ങ്കൽപ്പത്തിലെ സ്വാതി തിരുനാളിന് ഇന്നും അനന്ത് നാഗിന്റെ മുഖമാണ്. ലെനിൻ രാജേന്ദ്രൻ സിനിമയിലെ നായകകഥാപാത്രത്തിന്റെ മുഖം. പായൽ മൂടിക്കിടക്കുന്ന പാറക്കൂട്ടങ്ങൾക്കും അലയടിച്ചുയരുന്ന തിരമാലകൾക്കും നടുവിലിരുന്ന് ഓർമ്മകളിലെ സ്വാതി തിരുനാൾ പാടുന്നു: 'പന്നഗേന്ദ്ര ശയനാ ശ്രീപദ്മനാഭ മുദാകാമ സന്നമാനസാം മാനവാ സാരസായത ലോചനാ...'

To advertise here,

നാല് പതിറ്റാണ്ട് മുൻപ് പടം കണ്ട് തിരിച്ചുപോരുമ്പോൾ ഖിന്നനായിരുന്നു ഒപ്പമുള്ള മാധ്യമസുഹൃത്ത്. യഥാർത്ഥ സ്വാതിക്ക് ഇത്രേം ഉയരമില്ല, നിറമില്ല, കണ്ണുകൾ ഇതുപോലല്ല, വസ്ത്രധാരണം ഇങ്ങനെയല്ല..... അങ്ങനെയങ്ങനെ പരാതികളുടെ ഒരു കൂമ്പാരം. ഒന്നും മിണ്ടാതെ എല്ലാം കേട്ടുനിന്നു, നമ്മളാരും സ്വാതിയുടെ ഫോട്ടോ കണ്ടിട്ടില്ലല്ലോ.

Also Read: കന്നഡ നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

എങ്കിലും പടം കണ്ടു തീർന്നപ്പോൾ സ്വാതിയിൽ നിന്ന് അനന്ത് നാഗിനേയും അനന്ത് നാഗിൽ നിന്ന് സ്വാതിയേയും വേർതിരിച്ചു കാണാനായില്ല എന്നതാണ് സത്യം. ദാദാസാഹിബ് ഫാൽക്കെ അവാർഡ് 78കാരൻ അനന്ത് നാഗിനെ തേടിയെത്തിയ വാർത്തയറിഞ്ഞപ്പോൾ ആദ്യം മനസ്സിൽ തെളിഞ്ഞതും ഭാവദീപ്തമായ ആ മുഖം തന്നെ.

തലമുറകളായി നാം വായിച്ചും കേട്ടുമറിഞ്ഞ സ്വാതിയായിരുന്നില്ല ലെനിന്റെ സ്വാതി. ഐതിഹ്യങ്ങളിൽ നിന്നും കെട്ടുകഥകളിൽ നിന്നും മോചിപ്പിച്ച് സ്വാതിയുടെ ജീവിതത്തെ യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാരാജാവിന്റെ കഥ സിനിമയാക്കാൻ ലെനിൻ ഇറങ്ങിത്തിരിച്ചത്. 'ചെറുപ്പം മുതലേ സ്വാതി കൃതികൾ പലരും പാടിക്കേട്ടിട്ടുണ്ട്. എങ്കിലും സ്വാതി തിരുനാൾ എന്ന വ്യക്തിയിലായിരുന്നു എനിക്ക് കൂടുതൽ താല്പര്യം. ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ ജീവിതം.'- ലെനിന്റെ വാക്കുകൾ.

