പാട്ടുകാരിയെ കണ്ടിട്ടില്ല ഇതുവരെ; സംസാരിച്ചിട്ടുമില്ല. എങ്കിലും വിഷാദമധുരമായ ആ ശബ്ദം കാതിലുണ്ട്. അര നൂറ്റാണ്ടിനിപ്പുറവും.

To advertise here,

കൗമാരകാലത്തെന്നോ കേട്ട് മനസ്സിൽ പതിഞ്ഞ പാട്ട്. ആദ്യകേൾവിയിൽതന്നെ തോന്നിയ ഇഷ്ടംകൊണ്ടാവാം, ഗായികാശബ്ദത്തിൽനിന്ന് ഒരു മുഖം ഉരുത്തിരിഞ്ഞുവരുന്നു. വിഷാദഭാവമുള്ള മുഖം. ഉപബോധമനസ്സിന്റെ സൃഷ്ടിയാണ്. 'വിമൂക ശോക സ്മൃതികളുണർത്തി വീണ്ടും പൗർണ്ണമി വന്നു, വിഷാദവീചികൾ മാത്രം വിരിയും വിപഞ്ചികേ നീ പാടൂ' എന്ന് മനംനൊന്ത് പാടുന്ന ഗായികക്ക് വിഷാദവതിയാകാനേ കഴിയൂ എന്നായിരുന്നു തോന്നൽ. വിരലിലെണ്ണാവുന്ന പാട്ടുകൾ മാത്രം പാടി സിനിമയിൽനിന്ന് മാഞ്ഞുപോയ രാധ പി. വിശ്വനാഥ് എന്ന ഗായികയുടെ ശബ്ദത്തിനൊപ്പം ഇന്നും മനസ്സിൽ തെളിഞ്ഞുവരിക ആ സാങ്കൽപ്പിക മുഖമാണ്.

കോളേജ് ഹോസ്റ്റലിന്റെ പൂമുഖപ്പടവിലിരുന്ന് മുത്ത് (1976) എന്ന സിനിമയിലെ ആ പാട്ട് ആദ്യമായി റേഡിയോയിൽ കേട്ടതോർമ്മയുണ്ട്. പാട്ടുകളുടെ കെട്ടും മട്ടും സൗണ്ടിങ്ങും മാറിവന്നുകൊണ്ടിരുന്ന ആ കാലത്തും 'വിമൂകശോക സ്മൃതികൾ' വേറിട്ടുനിന്നു. ആർഭാടരഹിതമായ ഗാനം. കേൾവിയിൽ ഒരു ആകാശവാണി ലളിതഗാനം പോലെ. വിടപറഞ്ഞ സുഹൃത്തിനോ കാമുകനോ ഉള്ള യാത്രാമൊഴിയാവണം: 'നിഴലിൻ പിറകേ നടന്നൂ, കാലിടറി വീണു പിരിഞ്ഞു നാം, നിനക്ക് നന്മകൾ നേരുന്നൂ ഞാൻ നിറഞ്ഞ ഹൃദയവുമായ്...' ഉള്ളിലൊരു നിശ്ശബ്ദഗദ്ഗദം ഒളിച്ചുവെച്ച് കെ.എസ്. നമ്പൂതിരിയുടെ വരികളിലൂടെ വിരഹിണിയായി ഒഴുകിപ്പോകുകയാണ് ഗായിക.

സംഗീത സംവിധായകന്റെ പേരായിരുന്നു കൗതുകകരം: പ്രദീപ് സിങ്. സർദാർജിപ്പേരിന് പിന്നിൽ മറഞ്ഞുനിന്നയാൾ യഥാർഥത്തിൽ മലയാളിയാണെന്നും ജന്മംകൊണ്ട് ചെറായിക്കാരനാണെന്നും ഒറിജിനൽ പേര് പ്രതാപ് സിങ് എന്നാണെന്നുമൊക്കെ അറിഞ്ഞത് വർഷങ്ങൾക്ക് ശേഷം പാട്ടുകൾക്ക് പിന്നാലെയുള്ള അലച്ചിലിനിടെ യാദൃച്ഛികമായി അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോഴാണ്. മനോഹരമായ ഒരു സൗഹൃദത്തിന്റെ തുടക്കം.

