സിനിമയിൽനിന്ന് ഇടവേളയെടുക്കുന്നതായി പ്രഖ്യാപിച്ച് സംഗീത സംവിധായകൻ അമാൽ മല്ലിക്. അടുത്ത വർഷംവരെ പുതിയ സിനിമകൾക്ക് സംഗീതം നൽകാനില്ലെന്ന് അദ്ദേഹം സാമൂഹികമാധ്യമങ്ങൾ വഴി അറിയിച്ചു.

To advertise here,

ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അമാലിന്റെ പ്രഖ്യാപനം. എന്നാൽ, ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം ആവശ്യമാണെന്ന് അദ്ദേഹം കുറിച്ചു.

'ഞാൻ സുഖമായിരിക്കുന്നു. എനിക്ക് ഏറ്റവും നല്ലതും എന്റെ ഹൃദയത്തിനും ആരോഗ്യത്തിനും പ്രധാനപ്പെട്ടതുമായ കാര്യങ്ങൾ ചെയ്യാൻ ഞാൻ ഇത്തവണ മുൻകൈയെടുക്കും. മനസ്സിനും ശരീരത്തിനും ആത്മാവിനും ശാരീരിക സുഖത്തിനും ഒരു ഇടവേള ആവശ്യമാണ്', അമാൽ കുറിച്ചു.

പുതിയ സിനിമകൾ ചെയ്യുന്നതിൽനിന്നാണ് ഇടവേളയെന്ന് സംഗീത സംവിധായകൻ വ്യക്തമാക്കി. മുമ്പ് പൂർത്തിയാക്കിയതും ഇതുവരെ പുറത്തിറങ്ങാത്തതുമായ ചില ഗാനങ്ങൾ അടങ്ങിയ ചിത്രങ്ങൾ തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണെങ്കിൽ പ്രേക്ഷകരിലേക്ക് എത്തിയേക്കാമെന്ന് അദ്ദേഹം അറിയിച്ചു.

'അടുത്ത വർഷംവരെ പുതിയ സിനിമകൾക്ക് സംഗീതമൊരുക്കാനില്ല. ചെറിയ ബജറ്റിൽ നിർമിച്ചതും നല്ല ലക്ഷ്യമുള്ളതുമായ ചില പഴയ പുറത്തിറങ്ങാത്ത ഗാനങ്ങൾ, സിനിമകൾ റിലീസ് ചെയ്യുകയാണെങ്കിൽ ഉടൻ വരും. ഇത്തരം ചിത്രങ്ങൾക്ക് തിയേറ്ററുകൾ ലഭിക്കാൻ എളുപ്പമല്ലാത്തതിനാൽ ആ പ്രൊജക്റ്റുകളുടെ ഭാവി അറിയില്ല,' അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയിലേക്കുള്ള യാത്ര സംഗീതത്തിൽനിന്ന് തന്നെ ഒരുപാട് അകറ്റിയെന്നും, ഇനി സംഗീതത്തിലേക്ക് തിരികെ നടക്കുകയാണെന്നും പറഞ്ഞാണ് അമാൽ മല്ലിക് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.