സ്വാതിയെ കുറിച്ച് പഠിക്കാൻ അദ്ദേഹം ആശ്രയിച്ചത് എ ബാലകൃഷ്ണൻ നായർ എഴുതിയ ജീവചരിത്രത്തെയാണ്. യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെ കേരള പഠന വിഭാഗത്തിലെ നിത്യസന്ദർശകനായിരുന്നു അക്കാലത്ത് ലെനിൻ. സ്വാതിയെ കുറിച്ച് കിട്ടാവുന്നതെല്ലാം വായിച്ചു. പഴയ മലയാളത്തിൽ എഴുതപ്പെട്ട കൊട്ടാരം രേഖകൾ മുഴുവൻ അരിച്ചുപെറുക്കി. 'വളരെയേറെ ആത്മസംഘർഷങ്ങൾ അനുഭവിച്ച, നിസ്സഹായതയുടെ ആൾരൂപമായ ഒരു മനുഷ്യനെയാണ് ആ രചനകളിൽ ഞാൻ കണ്ടുമുട്ടിയത്. സംഗീതം ഒരർത്ഥത്തിൽ ഈ വ്യഥകളിൽ നിന്നുള്ള മോചനം കൂടിയായിരുന്നു മഹാരാജാവിന്.' പികെ ബാലകൃഷ്ണനും നെയ്യാറ്റിൻകര വാസുദേവനും ഉൾപ്പെടെ നിരവധി പേരുടെ മാർഗ്ഗനിർദ്ദേശവും പിന്തുണയുമുണ്ടായിരുന്നു 'സ്വാതി തിരുനാളി'ന്റെ തിരക്കഥാ രചനയിൽ.

ലെനിന്റെ പ്രിയ സുഹൃത്ത് കൂടിയായ എംബി ശ്രീനിവാസനാണ് സംഗീത സംവിധായകൻ. കഥ കേട്ടപ്പോഴേ ആവേശഭരിതനായി എംബിഎസ്. ധാരാളം സ്വാതി കൃതികൾ ഉപയോഗിക്കേണ്ടി വരും ഇതുപോലൊരു സിനിമയിൽ. എംബിഎസ്സും നെയ്യാറ്റിൻകരയും ലെനിനും ചേർന്നിരുന്നാണ് അവ തിരഞ്ഞെടുത്തത്. 'ചില പ്രത്യേക സന്ദർഭങ്ങളിൽ ഇന്നയിന്ന രാഗഭാവത്തിലുള്ള കൃതികൾ വേണം ഉപയോഗിക്കാൻ എന്ന് പറഞ്ഞുകൊടുക്കേണ്ട താമസം ആ രാഗത്തിലെ ഏറ്റവും മികച്ച കൃതികൾ എംബിഎസ് നിർദ്ദേശിക്കും. അവ പാടിക്കേൾപ്പിക്കേണ്ട ചുമതല നെയ്യാറ്റിൻകരയുടേതാണ്. അക്കൂട്ടത്തിൽ നിന്ന് ഏറ്റവും ഉചിതമായി തോന്നിയത് എല്ലാവരും ചേർന്ന് തിരഞ്ഞെടുക്കും. അതായിരുന്നു രീതി.'

സ്വാതി ഏറ്റവും മാനസിക സംഘർഷം അനുഭവിച്ച ഘട്ടത്തിൽ പശ്ചാത്തലത്തിൽ വരേണ്ടത് 'ജമുനാ കിനാരെ' എന്ന ഭജൻ ആയിരിക്കണം എന്ന് നിർദ്ദേശിച്ചത് എംബിഎസ്സാണ്. അത് പാടാൻ ഡോ ബാലമുരളീകൃഷ്ണ തന്നെ വേണമെന്നത് ലെനിന്റെ നിർബന്ധവും. സ്വാതി കൃതികളുടെ മൗലികതയെ കുറിച്ചും പിതൃത്വത്തെ കുറിച്ചും വീണാവിദ്വാൻ എസ് ബാലചന്ദറുമായി സുദീർഘമായ സംവാദത്തിൽ ഏർപ്പെട്ടിട്ട് ഏറെ നാളായിരുന്നില്ല ബാലമുരളി. സിനിമയിൽ പാടാൻ സ്വാഭാവികമായും സന്തോഷമേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്.

'ജമുനാ കിനാരെ'യ്ക്ക് പുറമെ ഭജഭജ മാനസ, എന്തരോ മഹാനുഭാവുലു, മോക്ഷമുഗലദാ എന്നീ കൃതികൾ കൂടി സ്വാതി തിരുനാളിന് വേണ്ടി ആലപിച്ചിട്ടുണ്ട് ബാലമുരളീകൃഷ്ണ. യേശുദാസ്, എസ്പി ബാലസുബ്രഹ്‌മണ്യം, നെയ്യാറ്റിൻകര വാസുദേവൻ, ജാനകി, അരുന്ധതി, ചിത്ര തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു ഗായകർ. പാട്ടുകളെല്ലാം റെക്കോർഡ് ചെയ്തത് പ്രസാദ് സ്റ്റുഡിയോയിൽ.