ഒരൊറ്റ ഗാനംകൊണ്ട് മനസ്സിനെ കീഴടക്കിയ ഗായിക എങ്ങുപോയി മറഞ്ഞുവെന്നറിയണം എനിക്ക്. നിരാശയായിരുന്നു ഫലം. പ്രതാപ് സിങ് അവരെ കണ്ടിട്ട് കാലമേറെയായിരുന്നു. മുംബൈയിലേക്ക് യാത്രയായി എന്നല്ലാതെ അവരുടെ പിൽക്കാല അവസ്ഥയെക്കുറിച്ച് കാര്യമായ അറിവൊന്നുമില്ല. പരസ്യ ജിംഗിൾസ് ലോകത്ത് സജീവമായിരുന്നു എന്നറിയാം. ഇടക്കൊരിക്കൽ തികച്ചും അപ്രതീക്ഷിതമായി മുംബൈയിൽനിന്ന് പ്രതാപ് സിങ്ങിനൊരു കോൾ. 'വിമൂകശോക സ്മൃതിക'ളുടെ പല്ലവി ഫോണിലൂടെ പാടിക്കേൾപ്പിച്ച് അത്ഭുതപ്പെടുത്തിയ ശേഷം ഗാനശില്പിയോട് വിടവാങ്ങുന്നു ഗായിക. മാധ്യമശ്രദ്ധയിൽപെടാനോ അഭിമുഖങ്ങൾക്ക് നിന്നുകൊടുക്കാനോ താല്പര്യമില്ലാത്ത ഒരാളെന്ന്‌ പ്രതാപ് സിങ് പറഞ്ഞറിഞ്ഞിരുന്നതുകൊണ്ട് പിന്നീടൊരിക്കലും അവരെ തിരഞ്ഞുപോയില്ല. ശബ്ദമുണ്ടല്ലോ കാതിൽ. ആസ്വദിക്കാൻ അത് മതി.

പ്രതാപ് സിങ്ങിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു 'മുത്ത്' (1976). ആദ്യത്തേത് അതിനും ഒൻപത് വർഷം മുൻപിറങ്ങിയ ‘മുൾക്കിരീടം.’ രണ്ടിന്റേയും സംവിധായകൻ ഒരാൾ തന്നെ: എൻ.എൻ. പിഷാരടി. ആദ്യചിത്രത്തിൽ ജാനകി പാടിയ 'കുളി കഴിഞ്ഞു കോടി മാറ്റിയ ശിശിരകാല ചന്ദ്രികേ' (രചന: പി. ഭാസ്‌കരൻ) എന്ന ഭാവഗീതത്തിന് ഒരു ഗസലിന്റെ സൗന്ദര്യമുണ്ടായിരുന്നു. 'മുത്തി'ൽ അതേ ചരിത്രം ആവർത്തിക്കാൻ പ്രതാപ് സിങ് മോഹിച്ചത് സ്വാഭാവികം. എന്നാൽ, വെല്ലുവിളികൾ പലതായിരുന്നു മുന്നിൽ. ഏറ്റവും പ്രധാനം പാട്ടുകളുടെ റെക്കോർഡിങ് കേരളത്തിൽ നടത്തണമെന്ന നിർമാതാക്കളുടെയും സംവിധായകന്റേയും വാശി തന്നെ. ചെലവ് ചുരുക്കലാണ് ലക്ഷ്യം.

