധായകനായി വളരാൻ വഴിയൊരുക്കിയതെന്നും അവർ അനുസ്മരിച്ചു. ആറാം വയസിൽത്തന്നെ അബൂക്കയുടെ സംഗീതജീവിതത്തിന് വഴിതുറന്നത് തന്റെ ഉപ്പ ടി. ഉസ്മാനായിരുന്നുവെന്ന് മകൻ ഫിറോസ് ഓർത്തെടുത്തു.

മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ, സംഗീതസംവിധായകൻ ഫിറോസ് ബാബു, നടൻ പ്രകാശ് പയ്യാനക്കൽ, ഗായകരായ കൊല്ലം ഷാഫി, എടപ്പാൾ ബാബു, എം.എ. ഗഫൂർ, ഐ.പി. സിദ്ദിഖ്, മണ്ണൂർ പ്രകാശ്, മുജീബ് കല്ലായി, രഹ്ന, ഇന്ദിര ജോയ്, സിന്ധു പ്രേംകുമാർ, സിബെല്ല സദാനന്ദൻ, കണ്ണൂർ സീനത്ത്, ഗാനരചയിതാക്കളായ ബദറുദ്ദീൻ പാറന്നൂർ, താജ് ഇഖ്ബാൽ നഗർ, ബാപ്പു വാവാട്, നസീറ ബക്കർ, കൗൺസിലർ എസ്.വി. മുഹമ്മദ് ഷമീൽ തങ്ങൾ, സാദിഖ് മാത്തോട്ടം തുടങ്ങിയവർ പൊതുദർശനത്തിനെത്തി അനുശോചിച്ചു.