'പന്നഗേന്ദ്ര ശയന' എന്ന രാഗമാലികയുടെ റെക്കോർഡിംഗ് ആവേശഭരിതമായ ഓർമ്മയായിരുന്നു ലെനിന്. യേശുദാസ്, ബാലമുരളീകൃഷ്ണ, നെയ്യാറ്റിൻകര എന്നിവർ ചേർന്നു പാടേണ്ട പാട്ട്. അസാധാരണ സംഗീത പ്രതിഭകളുടെ ത്രിവേണീസംഗമം. ആരും ആരെക്കാളും മോശക്കാരല്ല. മൂന്നു പേർക്കും അവരവരുടെ കഴിവുകൾ പൂർണ്ണമായി പ്രകടിപ്പിക്കാനുള്ള അവസരം നൽകണം. അത് ആരുടേയും ഈഗോകളെ മുറിവേൽപ്പിക്കാത്ത രീതിയിലുമാവണം. അങ്ങനെയാണ് രാഗം ബാലമുരളീകൃഷ്ണയും സ്വരം നെയ്യാറ്റിൻകരയും സാഹിത്യം യേശുദാസും ആലപിക്കട്ടെ എന്ന് നിശ്ചയിച്ചത്. മൂന്നു പേരും മൂന്ന് ദിവസങ്ങളിലായി വന്നു പാടി റെക്കോർഡ് ചെയ്ത ആ ഗാനം മധു അമ്പാട്ടിന്റെ ദൃശ്യ വിന്യാസത്തിന്റെ അകമ്പടിയോടെ വെള്ളിത്തിരയിൽ നിറഞ്ഞപ്പോൾ അവിസ്മരണീയ ദൃശ്യ-ശ്രവ്യാനുഭവമായി മാറി.

ഏറ്റവും മികച്ച വാദ്യ കലാകാരൻമാർ തന്നെ വേണം പാട്ടുകളുടെ പശ്ചാത്തലത്തിൽ എന്നതിലുമുണ്ടായിരുന്നു എം ബി എസ്സിന് നിർബന്ധം. ചീനാക്കുട്ടി (മൃദംഗം), പാർത്ഥസാരഥി (വീണ), പണ്ഡിറ്റ് ജനാർദ്ദൻ (സിത്താർ), ഗുണസിംഗ് (പുല്ലാങ്കുഴൽ), ഔസേപ്പച്ചൻ (സോളോ വയലിൻ) തുടങ്ങിയ പ്രമുഖർക്കൊപ്പം കീബോർഡ് വായിക്കാനെത്തിയ നിഷ്‌കളങ്ക ഭാവമുള്ള കുട്ടിയേയും മറക്കാനാവില്ല- പിൽക്കാലത്ത് ലോകമറിയുന്ന എആർ റഹ്‌മാൻ ആയി വളർന്ന ദിലീപ്. എംബിഎസ്സിന്റെ സ്ഥിരം ഓർക്കസ്ട്ര അസിസ്റ്റന്റ് ആയിരുന്ന ആർകെ ശേഖറിന്റെ മകൻ. ശേഖറിന്റെ അപ്രതീക്ഷിത മരണത്തോടെ കുടുംബം അനാഥമായ ഘട്ടത്തിലാണ് കൊച്ചു ദിലീപിനെ തന്റെ സെക്കന്റ് കീബോർഡ് അസിസ്റ്റന്റ് ആയി എംബിഎസ് കൂടെ കൂട്ടിയത്.

'നീ ആർകെ ശേഖറുടെ മകൻ തന്നെ' എന്നു ഉറക്കെ പ്രഖ്യാപിച്ച് ദിലീപിന്റെ ഇടതൂർന്ന മുടിയിലൂടെ വാത്സല്യപൂർവ്വം വിരലോടിക്കുന്ന എംബിഎസ്സിന്റെ ചിത്രം ലെനിന്റെ ഓർമ്മയിലുണ്ടായിരുന്നു എന്നും.