മലയാളം സിനിമകളുടെ അണിയറ ജോലികളെല്ലാം ചെന്നൈയിൽ ഒതുങ്ങിനിന്നിരുന്ന കാലം. ഉള്ളിലെ ആശങ്കകൾ വെട്ടിത്തുറന്നു പറയുന്നു പ്രതാപ് സിങ്: 'പാട്ട് റെക്കോർഡ് ചെയ്യണമെങ്കിൽ സൗണ്ട് പ്രൂഫ് സ്റ്റുഡിയോ വേണ്ടേ? ഫിലിമുമായി സിംക്രണൈസ് ചെയ്യുന്ന പ്രൊഫഷണൽ ടേപ്പ് റെക്കോർഡർ വേണ്ടേ? നിലവാരമുള്ള മൈക്രോഫോണുകൾ വേണ്ടേ? നൊട്ടേഷനെഴുതി വായിക്കുന്ന ആർട്ടിസ്റ്റുകൾ വേണ്ടേ? ഇതൊക്കെ എവിടെ കിട്ടും നമ്മുടെ നാട്ടിൽ?'.

ഞൊടിയിടയിൽ വന്നു ഉത്തരം: 'അന്വേഷിച്ചിരുന്നു. എല്ലാം ഇവിടെത്തന്നെ കിട്ടും. ഓലമേഞ്ഞ ഹാളിലോ ഷെഡ്ഡിലോ വെച്ച് റെക്കോർഡ് ചെയ്യാം. അക്കായ്യുടെ ഏതെങ്കിലും ടേപ്പ് റെക്കോർഡർ മതി. സൗണ്ട് സിസ്റ്റക്കാരിൽനിന്ന് മൈക്ക് വാടകക്കെടുക്കാം. ആർട്ടിസ്റ്റുകളെ കിട്ടാനും പ്രയാസമില്ല. നാടകങ്ങൾക്ക് വായിക്കാൻ പോകുന്ന എത്രയോ പേരുണ്ട് നമ്മുടെ നാട്ടിൽ. അവരെ വിളിച്ചുവരുത്തി റിഹേഴ്സൽ കൊടുക്കുകയേ വേണ്ടൂ.' മറുപടി കേട്ട് ചിരിയും കരച്ചിലും ഒരുമിച്ചാണ് വന്നതെന്ന് പ്രതാപ് സിങ്.

അസംഭവ്യമെന്നുറച്ച് സംഗീത സംവിധാനദൗത്യത്തിൽനിന്ന് പിൻവാങ്ങാനൊരുങ്ങിയ പ്രതാപ് സിങ്ങിനെ പിന്തിരിപ്പിക്കാൻ ഒടുവിൽ പ്രതിഭാശാലിയായ ഒരു യുവാവെത്തി: ജോൺസൺ. വോയിസ് ഓഫ് ട്രിച്ചൂറിന്റെ സാരഥിയായിരുന്നു അന്ന് ജോൺസൺ. ഇടക്ക് ദേവരാജൻ മാസ്റ്ററുടെ സഹായിയായി സിനിമയിൽ ജോലി ചെയ്യുന്നുമുണ്ട്. സ്വതന്ത്ര സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചിട്ടില്ല. 'സംഭവം നടക്കും. നമ്മൾ കുറച്ചു ബുദ്ധിമുട്ടണമെന്നേ ഉള്ളൂ.' ജോൺസൺ പറഞ്ഞു.

പിന്നീടുള്ളത് ചരിത്രം. തിരുവമ്പാടി ക്ഷേത്രത്തിനടുത്തുള്ള നടനനികേതൻ ഹാളിൽ ജോൺസന്റെ സഹായത്തോടെ 'മുത്തി'ലെ പാട്ടുകൾ റെക്കോർഡ് ചെയ്യപ്പെടുന്നു. സാഹസികമായ ഒരുദ്യമം. സുഹൃത്ത് രാമുവും ചിത്രാഞ്ജലിയിലെ ദേവദാസും കൊണ്ടുവന്ന ടേപ്പ് റെക്കോർഡറുകൾക്കും അനുബന്ധ സാമഗ്രികൾക്കും നന്ദി.

'വശങ്ങൾ തുറന്ന ഹാളാണ് നടനനികേതൻ', പ്രതാപ് സിങ്ങിന്റെ ഓർമ. 'വൈകുന്നേരമായാൽ മുറ്റത്തെ പുൽത്തകിടിയിൽ ചീവീടുകൾ വരും. പിന്നെ അവയുടെ പാട്ടും കോലാഹലവുമാണ്. അവയെ തുരത്താൻ കമ്പും വടികളുമായി ക്ലബ് അംഗങ്ങൾ മുറ്റത്ത് അണിനിരക്കുന്ന കാഴ്ച്ച കൗതുകകരമായിരുന്നു. ആദ്യ ദിവസം റെക്കോർഡിങ് നടക്കുമ്പോൾ ഹാളിലെ ക്ലോക്ക് ഉച്ചത്തിൽ മണിയടിച്ചു. ഭാഗ്യവശാൽ ടേപ്പ് റീപ്ലേ ചെയ്തപ്പോൾ ആ ശബ്ദം കേട്ടില്ല; ഉപകരണങ്ങളുടെ ആധിക്യം മൂലം. അങ്ങനെ എത്രയെത്ര രസികൻ അനുഭവങ്ങൾ.'

ഈ പരിമിതികൾ എല്ലാം അതിജീവിച്ച് ആദ്യം പിറന്നത് രാധാ പി. വിശ്വനാഥ് പാടിയ 'നിത്യചൈതന്യ ദായകാ' എന്ന ഭക്തിഗാനം. പിന്നാലെ ഭൂഗോളം ഒരു ശ്മശാനം (യേശുദാസ്). അതുകഴിഞ്ഞു യേശുദാസിന്റെയും രാധ വിശ്വനാഥിന്റെയും ശബ്ദത്തിൽ 'വിമൂക ശോക സ്മൃതികളുണർത്തി' എന്ന ഗാനത്തിന്റെ രണ്ടു വേർഷനുകൾ. പിന്നെ, 'ജീവിതം പ്രണയമധുരം' (രാധാ വിശ്വനാഥ്), 'കണ്ണുനീരിൻ കടലിലേക്ക്' (ജയചന്ദ്രൻ), 'ആകാശത്താഴ്വരക്കാട്ടിൽ' (സതി) എന്നീ ഗാനങ്ങൾ. അഞ്ചു ദിവസത്തിനകം പാട്ടുകൾ എല്ലാം തയ്യാർ.

'യുദ്ധത്തിൽ സൈന്യാധിപൻ ഞാനെങ്കിലും സാരഥി ജോൺസൺ ആയിരുന്നു. ജോൺസന്റെ ആത്മവിശ്വാസവും ധൈര്യവുമാണ് ഞങ്ങളുടെ പരീക്ഷണം വിജയമാക്കിയത്.’ പ്രതാപ് സിങ് പറയും. പാട്ടുകളുടെ പിന്നണിയിൽ വാദ്യോപകരണങ്ങൾ വായിച്ച കലാകാരന്മാരുടെ പേരുകൾ അദ്ദേഹത്തിന്റെ ഓർമയിലുണ്ട്. ഔസേപ്പച്ചൻ, പോൾസൺ, ജയൻ മാസ്റ്റർ, സി.എം. വാടിയിൽ, ആറ്റ്‌ലി, മാണി ഡൊമിനിക്, രാജു, പോൾരാജ്, മുരളി, ജോർജ്, ഹേമന്ത്, പോൾ, സലിം, സുബ്രഹ്‌മണ്യൻ.

50 വർഷം തികയുന്നു 'മുത്തി'ലെ പാട്ടുകൾ പിറന്നുവീണിട്ട്. 'വിമൂകശോക സ്മൃതികൾ' ഇന്ന് കേൾക്കുമ്പോഴും, നഗരത്തിരക്കിൽ ഒറ്റപ്പെട്ടുപോയ ഒരു ഗ്രാമീണബാലന്റെ ഏകാകിതയിലേക്ക് ദേവദൂതിയെ പോലെ വിരുന്നുവന്ന രാധ പി. വിശ്വനാഥിനെ ഓർമവരും. കൺവെട്ടത്തില്ലെങ്കിലും കാതോരത്തുണ്ടല്ലോ എന്നും ആ ഗായിക.